‘രോഹിത് വെമുല കേസ് പുനരന്വേഷിക്കും, കേസിൽ ഉൾപ്പെട്ട ആരെയും വെറുതെവിടില്ല’; നിയമോപദേശം തേടിയതായി തെലങ്കാന സർക്കാർ

രാംചന്ദർ റാവുവിനെ ബിജെപി അധ്യക്ഷനാക്കിയതിൽ രൂക്ഷ വിമർശനം നടത്തി ഭട്ടി വിക്രമാർക

രോഹിത് വെമുല കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ കോടതി നിർദേശം നൽകണമെന്ന ആവശ്യമുന്നയിച്ച് കോടതിയിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ട ഒരാളെയും തങ്ങൾ വെറുതെ വിടില്ലെന്നും മല്ലു ഭട്ടി വിക്രമാർക പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രാംചന്ദർ റാവുവിനെ ബിജെപി അധ്യക്ഷനാക്കിയതിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ന്യൂഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിക്രമാർകയുടെ പ്രതികരണം. രോഹിത് വെമുല കേസിലെ പ്രതികളിലൊരാളായിരുന്നു അന്ന് എംഎൽസി ആയിരുന്ന രാംചന്ദർ റാവു.

വാർത്താസമ്മേളനത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച വിക്രമാർക, ആദിവാസികൾക്കും ദളിതർക്കും എതിരെ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ബിജെപി പ്രതിഫലം നൽകുന്നുവെന്നാണ് ഈ നിയമനത്തിലൂടെ വ്യക്തമാകുന്നതെന്ന് ആഞ്ഞടിച്ചു. ബിജെപി അധ്യക്ഷനാകാനുള്ള യോ​ഗ്യത ദളിതരെ ലക്ഷ്യം വെക്കുന്നതാണോയെന്നും ബിജെപി ഇന്ത്യയോട് മാപ്പ് പറയണമെന്നും വിക്രമാർക പറഞ്ഞു.

രാഹുൽ ഗാന്ധി പറഞ്ഞതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയുന്നതിനായി തെലങ്കാന സർക്കാർ രോഹിത് വെമുല നിയമം കൊണ്ടുവരുമെന്നും ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക പ്രഖ്യാപിച്ചു. നിയമപരമായ ഏത് വെല്ലുവിളികളെയും നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സമഗ്രമായ അവലോകനത്തിനായി കരട് നിയമ വകുപ്പിന് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് വെമുലയുടെ മരണം ഒരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ്. പിഎച്ച്ഡി നേടുന്ന തലത്തിലെത്തിയ ഒരു ചെറുപ്പക്കാരനായിരുന്നു രോഹിത്. തന്റെ ശോഭനമായ ഭാവിയെക്കുറിച്ച് അയാൾ സ്വപ്നങ്ങൾ കണ്ടിരുന്നു. എന്നാൽ രോഹിത് ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. രോഹിത്തിനെ പോലുള്ള വിദ്യാർത്ഥികൾക്ക് ഇത്രയും കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഇത് സ്ഥാപനപനത്തിന്റെ പരാജയമാണ് എന്നതിന് വ്യക്തമായ ഉദാഹരണമല്ലേ?, മല്ലു ഭട്ടി വിക്രമാർക വാർത്താസമ്മേളനത്തിൽ ചോദിച്ചു.

2016ലാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ ജാതി പീഡനത്തിന് ഇരയായതിനെ തുടർന്ന് ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. നേരത്തെ കേസ് അവസാനിപ്പിക്കാൻ തെലങ്കാന പൊലീസ് ഹൈക്കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രോഹിത് വെമുല പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളല്ലെന്നും യഥാർഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമായിരുന്നു അന്നത്തെ പൊലീസ് റിപ്പോർട്ട്.

Content Summary: Rohith Vemula case to be reopened, Telangana government moves High Court.

This post was last modified on July 12, 2025 1:42 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment