ബോണ്ട് ഇനത്തിൽ 15,000 ഡോളർ വരെ; യുഎസ് വിസ നിയമം ഉടൻ പ്രാബല്യത്തിൽ

2020 നവംബറിൽ ട്രംപ് ഭരണകൂടം ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയാണിത്

അമേരിക്കയിൽ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്. ഒരു താത്കാലിക ഫൈനൽ റൂളിന്റെ കരട് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 12 മാസത്തേക്ക് നടപ്പാക്കുന്ന പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരുടെ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കായിരിക്കും ബോണ്ട് ബാധകമാവുക.

2020 നവംബറിൽ ട്രംപ് ഭരണകൂടം ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയാണിത്. അന്ന് 10% അല്ലെങ്കിൽ അതിലധികമുള്ള ഓവർസ്റ്റേ നിരക്കുകളുള്ള രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് 15,000 ഡോളർ ബോണ്ട് ഏർപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. ഇതിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാമിനെക്കുറിച്ചുള്ള പുതിയ ഫെഡറൽ രജിസ്ട്രി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്. വിസ ബോണ്ടുകൾ ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താനും, വിസയുള്ള ആളുകൾ അതിന്റെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ പൈലറ്റ് പ്രോഗ്രാം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

മണി ട്രാൻസ്ഫർ സർവീസ് വഴി പേയ്മെൻ്റ് നടത്താനാണ് സാധ്യത. വിസയുടെ നിബന്ധനകൾ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവർക്ക് ബോണ്ട് തുക മുഴുവനായി തിരികെ നൽകും. എന്നാൽ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നാൽ തുക കണ്ടുകെട്ടുകയും, അത് അത്തരം ആളുകളെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള ചെലവുകൾക്ക് ഉപയോഗിക്കുകയും ചെയ്യും.

“വിസ ബോണ്ടുകൾ ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകൾ വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പൈലറ്റ് പ്രോഗ്രാം. ഇതിനായി ട്രഷറി, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കും. ഈ വിസകളുള്ള ആളുകൾ നിയമങ്ങൾ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിസ ബോണ്ടുകൾ ഭാവിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനും ഇത് സഹായിക്കും”, പ്രസ്താവനയിൽ പറയുന്നു.

“ഏതൊക്കെ രാജ്യങ്ങൾക്കാണ് ഈ നിയമം ബാധകമാവുകയെന്ന് പൈലറ്റ് പ്രോഗ്രാം നിലവിൽ വരുന്നതിന് 15 ദിവസങ്ങൾക്ക് മുൻപ് Travel.State.Gov എന്ന വെബ്സൈറ്റിലൂടെ അറിയിക്കും. ഈ പട്ടികയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്, അങ്ങനെ സംഭവിച്ചാൽ അക്കാര്യവും 15 ദിവസങ്ങൾക്ക് മുൻപ് അറിയിക്കുമെന്ന്” പ്രസ്താവനയിൽ പറയുന്നു.

സന്ദർശകർ അമേരിക്ക വിടുമ്പോഴോ, പൗരത്വം നേടുമ്പോഴോ, മരണപ്പെടുമ്പോഴോ ബോണ്ടായി നൽകിയ തുക തിരികെ ലഭിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. ആറുമാസത്തെ ഈ പൈലറ്റ് പ്രോഗ്രാം മുൻപ് നടപ്പാക്കിയിരുന്നില്ല.

ഏതെല്ലാം രാജ്യങ്ങളാണ് ഈ പദ്ധതിയുടെ പരിധിയിൽ വരികയെന്ന് വ്യക്തമാക്കിക്കൊണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഉയർന്ന ഓവർസ്റ്റേ നിരക്ക്, പരിശോധനയിലെയും നിരീക്ഷണത്തിലെയും പോരായ്മകൾ, താമസിക്കാതെ തന്നെ പൗരത്വം നൽകുന്ന പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും രാജ്യങ്ങളെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര അപേക്ഷകരെ ഇത് ബാധിക്കുമെന്നതിനെക്കുറിച്ച് വകുപ്പ് ഒരു കണക്കും നൽകിയിട്ടില്ല.

കഴിഞ്ഞ കുറേ നാളുകളായി യുഎസ്സിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പലരുടെയും ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് അവസാനിപ്പിക്കുകയും, 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ നിരോധിക്കുകയും ചെയ്തിരുന്നു.

പുതിയ ബോണ്ട് നിയമം, പ്രസിഡൻ്റ് ഏർപ്പെടുത്തിയ യാത്രാ വിലക്കിൻ്റെ തുടർച്ചയാകാൻ സാധ്യതയുണ്ട്. ജൂണിൽ നിലവിൽ വന്ന ഈ വിലക്ക് പ്രധാനമായും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളെയാണ് ബാധിച്ചത്. ചാഡ്, എറിത്രിയ, ഹെയ്തി, മ്യാൻമർ, യെമൻ തുടങ്ങിയ രാജ്യങ്ങൾ ഈ യാത്രാ വിലക്കിൻ്റെ പരിധിയിൽ വന്നിരുന്നു. ഈ രാജ്യങ്ങളിൽ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്. 2023-ലെ ഫെഡറൽ ഡാറ്റ അനുസരിച്ച്, ബുറുണ്ടി, ജിബൂട്ടി, ടോഗോ തുടങ്ങിയ രാജ്യങ്ങളിലും ഓവർസ്റ്റേ നിരക്ക് കൂടുതലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാന ടൂറിസം സ്ഥാപനങ്ങളുടെ കൂട്ടായ്മയായ യുഎസ് ട്രാവൽ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാമിൻ്റെ പരിധി വളരെ ചെറുതാണെന്നും, 2,000 അപേക്ഷകരെ മാത്രമായിരിക്കും ഇത് ബാധിക്കാൻ സാധ്യതയെന്നും അറിയിച്ചു. യുഎസ്സിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്ന രാജ്യങ്ങളെയായിരിക്കും ഈ പദ്ധതി ബാധിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ മാസം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതനുസരിച്ച് വിദ്യാഭ്യാസ, എക്സ്ചേഞ്ച് വിസകൾ നൽകുന്നതിന് മുൻപ് വിദേശ വിദ്യാർത്ഥികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിക്കാൻ യുഎസ് നയതന്ത്രജ്ഞരോട് നിർദ്ദേശിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്നു കാണിക്കാൻ വിസ അപേക്ഷകർ വിസമ്മതിക്കുകയാണെങ്കിൽ അവർ യുഎസ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നുണ്ടെന്ന് സംശയിക്കും.

ഈ പുതിയ നയം വരുന്നത്, യുഎസിലേക്കുള്ള വിനോദസഞ്ചാരത്തിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. മാർച്ചിൽ വിദേശ സന്ദർശകരുടെ എണ്ണത്തിൽ 11.6% കുറവുണ്ടായി. സർക്കാർ നടപടികൾ കാരണം ഈ വർഷം ടൂറിസം വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

യുഎസ് ട്രാവൽ അസോസിയേഷൻ്റെ കണക്കനുസരിച്ച്, കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർഷം തോറും 20% ഇടിവ് വന്നിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ മാസം ട്രംപിൻ്റെ നികുതി ബില്ലിൽ ഉൾപ്പെടുത്തിയ 250 ഡോളറിൻ്റെ “വിസ ഇൻ്റഗ്രിറ്റി ഫീസ്” വിനോദസഞ്ചാരമേഖലയെ എങ്ങനെ ബാധിക്കുമെന്നും ഈ സംഘടന മുന്നറിയിപ്പ് നൽകി. ഈ ഫീസ് നടപ്പാക്കിയാൽ ലോകത്തിലെ ഏറ്റവും ഉയർന്ന വിസ ഫീസുകളിൽ ഒന്നായി ഇത് മാറും.

സാധുവായ വിസകളുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും ഐസ് (ICE) തടഞ്ഞുവെക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് യുഎസ്സിലേക്കുള്ള യാത്ര അപകടസാധ്യതയുള്ളതാണെന്നുള്ള ഭയം വർദ്ധിപ്പിക്കുന്നു.

content summary: Some tourists and business travelers may face up to $15,000 bond to enter US

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment