ടാസ്മാക്കിലെ 10 രൂപ അഴിമതിയില്‍ തുടങ്ങിയ പോരാട്ടം; ഒരു വിജയ് സിനിമ പോലെ ‘മക്കള്‍ സാക്ഷി’

വിജയ് ആരാധകനായൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അഴമതിക്കെതിരേ തുടങ്ങിയ പോരാട്ടത്തിന്റെ കഥ

Makkal Saatchi website Tamil Nadu

വിജയ്‌യുടെ ലക്ഷക്കണക്കിന് ആരാധകരിലൊരാളാണ് ദീപക്. തമിഴ് സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ദീപകും തമിഴക വെട്രി കഴകത്തില്‍ പ്രാഥമിക അംഗത്വമെടുത്തു. എന്നാല്‍ സി. ജോസഫ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം ചെന്നൈ നഗരം മുഴുവന്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നപ്പോള്‍ മുപ്പതുകാരനായ ദീപക് അതില്‍ നിന്നെല്ലാമൊഴിഞ്ഞ് മറ്റൊരു ജോലിയില്‍ വ്യാപൃതനായിരുന്നു.

ചെന്നൈയിലെ ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ദീപക് അന്നേ ദിവസം തന്റെ ലാപ്‌ടോപ്പിന് മുന്നിലിരുന്ന് ഒരു വെബ്സൈറ്റ് തുറക്കുകയായിരുന്നു. ഒരു വിജയ് സിനിമയിലെ കഥപോലെയാണ് പിന്നെ കാര്യങ്ങള്‍ മാറിയത്.

തമിഴ്നാട്ടിലെ സാധാരണക്കാര്‍ക്കിടയില്‍ അഴിമതിയെന്നു പോലും മറന്നു ശീലമായിപ്പോയ ഒരു വലിയ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു ദീപക് അന്ന് തുടങ്ങിവച്ചത്. സര്‍ക്കാരിന്റെ കീഴിലുള്ള ‘ടാസ്മാക്’ മദ്യശാലകളില്‍ നിന്ന് ഓരോ കുപ്പി മദ്യം വാങ്ങുമ്പോഴും 10 രൂപ അധികം ഈടാക്കുന്നതിനെതിരെ ആയിരുന്നു ആ പോരാട്ടം.

‘എവിടെ നോക്കിയാലും ആളുകള്‍ സംസാരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ആ പത്ത് രൂപ. സാധാരണക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷമാണ് ഇത് ഉണ്ടാക്കിയത്. ഇത് എത്രത്തോളം വ്യാപകമാണെന്ന് എനിക്ക് കൃത്യമായി അറിയണമായിരുന്നു,’ ദീപക് പറയുന്നു. അങ്ങനെയാണ് ടാസ്മാക് ഔട്ട്ലെറ്റുകളില്‍ പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ സാധിക്കുന്ന ലളിതമായ ഒരു വെബ്സൈറ്റ് ദീപക് നിര്‍മ്മിച്ചത്. ഒരു ജനകീയ പരീക്ഷണം.

എന്നാല്‍ പിന്നീട് സംഭവിച്ചത് ദീപക്കിനെ അത്ഭുതപ്പെടുത്തി. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തോളം ആളുകളാണ് സൈറ്റ് സന്ദര്‍ശിച്ചത്. നിര്‍ദ്ദിഷ്ട ഷോപ്പുകളുടെ വിവരങ്ങളും ചിത്രങ്ങളും സഹിതം മുന്നൂറോളം പരാതികള്‍ പെട്ടെന്ന് തന്നെ ലഭിച്ചു. മൂന്നാം ദിവസം ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ദീപകിനെ ഫോണില്‍ വിളിച്ച് ഈ ആശയത്തെ അഭിനന്ദിച്ചു. വൈകാതെ ടാസ്മാക് അധികൃതരും ഈ സൈറ്റിനെക്കുറിച്ച് അറിഞ്ഞു.

