അമ്മയും മകളും ചേർന്ന് മെനഞ്ഞ കൊലപാതക കഥ പൊളിച്ച രക്തം പുരണ്ട ട്രോളി ബാഗ്

കൊലപാതകത്തിന് ശേഷം 40 മണിക്കൂറിലധികമാണ് ഫാൽഗുനിയും അമ്മയും മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്

2025 ഫെബ്രുവരി 24, ഒൻപത് മാസങ്ങൾക്ക് മുൻപ് നടന്ന ക്രൂരമായ കൊലപാതകത്തിന് ഇന്നലെ കൊൽക്കത്തയിലെ ബാരാസത് കോടതി വിധി പറഞ്ഞു. അസമിലെ ജോർഹട്ട് സ്വദേശിയായ സുമിത ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ മരുമകളായ ഫാൽഗുനി ഘോഷിനും ഫാൽഗുനിയുടെ അമ്മ ആരതി ഘോഷിനും ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കമാണ് എല്ലാവരെയും ഞെട്ടിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയത്.

കൊലപാതകം എങ്ങനെ നടന്നു?

അസമിലെ ജോർഹട്ട് എന്ന സ്ഥലത്താണ് സുമിത ഘോഷ് താമസിച്ചിരുന്നത്. വിവാഹമോചനത്തിനു ശേഷം തൻ്റെ സഹോദരനൊപ്പാമായിരുന്നു സുമിത ഘോഷ് കഴിഞ്ഞത്. സുമിത ഘോഷിൻ്റെ സഹോരൻ്റെ മകൻ്റെ ഭാര്യയാണ് ഫാൽഗുനി ഘോഷ്. വിവാഹത്തിനു ശേഷം ഫാൽഗുനിയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. തുടർന്ന് ഭർത്താവുമായി വഴക്കിട്ട ഫാൽഗുനി, തൻ്റെ അമ്മയോടൊപ്പം മധ്യംഗ്രാമിലെ സൗത്ത് ബിരേഷ്പള്ളി പ്രദേശത്ത് വാടകവീട്ടിൽ താമസം ആരംഭിച്ചു.

സുമിത ഘോഷുമായും ഫാൽഗുനി സ്ഥിരം തർക്കത്തിലേർപ്പെട്ടിരുന്നു. സുമിതയുടെ പേരിൽ നിരവധി സ്ഥലങ്ങളും ബാങ്ക് ലോക്കറിൽ സ്വർണാഭരണങ്ങളും ഉള്ളതായി ഫാൽ​ഗുനി ആദ്യമേ തന്നെ മനസിലാക്കി. ഇതിൽ തനിക്കും പങ്ക് വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാൽഗുനിയും സുമിതയും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നത്. അമ്മയോടൊപ്പം മാറി താമസിച്ചിരുന്ന ഫാൽ​ഗുനിയെ കാണാനെത്തിയ സുമിത ഘോഷ് ഫെബ്രുവരി 11 മുതൽ അവരോടൊപ്പം വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു. ഫെബ്രുവരി 24 വൈകുന്നേരം, ഇവർ തമ്മിൽ വസ്തു തർക്കത്തെച്ചൊല്ലി വീണ്ടും തർക്കമായി. തർക്കത്തിനിടെ ഫാൽഗുനി സുമിതയെ തള്ളിയിടുകയും ഇഷ്ടിക ഉപയോഗിച്ച് സുമിതയുടെ മുഖത്തും കഴുത്തിലും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം 40 മണിക്കൂറിലധികമാണ് ഫാൽഗുനിയും അമ്മയും മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. ശേഷം മൃതദേഹം ഒരു ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൊൽക്കത്തയിലെ ഒരു മാർക്കറ്റിൽ നിന്നും ഒരു വലിയ ട്രോളി വാങ്ങി. അതേ ദിവസം ഒരു സ്വർണക്കടയിൽ നിന്ന് 1.63 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ ഓർഡർ ചെയ്തു. സുമിതയുടെ മൊബൈൽ ഫോൺ വഴി 50,000 രൂപയുടെ അഡ്വാൻസ് പെയ്മെന്റും നടത്തി. ബാഗിനുള്ളിൽ ശരീരം കയറാതിരുന്നതിനാൽ അവർ സുമിതയുടെ കാലുകൾ മുറിച്ചുമാറ്റി അടുത്തുള്ള ഒരു കുളത്തിൽ ഉപേക്ഷിച്ചു.

ഫെബ്രുവരി 25 ന് രാവിലെ മധ്യംഗ്രാമിലെ വാടകവീട്ടിൽ നിന്ന് കുമാർതുലി ഘാട്ടിലേക്ക് ട്രോളിയുമായി ഫാൽഗുനിയും അമ്മയും യാത്ര തിരിച്ചു. ഗംഗയിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് മാലിന്യം ഇടുന്ന ഒരു സ്ഥലത്തിനടുത്ത് ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക ആളുകൾക്ക് സംശയം തോന്നുകയും അവരെ തടയുകയും ചെയ്തു. ബാഗിൽ ചത്തുപോയ വളർത്തുനായയാണെന്ന് സ്ത്രീകൾ ആദ്യം കള്ളം പറഞ്ഞെങ്കിലും, പരിശോധനയിൽ അത് സുമിത ഘോഷിന്റെ മൃതദേഹമാണെന്ന് കണ്ടെത്തി. തുടർന്ന് നോർത്ത് പോർട്ട് പോലീസ് എത്തി അമ്മയെയും മകളെയും അറസ്റ്റ് ചെയ്തു.

തെളിവെടുപ്പും വിചാരണയും

സുമിത ഘോഷിൻ്റെ കാലുകൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി വീടിന് മുന്നിലുള്ള കുളത്തിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ടാക്സി ഡ്രൈവർ, സ്വർണ്ണക്കട ഉടമ തുടങ്ങി 32 പേരുടെ സാക്ഷി മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. എട്ട് മാസത്തിനകം വിചാരണ പൂർത്തിയാക്കിയ കോടതി വെള്ളിയാഴ്ച ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

Content Summary: Sumita Ghosh murder case Kolkata; Suspicion was aroused by Blood-stained trolley bag

This post was last modified on November 4, 2025 6:11 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment