ഉണങ്ങാത്ത മുറിവുകളുടെ തിരുശേഷിപ്പുകള്‍

ഇപ്പോഴും അവിടെ രക്തപ്പാടുകള്‍ കാണാം

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി മ്യൂസിയം എല്ലാ ഒക്ടോബര്‍ 31നും, ഇന്ദിരാ ഗാന്ധിയുടെ ചരമദിനത്തില്‍ സജീവമാകുന്നു. 40 വര്‍ഷം മുന്‍പ് സ്ഥാപിച്ച ആ സ്മാരകം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇനിയും ഉണങ്ങാത്ത മുറിവുകളെന്ന് ഓര്‍മിപ്പിക്കുന്ന ദുരന്ത സൂക്ഷിപ്പുകളാണ്.

ഇന്ദിരാ ഗാന്ധി മ്യൂസിയം

ഒരു യുഗദുരന്തത്തിന്റെ സ്മാരകമാണെന്ന് അടിവരയിട്ട് ഓര്‍മിപ്പിക്കുന്ന ന്യൂ ഡല്‍ഹിയിലെ ഒരു വിലാസമാണ്, സഫ്ദര്‍ജംഗ് റോഡ്, സഫ്ദര്‍ജംഗ് ലെയ്ന്‍ ഏരിയ, ഡല്‍ഹി ജിംഖാന ക്ലബ്, ന്യൂഡല്‍ഹി, ഡല്‍ഹി 110011 എന്നത്. ഇന്ദിരാഗാന്ധിയുടെ ക്രൂരമായ വധമെന്ന ഭീകരമായ ദുരന്തത്തെ സജീവമായി നിലനിര്‍ത്തുന്ന സ്മാരകമായ ഇന്ദിരാ ഗാന്ധി മ്യൂസിയം നില്‍ക്കുന്നത് ഇവിടെയാണ്.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയാണ് ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം പിന്നീട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മ്യൂസിയമായി മാറ്റിയത്. ദേശീയ പ്രസ്ഥാനത്തിന്റെ അപൂര്‍വ ഫോട്ടോഗ്രാഫുകളുടെ ശേഖരം, നെഹ്റു- ഇന്ദിരയുടെ സ്വകാര്യ നിമിഷങ്ങള്‍ എന്നിവ ഇവിടെ കാണാം. നാല് പതിറ്റാണ്ടു മുന്‍പ് അഭിശപ്തമായ ആ ഒക്ടോബര്‍ 31 ലെ തണുത്ത പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി വെടിയേറ്റ് വീണ സ്ഥലവും കടന്നുവേണം ഈ സ്മാരകത്തില്‍ എത്താന്‍. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയും. ഉരുക്ക് വനിത എന്ന് ലോകം വിശേഷിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ നിലനിറുത്തുന്ന ആ മ്യൂസിയം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ മേല്‍ കീഴ് മാറ്റി മറിച്ച ഒരു കാലഘട്ടത്തിന്റെ ശിലാഫലകം കൂടിയാണ്.

അവസാന ദിവസം ഇന്ദിരാ ഗാന്ധി ധരിച്ച സാരി, ചെരുപ്പ്, ബാഗ്

ഇന്ദിരാ ഗാന്ധി തന്റെ ജീവിതത്തില്‍ അവസാന ദിവസം ഉപയോഗിച്ച ഓറഞ്ച് കോട്ടണ്‍ സാരിയും അവര്‍ അവസാനം ഉപയോഗിച്ച തുണി ബാഗും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വെടിയുണ്ടകള്‍ അവശേഷിപ്പിച്ച കറുത്ത പൊള്ളലേറ്റ വൃത്തങ്ങള്‍ ഈ സാരിയില്‍ കാണാം.

ഇന്ദിരാ ഗാന്ധി ഏറ്റവും വില മതിച്ച ഏറ്റവും ശ്രദ്ധേയമായ ആഭരണം അമ്മ അവര്‍ക്ക് നല്‍കിയ ഒരു മാലയാണ്. അമ്മയായ കമലാ നെഹ്‌റുവിന് അവരുടെ ഗുരു ആനന്ദമയി സമ്മാനിച്ച കടും തവിട്ട് നിറത്തിലുള്ള ഒരു മുത്തു മാലയാണ് അത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മുത്തുകള്‍ തനിക്ക് കരുത്ത് പകരുമെന്ന് ഇന്ദിരാ ഗാന്ധി ഉറച്ചു വിശ്വസിച്ചു. അവസാന ദിവസം ആ വിശ്വാസം അവരുടെ രക്ഷയ്‌ക്കെത്തിയില്ലെങ്കിലും, ആ വിധി ദിനത്തില്‍ ഇന്ദിര ധരിച്ചിരുന്ന മാല ഇന്ദിരാഗാന്ധി സ്മാരകത്തില്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചിരിക്കുന്നു.

ഇന്ദിരാ ഗാന്ധിയുമായി ബന്ധപ്പെട്ട മാധ്യമ ഗാലറി

ഇന്ദിരയുടെ പുസ്തകങ്ങള്‍, കിടക്ക, മേശ വിളക്ക്, ടോര്‍ച്ച്, കസേര എന്നിവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിച്ചുണ്ട്. ഇന്ദിര ഇഷ്ടത്തോടെ ആരാധിച്ചിരുന്ന ചെറിയ ഗണപതി പ്രത്രിമയും ഇന്ദിരാഗാന്ധിയുടെ സ്വീകരണമുറിയിലെ മേശയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ മേശയും മ്യൂസിയത്തില്‍ ഉണ്ട്.

ഇന്ദിരാ ഗാന്ധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുള്ള ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും അവയില്‍ വന്നിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങളും വാര്‍ത്തകളും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. കൂടാതെ അവരുടെ സ്വകാര്യ വസ്തുക്കള്‍, മക്കള്‍ക്കുള്ള കത്തുകള്‍, ഡയറി എന്നിവയും ഇന്ദിരാഗാന്ധി സന്ദര്‍ശിച്ച നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങളും നെഹ്‌റു കുടുംബത്തിന്റെ അപൂര്‍വമായ ഫോട്ടോകളും, ഭാരതരത്‌നവും മ്യൂസിയത്തിലെ ചുവരുകളെ അലങ്കരിക്കുന്നു.

1977 ലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പുതിയ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് വേണ്ടി ഈ വീട് ഇന്ദിര ഒഴിഞ്ഞു കൊടുത്തു. 1980 ല്‍ അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അവിടെ തിരിച്ചെത്തി മരണം വരെ, അവിടെ താമസിച്ചു. 1985 ല്‍ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായ സുമന്‍ ദുബെയും ഇന്ദിരയുടെ കുടുംബ സുഹൃത്തുക്കളും ചേര്‍ന്ന് മുന്‍കൈയ്യെടുത്ത് ഈ വീട് ഒരു മ്യൂസിയമാക്കി മാറ്റി. ഈ മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വസതിയിലെ പുൽത്തകിടിയിൽ ഇന്ദിരാ ഗാന്ധി പത്ര ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ

ഇന്ദിരയുടെ പ്രഭാത ദര്‍ബാറിന്റെ ഓര്‍മ്മകളെ സജീവമായി ഈ മ്യൂസിയം നിലനിര്‍ത്തുന്നു. എല്ലാ ദിവസവും രാവിലെ, ഇന്ദിര തന്റെ വസതിയുടെ ഈ പുല്‍ത്തകിടിയില്‍ ഒരു ദര്‍ബാര്‍ നടത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവരെ കാണാന്‍ വന്നു. ചിലര്‍ പൂക്കളുമായി വന്നു, അവരുടെ അപേക്ഷകളും കത്തുകളും ഇന്ദിര സ്വീകരിച്ചു. അവയ്‌ക്കൊക്കെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവരാവകാശ നിയമം എന്ന് നാം കേള്‍ക്കുന്നതിന് മുന്‍പ് അന്വേഷണങ്ങള്‍ ഫലപ്രദമാവാനുള്ള ഒരു വഴിയായിരുന്നു അത്.

രാവിലെ 10 മുതല്‍ വൈകുന്നേരം 4.45 വരെ ഈ മ്യൂസിയം തുറന്നിരിക്കും. ഈ സ്മാരകം എല്ലാ വര്‍ഷവും ഏകദേശം 1.5 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

ഇന്ദിരാ ഗാന്ധിയുടെ ദുര്‍വിധി നിര്‍ണ്ണയിച്ച – ആ വിക്കറ്റ് ഗേറ്റ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. അവിടെ വെച്ചാണ് അവര്‍ തന്റെ കൊലയാളികളോട് അവസാനമായി നമസ്‌തേ പറഞ്ഞത്. അതിന് മുന്നിലെ വഴിയിലൂടെയാണ് ഇന്ദിരാ ഗാന്ധി അവസാനമായി നടന്ന് നീങ്ങിയത്. ആ ശപിക്കപ്പെട്ട പ്രഭാതത്തിലാണ്, ഇരുമ്പ് ഗേറ്റില്‍ നിന്ന് കുറച്ച് അടി അകലെ, പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ബിയാന്ത് സിംഗ് വെടിയുതിര്‍ത്തതും അവരുടെ രക്തമൊഴുകിയ ശരീരം വീണതും… എവിടെയാണ് വീണതെന്ന് കാണിക്കാന്‍ ഒരു വ്യക്തമായ ഗ്ലാസ് ഷീറ്റ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഏതിനും അടി ദൂരം ക്രിസ്റ്റല്‍ ഗ്ലാസ് കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്. വെടിയേറ്റ് ഇന്ദിരാ ഗാന്ധി പിടഞ്ഞുവീണ സ്ഥലവും ഗ്ലാസ് കൊണ്ട് മൂടിയിരിക്കുന്നു. ഇപ്പോഴും അവിടെ രക്തപ്പാടുകള്‍ കാണാം.

ഇന്ദിരാഗാന്ധി വെടിയേറ്റ് വീണ സ്ഥലം സ്ഫടിക ഫീ ഷീറ്റു കൊണ്ട് കവർ ചെയ്തിരിക്കുന്നു

”ലോകത്തിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ രാഷ്ട്രീയ കുടുംബമാണ് നെഹ്‌റു കുടുംബം. മൂന്ന് പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ച അപൂര്‍വ വംശം. ഒരു വിദ്വേഷവും എന്റെ ജനങ്ങളോടും എന്റെ രാജ്യത്തോടുമുള്ള എന്റെ സ്‌നേഹത്തിന്റെ വ്യാപ്തിയെ മറികടക്കാന്‍ തക്കവിധം ഇരുണ്ടതല്ല, ആ ലക്ഷ്യത്തില്‍ നിന്നും ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ ശ്രമത്തില്‍ നിന്നും എന്നെ വ്യതിചലിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.” ഭുവനേശ്വറിലെ അവസാന പ്രസംഗത്തില്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു.

മരണം അടുത്ത് പതിയിരിക്കുന്നു എന്ന ബോധത്തോടെയാണ് ഇത് പറയുമ്പോഴൊക്കെ അവര്‍ ധീരയായി മുന്നോട്ട് പോയതെന്ന് അവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി അവര്‍ എന്നും ഉറച്ചുനിന്നു. അത്തരമൊരു ഭരണാധികാരിക്കുള്ള ഉചിതമായ സ്മാരകമാണ് ഇത്. എങ്കിലും അത്തരമൊരു ധീരയായ വനിതയുടെ വന്യമായ അന്ത്യം മറ്റൊരു ദുരന്തത്തിന്, സിക്ക് കൂട്ടക്കൊലക്ക് വഴിയൊരുക്കിയെന്നതും ഈ സ്മാരകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഡല്‍ഹി സ്മാരകങ്ങളുടെ നഗരമാണ്. ജവഹര്‍ ലാല്‍ നെഹറുവിന് സ്മാരകമായി ശാന്തി വനമുണ്ട്. ഇന്ദിരാ ഗാന്ധിക്ക് ശക്തിസ്ഥലില്‍ സമാധിയൊരുക്കി. ഈ സ്മാരകങ്ങളുടെ കൂടെ ഓര്‍മ്മിക്കേണ്ട ഒരു സത്യമുണ്ട്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവനെടുത്ത രണ്ട് സര്‍ദാര്‍ജികളോടുള്ള അരിശം തീര്‍ക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ സിക്ക് വിരുദ്ധ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 20,000 സിക്കുകാരാണ്.

വിക്കറ്റ് ഗേറ്റ്. ഇവിടെ വെച്ചാണ് സുരക്ഷാ ഭടന്മാരോട് ഇന്ദിര നമസ്തേ പറഞ്ഞത്

‘വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും’ എന്ന് പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി നിസ്സാരവൽക്കരിച്ച ആ സംഭവത്തിൽ, 2500-ലധികം സിക്കുകാർ അതിക്രൂരമായി കൊല്ലപ്പെട്ടു. ഇനിയും സ്മാരകങ്ങൾ ഉയരാത്ത ആ രക്തസാക്ഷികൾ, ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്നതും നീതി ലഭിക്കാത്തതുമായ ഒരധ്യായമാണ്.

Content Summary: The assassination of Indira Gandhi, an unhealed wound in India’s history

This post was last modified on October 31, 2025 2:01 pm

അമർനാഥ്‌:
Leave a Comment