‘മക്കള്‍ സാക്ഷി’: അഴിമതിക്കെതിരെയുള്ള ജനകീയ കോടതി

ടാസ്മാക് ഷോപ്പുകളില്‍ മാത്രമല്ല അഴിമതിയുടെ കേന്ദ്രങ്ങളെന്ന് ദീപക്കിന് വൈകാതെ തെളിവുകള്‍ കിട്ടി. മറ്റ് മേഖലകളിലെ അഴിമതികളെക്കുറിച്ചും പരാതികള്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ് ദീപക് തന്റെ ഉത്തരവാദിത്തതിന്റെ വ്യാപ്തി കൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഭൂമി രജിസ്‌ട്രേഷന്‍, വില്ലേജ് ഓഫീസുകള്‍, വൈദ്യുതി കണക്ഷന്‍, പഞ്ചായത്തുകള്‍, പോലീസ് സ്റ്റേഷനുകള്‍, മരണ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രികള്‍, വൈകുന്ന ഫയലുകള്‍, അനുമതി നിഷേധിക്കല്‍ തുടങ്ങി സാധാരണക്കാരന്‍ ദിവസേന പോരാടുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതികള്‍ ജനങ്ങള്‍ക്ക് തുറന്നുപറയാന്‍ ദീപക് മറ്റൊരു വലിയ പ്ലാറ്റ്‌ഫോം ഒരുക്കി. അതായിരുന്നു മക്കള്‍ സാക്ഷി എന്ന വെബ്‌സൈറ്റ്.

മേയ് 27-ന് ‘മക്കള്‍ സാക്ഷി’ വെബ്സൈറ്റ് ലൈവായി. നിലവില്‍ 75-ലധികം പൊതുസേവന വിഭാഗങ്ങളിലെ കൈക്കൂലിയെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ ജനങ്ങള്‍ക്ക് ഇതില്‍ പരാതിപ്പെടാം.

‘ഈ പ്ലാറ്റ്ഫോമിന് ഒരു സര്‍ക്കാര്‍ സ്ഥാപനവുമായോ, രാഷ്ട്രീയ പാര്‍ട്ടിയുമായോ, എന്‍.ജി.ഒയുമായോ, മാധ്യമങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഇതിനായി യാതൊരുവിധ ഫണ്ടിംഗും സ്വീകരിക്കുന്നില്ല,’ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ‘എല്ലാ കൈക്കൂലിക്കും ഒരു സാക്ഷിയുണ്ട്’, ‘ഒരു ഓഫീസും അത്ര ശക്തമല്ല’, ‘കൈക്കൂലിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യൂ, അഴിമതിയുടെ ശൃംഖല തകര്‍ക്കൂ’ എന്നിങ്ങനെ വളരെ നേരിട്ടുള്ള വരികളാണ് സൈറ്റിലുള്ളത്.

ടിവികെയില്‍ അംഗത്വമുള്ള ഒരു വിജയ് ആരാധകന്‍ മാത്രമാണ് താനെന്ന് ദീപക് സ്വയം പരിചയപ്പെടുത്തുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തനിക്ക് യാതൊരു ഔദ്യോഗിക പദവിയുമില്ല. നേതാക്കളെയൊന്നും നേരിട്ടറിയില്ല. സൈറ്റ് തുടങ്ങിയ ശേഷം പ്രാദേശിക പ്രവര്‍ത്തകര്‍ ഒരു എം.എല്‍.എയെ കാണാന്‍ കൊണ്ടുപോയെങ്കിലും തിരക്കുകള്‍ കാരണം സൈറ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ പോലും സാധിച്ചില്ലെന്ന് ദീപക് പറയുന്നു.

കണ്ണീരും നിസ്സഹായതയും നിറഞ്ഞ പരാതികള്‍

ഇതുവരെ നാന്നൂറോളം പരാതികളാണ് ‘മക്കള്‍ സാക്ഷി’യില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും അജ്ഞാത സന്ദേശങ്ങളാണ്. വെറും 10 ശതമാനം ആളുകള്‍ മാത്രമാണ് സ്വന്തം ഫോണ്‍ നമ്പറോ വിവരങ്ങളോ നല്‍കിയിട്ടുള്ളത്. തുകയുടെ വലിപ്പമല്ല, മറിച്ച് ആ പരാതികളില്‍ വായനക്കാരെ വേദനിപ്പിക്കുന്നത് സാധാരണക്കാരുടെ നിസ്സഹായതയാണെന്ന് ദീപക് സാക്ഷ്യപ്പെടുത്തുന്നു. ‘പല പരാതികളും വളരെ വ്യക്തമായി എഴുതിയവയാണ്. ചിലത് വായിക്കുമ്പോള്‍ മനസ്സിന് വലിയ ഭാരം തോന്നും, ഒരിക്കലും മറക്കാന്‍ പറ്റില്ല.’

ടാസ്മാക് കൊള്ള, ഭൂമി രജിസ്‌ട്രേഷന്‍, വൈദ്യുതി കണക്ഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ വരുന്നത്.

ചെന്നൈയിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒരു സ്വകാര്യ തര്‍ക്കം തീര്‍പ്പാക്കാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഒരു പരാതി വന്നു. വിവരം ദീപക് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തിവിവരങ്ങള്‍ ഒഴിവാക്കി പുറത്തുവിട്ടു. ആളുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്തതോടെ അടുത്ത ദിവസം രാവിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദീപകിനെ വിളിച്ചു. പരാതിക്കാരന് നേരെ യാതൊരുവിധ പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന ഉറപ്പില്‍ ദീപക് വിവരങ്ങള്‍ കൈമാറുകയും, തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

പുതിയ സര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ ചിലവ് ഈടാക്കാനെന്ന പേരില്‍ ഭൂമി സര്‍വേയര്‍മാര്‍ അപേക്ഷകരില്‍ നിന്ന് 10,000 രൂപ വീതം ആവശ്യപ്പെടുന്നു എന്നായിരുന്നു നാമക്കലില്‍ നിന്നുള്ള പരാതി. ഇത് വലിയ ചര്‍ച്ചയായതോടെ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിനായി ഒരു ക്യാന്‍സര്‍ രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം, വന്‍കിട ബില്‍ഡര്‍മാര്‍ ഭൂമി കൈയേറിയെന്ന ലാന്‍ഡ് ഓണറുടെ പരാതി തുടങ്ങി സാധാരണ ജനങ്ങള്‍ ദിവസേന അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ച്ചിത്രമാണ് വെബ്സൈറ്റിലുള്ളത്.

ലഭിക്കുന്ന പരാതികള്‍ അന്വേഷിച്ച് തെളിയിക്കാനുള്ള സംവിധാനങ്ങളോ വിഭവങ്ങളോ തനിക്കില്ലാത്തതിനാല്‍ വ്യക്തിഗതമായി ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് ദീപക് ബോധപൂര്‍വ്വം ഒഴിവാക്കുന്നുണ്ട്. ‘എനിക്കൊരു അന്വേഷണ ഏജന്‍സിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല,’ ദീപക് വ്യക്തമാക്കുന്നു. നിയമം നടപ്പാക്കേണ്ട സംവിധാനങ്ങള്‍ നോക്കുകുത്തിയാകുമ്പോള്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിക്കെതിരെ ഒരു ഡിജിറ്റല്‍ പ്രതിരോധം തീര്‍ക്കുകയാണ് ഈ യുവ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary; A Chennai techie launched ‘Makkal Saatchi’, an anonymous portal capturing citizen stories of corruption in Tamil Nadu

This post was last modified on June 23, 2026 7:52 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment