June 13, 2026 |
Share on

“ഒരു സാധാരണ ദിവസം എന്തുകൊണ്ട് ഇങ്ങനെ അവസാനിച്ചു?”

വേദനയില്‍ പുളയുമ്പോഴും ഒന്നും മനസിലാകാതെ അവര്‍ ചോദിക്കുന്നു

‘എന്റെ വണ്ടി പോയി… പൂര്‍ണമായി കത്തി നശിച്ചു. ജീവിക്കാനായി രണ്ട് മാസം മുന്‍പ് എല്ലാ സമ്പാദ്യവും ഉപയോഗിച്ച് വാങ്ങിയതായിരുന്നു അത്, ഇപ്പോള്‍ ഒന്നും ബാക്കിയില്ല,’ ലോക് നായക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് നെഞ്ചു തകര്‍ന്ന് ജോഗീന്ദര്‍ വിലപിക്കുകയാണ്. അയാളുടെ കഴുത്തിലും കൈകളിലും തലയിലും ബാന്‍ഡേജുകളായിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തില്‍ സാരമായി പരിക്കേറ്റവരില്‍ ഒരളായിരുന്നു ജോഗീന്ദര്‍. സ്‌ഫോടനം നടക്കുന്ന സമയത്ത് ഒരു യാത്രക്കാരനെ കാത്തിരിക്കുകയായിരുന്ന 34-കാരനായ ടാക്‌സി ഡ്രൈവര്‍ ജോഗീന്ദര്‍ സിംഗ്.

ജോഗീന്ദറിനെ പോലെ നിരവധിപേരാണ് തിങ്കളാഴ്ച രാത്രി ലോക് നായക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പലരുടെയും ശരീരത്തില്‍ ഒന്നിലധികം പരിക്കുകയാണ്. ശരീരത്തിനുണ്ടായ വേദനയെക്കാള്‍ അവരുടെ മനസിനാണ് താങ്ങാനാകാത്ത വേദന. ഒരു സാധാരണ ദിവസം ഇങ്ങനെ അവസാനിച്ചതിന്റെ അമ്പരപ്പ് അവരില്‍ നിന്നും മാറിയിട്ടില്ല. തങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പോലും അവര്‍ക്കായിട്ടില്ല.

വന്‍ പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നതു കാരണം അത്യാഹിത വാര്‍ഡിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. അതിനാല്‍ അകത്ത് പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കാണാനും, പുറത്തു നില്‍ക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട അവസ്ഥ എന്താണെന്ന് മനസിലാക്കാനും കഴിയാതെ ഒരുപോലെ സങ്കടത്തിലാണ്.

അത്യാഹിത വിഭാഗത്തിന് എതിര്‍വശത്തുള്ള പ്രധാന കാഷ്വാലിറ്റി വാര്‍ഡില്‍, പൊള്ളലേറ്റതിന് ചികിത്സ തേടിയെത്തിവരുടെ നീണ്ട നിരയായിരുന്നു.

ചാവ്രി ബസാര്‍ നിവാസികളായ സുമനും അയല്‍ക്കാരി സരിത സക്സേനയും ഗൗരി ശങ്കര്‍ ക്ഷേത്രത്തിലേക്ക് ഇ-റിക്ഷയില്‍ ഒരുമിച്ച് പോകുമ്പോഴായിരുന്നു ആ പ്രദേശം മുഴുവന്‍ തകര്‍ത്തെറിഞ്ഞ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ അവരുടെ റിക്ഷ മറിഞ്ഞുപോയി. ഭാഗ്യം കൊണ്ട് ഇരുവരുടെയും ജീവന് അപകടം സംഭവിച്ചില്ല. എന്നാല്‍ ഇടത് കൈ ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സുമന്‍ ആശുപത്രിയിലുള്ളത്. അടുത്ത കട്ടിലില്‍ തന്നെ സരിതയുമുണ്ട്. അവരുടെ വലത് തോളെല്ല് അനങ്ങുന്നില്ല. ഇരുവരും സ്വന്തം നിലയ്ക്കാണ് അപകട സ്ഥലത്ത് നിന്നും ആശുപത്രിയില്‍ എത്തിയത്.

സുമനും സരിതയും വീട്ടില്‍ പറയാതെയാണ് ക്ഷേത്രത്തിലേക്ക് പോയത്. അതിന്റെ ഭയം ഇരുവരിലുമുണ്ട്. എന്തിനാണ് ഞങ്ങള്‍ പുറത്തു പോയതെന്ന ചോദ്യം ഉണ്ടാകും. എന്റെ 11 വയസ്സുള്ള മകള്‍ വീട്ടില്‍ തനിച്ചാണ്. ഭര്‍ത്താക്കന്മാര്‍ നാംഗ്ലോയിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ അറിഞ്ഞാല്‍ വഴക്ക് പറയും.’ വേദന കൊണ്ട് പുളയുമ്പോഴും സരിതയുടെ പേടിയതായിരുന്നു. ‘ഞങ്ങള്‍ക്ക് വേഗം ഇവിടുന്ന് പോകണം… അവര്‍ ഒരു ഇന്‍ജെക്ഷന്‍ മാത്രമാണ് തന്നത്… ഭയങ്കര വേദനയുണ്ട്. ഞങ്ങള്‍ മറ്റെവിടെയെങ്കിലും പോകും.’ സരിത ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് സ്വദേശിയായ കിഷോരി ലാലിന് 42 വയസുണ്ട്. യമുന ബസാറില്‍ താമസിക്കുന്ന ദിവസവേതന തൊഴിലാളിയാണ് അയാള്‍. അത്താഴത്തിന് കഴിക്കാനുള്ള റൊട്ടി വാങ്ങാന്‍ മാട്ടിയ മഹല്‍ മാര്‍ക്കറ്റിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനം. കിഷോരി ലാലും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ട്.

കിഷോരി ലാലിന്റെ വലത് തുടയില്‍ മുറിവ് ഏറ്റിട്ടുണ്ട്. വലത് കൈയ്ക്കും വല്ലാത്ത വേദനയുണ്ടെന്നാണ് അയാള്‍ പറയുന്നത്. ‘എനിക്ക് വിശക്കുന്നുണ്ടായിരുന്നു, ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു… അപ്പോഴാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്… എന്തോ ഒന്ന് എന്റെ കാലില്‍ തട്ടി,’ കിഷോരി ലാല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

‘കഴിഞ്ഞ നാലഞ്ച് ദിവസമായി എനിക്ക് വീട്ടില്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇന്ന് രാവിലെ അമ്മയെ ഫോണ്‍ വിളിച്ചപ്പോഴും ഞാന്‍ ഇത് പറഞ്ഞു. പക്ഷേ തിരിച്ചുപോകാന്‍ എന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല.’ സ്‌ഫോടനത്തിന് ശേഷം അയാള്‍ അമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ‘ഫോണ്‍ കണക്റ്റ് ആയില്ല… മൂന്ന് തവണ ശ്രമിച്ചു… ഒടുവില്‍ അയല്‍വാസിയായ ആരോടോ സംസാരിച്ചു.’ അയാള്‍ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അക്കാര്യം പറഞ്ഞതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ചാന്ദ്നി ചൗക്കില്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്സ് ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയും സഫ്വാനും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 25 കാരനായ സഫ്വാന്റെ കാല്‍ മുട്ടിനാണ് പരിക്കേറ്റത്.

അച്ഛനുവേണ്ടി നീക്യാപ് വാങ്ങാനായി ചാന്ദ്നി ചൗക്കില്‍ എത്തിയതായിരുന്നു
അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന 23 കാരി ഷൈന പര്‍വീണ്‍. അവരും ഇപ്പോള്‍ ആശുപത്രിയിലുണ്ട്. തന്റെ ചെവിയില്‍ തുടര്‍ച്ചയായി ഒരു മുഴക്കം അനുഭവപ്പെടുന്നതായാണ് ഷൈന പറയുന്നത്. ‘എന്റെ തലയ്ക്ക് ഭാരം കൂടുതലായി തോന്നുന്നു,’ അവര്‍ പറഞ്ഞു.

സിലണ്ടര്‍ പൊട്ടിത്തെറിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്നാണ് ആശുപത്രിയിലുള്ള 26 കാരന്‍ സമീര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ആശുപത്രി കട്ടിലില്‍ കിടന്ന് അയാള്‍ വേദന കൊണ്ട് കരയുകയാണെന്നാണ് എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സമീറിന് അധികം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അയാളുടെ സഹോദരന്‍ ഇന്റസാര്‍ ആയിരുന്നു ബാക്കി കാര്യങ്ങള്‍ പറഞ്ഞത്. സമീര്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്, യാത്രക്കാരെ കാത്ത് റെഡ് ഫോര്‍ട്ടില്‍ അയാള്‍ വണ്ടിയുമായി കിടക്കുകയായിരുന്നു. രാവിലെ മുതല്‍ ഓട്ടം ഓടിയശേഷമാണ് റെഡ് ഫോര്‍ട്ടില്‍ എത്തിയത്. ആ സമയത്തായിരുന്നു സ്‌ഫോടനം. സമീറിന്റെ ഫോണ്‍ നഷ്ടമായി. മറ്റാരുടെയോ ഫോണില്‍ നിന്നാണ് വീട്ടില്‍ വിവരം വിളിച്ച് അറിയിച്ചത്. ‘സമീറിന്റെ ഇ-റിക്ഷ കത്തിനശിച്ചെങ്കിലും, സഹോദരനെ ജീവനോടെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് ഇന്റെസാര്‍ പറഞ്ഞത്.

ഗാന്ധി നഗര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു 32കാരനായ ശിവ ജയ്‌സ്വാള്‍. സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഗോവിന്ദ്പുരിയിലെ വീട്ടിലേക്കുള്ള മടക്കം മെട്രോയ്ക്ക് പകരം ഓട്ടോയില്‍ ആക്കാമെന്നു തീരുമാനിച്ചു. അത് അയാള്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ ശിവയുമുണ്ട്.

ഇവര്‍ക്കാര്‍ക്കും തന്നെ എങ്ങനെ തങ്ങളുടെ ജീവിതം ഇത്തരത്തില്‍ മാറിപ്പോയതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ആ വേദനയാണ് അവരെ കൂടുതല്‍ തളര്‍ത്തുന്നത്.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary: Red Fort blast; The conditions of ordinary people who are injured and undergoing treatment. Red Fort blast survivors

Leave a Reply

Your email address will not be published. Required fields are marked *

×