വാങ് ചുക്കിനെ എന്തിന് തടവിലാക്കി?; കാരണം ചോദിച്ച് സുപ്രീം കോടതി

കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

Sonam Wangchuk

സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ഹർജിയിൽ ലഡാക്ക് ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി.
ലഡാക്കിൽ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്നാണ് സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിനെ 1980-ലെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തടങ്കലിൽ വെച്ചത്. ഈ നീക്കം ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹത്തിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീം കോടതി ഇന്ന് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.

ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച്, ഈ വിഷയം അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഒരു ഹേബിയസ് കോർപ്പസ് ഹർജിയാണ് ഈ റിട്ട് പെറ്റീഷൻ. നിലവിൽ ജോധ്പൂർ ജയിലിലാണ് സോനം വാങ്ചുക്ക് കഴിയുന്നത്.

ഈ ഹർജി പ്രകാരം, അറസ്റ്റ് ചെയ്തതിൻ്റെ കാരണം തങ്ങൾക്കാർക്കും നൽകിയിട്ടില്ലാത്തതിനാൽ വാങ്ചുക്കിൻ്റെ തടങ്കൽ ആർട്ടിക്കിൾ 22 പ്രകാരം നിയമവിരുദ്ധമാണ് എന്ന് ആങ്മോ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ, ലഡാക്ക് ഭരണകൂടം, ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ, തടങ്കലിൻ്റെ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്തംബർ 24ന് ലേയിൽ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് സെപ്തംബർ 26ന് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനൊപ്പം ലേയിലെ പ്രാദേശിക ജയിലിൽ തടവിലാക്കപ്പെട്ട 56 പ്രതിഷേധക്കാരിൽ 26 പേരെ പിന്നീട് വിട്ടയച്ചിരുന്നു. ഇവർക്കെതിരെ ​ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരുന്നില്ല. മുപ്പത് പേർ ഇപ്പോഴും ജയിലിൽ തന്നെയാണ്. വാങ്ചുക്കിനെതിരം ദേശീയ സുരക്ഷാ നിയമം ചുമത്തിയ നടപടിയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തടങ്കൽ ഉത്തരവിന്റെ പകർപ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമങ്ങളുടെ ലംഘനമാണെന്നും ആങ്മോ വ്യക്തമാക്കി.

ഇതിനിടെ ലഡാക്ക് വെടിവയ്പ്പിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജോധ്പൂർ ജയിലിൽ നിന്ന് വാങ്ചുക്ക് രം​ഗത്തുവന്നിരുന്നു. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമന്നും ആവശ്യപ്പെട്ടാണ് ലെ അപെക്സ് ബോഡി, കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുമായി ചേർന്ന് വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണ് മോദി സർക്കാർ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാന പ​ദവി നൽകുക, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നിവ മുൻനിർത്തി വർഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവ​ഗണനയിൽ പ്രതിഷേധിച്ച് ലഡാക്ക് അപെക്സ് ബോഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 10ന് ഒരു നിരാഹാര സമരം നടത്തിയിരുന്നു. ലേയിൽ നടന്ന പ്രതിഷേധങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.

content summary: Supreme Court issues notice to Centre, seeks explanation for Wangchuk’s detention

This post was last modified on October 6, 2025 4:22 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment