സിദ്ധാർഥ്‌ വരദരാജനും കരൺ ഥാപ്പർക്കുമെതിരായ രാജ്യദ്രോഹക്കുറ്റം; ‘ഏകാധിപത്യവും ഫാസിസവുമുള്ളിടത്ത് അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടും’

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ആദ്യം പരിശോധിക്കേണ്ടത്

‘ദി വയര്‍’ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പൊലീസെടുത്ത രാജ്യദ്രോഹ കേസിൽ സുപ്രീം കോടതി ഇടപെട്ടു. ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള പൊലീസ് നടപടി കോടതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥ് വരദരാജിനും കരണ്‍ ഥാപ്പറിനും പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകനായ അഭിസാർ ശർമ്മക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു.

രാജ്യത്തിൻ്റെ ഐക്യത്തിനും പരമാധികാരത്തിനും ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തികളിലേർപ്പെടുക, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശർമ്മക്കെതിരെ കേസെടുത്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന പരാമർശമാണ് ഇവിടെ അധികാരികളെ ചൊടിപ്പിച്ചത്.

മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ വാ മൂടികെട്ടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണെന്ന് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത മുതിർന്ന മാധ്യമപ്രവർത്തകൻ അഴിമുഖത്തോട് പറഞ്ഞു. ഏകാധിപത്യവും ഫാസിസവുമുള്ള സ്ഥലങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘സിദ്ധാർഥ് വരദരാജിന്റെയും കരൺ ഥാപ്പറുടെയും കേസ് സുപ്രീം കോടതിയിലായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യാൻ പാടില്ലായെന്ന് ഇപ്പോൾ സുപ്രീം കേടതിയിൽ നിന്ന് ഉത്തരവ് വന്നിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അധികാരത്തിലുള്ള സർക്കാരിനെയോ രാഷ്ട്രീയ നേതാക്കളെയോ ചോദ്യം ചെയ്താൽ അതിനെ രാജ്യ​ദ്രോഹ കുറ്റമായി മുദ്രകുത്തുകയാണ് ചെയ്യുന്നത്. വിഎച്ച്പി, ബജ്റം​ഗ്ദൾ തുടങ്ങിയ കൂലിപ്പടകളെ ചോദ്യം ചെയ്യാനും ഇന്നത്തെ സാഹചര്യത്തിൽ കഴിയാത്ത അവസ്ഥയാണ്.

മോദി സർക്കാർ നിരവധി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറകിലേക്ക് നോക്കുകയാണെങ്കിൽ, ചോദ്യമുന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഫാസിസത്തിന്റെ നടപടിയുടെ ഭാ​ഗമാണ്. ഏകാധിപത്യവും ഫാസിസവുമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ വാ മൂടികെട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് ചരിത്രപരമായി നിലനിൽക്കുന്ന ഒരു പ്രവണതയാണ്. 1933 മുതൽ 1946 വരെയും ഈയൊരു അവസ്ഥ നിലനിന്നിരുന്നതാണ്. ചൈനയിലെ കാര്യം ഒരു ഉദാഹരണമായി പറയാൻ സാധിക്കുന്നതാണ്. ചൈനീസ് സർക്കാരിനെ കുറിച്ചോ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ ഉള്ള വാർത്തകൾ പുറത്തുവരുന്നില്ല. അവിടെ സർക്കാരിന് അത്രത്തോളം നിയന്ത്രണമുണ്ട്. തീവ്ര കമ്മ്യൂണിസം, ഫാസിസം തുടങ്ങിയവ നിലനിൽക്കുന്നയിടങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടിരിക്കുകയാണ്.

അസർബൈജാൻ, കസാക്കിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി മാധ്യമപ്രവർത്തകരാണ് ജയിലിൽ കഴിയുന്നത്. സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്തതാണ് അവർ ചെയ്ത തെറ്റ്. അസമിൽ ഹിമാന്ത ബിശ്വശർമ മുഖ്യമന്ത്രിയായ ശേഷം അവിടം ഒരു സമ്പൂർണ ഫാസിസ്റ്റ് സംസ്ഥാനമായി മാറി. ഇന്ത്യയിലും അത്തരത്തിലുള്ള ഫാസിസമുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ​ഗുജറാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെടുത്ത് നോക്കൂ ഇന്ത്യൻ ഭരണഘടന നമുക്ക് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം നമുക്കില്ല. അതിനൊരു കാരണമേയുള്ളൂ ആർഎസ്എസ് ഒരിക്കലും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല.

​ഗവർണമാർ സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾ വർഷങ്ങളോളം പാസാക്കാതിരിക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ വാദമുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടണ്ടയെന്നാണ് സോളിസിറ്റർ ജനറലായിട്ടുള്ള തുഷാർ മേത്ത വാദിച്ചത്. ഭരണഘടനയുടെ സംരക്ഷകരാണ് കോടതിയെന്ന് സുപ്രീം കോടതി അതിന് മറുപടി നൽകുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഈ ആക്രമണം അടുത്തിടെ മാത്രം ഉണ്ടായ ഒരു വിഷയമല്ല. കേന്ദ്ര സർക്കാർ ഇപ്പോൾ കൂടുതൽ ശക്തിയാർജിക്കുകയാണ്. ഈയൊരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് പോലും ഒരാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള അവസരമായി അവർ കണക്കാക്കും’, മുതിർന്ന മാധ്യമപ്രവർത്തകൻ അഴിമുഖത്തോട് പ്രതികരിച്ചു.

പാകിസ്ഥാനുമായുള്ള വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐ.എ.എഫ്) ചില യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചതായി ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ കേസെടുത്തത്. ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത് ഇന്നായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ആറോളം വകുപ്പുകൾ ചേർത്താണ് ഇരുവ‌ർക്കുമെതിരെ പൊലീസ് കേസെടുത്തത്.

Content Summary: Sedition charges against Siddharth Varadarajan and Karan Thapar; Freedom suffers where dictatorship and fascism rule

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment