ജാമ്യത്തിലിറങ്ങിയ പോക്‌സോ പ്രതി പരാതിക്കാരിയെയും സ്വന്തം മക്കളെയും അടക്കം 6 പേരെ കൊന്നു

തെലങ്കാനയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്

Telangana mass murder

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസിലെ പ്രതിയായ 35-കാരന്‍, ജാമ്യത്തില്‍ ഇറങ്ങിയശേഷം പരാതിക്കാരി അടക്കം ആറുപേരെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ശല്യം ചെയ്തതിന് പരാതി നല്‍കിയ 16-കാരി, കുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ പ്രതി, അതിനുശേഷം സ്വന്തം ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വെട്ടികൊന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി തെലങ്കാന പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ഹൈദരാബാദിന് സമീപമുള്ള ഒരു ടൗണിലും പ്രതിയുടെ സ്വന്തം ഗ്രാമത്തിലുമായാണ് ഈ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. പോക്‌സോ കേസില്‍ പെട്ടതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി 10:45 ഓടെ പ്രതി സ്വന്തം ഗ്രാമത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള ടൗണിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വാതില്‍ക്കല്‍ മുട്ടിയ പ്രതി, വാതില്‍ തുറന്ന പെണ്‍കുട്ടിയുടെ അമ്മയെ കത്തികൊണ്ട് ആക്രമിച്ച് സംഭവസ്ഥലത്തുതന്നെ കൊലപ്പെടുത്തി. തുടര്‍ന്ന് വീടിനകത്തേക്ക് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ 60 വയസ്സുള്ള മുത്തശ്ശിയെയും കുത്തിക്കൊന്നു.

ഇതിനുശേഷം 16-കാരിയായ പെണ്‍കുട്ടിയെ ബലമായി സ്വന്തം കാറില്‍ കയറ്റി ഇയാള്‍ തന്റെ ഗ്രാമത്തിലെ ഒരു തടാകക്കരയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ മാത്രമാണ് പ്രതി ഉപദ്രവിക്കാതെ വിട്ടത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നേരെ സ്വന്തം വീട്ടിലേക്കാണ് പോയത്. രാത്രി 11:20 ഓടെ 31 വയസ്സുകാരിയായ ഭാര്യയുടെയും, ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സും 18 മാസവും മാത്രം പ്രായമുള്ള രണ്ട് ആണ്‍മക്കളുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി സ്വന്തം പിതാവിനെ ഫോണില്‍ വിളിച്ച് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കാറില്‍ കയറി ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

കഴിഞ്ഞ മെയ് മാസത്തിലാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പ്രതിക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ ജൂണില്‍ പ്രാദേശിക കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍, കഴിഞ്ഞ മാസം ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും സ്വന്തം ജാമ്യത്തില്‍ പോലീസ് വിട്ടയക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഈ ദാരുണ കൂട്ടക്കൊല നടത്തിയത്.

Content Summary; A 35-year-old POCSO accused on anticipatory bail brutally murdered six people, including a 16-year-old girl, her mother, grandmother, and his own wife and two sons in Telangana’s Ranga Reddy district

This post was last modified on July 11, 2026 11:35 am

അഴിമുഖം ഡെസ്‌ക്:
Leave a Comment