കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി ആക്ടീവിസ്റ്റായ മഹ്മൂദ് ഖലീലിനെ നാടുകടത്തുന്നതിന് അമേരിക്കൻ സർക്കാരിനോട് ഇമിഗ്രേഷൻ ജഡ്ജ് തെളിവുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ സമർപ്പിക്കേണ്ട സമയപരിധി കഴിയുമ്പോൾ അമേരിക്കൻ സർക്കാർ കോടതിയിൽ മെമ്മോ സമർപ്പിച്ചു. അമേരിക്കയുടെ വിദേശനയത്തിന് ദോഷം വരുത്തുന്ന പൗരന്മാരല്ലാത്ത ഏതൊരാളെയും നാടുകടത്താൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട മെമ്മോയിൽ വ്യക്തമാക്കുന്നു.Khalil can be deported for his beliefs
അസോസിയേറ്റഡ് പ്രസിന്റെ കൈവശം ലഭിച്ച രണ്ട് പേജുള്ള മെമ്മോയിൽ, അമേരിക്കയിലെ സ്ഥിരതാമസക്കാരനും ബിരുദ വിദ്യാർഥിയുമായ ഖലീൽ ഒരു തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളും നടത്തിയതായി ആരോപിക്കുന്നില്ല. കഴിഞ്ഞ വർഷം പലസ്തീൻ ജനതയ്ക്ക് വേണ്ടി സംസാരിക്കുകയും, ഗാസയിലെ യുദ്ധത്തിനെതിരെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധങ്ങൾ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തിരുന്നു ഖലീൽ.
എന്നാൽ, ഖലീലിനെ അയാളുടെ വിശ്വാസങ്ങളുടെ പേരിൽ രാജ്യത്ത് നിന്ന് പുറത്താക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖലീൽ ചെയ്ത പ്രവർത്തനങ്ങൾ നിയമപരമാണെങ്കിലും, അദ്ദേഹത്തെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് ജൂതവിരുദ്ധതയ്‌ക്കെതിരെ പോരാടുന്നതിനുള്ള അമേരിക്കൻ നയത്തിന് എതിരാണെന്ന് റൂബിയോ പറഞ്ഞു. പീഡനങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദോഷമായി ബാധിക്കുമെന്നും റൂബിയോ വ്യക്തമാക്കി.
അമേരിക്കയിൽ യഹൂത വിരുദ്ധതയും, മറ്റ് പ്രതിഷേധങ്ങളും അനുവദിക്കുന്നത് ഒരു പ്രധാന വിദേശനയത്തെ ഗുരുതരമായി ബാധിക്കുമെന്ന് റൂബിയോ മെമ്മോയിൽ എഴുതി.
ഇമിഗ്രേഷൻ നടപടികൾ നടക്കുന്നതിനിടെ ഖലീലിനെ തടങ്കലിൽ വയ്ക്കുന്നത് തുടരാനുള്ള സർക്കാരിന്റെ വാദത്തിനിടെയാണ്, അദ്ദേഹത്തിനെതിരെ തെളിവുകൾ ഹാജരാക്കാൻ ജഡ്ജി ജാമി കമാൻസ് സർക്കാരിനോട് ഉത്തരവിട്ടത്. ഇതേതുടർന്ന് ബുധനാഴ്ച്ച ഭരണകൂടം സത്യവാങ്മൂലം സമർപ്പിച്ചു.
എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ മെമ്മോ തെളിയിക്കുന്നത് ”പലസ്തീനെക്കുറിച്ചുള്ള മഹ്മൂദിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള എതിർപ്പാണെ”ന്ന് ഖലീലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
വിദേശനയത്തിന് എതിരായി തോന്നുന്ന കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിന് ഉത്തരവിടാൻ സ്‌റ്റേറ്റ് സെക്രട്ടറിക്ക് അധികാരം നൽകുന്ന 1952 നിയമത്തെയാണ് നിലവിൽ ട്രംപ് ഭരണകൂടം ഖലീലിനെതിരെ ഉപയോഗിക്കുന്നത്. എന്നാൽ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വാക്കുകളെ ലക്ഷ്യം വയ്ക്കാൻ നിയമം ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഖലീലിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്.
നിലവിൽ സ്‌റ്റേറ്റ് സെക്രട്ടറി സമർപ്പിച്ച മെമ്മോ ഇമിഗ്രേഷൻ നിയമപ്രകാരം ആവശ്യപ്പെടുന്ന മതിയായ തെളിവ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ഖലീലിന്റെ ഇമിഗ്രേഷൻ അഭിഭാഷകരിലൊരാളായ ജോണി സിനോഡിസ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മാർച്ച് 8നായിരുന്നു ന്യൂയോർക്കിൽ വച്ച് 30കാരനായ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. സിറിയയിലെ ഒരു പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു ഖലീലിന്റെ ജനനം. ഒരു വർഷത്തിലധികം ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പാലസ്തീൻ ജനതയ്ക്ക് വേണ്ടി പോരാടിയിരുന്നു. അമേരിക്കൻ പൗരയായ ഖലീലിന്റെ ഭാര്യ ഗർഭിണിയായിരിക്കെയാണ് അദ്ദേഹത്തെ തുറങ്കലിൽ അടച്ചത്.
തനിക്കെതിരായ ജൂതവിരുദ്ധ ആരോപണങ്ങൾ ഖലീൽ പൂർണമായും തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം തുറങ്കലിൽ നിന്നും ഖലീൽ അയച്ച കത്തിൽ ”വിയോജിപ്പുകളെ അടിച്ചനർത്തുന്നതിനുള്ള തന്ത്രമായിട്ടാണ് ഭരണകൂടം തന്നെ ലക്ഷ്യംവച്ചത്” എന്ന് അദ്ദേഹം ആരോപിച്ചു.
”എന്റെ ആദ്യത്തെ കുഞ്ഞിനെ കാണാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടാകുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുകയാണ്.” ഖലീൽ കത്തിൽ വ്യക്തമാക്കി.
മഹ്മൂദ് ഖലീലിന്റെ സബ്ജക്ട് പ്രൊഫൈൽ, ആഭ്യന്തര സുരക്ഷ വകുപ്പിൽ നിന്നുള്ള കത്ത് തുടങ്ങിയ രേഖകളെക്കുറിച്ച് മെമ്മോയിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഈ രേഖകളൊന്നും ഭരണകൂടം ഇമിഗ്രേഷൻ കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്ന് ഖലീലിന്റെ അഭിഭാഷകർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചകളിലായി ട്രംപ് ഭരണകൂടം സർവകലാശാലകൾക്കും, ആശുപത്രികൾക്കുമെല്ലാം സർക്കാർ ഫണ്ട് നൽകുന്നത് നിർത്തിവച്ചിരുന്നു. ക്യാമ്പസുകളിലെ ജൂതവിരുദ്ധതയ്‌ക്കെതിരെയുള്ള പോരാട്ടമാണിതെന്ന് ഭരണകൂടം പറയുന്നു. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. തുടർന്ന് പണം ലഭിക്കണമെങ്കിൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും, മാറ്റങ്ങൾ കൊണ്ടുവരാനും ഭരണകൂടം സർവകലാശാലകളോട് ആവശ്യപ്പെട്ടു.
നിലവിൽ ഇസ്രയേലിനെ വിമർശിക്കുകയോ, പലസ്തീൻ അനുകൂല പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയാണ് അമേരിക്ക.Khalil can be deported for his beliefs
content summary; The US government argues that Mahmoud Khalil can be deported just because of his beliefs
Leave a Comment