ദക്ഷിണാഫ്രിക്കയിലെ ശൈത്യകാലം പൂര്‍ത്തിയാക്കി പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങി ‘അമൂര്‍ ഫാല്‍ക്കണ്‍’ പക്ഷികള്‍. ശാസ്ത്രജ്ഞര്‍ ഉപഗ്രഹം വഴി നിരീക്ഷിക്കുന്ന അപപാങ്, അലങ്, അഹു എന്നീ മൂന്ന് ചെറിയ പരുന്തുകള്‍ നിലവില്‍ ആഫ്രിക്കന്‍ തീരത്തുനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയുടെ ഏറ്റവും കഠിനമായ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകര്‍ അറിയിച്ചു.
വെറും 150 ഗ്രാം മാത്രം ഭാരമുള്ള ഈ പക്ഷികള്‍ നിലവില്‍ ബോട്‌സ്വാന, സിംബാബ്വെ സവന്നകളില്‍ നിന്ന് വടക്കോട്ട് നീങ്ങി സൊമാലിയന്‍ തീരത്ത് എത്തിയിരിക്കുകയാണ്. ഇവിടെ നിന്നാണ് ഇവരുടെ യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി ആരംഭിക്കുന്നത്. അറബിക്കടലിന് കുറുകെ ഏകദേശം 3,000 കിലോമീറ്റര്‍ ദൂരം വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നില്‍ക്കാതെ ഈ കുഞ്ഞന്‍ പക്ഷികള്‍ക്ക് പറക്കേണ്ടതുണ്ട്. കടല്‍ കടക്കാന്‍ ആവശ്യമായ അനുകൂലമായ കാറ്റിനായി ഇപ്പോള്‍ സൊമാലിയന്‍ തീരത്ത് കാത്തിരിക്കുകയാണ് ഇവ.
മണിപ്പൂര്‍ അമുര്‍ ഫാല്‍ക്കണ്‍ ട്രാക്കിംഗ് പദ്ധതിയുടെ ഭാഗമായി 2025 നവംബറിലാണ് മണിപ്പൂരിലെ തമെങ്ലോങ് ജില്ലയില്‍ നിന്ന് ഈ മൂന്ന് പക്ഷികളിലും ഭാരം കുറഞ്ഞ ഉപഗ്രഹ ടാഗുകള്‍ ഘടിപ്പിച്ചത്. അന്നുമുതല്‍ ഇവയുടെ ഓരോ നീക്കവും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. മുതിര്‍ന്ന ആണ്‍ പക്ഷിയാണ് അപപാങ്, പ്രായം കുറഞ്ഞ പെണ്‍ പക്ഷിയാണ് അലങ്, മുതിര്‍ന്ന പെണ്‍ പക്ഷിയാണ് അഹു.
തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഭൂപടത്തില്‍, 2026 ഏപ്രില്‍ ആദ്യവാരം ഇവ സൊമാലിയന്‍ തീരത്താണുള്ളതെന്ന് വ്യക്തമാക്കുന്നു.
റെക്കോര്‍ഡ് വേഗതയിലുള്ള ദേശാടനം
ഇതുവരെയുള്ള ഇവയുടെ യാത്ര അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മണിപ്പൂരില്‍ നിന്ന് സൊമാലിയയിലേക്കുള്ള 5,000 കിലോമീറ്റര്‍ ദൂരം വെറും അഞ്ച് ദിവസം കൊണ്ടാണ് ഇവ പിന്നിട്ടത്. അതായത് പ്രതിദിനം 1,000 കിലോമീറ്ററോളം ഇവ സഞ്ചരിച്ചു. തുടര്‍ന്ന് ഡിസംബറോടെ സിംബാബ്വെ, കെനിയ എന്നിവിടങ്ങളിലേക്കായി 6,000 കിലോമീറ്റര്‍ കൂടി ഇവ പറന്നു പൂര്‍ത്തിയാക്കിയിരുന്നു.
വടക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രജനനം നടത്തുന്ന അമൂര്‍ ഫാല്‍ക്കണുകള്‍ ശൈത്യകാലത്താണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുന്നത്. യാത്രയ്ക്കിടെ നാഗാലാന്‍ഡിലെയും മണിപ്പൂരിലെയും കുന്നുകളില്‍ വിശ്രമിക്കാന്‍ ഇവ എത്താറുണ്ട്. മുന്‍പ് വ്യാപകമായി വേട്ടയാടപ്പെട്ടിരുന്ന ഈ പക്ഷികള്‍, പ്രാദേശിക സമൂഹങ്ങളുടെയും സര്‍ക്കാരിന്റെയും ശക്തമായ ഇടപെടല്‍ മൂലമാണ് വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷപെട്ടത്. ദീര്‍ഘദൂര പക്ഷി കുടിയേറ്റത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അവയുടെ പ്രധാന വിശ്രമകേന്ദ്രങ്ങള്‍ സംരക്ഷിക്കാനും ഈ ഉപഗ്രഹ നിരീക്ഷണ പദ്ധതി സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
Content Summary: The 5,000km journey home: Amur Falcons begin epic return flight from Africa to India
This post was last modified on April 11, 2026 6:11 pm
Leave a Comment