June 03, 2026 |
Share on

1983ൽ തറക്കല്ലിട്ട പദ്ധതി, ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം; ചെനാബ് പാലം ഇന്ത്യയ്ക്ക് ചരിത്രനേട്ടം

1994-95ൽ അംഗീകാരം ലഭിച്ച പദ്ധതി 2005-2006 കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്

കശ്മിരീലെ ചെനാബ് റെയിൽപാലം ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് പ്രധാനമന്ത്രി സമർപ്പിച്ചതോടെ ചരിത്രത്തിലേക്ക് കൂടിയാണ് ഇന്ത്യ നടന്നു കയറിയത്. 42 വർഷം പഴക്കമുള്ള പദ്ധതിയുടെ പൂർത്തീകരണം ഇന്ത്യ സാധ്യമാക്കിയപ്പോൾ അതിനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന ബഹുമതി കൂടി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിനെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷമെന്നാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ചെനാബ് റെയിൽ പാലം ഇന്ത്യയ്ക്കും ശ്രീനഗറിനുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ജൂൺ 6നെ ഒരു ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ചു. ട്രെയിൻ സർവ്വീസ് എല്ലാവർക്കും ഗുണം ചെയ്യുമെന്നും വിമാനങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്കിൽ ഇനി കുറവു വന്നേക്കുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

272 കിലോമീറ്റർ നീളമുള്ള പാലം ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്നു. 43,780 കോടി രൂപയ്ക്ക് പണി കഴിപ്പിച്ച പദ്ധതിയിൽ 36 ടണലുകളും 943 പാലങ്ങളുമുണ്ട്. കശ്മീരിലെ സാമ്പത്തിക സാധ്യതകൾ മുഴുവനായി പ്രയോജനപ്പെടുത്താനായി കാർഗോ ട്രെയിനുകളും ഉടൻ ആരംഭിക്കമെന്ന ആവശ്യങ്ങളുയരുന്നുണ്ട്. 1983ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ജമ്മു-ഉധംപൂർ റെയിൽവേ ലൈനിന് കല്ലിട്ടത്. 1994ൽ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവുവാണ് യുഎസ്ബിആർഎൽ പ്രഖ്യാപിച്ചത്. 1994-95ൽ അംഗീകാരം ലഭിച്ച പദ്ധതി 2005-2006 കാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. പ്രദേശത്തിന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലുടെ തുടങ്ങിയ ഈ പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ വ്യാപാരം ടൂറിസം എന്നിവയിൽ പുരോഗതി കൈവരിച്ചേക്കാം. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയ്ക്ക് വ്യാപാരികൾ, വ്യവസായികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഏറെ പ്രയോജനം ചെയ്തേക്കും. റിയാസി ജില്ലയിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. നദീതടത്തിൽ 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതായത് ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ മുകളിൽ. സ്ഫോടന പ്രതിരോധ ശേഷിയുള്ള തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില നേരിടാനും പാലത്തിന് സാധിക്കും.

കേബിളുകളെ ആശ്രയിച്ച് നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ പാലമെന്ന ബഹുമതി കൂടിയുണ്ട് ഈ പാലത്തിന്. 331 മീറ്റർ ഉയരവും 725 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 8200 മെട്രിക് ടണ്ണിലധികം മെട്രിക് സ്റ്റീലാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഭൂചലനം, ശക്തമായ കാറ്റ് എന്നിവയെ അതിജീവിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. 12.77 മീറ്റർ നീളമുള്ള തുരങ്കം ജമ്മു കശ്മീരിലെ ഖാരിയെയും സുംബറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ യാത്ര യോഗ്യമായ തുരങ്കമാണിത്. കശ്മീർ താഴ്വരയ്ക്കും ഇന്ത്യയിലെ മറ്റു സ്ഥലങ്ങൾക്കുമിടയിലുള്ള യാത്ര ഈ തുരങ്കം സുഗമമാക്കും. സുരക്ഷ മുൻനിർത്തി തുരങ്കത്തിന്റെ ഓരോ 50 മീറ്റർ ദൂരത്തിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി 215 കിലോമീറ്റർ അപ്രോച്ച് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ഈ റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാവും ആദ്യം സർവ്വീസ് നടത്തുക. ജൂൺ 7 മുതൽ ആരംഭിക്കുന്ന ട്രെയിൻ സർവ്വീസ് ആഴ്ചയിൽ ആറ് ദിവസമാവും സർവ്വീസ് നടത്തുക. സുരക്ഷ മുൻനിർത്തി കശ്മീർ റൂട്ടിൽ പകൽ മാത്രമാവും ട്രെയിൻ സർവ്വീസ് നടത്തുക. ശ്രീനഗറിലേക്കോ ഡൽഹിയിലേക്കോ നേരിട്ട് സർവ്വീസുകൾ ഉണ്ടാവില്ല. കശ്മീരിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന തരത്തിൽ പ്രത്യേകം രൂപകല്പന ചെയ്ത ട്രെയിനുകളാണ് ഇവ. സിസിടിവി ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ട്രെയിനിലെ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

content summary: taller than the Eiffel Tower, The Chenab Bridge marks a historic milestone for India

Comments are closed.

×