കേന്ദ്രമന്ത്രി കെ. പി. ഉണ്ണികൃഷ്ണന്‍, തന്റെ വകുപ്പ് സെക്രട്ടറി ടെലികോം മാന്ത്രികന്‍ സാം പിട്രോഡയുമായി കൊമ്പുകോര്‍ത്ത കഥ.
”I don’t believe in messiahs ‘
K.P. Unnikrishnan, Communication Minister, December 1989
‘That is the minister’s privilege.’
Sam Pitroda, C-Dot Chief,January 1990
അതൊരു മന്ത്രിയും മിശിഹയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച കലഹമായി മാറിയ വിവാദ സംഭവമായിരുന്നു. 35 വര്‍ഷം മുന്‍പ് വി.പി.സിങ്ങിന്റെ മന്ത്രിസഭ ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയ കാലം. 1989 ല്‍ ദേശീയ മുന്നണിയെ അധികാരത്തിലേക്ക് നയിച്ച ശില്‍പ്പികളിലൊരാളായ കോണ്‍ഗ്രസ് (എസ്) ലെ ഏക എം.പിയായിരുന്നു കേരളത്തില്‍ വടകരയില്‍ നിന്ന് പാര്‍ലിമെന്റില്‍ എത്തിയ
കെ.പി. ഉണ്ണികൃഷ്ണന്.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ, പാര്‍ലിമെന്റിലെ വിദേശകാര്യ വിഷയങ്ങളുടെ സബ് കമ്മറ്റികളില്‍ അംഗമായിരുന്നു. മികച്ച വാഗ്മിയും പരന്ന വായനക്കാരനുമായ ഉണ്ണികൃഷ്ണന്‍ പുതിയ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയാകുമെന്നായിരുന്നു ദേശീയ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയത്.
എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ഐ.കെ. ഗുജ്‌റാളായിരുന്നു വിദേശകാര്യ മന്ത്രിയായത്. അതിന് കാരണം അന്നത്തെ മുന്നണിരാഷ്ട്രീയത്തിന്റെ പരിമിതികളായിരുന്നു. നയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്നതിന് പ്രധാനമന്ത്രി വി.പി. സിങ്ങിന് മുന്നണിയില്‍ പരിമിതികള്‍ ഏറെയായിരുന്നു. കെ.പി. ഉണ്ണികൃഷ്ണന് വാര്‍ത്താവിനിമയം, ഉപരിതലഗതാഗത വകുപ്പുകളുടെ ചുമലയാണ് ലഭിച്ചത്. വലിയൊരു ശതമാനം തുക വകയിരുത്തുന്ന വകുപ്പാണ് ഉപരിതലഗതാഗതം, വാര്‍ത്താവിനിമയം. വകുപ്പുകളെ ആധുനികവത്കരിക്കാനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന ലക്ഷ്യവുമായിരുന്നു ഉണ്ണികൃഷ്ണന്റേത്. ക്യാബിനറ്റ് മന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി വി.പി. സിങ് ഉണ്ണികൃഷ്ണനെ പ്രധാനപ്പെട്ട എല്ലാ ക്യാബിനറ്റ് സബ് കമ്മിറ്റികളിലും അംഗമാക്കുകയും പല നയങ്ങളിലും വിളിച്ച് ഉണ്ണികൃഷ്ണന്റെ അഭിപ്രായം തേടുകയും ചെയ്തു.
അന്താരാഷ്ട്രതലത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരു ടെലികോം വിദഗ്ധനും, സംരംഭകനും, നയരൂപീകരണ വിദഗ്ധനുമാണ് ഗുജറാത്തിയായ
സാം പിട്രോഡ. 1966 മുതല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് പ്രശസ്തനായിരുന്നു സത്യനാരായണന്‍ ഗംഗാറാം പിട്രോഡ.
ചിക്കാഗോയില്‍ താമസിക്കുന്ന കോടീശ്വരനായ പിട്രോഡ, ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ലോകമറിയപ്പെടുന്ന വിദഗ്ധനാണ്. അമ്പതോളം പേറ്റന്റുകള്‍ സ്വന്തമായുള്ള അദ്ദേഹം ഈ മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തന്റെ സഹോദരന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ രാജീവ് ഗാന്ധിയാണ് സാം പിട്രോഡയെ 1981 നവംബറില്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ സാം പിട്രോഡയെ വാര്‍ത്താ വിനിമയ വകുപ്പിന്റെ സെക്രട്ടറിയാക്കിയതോടെ ഇന്ത്യന്‍ ടെലികോം രംഗത്ത് പിട്രോഡ അനിഷേധ്യനായി മാറി. രാജീവ് ഗാന്ധിയുടെ പ്രിയങ്കരനായിരുന്ന അദ്ദേഹം ഇന്ത്യയിലെത്തിയത് ഒരു ദൗത്യവുമായാണ്: രാജ്യത്തിനായുള്ള ആദ്യത്തെ തദ്ദേശീയ ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച് വികസിപ്പിക്കുക എന്നതായിരുന്നു.
ടെലികോം രംഗത്ത് വികസ്വര മൂന്നാം ലോകത്തിന് ജലമോ വിദ്യാഭ്യാസമോ പോലെ തന്നെ പ്രധാനമാണ് വിവരആശയവിനിമയ സാങ്കേതികവിദ്യ (Information Communication Technology) എന്ന് വിശ്വസിച്ച പിട്രോഡ ഗ്രാമീണ ഇന്ത്യയുടെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ പോലും ടെലിഫോണുകള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. ടെലികോം മാന്ത്രികന്‍ എന്ന് അറിയപ്പെട്ട പിട്രോഡ ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ പിതാവായി കരുതപ്പെടുന്നു. ഇന്ത്യന്‍ ടെലിക്കോം രംഗത്തെ ആധുനിക ലോകത്തേക്ക് നയിക്കാനുള്ള മിശിഹ എന്ന് സാം പിട്രോഡയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.

മന്ത്രിയായ കെ.പി. ഉണ്ണികൃഷ്ണന്‍ തന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വാര്‍ത്താക്കുറിപ്പില്‍ വിനിമയ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടു. 1989 ഡിസംബര്‍ 6 ന് രാവിലെ 11 മണിക്ക് മന്ത്രി വരാം എന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് അത് ഉച്ചതിരിഞ്ഞ് 3 മണിയിലേക്ക് മാറ്റി. ആ ദിവസം സാം പിട്രോഡ നിരവധി മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു. കേന്ദ്രമന്ത്രി വരുമ്പോള്‍ തന്നെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷം പിട്രോഡ മീറ്റിംഗുകളുടെ തിരക്കില്‍ മുങ്ങി.
ഏകദേശം നാല് മണിയോടെ കേന്ദ്രമന്ത്രിയായ കെ.പി. ഉണ്ണികൃഷ്ണന്‍ ടെലികോം ആസ്ഥാനത്തെത്തി. സാധാരണ രീതിയില്‍ കേന്ദ്രമന്ത്രി വകുപ്പില്‍ അധികാരമേല്‍ക്കാന്‍ വരുമ്പോള്‍ വകുപ്പ് സെക്രട്ടറി ബൊക്കൈ നല്‍കി സ്വീകരിക്കുകയും, ഉന്നതോദ്യോഗസ്ഥരെ മന്ത്രിക്ക് പരിചയപ്പെടുത്തുകയും വകുപ്പിലെ സുപ്രധാന വിഷയങ്ങളെ ധരിപ്പിക്കുകയും ചെയ്യുക വകുപ്പ് സെക്രട്ടറിയാണ്. എന്നാല്‍ മന്ത്രി വന്ന വിവരം മേധാവിയായ സാം പിട്രോഡയെ ആരും അറിയിച്ചില്ല. തന്റെ വകുപ്പ് സെക്രട്ടിയുടെ അഭാവത്തില്‍ മന്ത്രിയായ കെ.പി. ഉണ്ണികൃഷ്ണന്‍ തികച്ചും അസംതൃപ്തനായി. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ മന്ത്രിയുടെ സന്ദര്‍ശനത്തെ അത്ര പ്രാധാന്യത്തോടെ കാണാന്‍ ശ്രമിച്ചില്ല.
മന്ത്രി വന്ന വിവരംഅറിഞ്ഞപ്പോഴേക്കും കെ.പി. ഉണ്ണികൃഷ്ണന്‍ തന്റെ ചേംബറില്‍ എത്തിക്കഴിഞ്ഞിരുന്നു. തന്റെ മന്ത്രാലയത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥന്റെ അഭാവം തന്നെ മനഃപൂര്‍വ്വം അപമാനിക്കാനാണെന്ന് മന്ത്രിക്ക് തോന്നി. ദീര്‍ഘകാലം അമേരിക്കയില്‍ കഴിഞ്ഞ പിട്രോഡയ്ക്ക് ഇത്തരം കീഴ് വഴക്കങ്ങള്‍ പരിചിതമല്ലായിരുന്നു. ഉദ്യോഗസ്ഥര്‍ അത് അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തുമില്ല.
മുറിയില്‍ എത്തിയ പിട്രോഡ ബൊക്കൈ നല്‍കി തന്റെ വകുപ്പ് മന്ത്രിയെ സ്വാഗതം ചെയ്തു.
പിട്രോഡ: സഞ്ചാര്‍ ഭവനിലേക്ക് സ്വാഗതം, ഞാന്‍ സാം പിട്രോഡ (കൈ നീട്ടി).
ഉണ്ണികൃഷ്ണന്‍ (ബൊക്കൈ സ്വീകരിക്കുന്നു): ഞാന്‍ വരുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
പിട്രോഡ: ഞാന്‍ വന്നല്ലോ.
ഉണ്ണികൃഷ്ണന്‍: വൈകി വരുന്നത് മര്യാദകേടാണ്.
പിട്രോഡ: ക്ഷമിക്കണം. വളരെ നേരം കാത്തിരുന്ന ഒരാള്‍ എന്നെ തടസ്സപ്പെടുത്തി.
ഉണ്ണികൃഷ്ണന്‍: അതെ, പക്ഷേ നിങ്ങള്‍ ചിലത് അറിഞ്ഞിരിക്കണം.
പിട്രോഡ: ക്ഷമിക്കണം. ഇനി നമുക്ക് നമ്മുടെ കാര്യങ്ങളിലേക്ക് കടക്കാമോ?
ഈ പിരിമുറുക്കമുള്ള തുടക്കത്തിനുശേഷം പിട്രോഡ ചേംബറില്‍ ഉണ്ടായിരുന്ന തന്റെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. മന്ത്രിയായ കെ.പി. ഉണ്ണികൃഷ്ണനും വകുപ്പ് സെക്രട്ടറിയായ സാം പിട്രോഡയും പരസ്പരം അടുപ്പമില്ലാതെയാണ് ആ മീറ്റിംഗ് അവസാനിച്ചത്. പക്ഷേ, അതൊരു യുദ്ധത്തിന്റെ തുടക്കമായിരുന്നു. ആദ്യ ദിവസം മുതല്‍ ഇരുവരെയും കൂട്ടിയിടിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരിക്കാം ഈ സംഭവമെന്ന് പിന്നീട് സ്ഥിതികരിക്കാത്ത കഥകള്‍ പ്രചരിച്ചു…
അധികാരമേറ്റ് ഏതിനും ദിവസങ്ങള്‍ക്ക് ശേഷം, Sunday Weekly ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പിട്രോഡയെയും അദ്ദേഹത്തിന്റെ വകുപ്പിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഒറ്റ വാചകത്തില്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു:
‘എനിക്ക് മിശിഹമാരില്‍ വിശ്വാസമില്ല’ തുടര്‍ന്ന് മന്ത്രി ചില ആരോപണങ്ങള്‍ ഉന്നയിച്ചു. പിട്രോഡ തന്റെ ഓഫീസ് ഉപയോഗിച്ച് യുഎസിലെ തന്റെ കുടുംബം നടത്തുന്ന കമ്പനികള്‍ക്ക് സഹായം നല്‍കിയെന്നും, പിട്രോഡയുടെ ആശയമായ സെന്റര്‍ ഫോര്‍ ദി ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡിഒടി) സര്‍ക്കാരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും, ഇന്ത്യയുടെ തടസ്സപ്പെട്ടതും അമിതമായി വ്യാപിച്ചതുമായ ടെലിഫോണ്‍ ശൃംഖലയ്ക്ക് ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്, കാര്യക്ഷമതയില്ലാത്തതാണെന്നും മന്ത്രി ആരോപിച്ചു. പിട്രോഡയുടെ പ്രകടനത്തെ സംബന്ധിച്ച്, ‘അദ്ദേഹത്തിന് മാത്രമല്ല ഇത് സാധിക്കുക യുഎസില്‍ അദ്ദേഹത്തെപ്പോലെ ടെലികോം മേഖലയില്‍ ഇത്തരം മികച്ചപ്രകടനം നടത്താന്‍ കഴിയുന്ന പലരെയും എനിക്കറിയാം’ ഉണ്ണികൃഷ്ണന്‍ തുറന്നടിച്ചു.

