രാത്രികാലങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകലിനെ അപേക്ഷിച്ച് രാത്രിയിൽ റോഡുകളിൽ തിരക്ക് കുറവാണെങ്കിലും അപകടങ്ങളുടെ തീവ്രതയും മരണനിരക്കും കൂടുകയാണ്.
രാത്രിയാത്ര സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടോർ വെഹിക്കിൾ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ അഴിമുഖത്തോട് പ്രതികരിച്ചു.
‘രാത്രികാലങ്ങളിൽ വിഷൻ വളരെ കുറവാണ്. അങ്ങനെവരുമ്പോൾ വാഹനത്തിൻ്റെ വേഗത കുറച്ചില്ലെങ്കിൽ വിഷൻ കൂടുതൽ കുറയാൻ ഇടവരുന്നു. തുടർന്ന് അപകടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വലത് കണ്ണിൽ 45 ഡിഗ്രി ആംഗിളിലും ഇടത് കണ്ണിൽ 45 ഡിഗ്രി ആംഗിളിലുമാണ് ഒരാളുടെ വിഷൻ പേകുന്നത്. വേഗത കൂടുമ്പോൾ അത് കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. പകൽ സമയത്തും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. രാത്രിയിൽ അത് കൂടുതൽ പ്രശ്നമാകുന്നു.
തെരുവുവിളക്കുകൾ ഇല്ലാത്ത റോഡുകളിലും ജംഗ്ഷനുകളിലും കാഴ്ച വളരെ കുറയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രിയിൽ വാഹനമോടിക്കുന്നയാൾക്ക് ഉറക്കം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷീണമുണ്ടാവുകയും തുടർന്ന് ശ്രദ്ധ, പ്രതികരണ സമയം (Reaction Time), തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. രാത്രിയിൽ ഉറങ്ങാനുള്ള ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റുന്നത് മൂലം ഡ്രൈവർമാർക്ക് പെട്ടെന്ന് മയക്കം വരാം. സർക്കാഡിയൻ റിഥം എന്നാണ് അതിനെ പറയുന്നത്.
Also read; മഴക്കാല ഡ്രൈവിങ്ങ് ശ്രദ്ധിക്കണം എന്താണ് ഹൈഡ്രോ പ്ലേനിങ് ?
എതിരെ വരുന്ന വാഹനങ്ങളുടെ അമിത പ്രകാശമുള്ള ഹെഡ്‌ലൈറ്റുകൾ അപകടങ്ങൾ ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഹെഡ്‌ലൈറ്റുകളിലെ വെളിച്ചം ഡിം ചെയ്യാത്തത് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നു. എതിരെ വരുന്ന വാഹനം തന്നെ ആകണമെന്നില്ല, പിന്നാലെ വരുന്ന വാഹനത്തിൽ നിന്നും അമിത പ്രകാശം വന്നാൽ മുന്നിൽ പോകുന്ന വാഹനത്തിൻ്റെ മിററിൽ തട്ടി വാഹനമോടിക്കുന്നയാളുടെ കാഴ്ച മറയ്ക്കാൻ ഇടയാക്കുന്നു.
മറ്റൊന്ന് ലഹരി ഉപയോഗമാണ്. രാത്രികാലങ്ങളിലാണ് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ഡ്രൈവറുടെ വിവേചന ശക്തിയെയും നിയന്ത്രണ ശേഷിയെയും പൂർണ്ണമായും ഇല്ലാതാക്കുന്നു. റോഡിലെ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അശ്രദ്ധയാണ് അപകടങ്ങളുടെയെല്ലാം മുഖ്യ ഘടകമെന്ന് പറയുന്നത്.
ബ്രൈറ്റ്നസിൻ്റെ കാര്യം പറഞ്ഞത്പോലെ തന്നെ, അത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവയിലെല്ലാം നിയമത്തിന് ഇടപെടുന്നതിന് കുറച്ച് പരിമിധികളുണ്ട്.
ജംഗ്ഷനുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ജംഗ്ഷനുകളിൽ ഓവർ ടേക്കിങ്ങ് നടന്നാൽ ആ വാഹനം ലെയ്ൻ മാറിയാകും വരുന്നത്. അത്തരം സമയങ്ങളിൽ ഇടത് വശത്ത് കൂടി ഫ്രീ ലെഫ്റ്റ് ആയി വരുന്ന വാഹനം ഇടിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് ഒരു പരിഹാരമെന്തെന്നാൽ, ജംഗ്ഷനുകളിൽ ലെയ്ൻ തിരിച്ചുള്ള സംവിധാനം ഒരുക്കുകയെന്നതാണ്’ മോട്ടോർ വെഹിക്കിൾ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ അഴിമുഖത്തോട് പ്രതികരിച്ചു.
രാത്രിയാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ സ്വീകരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
റോഡുകളിൽ നിയമങ്ങൾ തീർച്ചയായും പാലിക്കണം. രാത്രികാലങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടതുണ്ട്. പകൽസമയങ്ങളിൽ അപകടമുണ്ടാകാൻ എന്തൊക്കെ സാഹചര്യങ്ങളുണ്ടോ അതെല്ലാം തന്നെ രാത്രിയിലുമുണ്ട്. രാത്രിയിൽ അതിനുള്ള സാധ്യത വളരെ കൂടുതലാണ്. യാത്ര തുടങ്ങുന്നതിനു മുമ്പ് 6 മുതൽ 8 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങുക. ക്ഷീണമുണ്ടെങ്കിൽ യാത്ര മാറ്റിവെക്കുകയോ, ഓരോ 2 മണിക്കൂറിലും 15 മിനിറ്റ് വിശ്രമമെടുക്കുകയോ ചെയ്യുക.
ഹെഡ്‌ലൈറ്റുകൾ വൃത്തിയായും ശരിയായ ദിശയിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. എതിരെ വാഹനം വരുമ്പോൾ നിർബന്ധമായും ഡിം ലൈറ്റ് ഉപയോഗിക്കുക. റോഡിലെ തിരക്ക് കുറവാണെങ്കിലും അനുവദനീയമായ വേഗത പാലിക്കുക. പകലിനെ അപേക്ഷിച്ച് രാത്രിയിൽ വേഗത കുറച്ച് ഓടിക്കുന്നതാണ് സുരക്ഷിതം. മുന്നിലുള്ള വാഹനവുമായി കൂടുതൽ അകലം പാലിക്കുക.
ഇത് അടിയന്തിര സാ ഹചര്യങ്ങളിൽ പ്രതികരിക്കാൻ കൂടുതൽ സമയം നൽകും. ലൈറ്റുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനൊപ്പം, സൈക്കിളുകൾ, നടന്നുപോകുന്നവർ, മറ്റ് വാഹനങ്ങൾ എന്നിവയിൽ റിഫ്ളക്ടറുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക. ശ്രദ്ധ തെറ്റുന്ന സംഭാഷണങ്ങളിൽ നിന്നും മറ്റ് കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക.
രാത്രികാലങ്ങളിലെ അപകടങ്ങൾ തടയാൻ നിയമപാലകരുടെയും റോഡ് സുരക്ഷാ ഏജൻസികളുടെയും ഇടപെടൽ പ്രധാനമാണ്. എന്നാൽ, ഓരോ ഡ്രൈവറുടെയും സ്വയം നിയന്ത്രണവും സുരക്ഷാ അവബോധവുമാണ് ഏറ്റവും നിർണായകം.
Content Summary: Road Accidents at night, what are the main causes?
This post was last modified on November 2, 2025 6:51 am
Leave a Comment