ശതാബ്ദിയില്‍ അബുവിന്റെ ലോകം

ശങ്കറിന് ശേഷം ഇന്ത്യക്ക് പുറത്ത് ഏറ്റവും അറിയപ്പെട്ട ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു അബു

cartoonist abu abraham

മലയാളിയായ കാര്‍ട്ടൂണിസ്റ്റ് വരച്ച കാര്‍ട്ടൂണിലെ എബ്രഹാം എന്ന പേര് നോക്കി ലണ്ടനിലെ പ്രശസ്തമായ ‘ഒബ്‌സര്‍വര്‍’ ദിനപത്രത്തിന്റെ വിഖ്യാത എഡിറ്ററായ ഡേവിഡ് ആസ്റ്റര്‍ ചോദിച്ചു;’നല്ലൊരു തൂലികാനാമം സ്വീകരിച്ചു കൂടെ?’ കാരണം ആസ്റ്റര്‍ പറഞ്ഞു; ‘യുറോപ്പില്‍ ഏത് എബ്രഹാമും ജൂതനാണ്. ജൂത വിരോധം യൂറാപ്പിലും മധ്യേഷ്യയിലും പരക്കെ വര്‍ദ്ധിച്ച സമയമാണ്. ജൂത ചായ്വ് ഒഴിവാക്കാന്‍ പുതിയൊരു പേരാവാം’. അത് ശരി വെച്ച കാര്‍ട്ടൂണിസ്റ്റ് തന്റെ പുതിയ പേര് ആസ്റ്ററോട് പറഞ്ഞു;’അബു’. ‘ആസ്റ്റര്‍ പറഞ്ഞു;’കൊള്ളാം നല്ല നിഗൂഡതയുള്ള പേര്.’  remembering abu abraham, he was one of the finest exponents of political cartooning in india

പിറ്റേന്ന് ഒബ്‌സര്‍വര്‍ പത്രത്തില്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണുകള്‍ വായനക്കാര്‍ ആസ്വദിച്ചു തുടങ്ങി.

അങ്ങനെ 70 വര്‍ഷം മുന്‍പ് മാവേലിക്കരക്കാരന്‍ ആറ്റുപുറത്ത് എബ്രഹാം, അബു എബ്രഹാം എന്ന കാര്‍ട്ടൂണിസ്റ്റായി വരയാരംഭിച്ചു. പിന്നീട് 50 കളിലെ ബ്രിട്ടനിലെ കാര്‍ട്ടൂണിസ്റ്റുകളായ വിക്കി, മൈക്കേല്‍ കമ്മിംഗ്‌സ്, ലെസി ഇല്ലിംഗ് വര്‍ത്ത് തുടങ്ങിയവരോടൊപ്പം യൂറോപ്പില്‍ പ്രശസ്തനായി.

ഇന്ന് അബു എബ്രഹാമിന്റെ ജന്മശതാബ്ദിയാണ്.

ശങ്കറിന് ശേഷം ഇന്ത്യക്ക് പുറത്ത് ഏറ്റവും അറിയപ്പെട്ട ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു അബു.

ഒബ്‌സര്‍വറിന്റെ എഡിറ്റര്‍ ഡേവിഡ് ആസ്റ്റര്‍ പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റായി നിയമിച്ചപ്പോള്‍ ഒരു ചോദ്യം കൂടി ചോദിച്ചിരുന്നു; ‘എന്താണ് താങ്കളുടെ രാഷ്ട്രീയം?’ ‘ഇന്ത്യയില്‍ ഞാന്‍ നെഹ്‌റുവിനെ പിന്തുണയ്ക്കുന്നു. ഇംഗ്ലണ്ടില്‍ ബെവന്‍ പക്ഷപാതിയുമാണ്’ അബു മറുപടി പറഞ്ഞു. (ക്ലെമന്റ് ആറ്റ്‌ലിയുടെ മന്ത്രി സഭയില്‍ അരോഗ്യ മന്ത്രിയും അക്കാലത്തെ പ്രശസ്തനായ ഇടതുപക്ഷചിന്താഗതിക്കാരനുമായിരുന്നു അനുറിന്‍ ബെവന്‍). ആസ്റ്ററിന് അത് ബോധിച്ചു. അങ്ങനെ ഒബ്‌സര്‍വറിന്റെ കാര്‍ട്ടൂണിസ്റ്റായി അബു എബ്രഹാം വര തുടങ്ങി. പേരില്‍ നിഗൂഡതയുണ്ടെങ്കിലും ഇല്ലെങ്കിലും അബുവിന്റെ വരകള്‍ക്ക് അതൊട്ടും ഇല്ലായിരുന്നു.

പ്രശസ്തമായ ബാത്ത് ടബ് കാർട്ടൂൺ

എല്ലാ വര്‍ഷവും ജൂണില്‍ അബുവിനെ വായനക്കാര്‍ ഓര്‍ക്കുന്നു. ജന്മദിനമായതിനാലല്ല. അടിയന്തരാവസ്ഥ ദിനമായ ജൂണ്‍ 25 ന് ആ കറുത്ത നാളിനെ ഓര്‍മപ്പെടുത്താനായി അബു വരച്ച, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വന്ന പ്രശസ്തമായ അടിയന്തരാവസ്ഥ വിരുദ്ധ കാര്‍ട്ടൂണ്‍ – കുളിമുറിയിലെ ബാത്ത് ടബ്ബില്‍ ഇരുന്ന് അടിയന്തരാവസ്ഥ ഉത്തരവില്‍ ഒപ്പിടുന്ന രാഷ്ടപതി, ഫക്രുദീന്‍ അലി അഹമ്മദ്.

അടിയന്തരാവസ്ഥയെ അടയാളപ്പെടുത്തുന്ന, ഇന്ത്യയിലെ ഏതെങ്കിലും പത്രമാസികളില്‍ എല്ലാ ജൂണ്‍ 25 നും തീര്‍ച്ചയായും അച്ചടിച്ച് വരുന്ന ഒരു കാര്‍ട്ടൂണായി, അത് പ്രതിഷ്ഠിക്കപ്പെട്ടു.

പിന്നിട് അടിയന്തരാവസ്ഥ കാലത്ത് പ്രസ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കെ, ഇന്ത്യന്‍ എക്‌സ്പ്രസിലും സണ്‍ഡേ സ്റ്റാന്‍ഡേലും വരച്ച കാര്‍ട്ടൂണുകളും, എഴുതിയ കുറിപ്പുകളും ഉള്‍പ്പെടുത്തി അബു ‘The Games of Emergency ‘ എന്നൊരു പുസ്തകം രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറക്കി. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ നിഷധിച്ച കാര്‍ട്ടൂണുകളും അതില്‍ ഉണ്ടായിരുന്നു. ‘അക്കാലത്ത് കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ എനിക്ക് ഔദ്യോഗിക തടസങ്ങള്‍ ഒന്നും ഉണ്ടായില്ല. കാരണം അന്വേഷിച്ച് ഞാന്‍ നടന്നുമില്ല’ അബു പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം

മാവേലിക്കരയിലെ അഡ്വക്കേറ്റ് എം. എം മാത്യുവിന്റെ ഏഴ് മക്കളിെേലാരാളായ അബു നന്നെ ചെറുതിലെ വരകളോട് താല്‍പ്പര്യം കാണിച്ചിരുന്നു. ടിറ്റ് ബിറ്റ്‌സ് മാസികയിലെ ഡേവിഡ് ലോയുടെ വരകളായിരുന്നു പ്രചോദനം.1942 ല്‍ തിരുവനന്തപുരത്ത സയന്‍സ് കോളേജില്‍ നിന്ന് മാത്സില്‍ ബിരുദം നേടി നേരെ ബോംബെക്ക് പോയി. പത്രപ്രവര്‍ത്തനം മനസിലുണ്ടായിരുന്നതിനാല്‍ ബോബെ ക്രോണിക്കിള്‍ പത്രത്തിന്റെ മധ്യാഹ്ന പത്രമായ ‘സെന്റിനല്‍’ റിപ്പോര്‍ട്ടറായി 100 രൂപ ശമ്പളത്തില്‍ ജോലി ആരംഭിച്ചു.

പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ബി.ജി. ഹോര്‍ണിമാനൊക്കെ ഉണ്ടായിരുന്ന സെന്റിനല്‍ പത്രത്തില്‍ ഒരു ഏപ്രില്‍ മാസത്തില്‍ തന്റെ ആദ്യ വാര്‍ത്ത മുന്‍പേജില്‍ അടിച്ച് വന്നത് കണ്ടപ്പോള്‍ താന്‍ അനുഭവിച്ച സന്തോഷം ഇന്നും മനസില്‍ സൂക്ഷിക്കുന്നണ്ടെന്ന് അബു ഒരിക്കല്‍ പറഞ്ഞു. കുറച്ചു കാലം സര്‍ദാര്‍ പട്ടേലിന്റെ മകന്‍ നടത്തിയ ‘ഭാരത്’ എന്ന പത്രത്തിലും ജോലി ചെയ്തു.

ബോംബെയിലെ പത്രപ്രവര്‍ത്തനം അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ ലോകത്തെ മാറ്റി മറക്കാന്‍ പത്ര പ്രവര്‍ത്തനം കൊണ്ട് കഴിയില്ല എന്ന് അബുവിന് മനസിലായി. ഈ തൊഴിലില്‍ പഠിക്കേണ്ട ആദ്യ പാഠം ‘Names Make News ‘ വാര്‍ത്തയുടെ അടിസ്ഥാന തത്വമാണത്. എല്ലാ കാലത്തും റിപ്പോര്‍ട്ടര്‍മാരുടെ പാഠം. ചേരിയില്‍ തീ പിടിച്ചാല്‍ രണ്ട് വരി വാര്‍ത്ത, വന്‍കിട ഫ്‌ളാറ്റ് കത്തിയാല്‍ അര പേജ്.

ആ കാലത്ത് കരിഞ്ചിയയുടെ ‘ബ്ലിറ്റ്‌സി’ല്‍ ഒരു കാര്‍ട്ടൂണ്‍ അബു വരച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ഒരു കത്ത് വരുന്നു. ശങ്കേഴ്‌സ് വീക്കിലിയിലേക്ക് വരുന്നോ? എഴുതിയത് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ കുലപതി ശങ്കരപ്പിള്ള. ബോംബെ പത്രപ്രവര്‍ത്തനം മതിയാക്കി 1950 ല്‍ അബു ഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ എത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടുണ്‍ വാരികയാണ് ശങ്കേഴ്‌സ് വീക്കിലി. ലോകപ്രശസ്തിയുള്ള കാര്‍ട്ടൂണിസ്റ്റ് ശങ്കറാകട്ടെ ഡല്‍ഹിയിലെ ഒരു വന്‍ സ്ഥാപനമായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തികളിലൊരാള്‍. ശങ്കേഴ്‌സ് വീക്കിലി കത്തി നിന്നിരുന്ന കാലം. ശങ്കര്‍ -എടത്തട്ട നാരായണന്‍ – ചലപതി റാവു കൂട്ടുകെട്ട് വീക്കിലിയെ ഇന്ത്യയിലെ മികച്ച പ്രസിദ്ധീകരണമാക്കി മാറ്റിയിരുന്നു. ഇന്ത്യയിലെ എല്ലാം പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളും അവിടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. ശങ്കറിനെ കൂടാതെ കുട്ടി, സാമുവല്‍, കേരളവര്‍മ്മ കൂടെ അബുവും അതില്‍ കാര്‍ട്ടുണിസ്റ്റായി പ്രവര്‍ത്തിച്ചു. cartoonist abu abraham

രണ്ട് വര്‍ഷം കഴിപ്പോള്‍ ഒരു ദിവസം ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റ് ഫെഡ് ജോസ് ശങ്കേഴ്‌സ് വീക്കിലി സന്ദര്‍ശിച്ചപ്പോള്‍ അബുവിന്റെ വരകള്‍ കണ്ടു മതിപ്പ് പ്രകടിപ്പിച്ചു. തിരിച്ച് ഇംഗ്ലണ്ടില്‍ എത്തിയ അയാള്‍ കത്തെഴുതി- താങ്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഇംഗ്ലണ്ടില്‍ വരാം, പ്രവര്‍ത്തിക്കാം. ആ കത്ത് അബുവിന്റെ തലവര മാറ്റി വരച്ചു. അബു തീരുമാനിച്ചു, ലണ്ടനിലേക്ക് ഒരു ഹ്രസ്വ സന്ദര്‍ശനം നടത്താം. കാരണം വെറെയുമുണ്ടായിരുന്നു.

ശങ്കറിന് ഒരു സ്വഭാവമുണ്ട്. ഒന്നാമന്‍ താന്‍ മറ്റുള്ളവര്‍ തനിക്ക് താഴെ മാത്രം. അത് വീക്കിലിയില്‍ പ്രവര്‍ത്തിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി. രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞു. ‘ശങ്കറിനെ സംബന്ധിച്ച് അദ്ദേഹം തന്നെയാണ് പ്രധാന കാര്‍ട്ടൂണിസ്റ്റ്. പല കാര്‍ട്ടൂണിസ്റ്റുകളും ഈ മനോഭാവത്തിന്റെ ഇരകളായി. കുട്ടി, അബൂ, സാമുവല്‍ തുടങ്ങിയവര്‍ ഇതിനാല്‍ അദ്ദേഹത്തില്‍ നിന്നകന്നു. ശങ്കറുമായി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അബു പറയുന്നു ‘I admire Shankar as a caricaturist’. ‘1950 ഡിസംബര്‍ തൊട്ട് 1953 ജൂലൈ വരെ 3 വര്‍ഷം ശങ്കേഴ്‌സ് വീക്കിലിയില്‍ അബു പ്രവര്‍ത്തിച്ചു.
1953 ജൂലൈയില്‍ അബു കപ്പലില്‍ യാത്ര ചെയ്ത് ലണ്ടനിലെത്തി. ഫെഡ് ജോസ് വഴി എഴുത്തുകാരെയും കാര്‍ട്ടുണിസ്റ്റുകളെയും പരിചയപ്പെട്ടു. പ്രസിദ്ധ നര്‍മ്മ വാരികയായ ‘പഞ്ചി’ന്റെ എഡിറ്റര്‍ മാല്‍ക്കം മുഗ്ഗെറിഡ്ജ് ന്റെ മുന്നിലെത്തി. രണ്ട് കാര്‍ട്ടുണുകള്‍ അബു അദ്ദേഹത്തിന് നല്‍കി. ഒരാഴ്ചക്കുള്ളില്‍ പഞ്ചില്‍ അത് അച്ചടിച്ചു വന്നു. ഒരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിന് വിദേശത്ത് കിട്ടുന്ന അംഗീകാരം. മൂന്നു മാസം ലണ്ടനില്‍ ഹ്രസ്വ സന്ദര്‍ശത്തിനെത്തിയ അബു പിന്നീട് തിരിച്ച് ഇന്ത്യയിലേക്ക് പോയത് 17 കൊല്ലം കഴിഞ്ഞാണ്.

‘A Bombay journalist who arrived in London two years ago with a sketch book and a brain full of ideas is today on of Britain’s leading political cartoonists’ ഒബ്‌സര്‍വര്‍ പത്രത്തില്‍ അബുവിനെ കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി. പിന്നീട് തുടരെ പല പ്രസിദ്ധീകരണങ്ങള്‍ക്കും വരച്ചു. അക്കാലത്ത് അഞ്ചു പൗണ്ട് മതി ഇംഗ്ലണ്ടില്‍ ഒരാഴ്ച സുഖമായി താമസിക്കാം. വരച്ച് കിട്ടിയ പ്രതിഫലം കൊണ്ട് അബു റോമിലും ഏതൊരു കലാകാരന്റെയും സ്വപ്നമായ പാരീസിലും പോയി. അക്കാലത്ത് ലണ്ടനിലെ ട്രിബ്യൂണ്‍ പത്രത്തില്‍ വന്ന അബുവിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടുണ്‍ കണ്ടാണ് ഒബ്‌സര്‍വര്‍ എഡിറ്റര്‍ അബുവിനെ അവരുടെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാക്കുന്നത്.

നെൽസൺ മണ്ടേല – കാരിക്കേച്ചർ

ആഴ്ചയില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കണം. അക്കാലത്തെ അന്തര്‍ദേശീയ പ്രശ്‌നങ്ങളെല്ലാം അബുവിന്റെ വരകളായി തെളിഞ്ഞു വന്നു. അള്‍ജീരിയ, സൈപ്രസ്, കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹിക ചലനങ്ങള്‍ എല്ലാം നിരീക്ഷിച്ച് വരച്ചു. അമേരിക്കയുടെ വിയറ്റ്‌നാം ഇടപെടല്‍ വരച്ചത് പത്രത്തിന്റെ ഉടമകളായ ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരായ ആസ്റ്റര്‍ കുടുംബക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഒബ്‌സര്‍വര്‍ വിട്ട് 1966 ല്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ ചേര്‍ന്നു. അറബ് ഇസ്രയേല്‍ സംഘര്‍ഷം ആറു ദിവസ യുദ്ധമായി പരിണമിച്ചപ്പോള്‍ അബു വരച്ച കാര്‍ടൂണുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇസ്രയേലിന് രസിച്ചില്ല. പത്രത്തിന് മേല്‍ സമര്‍ദ്ദം വന്നു. അതോടെ അബു രാജിവെച്ചു.  cartoonist abu abraham

അതേ സമയത്ത് ‘ട്വന്റിയത്ത് സെഞ്ച്വറി’ എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി കേരളത്തിനെ കുറിച്ച് എഴുതുകയും വരയ്ക്കുകയും ചെയ്തു. കൂടാതെ ഫിദല്‍ കാസ്‌ട്രോവിനോടൊത്ത് ഒരു നിശാ ക്ലബില്‍ മൂന്നു മണിക്കൂര്‍ ചിലവിടുകയും കാസ്‌ട്രോയുടെ സ്‌കെച്ച് വരക്കുകയും ചെയ്തു.

ഫിദൽ കാസ്ട്രോ- കാരികേച്ചർ

ലണ്ടന്‍ വിട്ട് ഇന്ത്യയിലേക്ക് തിരികെ പോരുമ്പോള്‍ രണ്ടാം മഹാലോകയുദ്ധത്തിന് ശേഷം യൂറോപ്പിലെ മികച്ച കാര്‍ട്ടുണിസ്റ്റിലൊരാള്‍ എന്ന് അബുവിനെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചു. 1969 ല്‍ തിരികെ ഇന്ത്യയിലെത്തിയ അബു ഇന്ത്യന്‍ എക്‌സ്പ്രസില്‍ കാര്‍ട്ടൂണിസ്റ്റായി. ഫ്രാങ്ക് മൊറൈസ് ആയിരുന്നു എഡിറ്റര്‍. ഇന്ത്യയിലേറ്റവും സ്വാതന്ത്ര്യം നല്‍കുന്ന പത്രമായിരുന്നു രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ്, അടിയന്തരാവസ്ഥ നടപ്പിലായി ആറു മാസത്തിന് ശേഷം 1975 ഡിസംബര്‍ 10 ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുന്‍പേജില്‍ അബുവിന്റെ ഏറ്റവും പ്രസിദ്ധമായ ‘ബാത്ത് ടബ്’ കാര്‍ട്ടൂണ്‍ അടിച്ച് വന്നു. സെന്‍സര്‍മാര്‍ അത് അനുവദിച്ചതിന്റെ കാരണം ഇന്ത്യയില്‍ ഇപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്ന് ലോകം ധരിക്കണമെന്ന ഇന്ദിര ഗാന്ധിയുടെ തന്ത്രമായിരുന്നു എന്ന് ഒരു വ്യാഖാനം ഉണ്ട്.

ഇന്ദിര ഗാന്ധിക്ക് അത് ആ ഘട്ടത്തില്‍ ആവശ്യമായിരുന്നു. ഇന്ദിര ഭരണക്കാലത്ത്, 1972 ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആളാണ് അബു എബ്രഹാം എന്നോര്‍ക്കുക. പക്ഷേ, എന്ത് കൊണ്ടോ ഇന്ദിരാ ഗാന്ധി അബു എന്ന കാര്‍ട്ടുണിസ്റ്റിനെ തൊടാന്‍ പോയില്ല. ‘അധികാരത്തിന്റെ അന്ധകാരവഴിയില്‍ വീണു പോയ ഒരാള്‍’ എന്നാണ് അബു ഇന്ദിര ഗാന്ധിയെ വിശേഷിപ്പിച്ചത്. ‘ഇന്ദിരയുടെ മന്ത്രിസഭയിലെ എക ആണ്‍തരി’ എന്ന പ്രശ്‌നമായ വിശേഷണം ഓര്‍ത്താകാം ‘ഒരാള്‍’ എന്ന് അബു പറഞ്ഞത്.

1975 ലെ അടിയന്തരാവസ്ഥയിൽ പ്രസ് സെൻസർ തടഞ്ഞ കാർട്ടൂൺ’

ഇന്ദിര യുഗത്തിലെ നായിക ഇന്ദിര ഗാന്ധിയും, അവരുടെ ഉപദേശകരും ഉപജാപക്കാരും, ചിന്തകരും, സ്തുതിപാഠകരും, ബ്യൂറോക്രാറ്റുകളും നിറഞ്ഞ അബുവിന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ ‘പ്രൈവറ്റ് വ്യൂ’ ഇന്ത്യയുടെ ഏറ്റവും നിര്‍ണായക കാലഘട്ടത്തിലെ രാഷ്ടീയ ബിംബങ്ങളാണ്. പിന്നീട് ജനത ഭരണക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റായി എസ്. മുള്‍ ഗോക്കര്‍ വന്നപ്പോള്‍ അബു ഇന്ത്യന്‍ എക്‌സ്പ്രസും ഡല്‍ഹിയും വിട്ട് കേരളത്തില്‍ തിരികെ വന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായി.

വിയറ്റ്‌നാം യുദ്ധകാലത്ത് വരച്ച കാര്‍ട്ടൂണുകളാണ് തന്റെ ഏറ്റവും മികച്ചതായി അബു കണക്കാക്കിയത്. സായ്ഗണ്‍ കീഴടങ്ങിയ വാര്‍ത്തയെ അടിസ്ഥാനമാക്കി അബു വരച്ച കാര്‍ട്ടൂണ്‍ കേരളത്തിലെ ‘ഒരു കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ വരെ പ്രദര്‍ശിപ്പിച്ച സംഭവമുണ്ടായി . ഒരു ബോംബിന്റെ രൂപത്തിലുള്ള പ്യൂപ്പ തകര്‍ത്ത് പുറത്ത് വരുന്ന മനോഹരമായ ഒരു ചിത്രശലഭമായി വിയറ്റ്‌നാമിനെ ചിത്രീകരിച്ച ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസിന് ഏറെ പ്രശംസ ലഭിച്ചു.  cartoonist abu abraham

1989 ല്‍ എം.ടി. വാസുദേവന്‍ നായര്‍ രണ്ടാമതും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായപ്പോള്‍ അബുവിന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ വാരികയില്‍ കൊടുക്കാന്‍ ‘ ആരംഭിച്ചു. എം.ടി തന്നെയാണ് അബു കാര്‍ട്ടൂണില്‍ ഇംഗ്ലീഷില്‍ എഴുതിയ ഡയലോഗുകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റി നല്‍കിയത് എന്നത് ആ കാര്‍ട്ടുണിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിച്ചു. മനോഹരമായ ശീര്‍ഷകം ‘മേമ്പൊടി ‘ എന്ന മനോഹരമായ ശീര്‍ഷകം നല്‍കിയതും എം.ടി തന്നെ. തന്റെ പ്രിയപ്പെട്ട മൃഗമായ ആനയെ കഥാപാത്രമാക്കി ആക്ഷേപഹാസ്യം കൈകാര്യം ചെയ്ത അബുവിന്റെ ആ കാര്‍ട്ടൂണ്‍ പരമ്പര വളരെ ശ്രദ്ധ നേടി. ഇന്ത്യയില്‍ പോക്കറ്റ് കാര്‍ട്ടൂണുകള്‍ പ്രചാരത്തിലാക്കിയതില്‍ അബുവിന്റെ ‘പ്രൈവറ്റ് വ്യൂ’ നല്ല പങ്ക് വഹിച്ചിരുന്നു. യാത്രകളില്‍ തന്റെ സ്‌കെച്ച് ബുക്കില്‍ വരച്ചിടുന്ന പടങ്ങളില്‍ നിന്ന് ആശയം ഉള്‍കൊണ്ട് ചെറുകുറിപ്പുകള്‍ എഴുതി. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനപദങ്ങളുടെ ആചാര രീതികളെല്ലാം കൊച്ചു ചിത്രങ്ങള്‍ വരച്ച് ലളിതമായി അദ്ദേഹം കുറിപ്പുകളായി എഴുതി. ഇംഗ്ലണ്ടിലെ താമസക്കാലത്ത് ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റ്യൂട്ടിന് വേണ്ടി 1969 ല്‍ ‘ Noah’s Arc’ എന്നൊരു ഡോക്യുമെന്റി ചെയ്തത് മെറിറ്റ് സര്‍ട്ടിഫിക്ക്റ്റ് നേടിയിരുന്നു. കൂടാതെ അബു ആറോളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു.

മേമ്പൊടി – കാർട്ടൂൺ സ്ട്രിപ്

ജന്മശതാബ്ദി വര്‍ഷത്തില്‍ അബു എബ്രഹാമിന് ഉചിതമായ ആദരവ് നല്‍കിയത് കേരള ലളിതകലാ അക്കാദമിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ എറണാകുളത്ത് ഒരു മാസം നീണ്ടു നിന്ന അബുവിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു അവര്‍, അബു എബ്രഹാം എന്ന കാര്‍ട്ടൂണിസ്റ്റിനെ ആദരിച്ചു.

അബുവിന്റെ തെരഞ്ഞെടുത്ത 300 ഓളം കാര്‍ട്ടൂണുകളുടെ ഒറിജിനലുകള്‍ ലളിതകല അക്കാദമിയുടെ ഹാളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. സെന്‍സര്‍ ചെയ്ത കാര്‍ട്ടൂണുകളും ‘അബുവിന്റെ ലോകം’ എന്ന് പേരിട്ട ആ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ഒരിക്കല്‍ കൂടി അബുവിന്റെ കാര്‍ട്ടൂണ്‍ ലോകം തന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നു.

അബുവിൻ്റെ പുസ്തകം

‘കുഞ്ചന്‍ നമ്പ്യാരുടെ പൈതൃകം കേരളത്തിന് ഒരു പിടി നല്ല മലയാളി കാര്‍ട്ടൂണിസ്റ്റുകളെ സൃഷ്ടിച്ചു’ എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണ്‍ ആസ്വദിക്കാന്‍ ദോഷൈകദൃക്കുമാകണം. മലയാളിക്ക് ഇത് രണ്ടും ഉണ്ട്. മലയാളിയായതില്‍ അദ്ദേഹം എന്നും അഭിമാനിച്ചിരുന്നു.

തിരുവനന്തപുരത്ത് പാളയം ചന്തയില്‍ ഒരിക്കല്‍ മീന്‍ വാങ്ങാനെത്തിയ അബുവിന് ഒരു മീന്‍കാരി വിലപേശാതെ സന്തോഷപൂര്‍വം നല്ല മീന്‍ നല്‍കി. അത്ഭുതപ്പെട്ട അബു പിന്നീട് അതിന്റെ കാരണം മനസ്സിലാക്കി. പുതിയ ലക്കം കലാകൗമുദി വാരികയില്‍ കവര്‍ ചിത്രം അബു എബ്രഹാം എന്ന കാര്‍ട്ടൂണിസ്റ്റിന്റേതാണ്. റോയ് മാത്യു എഴുതിയ അബുവിന്റെ ജീവിത കഥ ആ ലക്കം കലാകൗമുദിയില്‍ ഉണ്ടായിരുന്നു. വാരികയുടെ കവര്‍ ചിത്രം അബുവിനെ ‘അല്‍പ്പം പ്രസിദ്ധനാക്കിയിരിക്കുന്നു. ജീവിതത്തിന്റെ നല്ല ഭാഗം വിദേശത്ത് കഴിഞ്ഞ ജുബയും മുണ്ടും ധരിച്ചു കേരളത്തില്‍ സ്ഥിരതാമസമാക്കിയ അബു എബ്രഹാം മലയാളികളെ ഇഷ്ടപെട്ടു. അവര്‍ അബുവിനേയും അദ്ദേഹത്തിന്റെ വരകളേയും. അടിയന്തരാവസ്ഥക്കാലത്ത് രൊമേഷ് ഥാപറുടെ സെമിനാര്‍ മാസികയില്‍ അബു എബ്രഹാം എഴുതി; ‘ലോകത്ത് രാഷ്ട്രീയമല്ലാത്തതായി ഒന്നുമില്ല എന്ന നിഗമനത്തിലാണ് ഞാന്‍ അവസാനം എത്തിയത്. രാഷ്ട്രീയം വിവാദവും ലോകത്തിലെ എല്ലാം വിവാദപരവുമാണ്.’ cartoonist abu abraham

Content Summary; remembering abu abraham, he was one of the finest exponents of political cartooning in india

പി രാംകുമാര്‍:
Leave a Comment