കെ.പി. ഉണ്ണിക്കൃഷ്ണന്റെ എല്ലാ ആരോപണങ്ങളും പിട്രോഡ നിഷേധിച്ചു, മന്ത്രിക്ക് താന്‍ ആഗ്രഹിക്കുന്നതെന്തും ചിന്തിക്കാനും ചെയ്യാനും ഉള്ള അവകാശം ഉണ്ട്. അദ്ദേഹം പറഞ്ഞു.
‘ഉണ്ണികൃഷ്ണനും ഞാനും തമ്മിലുള്ള സംഘര്‍ഷം വ്യക്തിത്വങ്ങള്‍ തമ്മിലല്ല, മനോഭാവങ്ങളുമായുള്ളതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ നയിച്ചത് രാഷ്ട്രീയമായിരുന്നു. എന്നെ നയിച്ചത് പ്രകടനവും,’ പിട്രോഡ പറഞ്ഞു.
കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന തന്റെ വകുപ്പ് മന്ത്രിയുമായുള്ള ഏറ്റുമുട്ടലിനെ, സാം പിട്രോഡ പിന്നീട് തന്റെ ജീവചരിത്രകാരനോട് ഇങ്ങനെ നിര്‍വ്വചിച്ചു. ‘An Accident of Faith’.
അതിനിടെ ഇന്ത്യയുടെ ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായി 1984 ല്‍ സാം പിട്രോഡ സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C Dot) നെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നു.
പിട്രോഡയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു യുഎസ് കമ്പനിയായ മാര്‍ടെക് ഇന്‍കോര്‍പ്പറേറ്റഡ്, 114,675 ഡോളര്‍ (ഏകദേശം 18 ലക്ഷം രൂപ) വിലമതിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സി-ഡോട്ടിലേക്ക് അയച്ചു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ചി-കാഗോയിലെ സൊസൈറ്റിയുടെ പേരില്‍ ചെക്കുകളില്‍ ഒപ്പിടാന്‍ പിട്രോഡയ്ക്ക് സി-ഡോട്ടിന്റെ അധികാരം ലഭിച്ചു.
മറ്റൊരു പിട്രോഡ കുടുംബ കമ്പനിയായ മൈക്രോ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റഡ് 100,000 ഡോളര്‍ (ഏകദേശം 16 ലക്ഷം രൂപ (1990 ലെ)) വിലമതിക്കുന്ന സി-ഡോട്ട് ഹൈബ്രിഡ് സര്‍ക്യൂട്ടുകള്‍ വിതരണം ചെയ്തു, പാര്‍ലമെന്റിന് വെളിപ്പെടുത്തിയത് തെറ്റായ കണക്കാണ്.
എന്നാല്‍ പിട്രോഡ ഇതിന് മറുപടി നല്‍കി. കുറഞ്ഞ വിലയ്ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ക്രോഡീകരിക്കാന്‍ മാര്‍ട്ടെക്കിന് കഴിഞ്ഞു. സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് നല്‍കാന്‍ മറ്റൊരു കമ്പനിയും തയ്യാറായിരുന്നില്ല. ചെക്കുകളിലെ ഒപ്പിടലിനെ പിട്രോഡ ഇങ്ങനെ ന്യായീകരിച്ചു. സി-ഡോട്ട് ല്‍ നടത്തുന്ന കൊടുക്കല്‍ -വാങ്ങലുകള്‍ വേഗത്തിലാക്കുന്നതിനാണ് ഇത് ചെയ്തത്. തന്നെപ്പോലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സംശയിക്കാന്‍ ഒരു കാരണവുമില്ല. കൂടാതെ, ഇത് ഒരു താല്‍ക്കാലിക നടപടി മാത്രമായിരുന്നു.
ടെലികോം കാര്യങ്ങളില്‍ പിട്രോഡയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത ഉണ്ണികൃഷ്ണന്റെ ആരോപണങ്ങളും പിട്രോഡയുടെ നിഷേധങ്ങളും
ടെലികോം മേഖലയെ താല്‍ക്കാലികമായെങ്കിലും തളര്‍ത്തിയെന്നതാണ് ഇതിലെ ദുരന്തം. യഥാര്‍ത്ഥത്തില്‍ പോരാട്ടം രാഷ്ട്രീയക്കാരനും ടെക്‌നോക്രാറ്റും തമ്മിലായിരുന്നു. ടെലികോം കമ്മീഷന്റെയും സി-ഡിഒടിയുടെ ഗവേണിംഗ് കൗണ്‍സിലിന്റെയും ചെയര്‍മാനായ പിട്രോഡയും കമ്മ്യൂണിക്കേഷന്‍സ് മന്ത്രി കെ.പി. ഉണ്ണികൃഷ്ണനും തമ്മിലുള്ള വ്യക്തിത്വ സംഘര്‍ഷമായി ഈ പ്രശ്‌നം മാറിയപ്പോള്‍, ഈ വടം വലി സി-ഡോട്ടിന്റെ പ്രകടനത്തെ ബാധിച്ചു. ഈ മന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്, കാരണം മന്ത്രിയുടെ അനുമതിക്കായി 700 ലധികം ഫയലുകള്‍ കെട്ടിക്കിടന്നു.

മന്ത്രിയായ കെ.പി. ഉണ്ണികൃഷ്ണന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിനോട് സാം പിട്രോഡയെ വകുപ്പില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ല. കാരണം സര്‍ക്കാരിലെ മറ്റ് സെക്രട്ടറിമാരില്‍ നിന്ന് വ്യത്യസ്തമായി, പിട്രോഡ സര്‍വീസ് നിയമങ്ങള്‍ക്ക് കീഴിലല്ല (പിട്രോഡ ഐ.എ.എസ്. കാരനായിരുന്നില്ല). അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ കഴിയില്ലെന്നും ഡല്‍ഹി ഓഫീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാരണം, മന്ത്രിസഭാ പ്രമേയത്തിലൂടെയാണ് അദ്ദേഹത്തെ ടെലികോം കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. അദ്ദേഹത്തിന്റെ നിയമനത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും സര്‍ക്കാര്‍ ഫയലുകളില്‍ ലഭ്യമല്ല. അതിനാല്‍ അദ്ദേഹത്തെ നേരിടാനുള്ള ഏകമാര്‍ഗം കുറ്റപത്രം സമര്‍പ്പിക്കുക എന്നതാണ്. അതിനായി നിയമ മന്ത്രാലയത്തോട് ഉപദേശം തേടണം.
മിക്ക കേസുകളിലും പിട്രോഡ തന്റെ നിലപാടിനെ ന്യായീകരിച്ചെങ്കിലും, പിട്രോഡയുടെ രണ്ട് കുടുംബം നടത്തുന്ന കമ്പനികളായ മാര്‍ട്ടെക്, മൈക്രോ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റഡ്, എന്നിവ സി-ഡിഒടി എന്നിവയ്ക്കിടയിലുള്ള ഇടപാടുകളില്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ പണം സമ്പാദിച്ചില്ലെങ്കിലും, ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനും പദ്ധതി നടപ്പിലാക്കാനുമുള്ള വ്യഗ്രതയില്‍ അദ്ദേഹം സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നത് നിഷേധിക്കാനാവില്ലായിരുന്നു. സര്‍വീസ് നിയമങ്ങള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് സ്വന്തം കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ നിന്ന് വ്യക്തമായി വിലക്കുന്നു.
സി-ഡോട്ട് ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ വികസനവും ഉല്‍പ്പാദനവും കാണിക്കുന്ന കണക്കുകള്‍ ഉണ്ണികൃഷ്ണന്‍ പിട്രോഡയോട് ആവശ്യപ്പെട്ടു,
അത് സമര്‍പ്പിക്കുന്നതില്‍ സാം പിട്രോഡ പരാജയപ്പെട്ടു. അതിനാല്‍ മന്ത്രി ഒരു സാങ്കേതിക ഓഡിറ്റിന് ഉത്തരവിട്ടു. അതിന് കാരണമുണ്ടെന്ന് മന്ത്രി തറപ്പിച്ചു പറയുന്നു. ‘ഒരു സാങ്കേതിക ഓഡിറ്റിന് ഉത്തരവിട്ടത് ഇതാദ്യമായല്ല. രാജ്യത്ത് ഹരിത വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് പോലും ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു സാങ്കേതിക ഓഡിറ്റ് നടത്തിയിരുന്നു. അപ്പോള്‍ എന്തുകൊണ്ട് സി-ഡോട്ടിന് ആയിക്കൂടാ?’

‘കാര്യങ്ങള്‍’ സാം പിട്രോഡയ്ക്ക് ഹൃദയാഘാതം വരുന്നത് വരെയെത്തി. ഉണ്ണികൃഷ്ണന്റെ ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ട സമ്മര്‍ദ്ദവും അദ്ദേഹം അനുഭവിച്ച അപമാനവുമാണ് അസുഖത്തിന് പിന്നിലെ ഒരു കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സാം അനുഭവിച്ചിരിക്കാവുന്ന ‘വലിയ ബുദ്ധിമുട്ടുകള്‍’ ആണ് പ്രശ്‌നത്തിന്റെ പ്രാഥമിക കാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. പ്രകാശ് ദേശായി വിശ്വസിക്കുന്നു.’ (Page 264, Sam Pitroda- A Biography – Mayank Chhaya,Konark Publishers, 1993). പിന്നീട് പിട്രോഡയ്ക്ക് ബൈപ്പാസ് സര്‍ജറി നടത്തി.
ഈ ടെലികോം വകുപ്പ് വടം വലിയെ കുറിച്ച് കെ. പി. ഉണ്ണികൃഷ്ണന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു:
സാം പിട്രോഡയെ വകുപ്പില്‍നിന്ന് മാറ്റണമെന്ന് ഉണ്ണികൃഷ്ണന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ത്തന്നെ അത്തരമൊരു കടുത്ത തീരുമാനമെടു ക്കാന്‍ പ്രധാനമന്ത്രി വി.പി. സിങ് മടിച്ചു. അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി പിട്രോഡയെ മാറ്റുന്നതിന് അനുകൂലമായിരുന്നില്ല. അപ്പോഴേക്കും വിഷയം വിവാദമായപ്പോള്‍ സാം പിട്രോഡ നേരിട്ടെത്തി ഉണ്ണികൃഷ്ണനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിച്ചു. ഉണ്ണികൃഷ്ണനുമായി വളരെ അടുപ്പമുള്ള ചില വ്യക്തികളെക്കൊണ്ട് സംസാരിപ്പിച്ച് വിഷയം രമ്യതയിലെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. വിക്രം സാരാഭായിയുടെ അടുത്ത സുഹൃത്തായിരുന്ന സാം പിട്രോഡ, വിക്രം സാരാഭായിയുടെ ഭാര്യ മൃണാളിനി സാരാഭായിയെ കണ്ട് വിഷയം തണുപ്പിക്കാന്‍ ഉണ്ണികൃഷ്ണനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി കൊണ്ടുവന്ന ആള്‍ എന്ന നിലയില്‍ രാജീവ് അധികാരത്തില്‍നിന്നു പുറത്തായപ്പോള്‍ സാം പിട്രോഡയും രാജിവെച്ച് തിരിച്ച് അമേരിക്കയില്‍ പോവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സിലെ ചിലര്‍ അതിനു സമ്മതിച്ചില്ല. അങ്ങനെ തുടരണമോ, വേണ്ടയോ എന്ന ആശയക്കുഴപ്പം കാരണമാണ് താന്‍ ചുമതലയേല്‍ക്കുന്ന ദിവസം പിട്രോഡ ഓഫീസില്‍ എത്താതിരുന്നതെന്ന് പിന്നീട് മനസ്സിലായതായി ഉണ്ണികൃഷ്ണന്‍ പറയുന്നു. മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പേ വി.പി. സിങ്ങിന് അനാവശ്യമായ തലവേദനകള്‍ സൃഷ്ടിക്കേണ്ടെന്നു കരുതി പിന്നീട് ആ വിഷയം താന്‍ വിട്ടുകളഞ്ഞുവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു (പേജ് – 279.ഇന്ദ്രപസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി – കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും- എം.പി. സൂര്യദാസ്, മാതൃഭുമി ബുക്‌സ്, 2022).
ഒടുവില്‍ മന്ത്രി- ടെക്‌നോക്രാറ്റ് യുദ്ധം ആര്‍ക്കും ജയപരാജയങ്ങളിലാതെ അവസാനിച്ചു. വാര്‍ത്താവിനിമയരംഗത്തും കേരളത്തിനും ചരിത്രനേട്ടമുണ്ടായ കാലമായിരുന്നു ഉണ്ണികൃഷ്ണന്റെ ഭരണകാലഘട്ടം. കേരളത്തിലെ മുഴുവന്‍ ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളിലും പുതിയ ഫോണ്‍ കണക്ഷനുള്ള അപേക്ഷ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായിരുന്നു. എല്ലാ എക്സ്ചേഞ്ചുകളിലെയും ശേഷി പരമാവധി വിനിയോഗിച്ചതിനാല്‍ പുതിയ കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ. അന്ന് മിക്ക എക്‌സ്‌ചേഞ്ചുകളുടെയും പരമാവധി ശേഷി നൂറു കണക്ഷനാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന ആ കാലത്ത് ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് ഫോണ്‍ വിളിക്കണമെങ്കില്‍ ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ കണക്ഷനാണ് ഏക ആശ്രയം.

പുതിയ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം പ്രയോജനപ്പെടുത്തി ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വികസിപ്പിക്കണം. ഇതിനായി കോടികളുടെ മുതല്‍മുടക്ക് വേണം. വാര്‍ത്താവിനിമയ വകുപ്പിനുള്ള പദ്ധതിവിഹിതം ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് ഉണ്ണികൃഷ്ണന്‍ ഊന്നല്‍ നല്‍കി. കേരളത്തിലെ മാത്രമല്ല, രാജ്യത്തെതന്നെ മുഴുവന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെയും ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാസങ്ങള്‍ക്കുള്ളില്‍ അടിയന്തരനടപടി തുടങ്ങി. അതുവരെ നൂറു കണക്ഷന്‍ മാത്രം കൊടുക്കാന്‍ ശേഷിയുള്ള എക്‌സ്ചേഞ്ചുകളുടെ ശേഷി അഞ്ഞൂറ് മുതല്‍ ആയിരം വരെയായി വര്‍ദ്ധിപ്പിച്ചു. പല എക്സ്ചേഞ്ചുകളിലും അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ടെലിഫോണ്‍ കണക്ഷന്‍ ലഭിച്ചു.
ടെലികോം വകുപ്പിലെ തുറന്ന യുദ്ധത്തിനിടയിലും വികസനനാഴികകല്ല് നാട്ടിയതിന് നിയുക്ത മന്ത്രിയോടും ആ മിശിഹായോടും കേരളം ഏറെ കടപ്പെട്ടിരിക്കുന്നു.
Content Summary: The story of the conflict between Union Minister K.P. Unnikrishnan and Telecom Secretary Sam Pitroda