ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് മാറ്റിയത് രഹസ്യനീക്കത്തിനൊടുവിൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വാങ്ചുക്കിനെ ശനിയാഴ്ച പുലർച്ചെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) തുടങ്ങിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്ചുക്ക് ജൂൺ 28-ന് നിരാഹാരം തുടങ്ങിയത്. സമരത്തിന്റെ 21-ാം ദിവസമാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്.
‘സെക്യൂരിറ്റി ഡ്രിൽ’ എന്ന പേരിൽ പ്രദേശം നിയന്ത്രണത്തിലാക്കിയും, ഫോൺ സിഗ്‌നലുകൾ തടസ്സപ്പെടുത്താൻ ജാമറുകൾ ഉപയോഗിക്കുകയും ചെയ്ത ശേഷമായിരുന്നു പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. സിവിൽ വേഷത്തിലെത്തിയ പൊലീസുകാരാണ് വാങ്ചുക്കിനെ മാറ്റിയത്. സമരവേദിക്ക് ചുറ്റും വെളുത്ത കർട്ടൻ സ്ഥാപിച്ച് ദൃശ്യങ്ങൾ മറച്ചതിനുശേഷമായിരുന്നു നടപടി.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വൻ പൊലീസ് സന്നാഹം ജന്തർ മന്തറിലെത്തിയെന്നും സുരക്ഷാ പരിശീലനം നടക്കുകയാണെന്ന് അറിയിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചതായും സമരക്കാർ പറയുന്നു. വാങ്ചുക്കിനെ നീക്കുന്നതിന് 10 മിനിറ്റ് മുമ്പ് മൊബൈൽ ഫോൺ സിഗ്‌നലുകൾ തടസ്സപ്പെട്ടതായി സമരത്തിൽ പങ്കെടുത്തവർ ആരോപിച്ചു. 6.30 ഓടെ സമരവേദിക്ക് ചുറ്റും വലിയ വെളുത്ത തുണി സ്ഥാപിച്ചു. തുടർന്ന് ഡോക്ടർമാരുടെ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സോനം വാങ്ചുക്കിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കർട്ടൻ സ്ഥാപിച്ചതിനാൽ എന്താണ് നടക്കുന്നതെന്ന് വേദിക്ക് പുറത്തുള്ളവർക്ക് കാണാൻ സാധിച്ചില്ല.
ദീർഘകാല നിരാഹാരത്തെ തുടർന്ന് ആരോഗ്യനില മോശമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഉത്തരവിന്റെയും മെഡിക്കൽ വിദഗ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വാങ്ചുക്കിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ജന്തർ മന്തറിൽ നിന്ന് സമാധാനത്തോടെ പിരിഞ്ഞുപോകണമെന്ന് സമരക്കാരോട് പൊലീസ് അഭ്യർഥിക്കുകയും ചെയ്തു.
എന്നാൽ, ഈ നടപടിയുടെ രീതിക്കെതിരേ പ്രതിഷേധം ശക്തമാണ്. മാധ്യമങ്ങളെ അകറ്റിനിർത്തുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് സമരസംഘാടകരുടെ ആരോപണം. ആരോഗ്യപരമായ ഇടപെടലാണെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും രഹസ്യസ്വഭാവമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചതെന്ന ചോദ്യവും അവർ ഉയർത്തുന്നു.
അതേസമയം, വാങ്ചുക്കിനെ ബലംപ്രയോഗിച്ച് കൊണ്ടുപോവകുയായിരുന്നൈന്നും ഡൽഹി പൊലീസ് പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണഎന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരോപിച്ചു. നിരാഹാര വേദിയിലുണ്ടായിരുന്ന താൻ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദിച്ചെന്നും അഭിജിത് ആരോപിച്ചു. വാങ്ചുക്കിനെ മാറ്റിയതിന് പിന്നാലെ അഭിജിത് ദീപ്‌കെ നിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങളിൽ കൃത്യമായ നടപടികളുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നും അടിച്ചമർത്താനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അഭിജിത് വ്യക്തമാക്കി.
ഡൽഹി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സതീഷ് ഗോൽച്ചയെ മാറ്റി അനുരാഗ് കുമാറിനെ നിയമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വാങ്ചുക്കിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരം നേരിടുന്നതിലുണ്ടായ വീഴ്ചയാണ് ഗോൽച്ചയെ നീക്കിയതിന് പിന്നിലെന്നാണ് സൂചനയെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ചുമതലയേറ്റെടുത്തതിതിന് പിന്നാലെ അനുരാഗ് കുമാർ ഉന്നത പൊലീസ് ഉദ്യോഗ്സ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
Content Summary: Sonam Wangchuk was shifted from the Jantar Mantar protest site to a hospital after a late-night operation by the Delhi Police on the 21st day of his indefinite hunger strike.
This post was last modified on July 18, 2026 10:55 am
Leave a Comment