ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കൂടുതൽ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ലൈംഗിക അതിക്രമ ആരോപണം ഉയർന്നതിന് പിന്നാലെ അമ്മയിലെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് ഒഴിഞ്ഞിരുന്നു. സിദ്ധിഖിന് പിന്നാലെ താരസംഘടനയിൽ കൂട്ടരാജി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ അമ്മയുടെ ഭരണസമിതി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. Resignation in Association of Malayalam Movie Artists
അമ്മ പ്രസിഡന്റ് കൂടിയായ നടൻ മോഹൻലാലും, 17 എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് ഭരണ സമിതിയിൽ നിന്ന് രാജിവച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നാണ് അമ്മയുടെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നത്. സംഘടനയിലെ ആളുകൾക്ക് നേരെ ഉയർന്നു വന്ന ലൈംഗിക ആരോപണമാണ് രാജി വച്ചൊഴിയാനുളള തീരുമാനത്തിന് പിന്നിലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ജനറൽ സെക്രട്ടറി സിദ്ദിഖിന് പിന്നാലെ ആക്ടിങ് ജനറൽ സെക്രട്ടറിയായ ബാബുരാജിനെതിരെയും മുൻ ജൂനിയർ ആർടിസ്റ്റ് ലൈംഗിക പീഡന പരാതി നൽകിയിരുന്നു. താരങ്ങൾ അമ്മയിൽ നൽകിയ പരാതികൾ ഉൾപ്പടെ പരിഹരിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അംഗങ്ങളിൽ നിന്ന് തന്നെ വിമർശനമുയർന്നു. ആരോപണങ്ങളിലും തുടർന്നുണ്ടായ വിവാദങ്ങൾക്കുമൊടുവിൽ നിലവിലെ ഭരണസമിതി പിരിച്ചുവിടുന്നതായാണ് പ്രസ്താവന.
പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹൻ, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോൾ എന്നിവരാണ് രാജിവച്ചിരിക്കുന്നത്. ഓൺലൈൻ യോഗത്തിലാണ് അംഗങ്ങൾ രാജി വച്ചത്. ഇക്കഴിഞ്ഞ മാസമാണ് പുതിയ ഭരണ സമിതി രൂപീകരിക്കപ്പെട്ടത്. Resignation in Association of Malayalam Movie Artists
Content summary; Resignation in amma: Mohanlal steps sown as president, executive committee dissolved