ജിയോ ബാ​ഗുകൾ താത്കാലിക പ്രതിരോധം, തിരകളുയരുന്നത് സംരക്ഷണഭിത്തി കടന്ന്

വീണ്ടും കടലെടുത്ത് കണ്ണമാലി

കണ്ണമാലിയിലെ ദുരിതം വിട്ടൊഴിഞ്ഞിട്ടില്ല. മഴ രൂക്ഷമായതോടെ പല പ്രദേശങ്ങളിലും വീണ്ടും കടൽ കയറ്റം രൂക്ഷമാവുകയാണ്. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ നടപ്പിലാക്കിയ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല. കണ്ണമാലി പൊലീസ് സ്റ്റേഷൻ മുതൽ കമ്പനിപ്പടി വരെയും ചെറിയകടവ് പ്രദേശത്തുമാണ് കറുത്ത വാവിനെ മുന്നോടിയായി ഇത്തവണ കടൽകയറ്റമുണ്ടായത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. തീരദേശ റോഡും വെള്ളത്തിൽ മുങ്ങി. കണ്ണമാലിയിൽ ഒരുക്കിയിരുന്ന പ്രതിരോധ ഭിത്തികളും കടന്നാണ് കടൽ വെള്ളമെത്തിയത്. താൽക്കാലികമായി പ്രതിരോധം ഒരുക്കുന്ന ജോലികൾ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

പ്രദേശത്ത് ടെട്രാപോഡ് പദ്ധതിയ്ക്കായി സർക്കാർ തുക അനുവദിച്ചതോടെ ദുരിതത്തിന് അറുതി വരുമെന്ന പ്രതീ​ക്ഷയിലായിരുന്നു തീരദേശ ജനത. എന്നാൽ ആ പ്രതീക്ഷയ്ക്ക് വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെല്ലാനത്ത് കടൽക്കയറ്റമുണ്ടായത്. നാട്ടുകാരുടെ പരാതിയെ തുട‌ർന്ന് ഒരാഴ്ച മുമ്പാണ് പല പ്രദേശങ്ങളിലും ജിയോ ബാ​ഗുകൾ പോലും സ്ഥാപിച്ചത് എന്നാൽ ഇവയ്ക്കും പ്രതിരോധിക്കാൻ കഴിയാത്ത തരത്തിലാണ് തിരകളുയരുന്നത്. അടുത്ത കാലവർഷത്തിന് മുന്നോടിയായി പ്രദേശത്ത് ടെട്രോപോഡുകൾ നിർമ്മിക്കണമെന്ന ആവശ്യം ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് ശക്തമാവുകയാണ്. തിരകളെ പ്രതിരോധിക്കാൻ നിലവിൽ മറ്റു സംവിധാനങ്ങളില്ലാത്ത സാഹചര്യമായത് കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികളിൽ പലരും കടലിൽ പോയിട്ടില്ല. ഈ ഭാഗത്തെ നിരവധി വീടുകളിൽ വെള്ളംകയറി. സ്ഥിതി രൂക്ഷമായി തുടർന്നിട്ടും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന പരാതികളുമുയരുന്നു.

കണ്ണമാലി പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി കടൽ കയറ്റമുണ്ടാവുന്നുണ്ട്. സാധാരണ വാവിന്റെ അന്ന് തൊട്ടാണ് കടൽ കയറ്റമുണ്ടാവുന്നത്. എന്നാൽ ഇത്തവണ വാവിന് രണ്ടു ദിവസം മുൻപ് കടൽക്കയറ്റമുണ്ടായതായി ചെല്ലാനം സ്വദേശി സെബാസ്റ്റ്യൻ അഴിമുഖത്തോട് പറഞ്ഞു. വരും ദിവസങ്ങളിൽ കടൽക്കയറ്റത്തിന്റെ തീവ്രത വർദ്ധിച്ചേക്കാമെന്ന ആശങ്കയും ജനങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രദേശത്ത് താത്കാലിക പ്രതിരോധം തീർക്കാനായി ജിയോ ബാഗ് ഉൾപ്പെടെ ഒന്നേകാൽ കോടി രൂപയാണ് താൽക്കാലിക പ്രതിരോധത്തിന് നീക്കിവെച്ചത്. എന്നാൽ ആ ഒന്നേകാൽ കോടി രൂപയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.

പ്രദേശത്തെ പല ഭാ​ഗങ്ങളിലുമായി ജിയോ ബാഗ് ഇപ്പോഴും വെച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ പല ഭാ​ഗങ്ങളിലെയും ജിയോ ബാ​ഗുകളുടെ അവസ്ഥ ശോചനീയമായി തുടരുകയാണെന്ന് പുത്തൻത്തോട് സ്വദേശി ടെസി പറഞ്ഞു. മുൻവർഷങ്ങളിൽ പലപ്പോഴായി സ്ഥാപിച്ച ജിയോ ബാ​ഗുകൾ ദ്രവിച്ചു തുടങ്ങി. അടിയന്തര നടപടിയെന്ന തരത്തിൽ പല ഭാ​ഗങ്ങളിലെയും ജിയോ ബാ​ഗുകളിൽ പൊട്ടിയത് മാത്രമാണ് നീക്കം ചെയ്യുന്നതും പുതിയത് സ്ഥാപിക്കുന്നതെന്ന് ടെസി പറഞ്ഞു.

തീരസംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ സമിതി ഉൾപ്പെടെ നടത്തിയ സമരത്തെ തുടർന്ന് സർക്കാരിന്റെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിനായി 305 കോടി രൂപയോളം സർക്കാർ അനുവദിച്ചിരുന്നു. ടെട്രാപോഡിന്റെ നിർമ്മാണത്തിനായുള്ള തുക അനുവദിച്ച് കൊണ്ടുള്ള പ്രഖ്യാപനമുണ്ടായെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്.

പദ്ധതി പ്രകാരം 344 കോടി രൂപ മുതൽ മുടക്കി ടെട്രാപോഡ് കടൽഭിത്തി ചെല്ലാനം ഹാർബർ മുതൽ ഫോർട്ട് കൊച്ചി വരെ (17.9 കിലോമീറ്റർ) നിർമ്മിക്കാൻ തീരുമാനിച്ചു. 7.5 കി.മീ ദൂരമുള്ള ചെല്ലാനം ഹാർബർ മുതൽ പുത്തൻത്തോട് ബീച്ച് വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായത്. എന്നാൽ പദ്ധതി പ്രകാരം രണ്ടാം ഘട്ടത്തിലേക്ക് തള്ളപ്പെട്ട പ്രദേശങ്ങളിലാണ് ഇപ്പോൾ കടൽക്കയറ്റം രൂക്ഷമാവുന്നത്.

പ്രദേശത്ത് കടലിന് ആഴക്കൂടുതലുള്ളത് കൊണ്ടാണ് കടൽക്കയറ്റം രൂക്ഷമാവുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആഴത്തിന് ആനുപാതികമായി തിരമാലയുടെ ഉയരം വർദ്ധിക്കും. കൂടാതെ ഈ ഉയർന്നു വരുന്ന തിരമാല ഒടിയുന്നത് കരിങ്കൽ ഭിത്തിയിലോ അല്ലെങ്കിൽ അതിന് കിഴക്കുവശത്തുള്ള വീടുകളിൽ വന്ന് പതിച്ചുകൊണ്ടാവും. ശാസ്ത്രീയ പഠനങ്ങളോ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളോ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവും ജനങ്ങൾ ഉന്നയിക്കുന്നു.

content summary: Sea encroachment in Kannamaly has affected several areas, rendering the temporary geo-bag defense ineffective

This post was last modified on July 25, 2025 3:49 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment