1983 ല്‍ പുറത്തിറങ്ങിയ ‘മാസൂം’ എന്ന സിനിമ നസ്റുദ്ദീന്‍ ഷായുടേയും ശബ്നാ ആസ്മിയുടേയും കരിയറിലെ ഗ്രാഫുയര്‍ത്തിയ, ചേതോഹരമായ ഇന്ത്യന്‍ പ്രണയകഥയുടെ അഭ്രാവിഷ്‌കാരമാണ്. റിലീസിംഗ് ദിവസം ഒരു യുവാവും കൂട്ടുകാരിയും പിന്നെ പടത്തില്‍ അഭിനയിച്ച മൂന്ന് കുട്ടികളും താനും മാത്രമേ മുംബൈ ജൂഹുവിലെ തിയേറ്ററിലുണ്ടായിരുന്നുള്ളൂവെന്ന് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഞെട്ടലോടെ അറിയുന്നു. അങ്ങേയറ്റത്തെ നിരാശയോടെയും വിഷാദത്തോടെയും ഇക്കാര്യം അദ്ദേഹം പിന്നീടെഴുതുന്നുണ്ട്. പക്ഷേ ‘മാസൂം’ പിന്നീട് ബോക്സോഫീസ് ഹിറ്റായി. ഫിലിം ഫെയറിന്റെ മൂന്ന് പുരസ്‌കാരങ്ങള്‍ മാസൂമിന് ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ ഒരു കാലഘട്ടത്തിന്റെ കമിതാക്കളുടെ കഥയായിരുന്നു മാസൂം. നസ്റുദ്ദീന്‍ ഷായേയും ശബ്നാ ആസ്മിയേയും ഇന്ത്യന്‍ ക്ലാസിക് സിനിമാലോകം അടയാളപ്പെടുത്തിയ ഉല്‍കൃഷ്ട കലാശില്‍പം. എറിക് സെഗാള്‍ രചിച്ച മാന്‍, വുമന്‍സ് ആന്റ് ചൈല്‍ഡ് എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് മാസൂം. ഇതേ കഥയെ അടിസ്ഥാനമാക്കി മലയാളത്തില്‍ ബാലു മഹേന്ദ്ര നിര്‍മിച്ച സിനിമയാണ് ‘ഓളങ്ങള്‍’. അമോല്‍ പലേക്കര്‍, പൂര്‍ണിമാ ജയറാം, അംബിക തുടങ്ങിയവരാണ് ഈ പടത്തില്‍ അഭിനയിച്ചത്.
മാസൂം എന്ന പടത്തിലെ നായിക ശബ്നാ ആസ്മിയുമായുള്ള ശേഖര്‍ കപൂറിന്റെ പ്രണയവും പൂത്തുലഞ്ഞു. 1984 ഡിസംബര്‍ ഒമ്പതിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവീദ് അഖ്തറുമായുള്ള ശബ്‌നാ ആസ്മിയുടെ വിവാഹം നടക്കുന്നത് വരെ ഏഴു വര്‍ഷത്തോളം ശേഖര്‍ കപൂറും ശബ്നാ ആസ്മിയും ഒരുമിച്ച് ജീവിച്ചു. പ്രസിദ്ധ കവിയും എഴുപതുകളിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന കൈഫി ആസ്മിയുടെ മകളായ ശബ്നാ ആസ്മിയുടെ വ്യക്തിജീവിതത്തിലും കലാജീവിതത്തിലും ശേഖര്‍ കപൂറിന്റെ സ്വാധീനം വളരെ വലുതാണ്.
ശേഖര്‍ കപൂറിന്റെ അസാധാരണ സൗന്ദര്യം ബോളിവുഡിലെ പെണ്‍കുട്ടികളെ ആകര്‍ഷിച്ചു. നിരവധി നടിമാര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. പ്രധാനമന്ത്രിയായിരുന്ന ഐ.കെ ഗുജ്റാളിന്റെ മരുമകള്‍ മേധാ ഗുജ്റാളും നടിയും നര്‍ത്തകിയുമായ സുചിത്രാ കൃഷ്ണമൂര്‍ത്തിയും ശേഖര്‍ കപൂറിന്റെ ജീവിതപങ്കാളികളായി. ശേഖര്‍ കപൂറിനും സുചിത്രാ കൃഷ്ണമൂര്‍ത്തിക്കുമൊരു മകള്‍ – കാവേരി കപൂര്‍. അവരും സിനിമയില്‍ സജീവമാണ്. ശരാശരി ഹിന്ദി സിനിമകളുടെ അന്ത്യം പോലെ എല്ലാ വിവാഹബന്ധങ്ങളും ഒടുവില്‍ തകര്‍ന്ന ചരിത്രമാണ് ശേഖര്‍ കപൂറിന്റെ യഥാര്‍ഥ ജീവിതത്തിലുള്ളത്. ഈ ഡിസംബര്‍ ആറിന് 80 വയസ്സ് തികയുന്ന ശേഖര്‍ കപൂറിന്റെ സിനിമാ ജീവിതം ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഇക്കഴിഞ്ഞ റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അതിഥിയായെത്തിയ ശേഖര്‍ കപൂറുമായി സൗദിയിലെ ജിദ്ദയില്‍ നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ച ആ കലാകാരനിലെ വിനയവും മാന്യതയും ആഭിജാത്യവുമെല്ലാം എത്രമേല്‍ ആഴത്തിലുള്ളതാണെന്ന് എന്നെ ബോധ്യപ്പെടുത്തി. നൂറു ശതമാനം ജെന്റില്‍മാന്‍ എന്ന പദത്തിന് എല്ലാ അര്‍ഥത്തിലും അനുയോജ്യനാണ് ശേഖര്‍ കപൂര്‍.
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍പെട്ട ലാഹോറില്‍ ജനിച്ച ശേഖര്‍ കപൂറിന്റെ അമ്മയുടെ സഹോദരന്മാരാണ് ഇന്ത്യന്‍ സിനിമയിലെ നായകസങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ ദേവാനന്ദ്, ചേതന്‍ ആനന്ദ്, വിജയാനന്ദ് എന്നിവര്‍. ദേവാനന്ദിന്റെ ചരമ വാര്‍ഷികം ഈയിടെയാണ് ആചരിച്ചത്. സിനിമാക്കമ്പം ചെറുപ്പത്തിലേ പിടികൂടിയ ശേഖര്‍ കപൂറിനെ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലെ പഠനശേഷം രക്ഷിതാക്കള്‍ ലണ്ടനിലേക്ക് ബിസിനസ് മാനേജ്മെന്റ് പഠിക്കാനാണ് അയച്ചത്. സിനിമാകുടുംബമാണെങ്കിലും ശേഖറിനെ സിനിമയിലേക്ക് വിടേണ്ടതില്ല എന്നായിരുന്നു പിതാവ് കുല്‍ഭൂഷണ്‍ കപൂറിന്റെ തീരുമാനം. പഠനശേഷം ലണ്ടനില്‍ അല്‍പകാലം ജോലി ചെയ്ത ശേഖറിന് പക്ഷേ സിനിമതന്നെയായിരുന്നു മോഹം. മുംബൈയില്‍ തിരിച്ചെത്തിയ ശേഖര്‍ ബോളിവുഡിന്റെ മായികലോകത്തേക്ക് ആകൃഷ്ടനായി. പതിവ് ഹിന്ദി മസാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ടും കൊമേഴ്സ്യലുമായ സിനിമകളുടെ സമന്വയത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും ഒപ്പം വാണിജ്യവിജയം കൊയ്യുകയും ചെയ്യുകയെന്നതായിരുന്നു ശേഖറിന്റെ നയം. മാസൂം എന്ന സിനിമ ഈ സിനിമാ സങ്കല്‍പങ്ങളിലേക്കുള്ള ആദ്യചുവടുവെപ്പായിരുന്നു. ഫൂലന്‍ദേവിയുടെ ജീവിതം അടിസ്ഥാനമാക്കി ശേഖര്‍ കപൂറെടുത്ത ബണ്ടിറ്റ് ക്വീന്‍ എന്ന സിനിമ ആഗോളശ്രദ്ധ നേടി. കാനെ ഫിലിം ഫെസ്റ്റിവലിലും എഡിന്‍ബര്‍ഗ് ഫിലിം ഫെസ്റ്റിവലിലുമായിരുന്നു ബണ്ടിറ്റ് ക്വീനിന്റെ പ്രീമിയര്‍ പ്രദര്‍ശനം.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആഡംബരപൂര്‍ണമായ ജീവിതഘട്ടങ്ങളെ അനാവരണം ചെയ്ത ‘എലിസബത്ത് – ദ ഗോള്‍ഡന്‍ ഏജ് ‘ എന്ന ശേഖര്‍ കപൂറിന്റെ സിനിമയ്ക്ക് ഏഴ് അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. 2002 ല്‍ ശേഖര്‍ കപൂറെടുത്ത യുദ്ധചിത്രമാണ് ദ ഫോര്‍ ഫെദേഴ്സ്. ഇടയ്ക്കൊരു സയന്‍സ് ഫിക് ഷന് അഭ്രാവിഷ്‌കാരം നല്‍കിയ അദ്ദേഹം അനില്‍ കപൂര്‍, ശ്രീദേവി, അമരീഷ് പുരി തുടങ്ങിയവരെ വെച്ചെടുത്ത ‘മിസ്റ്റര്‍ ഇന്ത്യ’ വന്‍ വിജയമായി. അമരീഷ് പുരിയുടെ പ്രസിദ്ധമായ ആ ഡയലോഗ് – മൊഗാംബോ ഖുഷ് ഹുവാ – ഏറെ പ്രസിദ്ധമായി. വലിയ കോമെഴ്സ്യല്‍ വിജയമായിരുന്നു മിസ്റ്റര്‍ ഇന്ത്യ. ജോഷില, ബര്‍സാത്ത്, ദുശ്മനി തുടങ്ങിയ സിനിമകളുടെ നിര്‍മാണവും ശേഖര്‍ കപൂര്‍ നിര്‍വഹിച്ചു. ദ ഗുരു എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അദ്ദേഹമായിരുന്നു. ഇതിനിടെ രാംഗോപാല്‍ വര്‍മ, മണി രത്നം എന്നിവരുമായി ചേര്‍ന്ന് ശേഖര്‍ കപൂര്‍ ഒരു സിനിമാക്കമ്പനിയും രൂപവല്‍ക്കരിച്ചു. ഇതിന്റെ ബാനറിലാണ് ദില്‍ സെ, മ്യൂസിക്കല്‍ ബോംബെ ഡ്രീംസ് എന്നിവ നിര്‍മിച്ചത്. മാതാ അമൃതാനന്ദമയിയുടെ ജീവിതം ചിത്രീകരിച്ച ശേഖര്‍ കപൂറിന്റെ ‘അമ്മ’ എന്ന ഡോക്യുമെന്ററിയും ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ ശ്രദ്ധ പിടിച്ചെടുത്തു. നടന്‍ എന്ന നിലയിലും ശേഖര്‍ കപൂര്‍ ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഹിന്ദി ടെലിവിഷന്‍ ഡ്രാമകളില്‍ നിന്നായിരുന്നു അഭിനയത്തിന്റെ പടവുകള്‍ കയറിയത്. തുടര്‍ന്ന് ജാന്‍ ഹസീര്‍ ഹേ, ടൂട്ടെ കിലോന തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ചില പരസ്യചിത്രങ്ങളിലെ സുന്ദരനായ ആ താടിക്കാരന്‍ അടിമുടി ചലച്ചിത്രകാരനായി ബോളിവുഡില്‍ ഉദയം ചെയ്തത് പെട്ടെന്നായിരുന്നു. വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത കുടുംബമാണ് ശേഖര്‍ കപൂറിന്റേത്. ദുരിതം പിടിച്ച ആ തീവണ്ടിയാത്രക്കിടെ പലരും അക്രമികളുടെ വെട്ടേറ്റ് മരിച്ചതിന് ശേഖറിന്റെ അമ്മ ഷീല്‍ കാന്ത (നടന്‍ ദേവാനന്ദിന്റെ സഹോദരി) സാക്ഷിയാണ്. പട്ടിണിയുടേയും പരിവട്ടത്തിന്റേയും പലായനമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളേയും ഏക ആണ്‍തരിയായ ശേഖറിനേയും കാല്‍ക്കീഴില്‍ ഒളിപ്പിച്ചാണ് ലാഹോര്‍ – ഡല്‍ഹി തീവണ്ടിയാത്ര അവര്‍ക്ക് അവസാനിപ്പിക്കാനായത്. ഓരോ സ്റ്റേഷനിലും മര്‍ദ്ദനങ്ങളും പിടിച്ചുപറിയും കൂട്ടക്കൊലകളും നടക്കുമ്പോള്‍ അവര്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനയുടെ ഫലമാണ് ശേഖറിന്റേയും സഹോദരിമാരായ നീലുവിന്റേയും അരുണയുടേയും അത്ഭുതകരമായ അതിജീവനം. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്ററിന്റെ സ്ഥാപകനും സി.പി.ഐ സഹയാത്രികനുമായിരുന്ന ബല്‍രാജ് സാഹ്നിയുടെ മകന്‍ പരീക്ഷിത്ത് സാഹ്നിയാണ് ശേഖര്‍ കപൂറിന്റെ സഹോദരി അരുണയെ വിവാഹം കഴിച്ചത്. അരുണാ കപൂര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മറ്റൊരു സഹോദരി നീലുവിന്റെ ഭര്‍ത്താവ് പ്രസിദ്ധ ബോളിവുഡ് നടന്‍ നവീന്‍ നിശ്ചല്‍.
ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള ശേഖര്‍ കപൂര്‍ ഓസ്‌കാര്‍ പുരസ്‌കാര നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ബാഫ്റ്റ (ദ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്സ്) അവാര്‍ഡ്, നാഷണല്‍ ഫിലിം അവാര്‍ഡ്, മൂന്നു തവണ ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പട്ടികയില്‍ സ്ഥാനം എന്നീ ബഹുമതികളെല്ലാം എട്ടുപതിറ്റാണ്ടിന്റെ സമ്പന്നമായ സര്‍ഗജീവിതത്തില്‍ ശേഖര്‍ കപൂറിന് സ്വന്തം. പദ്മശ്രീ (2000), പദ്മഭൂഷണ്‍ (2025) എന്നീ പരമോന്നത പുരസ്‌കാരങ്ങളും ശേഖര്‍ കപൂറിന്റെ അംഗീകാരങ്ങള്‍ക്ക് മേല്‍ സ്വര്‍ണത്തൂവല്‍ ചാര്‍ത്തി നില്‍ക്കുന്നു. ബോളിവുഡിലെ അനശ്വരമായ പ്രണയകഥകളുടെ ഈ രാജകുമാരനെ അശീതി ദിനത്തില്‍ ഇന്ത്യന്‍ സിനിമാലോകം ആദരവുകളോടെ ഓര്‍ക്കുമെന്നുറപ്പ്.
Content Summary: Shekhar Kapur, the architect of bollywood romances, turns 80
This post was last modified on December 6, 2025 11:41 am
Leave a Comment