എംഎല്‍എ മാരേക്കാള്‍ താരത്തിളക്കമുള്ള തിരുവനന്തപുരം മേയര്‍ പദവി

അധികാരത്തിനൊപ്പം, താരപദവിയും

കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഭരണസാരഥ്യം വഹിക്കുന്ന തിരുവനന്തപുരം മേയര്‍ പദവിക്ക് സമാനതകളില്ലാത്ത പ്രസക്തിയാണുള്ളത്. അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ നൂറ് വാര്‍ഡുകളില്‍ അധികാരം കൈവശം വയ്ക്കുകയും, തലസ്ഥാനത്തിന്റെ യശസ്സ് വഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തിരുവനന്തപുരം മേയര്‍. ഭരണപരായ അധികാരത്തിനൊപ്പം, താരപദവിയും നല്‍കുന്നതാണ് തിരുവനന്തപുരം മേയര്‍ സ്ഥാനം. സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷന്‍ മേയര്‍മാരെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ ശ്രദ്ധയും മാധ്യമശ്രദ്ധയും തിരുവനന്തപുരം മേയര്‍ക്ക് ലഭിക്കുന്നതും അതുകൊണ്ടാണ്. ഈ തിളക്കമാര്‍ന്ന സെലിബ്രിറ്റി പരിവേഷമാണ് പലപ്പോഴും മേയറെ എംഎല്‍എ മാരേക്കാള്‍ കൂടുതല്‍ അംഗീകാരം നല്‍കുന്ന ആളാക്കുന്നതും.

തലസ്ഥാന നഗരിയിലെ മേയറുടെ പ്രാധാന്യം

തിരുവനന്തപുരം കേവലം ഒരു കോര്‍പ്പറേഷന്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ അധികാര സിരാകേന്ദ്രമാണ്. അതുകൊണ്ട് തന്നെ, തലസ്ഥാനത്തെ നയിക്കുന്ന മേയര്‍ക്ക് സ്വാഭാവികമായും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി അടുത്തബന്ധം നിലനിര്‍ത്താനും, പൊതുവേദികളില്‍ അടുത്ത് ഇടപെഴകാനും തിരുവനന്തപുരം മേയര്‍ക്ക് അവസരം ലഭിക്കുന്നു. തലസ്ഥാന നഗരി കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ പ്രധാന ഭരണപരമായ ചടങ്ങുകളിലും ക്ഷണിക്കപ്പെട്ട അതിഥിയാകുന്ന മേയര്‍ക്ക്, പൊതുരംഗത്ത് ഉയര്‍ന്ന താരപദവിയും സമ്മാനിക്കുന്നു.

തിരുവനന്തപുരം മുനിസിപ്പാലിറ്റി 1920-ല്‍ സ്ഥാപിതമായതുമുതല്‍, 1940-ല്‍ കോര്‍പ്പറേഷനായി മാറിയപ്പോഴും, മേയര്‍ പദവിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം സംസ്ഥാന ശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരുന്നു. ഈ നഗരത്തിലെ ഓരോ തിരഞ്ഞെടുപ്പും അതിശക്തമായ മത്സരങ്ങള്‍ക്കും നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കും എന്നും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി മെഗാ പ്രോജക്റ്റുകള്‍, പ്രത്യേകിച്ചും നഗരവികസന പദ്ധതികള്‍ നടപ്പാക്കുന്നത് തിരുവനന്തപുരത്താണ്. ഈ പദ്ധതികളുടെ മേല്‍നോട്ടവും നടത്തിപ്പും മേയര്‍ക്ക് ലഭിക്കുന്ന വലിയ അധികാരമാണ്.

ശബരിനാഥനെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ?

അരുവിക്കരയിലെ മുന്‍ എം.എല്‍.എ ആയിരുന്ന കെ.എസ്. ശബരിനാഥനെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ശക്തമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ജി. സ്റ്റീഫനോട് പരാജയപ്പെട്ട ശബരിനാഥനെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ കളത്തിലിറക്കി തലസ്ഥാന നഗരിയുടെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ഉണര്‍വേകാനും നഗരത്തിലെ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ്. വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരുമായ നേതാവെന്ന നിലയില്‍, ശബരിനാഥന്റെ പ്രതിച്ഛായ തലസ്ഥാന നഗരിയിലെ പ്രൊഫഷണലുകളെയും മധ്യവര്‍ഗത്തെയും വലിയ തോതില്‍ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പ്രാദേശിക തലത്തില്‍ മുന്നണിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ജനകീയ അടിത്തറയുള്ള നേതാക്കള്‍ തന്നെ മത്സരരംഗത്ത് ഇറങ്ങണമെന്ന് എഐസിസി നിര്‍ദേശിച്ചിരുന്നു. ഈ ദേശീയ തന്ത്രത്തിന്റെ ഭാഗമാണ് ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വം. ശബരിനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വനിതാ സംവരണ വാര്‍ഡ് ആയതിനാല്‍, തൊട്ടടുത്ത കവടിയാര്‍ വാര്‍ഡിലാണ് അദ്ദേഹം മത്സരിക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിക്കുക എന്നത്, കേവലമൊരു തദ്ദേശ ഭരണ പോരാട്ടമല്ല. മറിച്ച് സംസ്ഥാനത്തെ യുവ നേതൃത്വത്തിന്റെ ഭരണശേഷിയും രാഷ്ട്രീയ സ്വാധീനവും നിര്‍ണയിക്കുന്ന പോരാട്ടം കൂടിയാണ്.

Content Summary: The celebrity glamour of the Thiruvananthapuram Mayor

This post was last modified on November 5, 2025 1:04 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment