കഴിഞ്ഞ രണ്ടാഴ്ച കഴിച്ചത് ചിപ്സ് മാത്രം; കാലിഫോര്‍ണിയയില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ഓര്‍മകളുമായി റൂംമേറ്റ്

വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം അത്ര എളുപ്പമല്ല

യുഎസിലെ കാലിഫോര്‍ണിയയില്‍ കാണാതായ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ 22 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയുടെ അവസാന ദിനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് റൂംമേറ്റ് ബനീത് സിംഗ്. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സാകേതിന്റെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി ബനീത് വെളിപ്പെടുത്തി.

വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം അത്ര എളുപ്പമല്ല. അവസാന രണ്ടാഴ്ചയോളം സാകേത് ആരോടും സംസാരിക്കാനോ കൃത്യമായി ഭക്ഷണം കഴിക്കാനോ തയ്യാറായിരുന്നില്ല. ചിപ്സും കുക്കികളും മാത്രം കഴിച്ചാണ് സാകേത് കഴിഞ്ഞിരുന്നത്.

”ജനുവരി 21-ന് അന്‍സ തടാകത്തിലേക്ക് ചെല്ലാന്‍ സാകേത് എന്നെയും ക്ഷണിച്ചിരുന്നു. എന്നാല്‍ മടി കാരണം ഞാന്‍ പോയില്ല. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഇടത്തേക്കാണ് സാകേത് എന്നെ വിളിച്ചതെന്ന് അന്ന് ഞാന്‍ അറിഞ്ഞില്ല” ബനീത് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരിക്കല്‍ ബാത്ത്റോബ് ധരിച്ചാണ് സാകേത് ക്ലാസ്സില്‍ പോയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘എനിക്ക് ഒന്നിനെക്കുറിച്ചും പേടിയില്ല, ആര് എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്‌നമില്ല’ എന്നായിരുന്നു മറുപടി. ഇത് കേവലം തമാശയാണെന്നാണ് അന്ന് ഞങ്ങള്‍ കരുതിയതെന്നും ബനീത് സിംഗ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു.

സാകേത് എപ്പോഴും തമാശകള്‍ പറയുന്ന ആളായതുകൊണ്ട് അന്ന് അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ചിരിച്ചു തള്ളുകയായിരുന്നു. എന്നാല്‍ അവന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ എത്ര ഗൗരവമേറിയതായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. ജീവിതത്തിന്റെ വിപരീതം മരണമല്ല, മറിച്ച് നിസ്സംഗതയായിരുന്നു. ഒന്നിനോടും മമതയില്ലാത്ത ആ അവസ്ഥ അവനെ സ്വന്തം ജീവിതത്തെപ്പോലും അവഗണിക്കുന്നതിലേക്കാണ് എത്തിച്ചത് ബനീത് പോസ്റ്റില്‍ പറയുന്നു.

കര്‍ണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ കാലിഫോര്‍ണിയ ബെര്‍ക്ക്ലി സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഫെബ്രുവരി 9-ന് അദ്ദേഹത്തെ കാണാതായതോടെ പോലീസും പ്രാദേശിക സമൂഹവും ചേര്‍ന്ന് അന്‍സ തടാകം, ബെര്‍ക്ക്ലി കുന്നുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ തിരച്ചില്‍ നടത്തി. ഒടുവില്‍ ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന് സമീപമുള്ള ഒരു വീടിന് അടുത്തുനിന്ന് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെടുത്തിരുന്നു.

വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും, പ്രാദേശിക നിയമപാലകരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. കാണാതായി ആറ് ദിവസത്തിന് ശേഷം, ഫെബ്രുവരി 14-നാണ് അന്‍സ തടാകത്തിന് സമീപം സാകേതിന്റെ മൃതദേഹം കണ്ടെത്തിയത്.

സാകേതിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ കോണ്‍സുലേറ്റ്, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പുനല്‍കി.

ഐഐടി മദ്രാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന സാകേത്, കാലിഫോര്‍ണിയ ബെര്‍ക്ക്ലി സര്‍വകലാശാലയിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. ബെംഗളൂരുവിലെ ശ്രീവാണി എഡ്യൂക്കേഷന്‍ സെന്ററിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയില്‍ പേറ്റന്റ് നേടിയ ആറ് ഗവേഷകരില്‍ ഒരാളായിരുന്നു സാകേത്.

Content Summary:  Roommate recalls the silent struggles of Saketh Srinivasaiah before his tragic death

This post was last modified on February 17, 2026 9:53 am

അഴിമുഖം ഡെസ്‌ക്:
Leave a Comment