“ഇത് എന്റെ വഴി, എന്റെ ദൃഢനിശ്ചയം”; ഭാര്യയുടെ അഭ്യർഥനയും തള്ളി സമരം തുടർന്ന സോനം വാങ്ചുക്

നിരാഹാരം അവസാനിപ്പിക്കണമെന്ന ഭാര്യയുടെ ആവശ്യം പോലും നിരാകരിച്ച സോനം വാങ്ചുക് ലക്ഷ്യം കാണാതെ പിൻമാറില്ലെന്ന് ദൃഢനിശ്ചയത്തിലായിരുന്നു.

സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്‌മോ സമരവേദിയിലെത്തിയപ്പോൾ

20 ദിവസം പിന്നിട്ട നിരാഹാരം അവസാനിപ്പിക്കണമെന്ന ഭാര്യയുടെ ആവശ്യം പോലും നിരാകരിച്ച സോനം വാങ്ചുക് ലക്ഷ്യം കാണാതെ പിൻമാറില്ലെന്ന് ദൃഢനിശ്ചയത്തിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്‌മോ ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്.
വെള്ളിയാഴ്ച സമരവേദിയിലെത്തിയെ ഗീതാഞ്ജലി ആരോഗ്യം മോശമാകുന്നത് ചൂണ്ടിക്കാട്ടി വാങ്ചുക്കിനോട് നിരാഹാരം അവസാനിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വാങ്ചുക് പിൻമാറാൻ തയ്യാറായില്ല. ”ഈ നിരാഹാരം തന്റെ വഴിയും ദൃഢനിശ്ചയവുമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലർച്ചെ വാങ്ചുക്കിനെ ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
വാങ്ചുക്കിനെ പിന്തുണയ്ക്കുന്ന രാജ്യത്താകെയുള്ള ആളുകളുടെയും തന്റെയും ആശങ്ക അദ്ദേഹത്തെ അറിയിച്ചതായി വാങ്ചുക്കിനെ സന്ദർശിച്ച ശേഷം ഗീതാഞ്ജലി അംഗ്‌മോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരാഹാരം അവസാനിപ്പിക്കണമെന്നും ലക്ഷ്യത്തിനായി മറ്റു വഴികളിലൂടെ സമരം തുടരണമെന്നുമാണ് താൻ ആവശ്യപ്പെട്ടതെന്ന് ഗീതാഞ്ജലി പറഞ്ഞു.
”ഇന്ത്യയിലെങ്ങുമുള്ള ജനങ്ങളിൽ നിന്ന് വലിയ സമ്മർദമുണ്ട്. അദ്ദേഹത്തിനോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് അവർ എന്നോട് പറയുന്നു. ഞാനുൾപ്പെടെ നിരവധിയാളുകൾ അദ്ദേഹം നിരാഹാരം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. പ്രതിഷേധത്തിന് മറ്റു വഴികൾ തേടണമെന്നും ഞാൻ പറഞ്ഞു. പക്ഷേ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു”-ഗീതാഞ്ജലി പറഞ്ഞു.
ഡൽഹിയിലെ കാലാവസ്ഥ വാങ്ചുക്കിന്റെ ആരോഗ്യം കൂടുതൽ മോശമാക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. ലഡാക്കിനെ അപേക്ഷിച്ച് കടുത്ത ചൂടുള്ള ഡൽഹിയിൽ നിരാഹാരം നടത്തുന്നത് കൂടുതൽ അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. ”വാങ്ചുക് മുമ്പ് ഇതിലും കൂടുതൽ ദിവസം നിരാഹാരം നടത്തിയിട്ടുണ്ട്. എന്നാൽ അത് ലഡാക്കിലായിരുന്നു. അവിടെ തണുത്ത കാലാവസ്ഥയാണ്. ഇവിടെ 20 ദിവസം നിരാഹാരം നടത്തുകയെന്നാൽ ലഡാക്കിൽ 40 ദിവസത്തിന് തുല്യമാണ്”- ഗീതാഞ്ജലി പറയുന്നു.
ജൂൺ 28-ന് നിരാഹാരം തുടങ്ങിയതിനുശേഷം 59കാരനായ വാങ്ചുക് ഉപ്പും വെള്ളവും മാത്രം ഉപയോഗിച്ചാണ് അതിജീവിച്ചത്. പുറത്തുനിന്ന് നോക്കുമ്പോൾ താൻ ദുർബലനാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ താൻ ശക്തനാണെന്നായിരുന്നു കഴിഞ്ഞ ദിവസം ജന്തർ മന്തറിലെത്തിയവരോട് വാങ്ചുക് പറഞ്ഞത്. ജൂലൈ 20ന് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനും അദ്ദേഹം സമരത്തിന് പിന്തുണയുമായെത്തിയവരോട് ആഹ്വാനം ചെയ്തിരുന്നു. താനും മാർച്ചിൽ പങ്കെടുക്കുമെന്നും അതിനുമുമ്പ് മരിച്ചുപോയാൽ പ്രേതമായി മാർച്ചിനെത്തുമെന്നും അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.

Content Summary: Sonam Wangchuk refused to end his 20-day hunger strike despite an emotional appeal from his wife, Geetanjali Angmo, who expressed concern over his worsening health.

This post was last modified on July 18, 2026 11:40 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment