കേരളത്തിന്റെ മായാജാലവിദ്യ ലോകത്തെ മാന്ത്രികന്‍, പ്രൊഫ. വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനമാണ് ഇന്ന്.
കേരളത്തിലെ മായാജാല ലോകത്തെ കുലപതിയായിരുന്നു പ്രൊഫ.വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. മാജിക്കുകാരുടെ കണ്ണഞ്ചിപ്പിക്കുന്ന വേഷപ്പകര്‍ച്ചയോ, രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ അദ്ദേഹം തന്റെ ജാലവിദ്യയിലൂടെ അരനൂറ്റാണ്ടോളം കേരളത്തിലെ ആസ്വാദകവൃന്ദത്തെ വിസ്മയിപ്പിച്ചു. തന്റെ മാന്ത്രികവിദ്യയുടെ സഹചാരികളായ ചെപ്പും പന്തും നിറച്ച തോള്‍സഞ്ചി തൂക്കി വാഴക്കുന്നം മലയാളക്കരയാകെ ചുറ്റിസഞ്ചരിച്ചു. തീവണ്ടി മുറികളിലും, ഉത്സവപ്പറമ്പുകളിലും, പൊതുവേദികളിലും ജനങ്ങള്‍ക്കിടയിലും ഇന്ദ്രജാലമെന്ന വിദ്യയെ ജനകീയമാക്കിയ, മായാജാലവിദ്യയുടെ ആചാര്യനായിരുന്നു പ്രൊഫ. വാഴക്കുന്നം.
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 70 കളുടെ മധ്യത്തില്‍ ലോക പ്രസിദ്ധനായ മാന്ത്രികനായ പി.സി. സര്‍ക്കാര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ മാജിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുവെച്ച് പി.സി.സര്‍ക്കാറിന് ഒരു ഗംഭീര സ്വീകരണം നല്കുകയുണ്ടായി. കേരളത്തിലെ പ്രഗല്ഭരായ ജാലവിദ്യക്കാരെയെല്ലാം ഭാരവാഹികള്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ലോകപ്രസിദ്ധനായ പി.സി. സര്‍ക്കാര്‍ സീനിയറിന്റെ മകനായ, ബംഗാളിയായ പ്രദീപ് ചന്ദ്ര സര്‍ക്കാര്‍ എന്ന ജൂനിയര്‍ പി.സി. സര്‍ക്കാര്‍ കേരളത്തിലും ധാരാളം പരിപാടികള്‍ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രഗല്ഭരായ ജാലവിദ്യക്കാരെയെല്ലാം ഭാരവാഹികള്‍ ഈ സീകരണത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. കേരളത്തിലെ പ്രശസ്തരായ ഐന്ദ്രജാലികരെ ഭാരവാഹികള്‍ ഈ ചടങ്ങില്‍ അവതരിപ്പിച്ചു. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി, മാജിക്കുമായി ബന്ധപ്പെടുത്തി ഒരു പുതിയ ശൈലിയിലുള്ള അവതരണമായിരുന്നു അത്.
കേരളത്തിലെ ജാലവിദ്യക്കാരെ ഓരോരുത്തരെയായി വേദിയിലേക്കു ക്ഷണിക്കും. എന്നിട്ട് അവരോട് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരു ജാലവിദ്യകാണിക്കാന്‍ ആവശ്യപ്പെടും. അവര്‍ തങ്ങളുടെ ഒരു മുഖ്യ ഇനം കാണിക്കും. ഉടനെ തന്നെ വേദിയിലുള്ള പിസി. സര്‍ക്കാര്‍ അതേ വിദ്യ തന്റേതായ ശൈലിയില്‍ കുറേക്കൂടി ആകര്‍ഷണീയമായി തിരിച്ചവതരിപ്പിക്കും. വര്‍ണ്ണശബളമായ വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, മാജിക്ക് കാണിക്കുന്ന പി.സി. സര്‍ക്കാര്‍ കാണികളെ ആകര്‍ഷിക്കുന്ന നമ്പര്‍ വണ്‍ ‘ഷോമാനാ’ യിരുന്നു. മാജിക്കല്‍ വിദ്യ മാത്രമല്ല, ആകര്‍ഷിക്കാന്‍ മാന്ത്രികന്റെ രൂപത്തിനും ഒരു മാസ്മരികത വേണം. പി.സി. സര്‍ക്കാരിന് അത് വേണ്ടുവോളം ഉണ്ടായിരുന്നു. കേരളത്തിലെ മാന്ത്രികരെ നിഷ്പ്രഭരാക്കിയ ഈ വിദ്യ സര്‍ക്കാറിനെ ‘സംബന്ധിച്ചിടത്തോളം കാണികളുടെ കൈയടി വാങ്ങാന്‍ പറ്റിയ ഒരിനമായിരുന്നു. പി.സി. സര്‍ക്കാര്‍ എല്ലാവരെയും തന്റെ ജാലവിദ്യ കൊണ്ട് കീഴടക്കിയെങ്കിലും കേരളത്തിലെ ജാലവിദ്യക്കാരെ ചെറുതാക്കുന്ന ഈ പരിപാടി ഒരവഹേളനമായാണ് കേരളത്തിലെ മാന്ത്രികര്‍ക്കും ആ സദസ്സിനും തോന്നിയത്.
പിന്നീട് സര്‍ക്കാര്‍ തന്റെ വിദ്യകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. അദ്ദേഹം ചില തനത് പ്രയോഗങ്ങള്‍ തുടങ്ങി. കൂട്ടത്തില്‍ ഒരൊറ്റരൂപാത്തുട്ടുകൊണ്ട് അദ്ദേഹം ചില പൊടിക്കൈകള്‍ കാണിച്ചു. ഇതിനിടയില്‍ കാണികള്‍ക്കിടയില്‍നിന്ന് ഒരു വൃദ്ധന്‍ എഴുന്നേറ്റു ചെന്ന് ആ നാണയമൊന്നു പരിശോധിക്കണമെന്നു പറഞ്ഞു. സര്‍ക്കാര്‍ നിസ്സാരഭാവത്തില്‍ നാണയം അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തു. അദ്ദേഹം നാണയം തിരിച്ചും മറിച്ചും ഒന്നു നോക്കി കൈയിലിട്ടൊന്നു ഞെരടി തിരിച്ച് സര്‍ക്കാരിന്റെ കൈയിലേക്കുതന്നെ കൊടുത്തു. പക്ഷേ, വീണത് നാണയമല്ല; ഒരു നുള്ളു ഭസ്മം! ഇത് കണ്ട് പി.സി. സര്‍ക്കാര്‍ ഒന്ന് ഞെട്ടി. കടുവയെ കിടുവ പിടിക്കുകയോ ? അദ്ദേഹം തന്റെ ജാല വിദ്യകളെല്ലാം ഉടനെ നിറുത്തി. എന്നിട്ട് ആ വൃദ്ധനോട് ആരാണ്? എന്താണ്, എങ്ങനെ ഇവിടെ എത്തി എന്നൊക്കെ തിരക്കി. അദ്ദേഹത്തിന്റെ മറുപടി കേട്ടശേഷം പി.സി. സര്‍ക്കാര്‍ സദസ്സിനോടായി പറഞ്ഞു. ‘ഇദേഹം എനിക്ക് ഗുരു തുല്യനാണ്. ഞാന്‍ ഇദ്ദേഹത്തെ വണങ്ങുന്നു. ഞാന്‍ ഇദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച് അവിടെ ചെന്ന് നേരിട്ട് കാണും’
പി.സി. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം കേട്ടമാത്രയില്‍ മലയാളികളുടെ അഭിമാനം കാത്ത ആ വൃദ്ധനെ അഭിനന്ദിച്ചു കൊണ്ട് സദസ്സില്‍ നിന്ന് നീണ്ട കരഘോഷം ഉയര്‍ന്നു. അവിടെ കൂടിയിരുന്നവരില്‍ മിക്കവരും ആ വൃദ്ധനെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെങ്കിലും, അദ്ദേഹത്തെ കുറിച്ച് ധാരാളം കേട്ടിരുന്നു.
ആകൃതികൊണ്ടും പ്രകൃതികൊണ്ടും ഒരു ശുദ്ധബ്രാഹ്‌മണന്റെ മട്ട്. വിക്കുള്ളതുപോലെ മുറിഞ്ഞു മുറിഞ്ഞ സംഭാഷണം. വളരെ സാവധാനത്തിലുള്ള ചലനങ്ങള്‍- ആറു പതിറ്റാണ്ട് തന്റെ ജാലവിദ്യാ പ്രകടനംകൊണ്ട് കാണികളെ വിസ്മയസ്തബ്ധരാക്കിയ, കേരളത്തിന്റെ മാന്ത്രികമുത്തച്ഛനെന്നറിയപ്പെട്ട വിശ്രുതനായ ഐന്ദ്രജാലികന്‍ പ്രൊഫസര്‍ വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ആയിരുന്നു പി.സി. സര്‍ക്കാരിന്റെ ആ നാണയ ജാലവിദ്യയെ തന്റെ ഇന്ദ്രജാലം കൊണ്ട് അന്ന് വേദിയില്‍ മയക്കിയത്.
കഥ അവിടെ അവസാനിച്ചില്ല. തിരുവേഗപ്പുറത്തുള്ള വാഴക്കുന്നത്തിന്റെ ഇല്ലത്തേക്ക് സാക്ഷാല്‍ പ്രൊഫ. പി.സി. സര്‍ക്കാര്‍ പറഞ്ഞ പോലെ സന്ദര്‍ശത്തിനെത്തി. തിരുവേഗപ്പുറത്തെ ഇളക്കിമറച്ച വലിയൊരു സംഭവമായിരുന്നു അത്. ആ നാട്ടിന്‍പുറം ഒരുത്സവപ്രതീതിയിലായി. പ്രശസ്തനായ ഡെന്റിസ്റ്റ് ഡോ. ഇ.വി. ആന്റണിയുടെ നേതൃത്വത്തില്‍ പ്രാദേശിക സ്വീകരണ കമ്മറ്റി എല്ലാം ഭംഗിയായി സംഘടിപ്പിച്ചു. ഗംഭീര നാഗസ്വരക്കച്ചേരിയോടെയാണ് പി.സി. സര്‍ക്കാരിനെ വരവേറ്റത്. അതിനുശേഷം സര്‍ക്കാറിനുവേണ്ടി വാഴക്കുന്നം കുറെ വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രകടനവും, സര്‍ക്കാറുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖസംഭാഷണവും സര്‍ക്കാറിന്റെ കൂടെ വന്നവര്‍ ഒരു മൂവിക്യാമറയില്‍ പകര്‍ത്തി. അഞ്ചാറു മണിക്കൂര്‍ പി.സി. സര്‍ക്കാര്‍, വാഴക്കുന്നത്തിന്റെ കൂടെ ചെലവിട്ടു. യാത്രപറഞ്ഞു പിരിയുന്നതിനു മുമ്പ് വാഴക്കുന്നത്തെ തന്റെ ഗുരുവായി സ്വീകരിച്ച സര്‍ക്കാര്‍, ഗുരുദക്ഷിണയായി താന്‍ എന്താണ് നല്കേണ്ടതെന്നു ചോദിച്ചു. അപ്പോഴേക്കും പ്രായാധിക്യം മൂലം ദീര്‍ഘദൂരം നടക്കാന്‍ കുറേശ്ശേ പ്രയാസം അനുഭവപ്പെട്ടിരുന്ന വാഴക്കുന്നം ഒരു സൈക്കിള്‍റിക്ഷ കിട്ടിയാല്‍ കൊള്ളാമെന്നറിയിച്ചു.
മധുരയില്‍നിന്ന് ഒരു സൈക്കിള്‍റിക്ഷ വരുത്തിക്കൊടുക്കാനുള്ള എല്ലാ ഏര്‍പ്പാടും സര്‍ക്കാര്‍ അപ്പോള്‍ത്തന്നെ ചെയ്തു. കൂടാതെ റിക്ഷയില്‍ ഇരുന്നുകൊണ്ടുള്ള വാഴക്കുന്നത്തിന്റെ ഒരു ഫോട്ടോ തനിക്കയച്ചു തരണമെന്നും അഭ്യര്‍ത്ഥിച്ചു. അതിനുപുറമേ വാഴക്കുന്നത്തിന്റെ ഒരു എണ്ണച്ചായചിത്രവും ആവശ്യപ്പെട്ടു. അതും, ഒരു വാളും തിരിച്ചുപോകുമ്പോള്‍ തന്നെ പി.സി. സര്‍ക്കാരിന് വാഴക്കുന്നം നേരിട്ടു കൊടുത്തു. ഫോട്ടോ പിന്നീട് സര്‍ക്കാറിന് അയച്ചുകൊടുക്കുകയും ചെയ്തു. അത്യപൂര്‍വമായ ഒരു സൗഹാര്‍ദത്തിലാണ് ആ രണ്ടു ജാലവിദ്യാ പ്രതിഭകളും അന്ന് പിരിഞ്ഞത്.
ഇന്ത്യയില്‍, ഒരേസമയം, ഭൂതകാലത്തിന്റെയും ആധുനികലോകത്തിന്റെയും കലയാണ് മാജിക്. ‘ഇന്ദ്രജാലം’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘ഇന്ദ്രന്റെ വല’ എന്നാണല്ലോ. ‘ഒരു മാന്ത്രികന്‍ തന്റെ മന്ത്രശക്തി കൊണ്ട്് സൃഷ്ട്ടിക്കുന്നതാണ് ഈ ലോകം… ഈ പ്രപഞ്ചം മായയാണ്. സ്രഷ്ടാവ് മായാജാലക്കാരനും’, എന്ന് ശ്വേതാശ്വതരോപനിഷത്ത് പറയുന്നു.
ഭാരതീയപുരാണങ്ങളിലും ഇതിഹാസങ്ങളിലും മായാജാലത്തെക്കുറിച്ച് അനേകം പരാമര്‍ശങ്ങളുണ്ട്. രാമായണത്തില്‍ മായാവിയായ മാരീചന്‍ മാനിന്റെ രൂപത്തില്‍ വന്ന് സീതയെ മോഹിപ്പിച്ചതും, ഇന്ദ്രജിത്ത് മായാ സീതയെ വധിച്ച് രാമലക്ഷ്മണന്മാരെയും സംഘത്തിനെയും കുറച്ച് നേരത്തേക്ക് അസ്ത്ര പ്രജ്ഞരാക്കിയതും, മഹാഭാരതത്തില്‍ പാണ്ഡവരുടെ കൊട്ടാരത്തിലെത്തിയ ദുര്യോധനനെയും കൂട്ടരെയും, മിനുസമുള്ള തറ വെള്ളമാണെന്നു തെറ്റിദ്ധരിപ്പിച്ചതും, വിശ്വാമിത്ര മഹര്‍ഷി ത്രിശങ്കുവിനുവേണ്ടി ഒരു കൃത്രിമസ്വര്‍ഗ്ഗം നിര്‍മ്മിച്ചതും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്.
ഏഴാം നൂറ്റാണ്ടില്‍ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ‘രത്‌നാവലി’ എന്ന സംസ്‌കൃതനാടകത്തിലെ നാലാമങ്കത്തില്‍ ഒരിന്ദ്രജാല പ്രകടനം അവതരി പ്പിക്കുന്നുണ്ട്. സര്‍വ്വസിദ്ധി എന്ന മാന്ത്രികന്‍ കൗസാംബിയിലെ രാജസദസ്സില്‍ പ്രവേശിച്ച് രാജാവിനോട് ചോദിക്കുന്നു: ”മഹാരാജന്‍ ഏത് അത്ഭുതദൃശ്യമാണ് അങ്ങയുടെ മുന്നില്‍ ഞാനവതരിപ്പിക്കേണ്ടത്? ഭൂമിയില്‍ ചന്ദ്രനുദിക്കും, ആകാശത്ത് പര്‍വ്വതം പ്രത്യക്ഷപ്പെടും, വെള്ളത്തിനു തീപിടിക്കും, നട്ടുച്ചയ്ക്കു കൂരിരുട്ട് പരക്കും. ഇതിലേതാണ് തിരുമനസ്സിലേക്കു തൃക്കണ്‍പാര്‍ക്കേണ്ടത്?’ അക്കാലത്തുതന്നെ രാജകൊട്ടാരങ്ങളില്‍പോലും അംഗീകരിക്കപ്പെട്ടിരുന്ന ഒരു കലാരൂപമായിരുന്നു ഇന്ദ്രജാലം.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഒരു അദ്ധ്യായത്തില്‍, കൊല്ലവര്‍ഷം പതിനൊന്നാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന കൈപ്പുഴത്തമ്പാന്‍ എന്നൊരു ജാലവിദ്യക്കാരന്റെ കഥ പറയുന്നുണ്ട്. തമ്പാന്‍ മായാജാലവിദ്യകൊണ്ട് പേമാരി പെയ്യിക്കുകയും ‘പത്മതീര്‍ത്ഥക്കുളത്തില്‍ വെള്ളത്തിനു മീതെ കരിമ്പടം വിരിച്ച് അതിനു മുകളിലിരുന്നു പല വിദ്യകളും കാണിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മായാജാലലോകത്തെ മനോഹരമായ ഭാവനാസൃഷ്ടിയായി കരുതപ്പെടുന്ന അതിശയോക്തിപരമായ പല അത്ഭുകാഴ്ചകളും തമ്പാന്റെ കഥയിലൂടെ കൊട്ടാരത്തില്‍ ശങ്കുണ്ണി അവതരിപ്പിക്കുന്നുണ്ട്. അതെന്തായാലും, മായാജാലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച മലയാളികള്‍ പണ്ടേ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ഈ കഥ. അവരുടെ പിന്‍മുറക്കാരനായിരുന്നു പില്ക്കാലത്തെ കേരളീയ ജാലവിദ്യക്കാരില്‍ ഏറ്റവും പ്രമുഖനായ വാഴക്കുന്നം തിരുമേനി, വാഴക്കുന്നം നമ്പൂതിരി, പ്രൊഫസര്‍ വാഴക്കുന്നം എന്നീ പേരുകളിലും പ്രശസ്തനായ വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട്.
പാലക്കാട് തിരുവേഗപ്പുറയില്‍ 1903-ലാണ് വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. വാഴക്കുന്നത്തിന്റെ പിതാവ് വാഴക്കുന്നത്ത് രാമന്‍ അടീരിപ്പാട് അദ്ദേഹത്തിന്റെ തലമുറയില്‍ കുറച്ചൊക്കെ പ്രശസ്തനായിരുന്നു. രാമനടീരിക്ക് ഭക്തിയും സംസ്‌കൃതപാണ്ഡിത്യവും പാരമ്പര്യസിദ്ധമായിരുന്നു. കവിതാവാസനയും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചാട്ടുളി പോലത്തെ ഫലിതപ്രയോഗങ്ങളാണ് ജനങ്ങളെ ആകര്‍ഷിച്ചത്.
ഭീതികലര്‍ന്ന ശങ്കയോടെയായിരുന്നു സുഹൃത്തുക്കള്‍പോലും അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. നര്‍മ്മപ്രയോഗങ്ങളിലൂടെ മറ്റുള്ളവരെ കലശല്‍ കൂട്ടുകയും ചെണ്ടകൊട്ടിക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായിരുന്നു. ഫലിതപ്രയോഗത്തിനുള്ള അവസരങ്ങള്‍ കിട്ടിയാല്‍ അദ്ദേഹം ഒരിക്കലും പാഴാക്കാറില്ല. ഫലിതത്തില്‍ ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിച്ച സരസരായ മുട്ടസ്സ്, നമ്പൂതിരിയുടേയും, നടുവില്‍പ്പാട് ഭട്ടതിരിയുടെയും യാഥാര്‍ത്ഥ പിന്‍മുറക്കാരനായിരുന്നു രാമന്‍ അടിയിരി.
ഒരിക്കല്‍ സ്‌നേഹിതനായ കരുവാട്ട് അച്ഛന്‍ നമ്പൂതിരിയും രാമന്‍ അടിയിരിയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. വള്ളത്തോളാണോ കുഞ്ഞുക്കുട്ടന്‍ തമ്പുരാനാണോ കവിതയില്‍ കേമന്‍ ? വള്ളത്തോളാണെന്ന് കരുവാട്ട് നമ്പൂതിരി, അല്ല കുഞ്ഞൂട്ടന്‍ തമ്പുരാനാണെന്ന് രാമന്‍ അടീരി. തര്‍ക്കം മുറുകി. ഒടുവില്‍ കരുവാട്ട് ചോദിച്ചു ”എന്താ തെളിവ് ?”
രാമന്‍ അടീരി പറഞ്ഞു ”അതോ. ഋഗ്വേദതര്‍ജ്ജമകൊണ്ട് വള്ളത്തോളിന്റെ ചെവി പൊട്ടിയതേയുള്ളു. മഹാഭാരതം തര്‍ജ്ജമകൊണ്ട് തമ്പുരാന്റെ സിദ്ധി കൂടന്നെണ്ടായി.”
ഒരിക്കല്‍ ഒരു തീവണ്ടി യാത്രയില്‍ പരിഷ്‌ക്കാരികളായ രണ്ട് യുവാക്കള്‍ ഇരുന്ന് സംസാരിക്കുന്ന കോച്ചിലെ ഒരു ബഞ്ചില്‍ ഇവരുടെ നടുക്ക് പ്രാകൃത വേഷക്കാരനായ ഒരു നമ്പൂതിരി വന്നിരുന്നു. ഇത് രസിക്കാത്ത, അതിലെ ഒരു ചെറുപ്പക്കാരില്‍ ഒരാള്‍ ഇംഗ്ലീഷില്‍ Monkey എന്ന് പറഞ്ഞു. അപ്പോള്‍ മറ്റെയാള്‍ അല്ല Donkey യെന്നും നമ്പൂതിരിയുടെ മര്യാദകേടിനെ പരിഹസിച്ച് പറഞ്ഞു. അത് കേട്ട ഉടനെ നമ്പൂതിരി അത് തിരുത്തി ‘അല്ല രണ്ടിനുമിടയിലാ’ ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് വള്ളത്തോള്‍ എഴുതിയ ‘രണ്ടിനുമിടയില്‍’ എന്ന കവിത. യോഗക്ഷേമം രജതജൂബിലി വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിച്ച ഈ കവിതയിലെ കഥാനായകന്‍ തിരുമേനിരാമന്‍ അടീരി തന്നെ.
പ്രസിദ്ധമായ തിരുവേഗപ്പുറം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാരിലൊരാളായിരുന്നു രാമന്‍ അടീരി. ഇടത്തെ കവിളില്‍ അര്‍ബുദം ബാധിച്ചാണ് അദേഹം മരിച്ചത്. മരിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അടീരിയെ ചികിത്സിച്ചിരുന്ന വൈദ്യമഠം ഇല്ലത്ത് അടീരിയെ കാണാനെത്തി
അടീരി ചോദിച്ചു. ‘ആട്ടെ വൈദ്യമഠം എനിക്കിനി എത്ര കാലം ണ്ടാവും?’
വൈദ്യ മഠം ആദ്യം അത് പറയാന്‍ തയ്യാറായില്ല
അടീരിയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
‘കഷ്ടിച്ചൊരു മൂന്നുമാസം വരെ.’
ഇതുകേട്ട് തികഞ്ഞ നിര്‍വികാരതയോടെ അടീരി ചോദിച്ചു:
”എനിക്കിങ്ങനെ വായേല് ശ്ശി വേദനയനുഭവിച്ച് സിദ്ധി കൂടണംന്നുള്ള യോഗം വരാന്‍ എന്താവും കാരണം?’
”താന്‍ അനവധിയാളെ വായകൊണ്ട് വേദനിപ്പിച്ചിട്ടില്ലേ. അതോ ണ്ടെന്നെയാവും.’ വൈദ്യമഠം നര്‍മ്മത്തോടെ മറുപടി പറഞ്ഞു.
”അതെങ്ങല്ലേ…’ അടീരിപ്പാട് വീണ്ടും പറഞ്ഞു: ”അപ്പൊ മറ്റുള്ളവരെ വായകൊണ്ട് വേദനിപ്പിച്ചാല്‍ ഇങ്ങനത്തെ ദണ്ണം വരുംലേ? എന്നാലേ, എനിക്ക് വായേലല്ലേ ഉണ്ടായുള്ളു. വൈദ്യമഠത്തിന് രണ്ടുപുറത്തും ണ്ടാവുന്നാ തോന്നണ്. താന്‍ നേരത്തെ പറഞ്ഞത് എന്നെ വല്ലാതെ വേദ നിപ്പിച്ചൂട്ടോ!’ (പിന്നീട് വൈദ്യമഠം അന്തരിച്ചത് ചുണ്ടില്‍ അര്‍ബുദവും അര്‍ശസ്സും മൂലമായിരുന്നു).
ഉപനയനം കഴിഞ്ഞ് 20-ാം വയസ്സില്‍ വാഴക്കുന്നം തിരുനാവായയില്‍ വേദപഠനം ആരംഭിച്ചു. അത് കഴിഞ്ഞ് സംസ്‌കൃതവും ഇംഗീഷും പഠിച്ചു. ബാല്യത്തില്‍ കലശലായ ആനക്കമ്പം പിടികൂടിയിരുന്നതിനാല്‍ ആദ്യം പഠിച്ചത് ശജരിക്ഷണമായിരുന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്ത് പോയി അത് പഠിച്ചു. പഠിച്ച വിദ്യ ഒരിക്കല്‍ തിരുവേഗപ്പുറത്തെ ഉത്സവത്തിന് എഴുന്നെള്ളിച്ച ഒരു ആനയില്‍ പരീക്ഷിച്ചപ്പോള്‍ ആന വിരണ്ടോടി. പിന്നീട് ആനയെ വാഴക്കുന്നം തന്നെ തളച്ചെങ്കിലും ഉത്സവം ആകെ അലങ്കോലമായി. അതോടെ സ്വന്തം പിതാവ് രാമന്‍ അടീരി ക്ഷേത്രനടയില്‍ വെച്ച് ഈ മാതംഗ വിദ്യ ഇനി ഒരിക്കലും പ്രയോഗിക്കില്ലെന്ന് മകനെക്കൊണ്ട് സത്യം ചെയ്യിച്ചതോടെ ആനകളുമായുള്ള സഹവാസം എന്നെന്നേയ്ക്കുമായി വാഴക്കുന്നം അവസാനിപ്പിച്ചു.
ഒരിക്കല്‍ ഇല്ലത്ത് വന്ന ഒരു ജാലവിദ്യക്കാരനായ ഈച്ചരവാര്യര്‍ കാണിച്ച ജാലവിദ്യകള്‍ കണ്ട് അതില്‍ ഭ്രമം തോന്നിയിട്ടാണ് വാഴക്കുന്നം നീലകണ്ഠന്‍ ജാലവിദ്യ പഠിക്കാന്‍ ആഗ്രഹിച്ചത്. കൊടുങ്ങല്ലൂരിലെ പള്ളാത്തേരി നമ്പ്യാത്തന്‍ നമ്പൂതിരിയായിരുന്നു ജാലവിദ്യയില്‍ ആദ്യത്തെ ഗുരു. പിന്നീട് ലോറന്‍സ്, മാര്‍ക്കസ് എന്നീ അക്കാലത്തെ പ്രശസ്ത ജാലവിദ്യക്കാരില്‍നിന്നും കൂടുതല്‍ വിദ്യകള്‍ അഭ്യസിച്ചു.
1940-കള്‍ക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളില്‍ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്, പട്ടാമ്പിക്കടുത്തുള്ള ഓങ്ങല്ലൂര്‍ ഗണപതിക്ഷേത്രത്തിലായിരുന്നു വാഴക്കുന്നത്തിന്റെ ആദ്യ മാജിക് പ്രദര്‍ശനം. പ്രത്യേകിച്ച് വേഷവിധാനങ്ങളോ രംഗസജ്ജീകരണങ്ങളോ ഇല്ലാതെയാണ് വാഴക്കുന്നം ജാലവിദ്യ അവതരിപ്പിച്ചിരുന്നത്. പലപ്പോഴും മുണ്ടും മേല്‍മുണ്ടും കേരളീയ ലളിതവേഷം മാത്രമായിരുന്നു അദ്ദേഹത്തിന്റേത്.
ഒറ്റമുണ്ടുടുത്ത് നിലത്ത് ചമ്രംപടിഞ്ഞിരുന്ന് കാലിച്ചെപ്പുകള്‍ കമഴ്ത്തിവെച്ച് ആ മാന്ത്രികന്‍ ഇരുന്നു. ‘അന്ത ചേരാനല്ലൂര്‍ കുഞ്ചുക്കര്‍ത്താവെ സ്മരിച്ച് ഇന്ത ചെപ്പുക്കുള്ളേ വാ!’ ഗുരുനാഥനെ സ്മരിച്ച് മാന്ത്രികന്‍ ചെപ്പു തുറന്നപ്പോള്‍ അതാ, പന്ത് ഒന്നല്ല, നിരവധി! ചുറ്റും നിന്ന കാണികളെ വിസ്മയിച്ചുകൊണ്ട് ആ ചെപ്പില്‍നിന്ന് അവിലും മലരും ചിലപ്പോള്‍ കടുകും പുറത്ത് വന്നു. ചെപ്പും പന്തും കൊണ്ടുള്ള ജാലവിദ്യയായിരുന്നു വാഴക്കുന്നത്തിന്റെ മാസ്റ്റര്‍ പീസ്’
ലോക ചരിത്രത്തില്‍ ഈ ചെപ്പടിവിദ്യയുടെ ഏറ്റവും പഴയ ചിത്രം ഈജിപ്തിലെ ബേനിഹസനിലുള്ള ശവക്കല്ലറയുടെ ചുവരില്‍നിന്നു കണ്ടെടുത്തതാണ്. (1966-ലെ നൈല്‍ നദീതട പദ്ധതി പൂര്‍ത്തിയായതോടെ ബേനിഹസന്‍ ശവക്കല്ലറ വെള്ളത്തിനടിയില്‍ മറഞ്ഞു..) കമഴ്ത്തിവച്ച നാലു പാത്രങ്ങള്‍ക്കു മുന്നിലിരുന്ന രണ്ടുപേര്‍ ‘ചെപ്പും പന്തും’ വിദ്യകാണിക്കുന്ന ഒരു ചിത്രം ഈ വിദ്യയെ കുറിച്ചായിരുന്നു.
ഈ പടം ബി. സി.രണ്ടായിത്തഞ്ഞൂറാമാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു.
ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ഏഥന്‍സുകാരനായ ആല്‍സിഫ്രോണ്‍ ഈ ചെപ്പും പന്തും വിദ്യ കണ്ട് അമ്പരന്നതിനെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.
”മാന്ത്രികന്‍ മൂന്നു കാലുകളുള്ള ഒരു മേശപ്പുറത്ത് മൂന്നു കിണ്ണങ്ങള്‍ കമഴ്ത്തിവച്ചു. വെള്ള നിറത്തിലുള്ള ഉരുളന്‍കല്ലുകള്‍ എല്ലാവരേയും കാണി ച്ചിട്ട് ഓരോ കിണ്ണത്തിനടിയിലും ഓരോന്നു വീതം വച്ചു. എങ്ങനെയെന്നറിയില്ല, എല്ലാ കല്ലുകളും ഒരു കിണ്ണത്തിനുള്ളിലായി, പിന്നീടയാള്‍ കല്ലുകളെ അപ്രത്യക്ഷമാക്കിയിട്ട് വായ്ക്കുള്ളില്‍നിന്നെടുത്തു. തുടര്‍ന്ന് അവയെ വിഴുങ്ങി. ചുറ്റും നിന്നവരുടെ അടുത്തു ചെന്ന് ഒരാളുടെ മൂക്കില്‍നിന്നും, മറ്റൊരാളുടെ ചെവിയില്‍നിന്നും, മൂന്നാമതൊരാളുടെ തലയില്‍നിന്നും കല്ലുകള്‍ എടുത്തുകാണിച്ചു. അവസാനം കല്ലുകളെയെല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷമാക്കുകയും ചെയ്തു.’
”ഈ മനുഷ്യന്‍ എന്റെ തോട്ടത്തിലെങ്ങാനും കാലുകുത്തുകയാണെങ്കില്‍ അവിടെയുള്ള സകലതും ഇയാള്‍ തട്ടിയെടുക്കുമല്ലോ!’ എന്ന് ആല്‍സി ഫ്രോണ്‍ ഈ വിദ്യ കണ്ട് അത്ഭുതത്തോടെ ആത്മഗതം ചെയ്തു…
കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചെപ്പടിവിദ്യ രണ്ടുതരമുണ്ട്-രാജമുറ, കാക്കാലമുറ. ചിരട്ടകൊണ്ടുണ്ടാക്കിയ ചെപ്പുകളും നെല്ലിക്കാവലിപ്പത്തില്‍ തുണികൊണ്ടുണ്ടാക്കിയ പന്തുകളും ഉപയോഗിച്ച് കുറവസമുദായത്തില്‍പ്പെട്ടവര്‍ ചെയ്യാറുള്ളതാണ് കാക്കാലമുറ. പന്തിന്റെ മീതെ ചെപ്പു കമിഴ്ത്തുക. വീണ്ടും തുറന്നുനോക്കുമ്പോള്‍ ഒന്നുകില്‍ പന്തു കാണാതിരിക്കുക. അല്ലെങ്കില്‍ കൂടുതല്‍ എണ്ണം പ്രത്യക്ഷപ്പെടുക… ഇതാണതിന്റെ രീതി.
അതിനാല്‍ ‘ചെപ്പും പന്തും കളി’ എന്നും ഇതിനെ വിളിക്കുന്നു. ഈ വിദ്യ പ്രയോഗിച്ച് തെരുവില്‍ പ്രദര്‍ശനം നടത്തി ഉപജീവനം കഴിച്ചുപോന്നവര്‍ പണ്ട് ധാരാളമുണ്ടായിരുന്നു. കാഴ്ച്ചക്കാരുടെ ശ്രദ്ധതിരിക്കാന്‍ ഐന്ദ്രജാലികര്‍ വിവിധ ഭാഷകള്‍ ഇടകലര്‍ത്തി നടത്തുന്ന പ്രസംഗംപോലെ, ചില വായ്ത്താരികളും ഈ ചെപ്പടിവിദ്യക്കാര്‍ക്കുമുണ്ടായിരുന്നു.
മറ്റൊരു ചെപ്പടി വിദ്യമായ രാജമുറയ്ക്ക്, ഉപകരണങ്ങളിലും പ്രയോഗങ്ങളിലും കുറേക്കൂടി പ്രൗഢിയുണ്ട്! ഓടുകൊണ്ടായിരിക്കും ചെപ്പുകള്‍. ആറു ചെപ്പുകള്‍വരെ ഉപയോഗിക്കും; നൂറുകണക്കില്‍ പന്തുകളും. കാക്കാലന്‍ രണ്ടിലധികം ചെപ്പുകള്‍ ഉപയോഗിക്കാറില്ല. രാജമുറയിലെ വായ്ത്താരിക്കും ‘കുറച്ച് ആഢ്യത്തം’ കൂടും. അവതരിപ്പിക്കുന്നത് സമൂഹത്തിലെ കുറെക്കൂടി സാമ്പത്തികമായി ഉയര്‍ന്ന സദസ്സുകളിലായതിനാലാകാം ഇത്.
ഇതില്‍ രാജമുറയോടായിരുന്നു വാഴക്കുന്നത്തിന് ആഭിമുഖ്യം.നിരന്തരാഭ്യാസംകൊണ്ടും കൈവഴക്കംകൊണ്ടും മാത്രം സ്വാധീനിക്കാവുന്ന കൈയടക്കം തന്നെയാണ് ഇതിന്റെ ജീവന്‍. ഉപകരണങ്ങളിലെയും മറ്റും ലാളിത്യം, പ്രയോഗതലത്തിലെ വിസ്മയം എന്നീ ഗുണങ്ങള്‍കൊണ്ടാണ് ഇത് കേരളത്തനിമ പുലര്‍ത്തുന്നത്.
ജാലവിദ്യയിലെ വിസ്മയം മുഴുവന്‍ അടങ്ങിയിരിക്കുന്നത് കൈയൊതുക്കത്തിലൂന്നിയുള്ള ഇനങ്ങളിലാണ്. രാജമുറയില്‍ അത്തരം അറുപത്തിനാലിനങ്ങളുണ്ടത്രെ. അവയെല്ലാം സ്വായത്തമായാല്‍ ആനയെപ്പോലും കൈയിലൊതുക്കാമെന്നാണ് പഴയ ചൊല്ല്. വലിയൊരു കുമ്പള ങ്ങവരെ കൈയിലൊതുക്കാന്‍ ഒരു കാലത്ത് തനിക്കു സാധിച്ചിരുന്നുവെന്ന് വാഴക്കുന്നം തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കാണികളെ അദ്ഭുതപ്പെടുത്താന്‍ വാഴക്കുന്നത്തിനു കഴിഞ്ഞിട്ടുണ്ടത്രെ. കൈയിലും ശരീരത്തിലങ്ങിങ്ങുമായി പന്തുകള്‍ ഒളിച്ചുവെക്കുന്നതില്‍ തന്നെയാണ് ഈ ചെപ്പടിവിദ്യയുടെ കൗശലം.
ചെപ്പടി വിദ്യയില്‍ അസാമാന്യ പ്രാവീണ്യം നേടിയശേഷം വാഴക്കുന്നം ആധുനികവിദ്യകളിലേക്കും കടന്നു. പുതിയ ചില ഗുരുനാഥന്മാരില്‍ നിന്ന് പുതിയ വിദ്യകള്‍ പഠിച്ച് സ്വായത്തമാക്കിയ ശേഷം ഗൃഹസദസ്സുകളിലും മഹദ്‌സന്നിധികളിലും വിപുലമായ വേദികളിലും വഴിയാത്രയ്ക്കിടയിലും എല്ലാംതന്നെ, ചെറുതും വലുതുമായ വിദ്യകള്‍, തന്റേതായ രസികത്തത്തോടെ പ്രകടിപ്പിച്ച് കാണികളുടെ സ്‌നേഹാദരങ്ങള്‍ നേടി പ്രശസ്തനായി. തന്റെ ചെപ്പും പന്തും തന്നെയായിരുന്നു എന്നും വാഴക്കുന്നത്തിന്റെ മാസ്റ്റര്‍ പീസ്.
ജാലവിദ്യയിലെ സൂത്രപ്രയോഗങ്ങള്‍ പലതരത്തിലുണ്ട്. അതില്‍ കൈയൊതുക്കത്തിലായിരുന്നു വാഴക്കുന്നത്തിന് കൂടുതല്‍ പ്രാവീണ്യ മുണ്ടായിരുന്നത്. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു:
‘അറുപത്തിനാലു കലാവിദ്യകളില്‍ ഒന്നാണ് ജാലവിദ്യ. ഇത് അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്ന് ഉണ്ടെന്നു തോന്നിപ്പിക്കലാണ്. ഇതിനായി ജാലവിദ്യക്കാരന്‍ തന്റെ ശാരീരികവും മാനസികവുമായ എല്ലാ കഴിവുകളും ഉപയോഗിക്കുന്നു. അതോടൊപ്പം കാഴ്ചക്കാരുടെ മനസ്സിന്റെ ചഞ്ചലത്വവും ദൗര്‍ബല്യവുംകൂടി അയാള്‍ ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഇല്ലാത്തതൊന്ന് ഉണ്ടെന്നു തോന്നിപ്പിക്കാന്‍ എത്ര സമര്‍ത്ഥമായി, എത്ര ഭംഗിയായി കഴിയുന്നുവോ അത്രയ്ക്കും നല്ലൊരു ജാലവിദ്യക്കാരനായി അയാള്‍ അംഗീകരിക്കപ്പെടുന്നു.’
കൈയടക്കംപോലെതന്നെ യുക്തിയുക്തമായി സംഭവങ്ങളെ അപഗ്രഥിക്കാനും കാര്യകാരണബന്ധങ്ങള്‍ നോക്കി അതിദ്രുതം പ്രവര്‍ത്തി ക്കാനുമുള്ള ബുദ്ധിവ്യാപാരം അഥവാ പ്രതിഭാശക്തിയാണ് ജാലവിദ്യക്കാരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തരാക്കുന്നത്. പ്രൊഫസര്‍ വാഴക്കുന്നം ഈ വിഷയത്തില്‍ അദ്വിതീയനായിരുന്നു. തന്റെ ഈ കഴിവ് കാണിച്ച് ഏറെ പ്രശസ്തമായി പ്രചരിച്ചതാണ് അദ്ദേഹം ഒരിക്കല്‍ മദ്രാസ്-മംഗലാപുരം മെയില്‍ പള്ളിപ്പുറം സ്റ്റേഷനില്‍ (പാലക്കാട്, തൃത്താലക്കടുത്തെ പള്ളിപ്പുറം) നിര്‍ത്തിയ സംഭവം.
ഒരു ഉള്‍നാടന്‍ സ്റ്റേഷനായ പള്ളിപ്പുറത്ത് ലോക്കല്‍ ട്രെയിന്‍ മാത്രമെ നിറുത്തൂ. ഒരു ദിവസം തിരൂര് പോകാന്‍ കോഴിക്കോട്ടേക്കുള്ള ലോക്കല്‍ തീവണ്ടി പിടിക്കാന്‍ സ്റ്റേഷനില്‍ വാഴക്കുന്നം എത്തിയപ്പോഴേക്കും ട്രെയിന്‍ വിട്ട് പോയിരുന്നു. ഇനിയുള്ളത് മംഗാലപുരത്തേക്ക് പോകുന്ന മദ്രാസ് മെയിലാണ്. അതാകട്ടെ പള്ളിപ്പുറത്ത് നിറുത്തില്ല. അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ അയ്യര്‍ വാഴക്കുന്നത്തിന്റെ പരിചയക്കാരനാണ്.
അക്കാലത്ത് പള്ളിപ്പുറം സ്റ്റേഷന്‍ മാസ്റ്റര്‍ വാഴക്കുന്നത്തിനെ നല്ലവണ്ണം പരിചയമുള്ള ഒരു അയ്യരായിരുന്നു. സംഗതിവശാല്‍ അദ്ദേഹം സ്റ്റേഷനിലെത്തിയപ്പോഴേക്കും ലോക്കല്‍വണ്ടി പോയ്ക്കഴിഞ്ഞിരുന്നു.
വാഴക്കുന്നത്തെ കണ്ടപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അല്പം ഒരു തമാശയോടെ പറഞ്ഞു:
‘തിരുമേനീ, ലേശം വൈകി. ലോക്കല്‍ പോയി. ഇനി മെയിലേ വരാനുള്ളൂ. അതിവിടെ നിര്‍ത്താമെങ്കില്‍ ഞാനതില്‍ കയറ്റിവിടാം.’
മെയില്‍ സാധാരണനിലയില്‍ അവിടെ നിര്‍ത്താന്‍ സാധ്യതയില്ലെന്ന് സ്റ്റേഷന്‍മാസ്റ്റര്‍ക്കറിയാം. ആ ധൈര്യത്തില്‍ പറഞ്ഞതാണ്. അതിനിടയില്‍ വാഴക്കുന്നത്തെ തന്റെ ഓഫീസ്മുറിയില്‍ കയറ്റിയിരുത്തി സ്വാമി പലതും സംസാരിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും മെയില്‍ വരാനുള്ള ഒരുക്കമായി. അന്ന് ഓരോ സ്റ്റേഷനില്‍നിന്നും കടന്നുപോകുന്ന എല്ലാ വണ്ടികള്‍ക്കും ചൂരല്‍വളയത്തില്‍ ഘടിപ്പിച്ച ഒരു താക്കോല്‍ കൈമാറേണ്ടതുണ്ട്. തീവണ്ടി സുരക്ഷിതത്വത്തിനുള്ളൊരേര്‍പ്പാടാണത്. ചൂരല്‍വളയം കിട്ടിയേ വണ്ടി സ്റ്റേഷന്‍ കടന്നുപോകൂ.
സ്റ്റേഷന്‍ മാസ്റ്റര്‍ ഇതിനിടയില്‍ താക്കോല്‍ ശിപായിയുടെ കൈയില്‍ കൊടുത്തു. അയാളതെടുത്ത് അടുത്തുള്ള ഒരു ബെഞ്ചില്‍വെച്ച് മറ്റെന്തോ അത്യാവശ്യത്തിനു പോയി. വാഴക്കുന്നമാവട്ടെ ഓഫീസ് മുറിയില്‍നിന്ന് പുറത്തു കടന്നുനിന്നു. ശിപായി വന്നു നോക്കിയപ്പോള്‍ താക്കോല്‍ കാണാനില്ല. പരിഭ്രമമായി, തിരച്ചിലായി സ്റ്റേഷന്‍ മാസ്റ്റര്‍ നിന്ന് വിയര്‍ത്തു.
ഈ സമയംകൊണ്ട് ചൂളംവിളിച്ചെത്തിയ വണ്ടി താക്കോല്‍ കിട്ടാത്തതിനാല്‍ സ്റ്റേഷനില്‍ നിന്നു. അപ്പോള്‍ ഒന്നുമറിയാത്തവനെപ്പോലെ വാഴക്കുന്നം സ്റ്റേഷന്‍മാസ്റ്ററോടു ചോദിച്ചു:
”മെയിലിവിടെ നിന്നിലേ? ഇനി എന്നെ അതില്‍ കയറ്റി അയച്ചൂടെ?”
അപ്പോഴാണ് താന്‍ കുറച്ചു മുമ്പു പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്, പറഞ്ഞത് വാഴക്കുന്നത്തോടാണെന്ന് ഓര്‍ത്തതും.
കാര്യം തിരിഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ നെഞ്ചത്തടിച്ചു.
”തിരുമേനി, രക്ഷിക്കണേ, ജോലി പോണ കാര്യമാണ്.”
”അതിന്നപ്പൊ ഞാന്‍ എന്താ വേണ്ടത്?”
”ഇവിടെവെച്ച ‘കീ’ കാണുന്നില്ല. ഇത് തന്ന് രക്ഷിക്കണം.”
”ഏയ്. അത് ഞാനെടുത്തിട്ടൊന്നും ഇല്ല. എവിട്യാവെച്ചീര്‍ന്ന്?”
”ദാ ഈ ബെഞ്ചില്‍.”
”ന്നാ അവിടെത്തന്നെ നോക്യാല്‍ ണ്ടാവും.”
”കാണുന്നില്ലല്ലൊ.”
‘നല്ലോണം നോക്ക്വാ.”
അപ്പോഴാണ് ബെഞ്ചില്‍ ‘ഫയര്‍’ എന്നെഴുതി മണല്‍നിറച്ച വലിയൊരു ബക്കറ്റിരിക്കുന്നതു കണ്ടത്. സ്റ്റേഷന്‍ മാസ്റ്ററോട് അതു പൊക്കി നോക്കാന്‍ പറഞ്ഞു. അതിന്റെ താഴെ താക്കോല്‍ ഒതുങ്ങിയിരിക്കുന്നുണ്ടായിരുന്നു.
അന്നേതായാലും വാഴക്കുന്നത്തിന്റെ മെയില്‍ യാത്ര സുഖമായി. പ്രൊഫസര്‍ വാഴക്കുന്നം മായാജാലംകൊണ്ട് മദ്രാസ് മെയില്‍ പെട്ടെന്ന് നിര്‍ത്തിയെന്ന കഥ പൊടിപ്പും തൊങ്ങലുംവെച്ച് നാടു നീളെ പ്രചരിച്ചു. അതിലുപരി അതദ്ദേഹത്തിന് വലിയൊരു പ്രസിദ്ധിയുണ്ടാക്കിക്കൊടുത്തു.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത വാഴക്കുന്നത്തെ റെയില്‍വേ ടിക്കറ്റ് പരിശോധകന്‍ പിടി കൂടിയതും പിന്നീടുണ്ടായ സംഭവം കണ്ട് അയാള്‍ അന്ധാളിച്ചതുമാണ് പ്രശസ്തമായ മറ്റൊരു തീവണ്ടിക്കഥ. തീവണ്ടിയിലെ യാത്രക്കാരുടെ ടിക്കറ്റുകള്‍ അപ്രത്യക്ഷമായി എന്നും മറ്റുമുള്ള വാഴക്കുന്നതിന്റെ ഇന്ദ്രജാലക്കഥകള്‍ നാട്ടുകാര്‍ പറഞ്ഞു പറഞ്ഞു നാടാകെ പരന്നു:
ഒരുനാള്‍ മദ്രാസില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയായിരുന്നു വാഴക്കുന്നവും സംഘവും. മദ്രാസ് മെയിലിലാണ് യാത്ര. എല്ലാവരുടെയും ടിക്കറ്റ് വാഴക്കുന്നത്തിന്റെ കയ്യിലാണ്. ഒരു സ്റ്റേഷനില്‍വെച്ച് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥന്‍ കയറിവന്നു. പരിശോധന ആരംഭിച്ചു. അയാള്‍ വാഴക്കുന്നത്തോട് ടിക്കറ്റാവശ്യപ്പെട്ടു.
”ഹേയ്, ടിക്കറ്റോ? എന്തു ടിക്കറ്റ്?’ അദ്ദേഹം ഒന്നുമറിയാത്തവനെപ്പോലെ പരുങ്ങി.”
”തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പണംകൊടുത്തു ടിക്കറ്റെടുക്കണം. ഇല്ലെങ്കില്‍ ശിക്ഷയും പിഴയും കിട്ടുമ്പോള്‍ കാര്യമറിയും.” ഉദ്യോഗസ്ഥന്‍ ഗൗരവത്തില്‍ പറഞ്ഞു.
”ആഹാ.. വണ്ടീല് യാത്രചെയ്യാന്‍ ടിക്കറ്റ് വേണംല്യേ? അപ്പൊ ഇവര്‌ടേല് ഒക്കെണ്ടാവും ടിക്കറ്റ്, ഇല്ലേ?” വാഴക്കുന്നം പറഞ്ഞു.
പരിശോധകന് കലശലായി ദേഷ്യം വന്നു.
”അത് താന്‍ നോക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം. താനിപ്പൊ തന്റെ ടിക്കറ്റ് കാണിച്ചാല്‍ മതി.”
”ന്നാലേ, ഇന്നീ വണ്ടിയില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് വേണ്ട. മറ്റു ള്ളോര്‌ടേലൊക്കെ ടിക്കറ്റുണ്ടെങ്കില്‍ എന്റെ ടിക്കറ്റ് അപ്പൊ എന്റേലും ഉണ്ടാവും.” വാഴക്കുന്നം പറഞ്ഞു.
അയാള്‍ അടുത്ത യാത്രക്കാരനെ സമീപിച്ചു. അതൊരു മുസ്ലിംകാരണവരാണ്. സീറ്റില്‍ ഇരുന്നു മയങ്ങുകയാണ് അയാള്‍. ടിക്കറ്റ് ചോദിച്ചപ്പോള്‍ അയാള്‍ തന്റെ ബെല്‍റ്റിന്റെ സകല കള്ളികളിലും കുറെനേരം തിരഞ്ഞശേഷം പറഞ്ഞു ‘ടിക്കറ്റ് ഇല്ല’
ഉദ്യോഗസ്ഥന്‍ ദേഷ്യംകൊണ്ട് നിന്നു വിറച്ചു. അയാള്‍ അവസാനം കൂട്ടത്തിലുള്ള രണ്ടു സ്ത്രീകളോടും ടിക്കറ്റ് ചോദിച്ചു.
അവരും പറഞ്ഞു. ‘ഞങ്ങടെ പക്കല്‍ ടിക്കറ്റില്ല. അവര്‍ വാഴക്കുന്നത്തെ ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറഞ്ഞു ”ഈ ഇരിക്കണ ആള് ഇന്നു വണ്ടിക്ക് ടിക്കറ്റു വേണ്ടാന്ന് ഞങ്ങളോടു പറഞ്ഞു.’ ചുരുക്കത്തില്‍ ആ കോച്ചില്‍ ആരും ടിക്കറ്റ് എടുത്തിട്ടിട്ടെന്ന് മനസിലായ ടിക്കറ്റ് പരിശോധകന് ദേഷ്യം മൂത്തു.
ഇത്രയുമായപ്പോഴേക്കും മദ്രാസ് മെയില്‍ ആര്‍ക്കോണത്തെത്തിക്കഴിഞ്ഞിരുന്നു. പരിശോധകന്‍ അവരെയെല്ലാം അവിടെ നിര്‍ബന്ധിച്ചിറക്കി. അവരുടെ പെട്ടിയും സാധനങ്ങളുമെല്ലാം അയാള്‍ തന്നെ വലിച്ച് പ്ലാറ്റ്‌ഫോമിലിട്ടു. എല്ലാവരെയും ആട്ടിത്തെളിച്ച് സ്റ്റേഷന്‍ മാസ്റ്റരുടെ അടുത്തെത്തി, കാര്യം പറഞ്ഞു. ‘ ടിക്കറ്റില്ലാത്ത ഇവരില്‍ നിന്ന് പിഴ ഈടാക്കണം.’ .
”പിഴ ഇയാള്‍ക്കാ ഇടേണ്ടത്. യാത്രക്കാരുടെ മുഴുവന്‍ ടിക്കറ്റും തട്ടിയെടുത്തിട്ട് വഴിവെച്ച് ഞങ്ങളെ ഇറക്കിവിടണേന്.’ വാഴക്കുന്നം പറഞ്ഞു.
വാഴകുന്നം ഇതും കൂടി പറഞ്ഞു: ”സാറ് തന്നെ ഇയാളെ ഒന്നു പരിശോധിച്ചാല്‍ മതി. ഞങ്ങള്‍ടൊക്കെ ടിക്കറ്റ് ഇയാളുടെ കാലുറയുടെ പോക്കറ്റിലുണ്ട്. പോരാത്തതിന് ഇന്നു ടിക്കറ്റു വേണ്ടാന്ന് അയാളുടെ പുറത്തതാ എഴുതി വെച്ചിരിക്കുന്നു. അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ടിടിആറിന്റെ പുറത്തേക്കു നോക്കി.
”ഇന്ന് ഈ വണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റെടുക്കേണ്ടതില്ല. സൗജന്യം ഇന്നേക്കുമാത്രം’ എന്ന് വെള്ളക്കടലാസില്‍ എഴുതി അയാളുടെ കോട്ടിന്റെ പുറത്ത് വൃത്തിയായി ഒട്ടിച്ചിരിക്കുന്നു.
ഇതു കണ്ടപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും ചിരിയൊതുക്കാന്‍ കഴിഞ്ഞില്ല. പ്രശ്നം എന്താണെന്നറിയാന്‍ അപ്പോഴേക്കും വണ്ടിയില്‍നിന്നിറങ്ങി ഒരുപറ്റം യാത്രക്കാരും അവിടെ എത്തിയിരുന്നു. അവരെല്ലാം പരിശോധകന്റെ കോട്ടു നോക്കി ചിരിക്കാന്‍ തുടങ്ങി.
”അതെന്തോ എഴുതിക്കോട്ടെ. ഞങ്ങള്‍ടെ ടിക്കറ്റ് ഇയാളുടെ കൈയില്‍നിന്ന് വാങ്ങിത്തരണം.’ വാഴക്കുന്നം എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.
തന്റെ കൈവശം ഒന്നുമില്ലെന്ന് ശഠിച്ചുനില്‍ക്കുകയാണ് പരിശോധകന്‍.
”എന്നാലും ഒന്നു നോക്കൂ’ എന്ന് സ്റ്റേഷന്‍മാസ്റ്റര്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ കൈയിട്ടു. അതിലൊരു പൊതിയുണ്ട്. പുറത്തെടുത്തു നോക്കിയപ്പോള്‍ നൂലുകൊണ്ട് കൂട്ടിക്കെട്ടിയ പത്തിരുപത് ടിക്കറ്റ്!
വാളയാര്‍ ചുരവും കടന്ന് വാഴക്കുന്നത്തിന്റെ മായാജാല വൈഭവകഥകള്‍ ആര്‍ക്കോണത്തും എത്തിയിരുന്നതിനാല്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ആളാരാണെന്ന് മനസിലായി. അയാള്‍ താങ്കളാരാണെന്ന് വാഴക്കുന്നത്തോടു ചോദിച്ചു. സംഗതി താന്‍ ഗ്രഹിച്ചത് തന്നെ എന്ന് മനസിലാക്കിയ സ്റ്റേഷന്‍ മാസ്റ്റര്‍ യാത്രയ്ക്കിടയില്‍ സംഭവിച്ച അസൗകര്യത്തിനു വാഴക്കുന്നത്തിനോട് മാപ്പുചോദിച്ചു. അവര്‍ യാത്ര തുടരുകയും ചെയ്തു.
വാഴക്കുന്നം തന്റെ സേവാമൂര്‍ത്തിയായ കുട്ടിച്ചാത്തന്റെ സഹായത്താല്‍ ഒരു തീവണ്ടിമുറിയിലെ എല്ലാ യാത്രക്കാരുടെയും ടിക്കറ്റുകള്‍ ശേഖരിച്ച് ടിടിആറിന്റെ പോക്കറ്റിലെത്തിച്ചു എന്ന വാര്‍ത്ത ഇതോടെ നാടെങ്ങും പരന്നു. മദ്രാസില്‍ പരിപാടിക്കെത്തിയ സ്ഥലത്തും ഇതെത്തിയതോടെ മാന്ത്രികനെ നേരിട്ട് കാണാന്‍ പരിപാടിക്ക് ഒന്നു കൂടി കാഴ്ചക്കാര്‍ വര്‍ദ്ധിച്ചു.
നീങ്ങിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ടിക്കറ്റ് കെട്ടുമായി വാതില്‍ക്കല്‍ത്തന്നെ കാത്തിരുന്ന വാഴക്കുന്നം ഈ തക്കത്തില്‍ അതു ടിക്കറ്റ് പരിശോധകന്റെ പോക്കറ്റില്‍ നിക്ഷേപിച്ചതാണ് സംഭവം. ഒരു സമര്‍ത്ഥമായ കയ്യടക്കം. നേരത്തെ എഴുതി വെച്ച കടലാസുതുണ്ട് പരിശോധകന്റെ ഓവര്‍കോട്ടിന്റെ, അയാളറിയാതെ പുറത്തൊട്ടിച്ചത് വാഴക്കുന്നം തന്നെ. മദ്രാസ് എത്തും മുന്‍പ് മുഷിയാതിരിക്കാന്‍ തനിക്കും സംഘത്തിനും വാഴക്കുന്നത്തിന്റെ ഒരു നേരംമ്പോക്ക്.
1938,ല്‍ മഹാകവി വള്ളത്തോളിന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷം ഗംഭീരമായി നടക്കുകയാണ്, പഴയ കലാമണ്ഡലത്തില്‍ മൂന്നു ദിവസത്തെ വിപുലമായ പരിപാടികള്‍. രാവും പകലും ഒഴിവില്ല. കേരളത്തില്‍ ഇങ്ങുനിന്നങ്ങോളം പ്രചാരമുള്ള എല്ലാ കലാരൂപങ്ങളും ഉണ്ട്; കൂട്ടത്തില്‍ പ്രൊഫസര്‍ വാഴക്കുന്നത്തിന്റെ ജാലവിദ്യയും.
കഥകളി അഭ്യസിപ്പിക്കാന്‍ പ്രധാനാധ്യാപകനായി പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ അവിടെയുള്ള കാലം ജാലവിദ്യ തുടങ്ങുന്നതിനു
കുറച്ചു മുമ്പ് വാഴക്കുന്നം പട്ടിക്കാംതൊടിയെ സമീപിച്ചു.
”ആശാന്‍, ജാലവിദ്യയ്ക്ക് ഒരു കഥകളിവേഷവുംകൂടി കിട്ടിയാല്‍ നന്നായിരുന്നു. കലാമണ്ഡലത്തിലെ ജാലവിദ്യയില്‍ കഥകളിയില്ലാതെങ്ങന്യാ? ഒരു ചെറിയ സ്ത്രീവേഷം മതി.
ആശാനതിന് അപ്രിയമൊന്നും പറഞ്ഞില്ല. അന്നത്തെ കലാമണ്ഡലം വിദ്യാര്‍ത്ഥിയും പിന്നീട് പ്രസിദ്ധ ചലച്ചിത്ര നൃത്തസംവിധായകനുമായ കലാമണ്ഡലം ഗംഗാധരനാണ് ജാലവിദ്യക്കായി സ്ത്രീവേഷം കെട്ടിയത്. ജാലവിദ്യ തുടങ്ങി. പരിപാടിയില്‍ ഒരിനം അറുത്തുവെച്ച തല സംസാരിക്കുന്നതായിരുന്നു. അറുത്തുവെച്ച തലയോ, കഥകളിയിലെ ഗംഗാധരന്‍ കെട്ടിയ സ്ത്രീവേഷവും.
കാണികള്‍ വിദ്യ കണ്ടു രസിച്ചു; ഒരാളൊഴികെ. അത് പട്ടിക്കാം തൊടിയാശാന്‍ തന്നെയായിരുന്നു. താന്‍ അങ്ങേയറ്റം ആരാധിക്കുന്ന കഥകളി യുടെ തലയറുത്തുമാറ്റല്‍, വിദ്യകണ്ട പട്ടിക്കാംതൊടി രാവുണ്ണിമേനോന് കലി കയറി. ആ ശുദ്ധാത്മാവിന് അത് ഒരു തരത്തിലും സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ വത്സലശിഷ്യന് എന്താപത്താണാവോ വന്നുപെട്ടത് എന്ന ശങ്കയും കൂടിയായപ്പോള്‍ എന്തു ഭോഷത്തരമാണ് ഈ നമ്പൂതിരി കാട്ടിക്കൂട്ടിയത് എന്നു മുറുമുറുത്തുകൊണ്ട് അദ്ദേഹം സ്റ്റേജിന്റെ പിന്നിലേക്കു ചെന്നപ്പോള്‍ വാഴക്കുന്നം ഒരു മുറിപ്പാടുമില്ലാതെ ശിഷ്യനെ ഗുരുവിനു തിരിച്ചുകൊടുത്തു. എന്നിട്ടും അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞില്ലെന്നു കണ്ടപ്പോള്‍ ”കളിലങ്ങനെയൊക്കെണ്ടാവില്ലേ, മേനോന്‍’ എന്നൊരു ആശ്വാസവാക്കും വാഴക്കുന്നം പറഞ്ഞു.
ജാലവിദ്യയില്‍ വാഴക്കുന്നത്തിന്റെ പ്രഥമ ശിഷ്യനായിരുന്നു പ്രസിദ്ധ നടന്‍ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. ഹാസ്യകലാ വിദഗ്ദ്ധന്‍, മെയ്ക്കപ്പ്‌മേന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, നാടകനടന്‍, സിനിമാനടന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ പരിയാനമ്പറ്റ വാഴക്കുന്നത്തിന്റെ വിപുലമായ പരിപാടികളിലെല്ലാം ഒരൊഴിച്ചുകൂടാത്ത ഘടകമായിരുന്നു. വാഴക്കുന്നത്തിന്റെ കറ കളഞ്ഞ അഭ്യാസപടുതയും തന്മയത്വത്തോടെയുള്ള പ്രവൃത്തിയും പരിയാനമ്പറ്റയുടെ അകൃത്രിമമായ അഭിനയസിദ്ധിയും കൂടിച്ചേര്‍ന്നാല്‍ കാണികള്‍ക്ക് അതു വല്ലാത്തൊരനുഭവമായിരുന്നു.
രണ്ടോ മൂന്നോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ജാല വിദ്യക്കാരന് ഒരു വിശ്രമം ലഭിക്കാനും ചെറിയ ഇടവേളകള്‍ അത്യാവ ശ്യമാണ്. ഈ സമയം കാണികളെ മുഷിപ്പിക്കാതിരിക്കാന്‍ പരിയാനമ്പറ്റയുടെ ഹാസ്യകലാപ്രകടനങ്ങളാണ് സഹായിച്ചിരുന്നത്.
പലപ്പോഴും ഒരു നാടകീയരംഗത്തോടെയാണ് ഇവര്‍ പരിപാടി തുടങ്ങുക. വാഴക്കുന്നത്തിന്റെ ആമുഖപ്രസംഗം കഴിയുമ്പോഴേക്കും നീണ്ട കാലുള്ള ഒരു വലിയ പഴഞ്ചന്‍ ശീലക്കുടയും പൂട്ടി കൈത്തണ്ടയ്ക്കു തൂക്കി ഒരു മുസ്ലിം വൃദ്ധന്‍ കാണികളുടെ ഇടയില്‍നിന്ന് സ്റ്റേജിലേക്കു കയറിച്ചെല്ലും. അടുത്തൊരു ദിവസത്തേക്ക് വാഴക്കുന്നത്തിന്റെ ഒരു കളി ബുക്കുചെയ്യാന്‍ വന്നതാണ്. ഇപ്പോള്‍ സംസാരിക്കാന്‍ സമയമില്ലെന്നു പറഞ്ഞ് വാഴക്കുന്നം അയാളെ മടക്കി അയയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അയാളുടെ മറ്റൊരാവശ്യം.
‘ഞാങ്ങടെ ഈ കളി കയീന്‌ളത്തിന് ഞമ്മള് പള്ളീലൊന്ന് പോയി വരാം. അതുമ്പരത്തിന് ഈ സീലക്കൊട ഇബടെ ഒന്നു ബക്കണല്ലൊ.”
അതിനൊന്നും തനിക്കൊഴിവില്ലെന്നു പറഞ്ഞാലും ആള് വിടില്ല. അപ്പോഴാണ് ഇതില് വെച്ചോളൂ തത്കാലം എന്നു പറഞ്ഞ് ചെറിയ ഒരു പാല്‍പ്പൊടിട്ടിന്ന് വാഴക്കുന്നം കാണിച്ചുകൊടുക്കും. തുടര്‍ന്ന് നാലഞ്ചടി നീളമുള്ള ആ ശീലക്കുട ടിന്നില്‍ ഇറക്കാന്‍ തുടങ്ങും. അതാകട്ടെ കൃത്യമായി ഒതുങ്ങി അതിന്റെ വളഞ്ഞകാലു മാത്രം മുകളില്‍ കാണും. ഇത് ജാലവിദ്യയിലെ ആദ്യ ഇനമാണെന്ന് കാണികള്‍ അപ്പോഴാണ് മനസിലാക്കുക. വേദിയില്‍ വന്ന മുസ്ലിം വൃദ്ധന്‍ പരിയാനം പറ്റയാണെന്നും, അതോടെ നീണ്ട കരഘോഷം ഉയരും.
ഒരു ശുദ്ധ ജാലവിദ്യയല്ലെങ്കിലും വാഴക്കുന്നം മെസ്മറിസം പ്രയോഗിച്ചിരുന്നു. നിരന്തരമായ അഭ്യാസത്തിലൂടെ മനഃശക്തി വളര്‍ത്തിയെടുക്കുകതന്നെയാണ് ഇതിനാവശ്യം. വാഴക്കുന്നത്തിന്റെ അഭിപ്രായത്തില്‍ ഒരു മജീഷ്യന് മനോമര്‍മ്മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ മാത്രമേ അറിഞ്ഞിരിക്കേണ്ടതുള്ളൂ. മാന്ത്രികര്‍ യഥാര്‍ത്ഥമായി ഹിപ്‌നോട്ടൈസ് ചെയ്യാറില്ലത്രെ. ഒരു ഹിപ്‌നോട്ടിക്ഛായ വരുത്താനേ ശ്രമിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇതിനു വിധേയമാക്കുന്നത് സ്വന്തം സംഘത്തില്‍പ്പെട്ട ഒരാളെയായിരിക്കും. വാഴക്കുന്നം കാണികളില്‍നിന്ന് ആരെയെങ്കിലും വിളിച്ചാണ് ഹിപ്‌നോട്ടിസം പ്രയോഗിച്ചിരുന്നത്. ഒരിക്കല്‍ ഇത്തരം സംഭവം അപകടത്തില്‍ കലാശിച്ചു.
പൊന്നാനിയില്‍ വെച്ചായിരുന്നു ഈ സംഭവം. അവിടെ ജാലവിദ്യ നിശ്ചയിച്ചപ്പോള്‍തന്നെ സംഘാടകരുമായി അഭിപ്രായവ്യത്യാസമുള്ള ഒരു വിഭാ ഗം, പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ചു. ഇത് വാഴക്കുന്നം അറിഞ്ഞിരുന്നില്ല. ഒരു വക്കീലിന്റെ മകനെയായിരുന്നു അവിടെ ഹിപ്‌നോട്ടൈസ് ചെയ്തത്. ഉറക്കംവരുന്നതിനുമുമ്പേതന്നെ ഉറങ്ങിയതായി നടിക്കാനും ചോദ്യങ്ങള്‍ക്ക് ധിക്കാരപരമായി മറുപടി പറയാനും എതിരാളികള്‍ കുട്ടിയോട് മുമ്പുതന്നെ ഏല്പിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കുസൃതിക്കാരനായ കുട്ടി മാന്ത്രികന്റെ ചോദ്യ ങ്ങള്‍ക്ക് അവഹേളനാപരമായി മറുപടി പറഞ്ഞു. ജനം കൂവാന്‍ തുടങ്ങി.
ചെറുപ്പം വിട്ടിട്ടില്ലാത്ത വാഴക്കുന്നത്തിന് ഇതൊരാദ്യാനുഭവമായിരുന്നു. അദ്ദേഹവും അല്പം നിയന്ത്രണം വിട്ട് കുട്ടിയെ ശക്തിയായി ഹിപ്‌നോട്ടൈസ് ചെയ്തു. പരിപാടി കഴിഞ്ഞിട്ടും കുട്ടി മാനസികമായി സാധാരണ നില കൈവരിച്ചില്ല. പഠിപ്പിച്ചിരുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞുനടക്കാന്‍ തുടങ്ങി കുട്ടി. ‘കുട്ടിയുടെ രക്ഷിതാവ് വാഴക്കുന്നത്തിന്റെ പേരില്‍ മാനനഷ്ടത്തിനു കേസ് കൊടുത്തു. അവസാനം കേസ് മധ്യസ്ഥതയില്‍ അവസാനിച്ചു. വാഴക്കുന്നം തന്നെ കുട്ടിയെ ചികിത്സിച്ചു ഭേദമാക്കുകയുമാണത്രെ ഉണ്ടായത്. ഇക്കാര്യം അദ്ദേഹത്തിന് മനോവിഷമത്തിനിടയാക്കി. അതിന് ശേഷം ഏതു സാഹചര്യത്തിലും മാന്ത്രികന്‍ മാനസികക്ഷോഭത്തിനു വിധേയനായി ഹിപ്‌നോട്ടിസം ചെയ്യരുതെന്ന് അദ്ദേഹം തന്റെ ശിഷ്യരെ ഓര്‍മ്മിപ്പിച്ചിരുന്നു.
ഒരു തികഞ്ഞ സായിബാബാഭക്തനായിരുന്നു പ്രൊഫസര്‍ വാഴക്കുന്നം. എന്നാല്‍ ശ്രീസായിബാബ ശൂന്യതയില്‍നിന്ന് വിഭൂതിയും, പ്രസാദങ്ങളും വരുത്തി വിതരണം ചെയ്യുന്നതില്‍ അദ്ദേഹത്തിന് വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. അതേസമയം ശ്രീസായിബാബ ഒരു സിദ്ധനാണെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
70 കളുടെ അവസാനം തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ ജാലവിദ്യ അവതരിപ്പിക്കാനെത്തിയ വാഴക്കുന്നം തിരുവനന്തപുരത്തെ മജീഷ്യന്‍സ് ്അസോസിയേഷന്റെ സ്ഥാപകനായ എം.പി. സദാശിവനുമായി (പ്രശസ്ത വിവര്‍ത്തകന്‍) സൗഹാര്‍ദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സംസാരം അന്തരീക്ഷത്തില്‍ നിന്ന് ഭസ്മമെടുക്കുന്ന ദിവ്യന്‍മാരെ കുറിച്ചായി. പിഴക്കുന്നു പറഞ്ഞു ‘ഭസ്മം കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം ? ഇതായിരുന്നെങ്കില്‍ തിന്നാമായിരുന്നു. എന്ന് പറഞ്ഞ് ശുന്യതയില്‍ കൈ കാണിച്ച് ഒരു ലഡ്ഡു എടുത്ത് സദാശിവന്റെ കയ്യില്‍ വെച്ചു കൊടുത്തു. കണ്ട് നിന്നവര്‍ അന്തം വിട്ടുപോയി.
വിപുലമായ ഒരു ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു പ്രൊഫസര്‍ വാഴക്കുന്നം. കേരളത്തിലെ പ്രധാന മജീഷ്യന്മാരില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ വാഴക്കുന്നത്തിന്റെ ശിഷ്യത്വം അവകാശപ്പെടുന്നതുതന്നെ മാന്ത്രിക ലോകം വലിയൊരു ബഹുമതിയായി കണക്കാക്കിയിരുന്നു. പ്രശസ്ത കാരക്ടര്‍ നടന്‍ പരിയാനമ്പറ്റ (കുഞ്ചുണ്ണി നമ്പൂതിരിപ്പാട്) ലോക പ്രസിദ്ധനായ ഐന്ദ്രജാലികന്‍ പരേതനായ മഞ്ചേരി ആലിഖാന്‍ എന്നിവര്‍ക്കു പുറമേ ഇന്ന് മാന്ത്രികലോകത്ത് പ്രമുഖരായ പ്രൊഫസര്‍ മുതുകാട്, ആര്‍. കെ. മലയത്ത്, ജോയ് ഒലിവര്‍, കുറ്റ്യാടി നാണു, കെ.എസ്. മനോഹരന്‍, കെ.ജെ. നായര്‍, രാഘവന്‍ മുതലായവരെല്ലാം വാഴക്കുന്നത്തിന്റെ ശിഷ്യപരമ്പരയില്‍ പെടുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും അയല്‍പ്രദേശക്കാരുമായി അദ്ദേഹത്തിനു ശിഷ്യപ്പെട്ടിട്ടുള്ളവര്‍ എത്രയോ അധികമുണ്ട്. ‘വാഴക്കുന്നത്തിനെ നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത അല്പവിഭവന്മാരായ മാന്ത്രികോപജീവക്കാര്‍ തങ്ങളുടെ പരിപാടികള്‍ക്കിടയില്‍ സന്ദര്‍ഭം ഉണ്ടാക്കി വാഴക്കു ന്നത്തോടുള്ള ശിഷ്യത്വം പ്രഖ്യാപിക്കുക അന്നൊരു സാധാരണ സംഭവമായിരുന്നു’ എന്ന് വാഴക്കുന്നത്തിന്റെ ജീവചരിത്രകാരന്‍ ഞായത്ത് ബാലന്‍ ”വാഴക്കുന്നത്തിന്റെ മാന്ത്രിക ലോകം’ (2001) എന്ന കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ജാലവിദ്യയെ മുഖ്യതൊഴിലായി കൊണ്ടുനടന്ന ഒന്നാമത്തെ മലയാളിയും പ്രൊഫസര്‍ വാഴക്കുന്നമാകും. കടുത്ത സാമ്പത്തികഞെരുക്കം ഉണ്ടായിരുന്നെങ്കിലും ടിക്കറ്റു വെച്ച് പ്രദര്‍ശനങ്ങള്‍ നടത്തി സ്വന്തമായി ലാഭമുണ്ടാക്കുന്ന രീതി ഒരിക്കലും അദ്ദേഹം സ്വീകരിച്ചില്ല. സാമൂഹിക സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ഗവണ്മെന്റിന്റെ പുതിയ പദ്ധതികളുടെയോ പ്രവര്‍ത്തനത്തിനു ഫണ്ട് ശേഖരിക്കാന്‍ ടിക്കറ്റുവെച്ച് പരിപാടികള്‍ അദ്ദേഹം പലപ്പോഴും നടത്തിയിട്ടുണ്ട്. നിരന്തരമായി ഒരു പ്രസ്ഥാനം പോലെ അങ്ങനെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. യാത്രാച്ചെലവിനും പരിപാടികളുടെ അത്യാവശ്യമായ മുതല്‍മുടക്കിനും മാത്രമുള്ള പ്രതിഫലമേ അത്തരം അവസരങ്ങളില്‍ സംഘാടകരില്‍നിന്ന് കൈപ്പറ്റാറുള്ളു. അതല്ലെങ്കില്‍ മുന്‍കൂട്ടി ഒരു നിശ്ചിതസംഖ്യ ആവശ്യപ്പെടും.
കേരളം മുഴുവനും തെക്കേ ഇന്ത്യയിലെ മിക്കപട്ടണങ്ങളിലും തന്റെ ജാലവിദ്യാ പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ഒരിക്കല്‍ പരിപാടികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ചു. വടക്കേ മലബാറിലെ സുപ്രസിദ്ധമായ തളിപ്പറമ്പ് ക്ഷേത്രത്തിലെ കൊട്ടില്‍മാടത്തില്‍വെച്ചാണ് ‘ജാലവിദ്യാ വിദഗ്ദ്ധന്‍ പ്രൊഫസര്‍ വാഴക്കുന്നം’ എന്ന ബഹുമതി അദ്ദേഹത്തിന് നല്കി. ക്ഷേത്രത്തില്‍വെച്ചുള്ള ജാലവിദ്യാപ്രദര്‍ശനത്തിനുശേഷം അവിടത്തെ മേല്‍ശാന്തി ഒരു വീരശൃംഖല അണിയിച്ചാണ് ഈ ബഹുമതി നല്കിയത്. പില്ക്കാലത്ത് പല പ്രശസ്ത വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്വര്‍ണ്ണമെഡലുകളും പുരസ്‌കാരങ്ങളും വാഴകുന്നത്തിന് ലഭിച്ചിട്ടുണ്ട്.
ജാലവിദ്യ ആദ്യമായി ആവശ്യപ്പെട്ട് ഒരു പൊതുവേദിയില്‍ അവതരിപ്പിച്ചത് പട്ടാമ്പിക്കടുത്തുള്ള ഓങ്ങല്ലൂരിലെ പ്രസിദ്ധമായ ഗണപതിക്ഷേത്രത്തില്‍വെച്ചായിരുന്നു. എന്നാല്‍ വാഴക്കുന്നത്തിന്റെ ജാലവിദ്യാപ്രകടനം അരങ്ങേറിയത് ഗുരുവായൂര്‍ കിഴക്കേ നടയിലും. അവസാന കാലത്ത് ഒരു രാത്രി അദ്ദേഹത്തിന് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി: ഉണ്ണിയായ ഗുരുവായൂരപ്പന്‍ വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിയുടെ അടുക്കലെത്തി ചോദിച്ചു: ‘ഈ ചെപ്പ്എനിക്കു തരുമോ?” മായാജാലക്കാരന്‍മാരുടെ മായാജാലക്കാരനായ ഭഗവാന്‍ തന്നോട് വന്നു മാന്ത്രിക ചെപ്പു ചോദിച്ചിരിക്കുന്നു. അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ മാന്ത്രിക ചെപ്പുമായി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ആ മാന്ത്രിക ചെപ്പ് ഭഗവാന് തിരുമുല്‍ക്കാഴ്ച വച്ചു, ഒപ്പം വാഴക്കുന്നത്തിന്റെ മനസ്സും.
തന്റെ സുദീര്‍ഘമായ കലാജീവിതത്തില്‍ പ്രൊഫ. വാഴക്കുന്നത്തിന് താന്‍ ഏറ്റ പരിപാടിക്ക് എത്താന്‍ കഴിയാതെപോയത് ഒരൊറ്റത്തവണ മാത്രമാണ്. 1983 മാര്‍ച്ച് മാസത്തില്‍ കാസര്‍ഗോട്ട് ഒരു പരിപാടി നടത്താമെന്നു സമ്മതിച്ചിരുന്നു. അഡ്വാന്‍സും കൈപ്പറ്റിയിരുന്നു. ആ ഫെബ്രുവരി എട്ടാം തീയതി അദ്ദേഹത്തിന്റെ 80-ാം പിറന്നാളായിരുന്നു. പിറ്റേന്നാള്‍ ജാലവിദ്യാപ്രേമികളെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഈ മായിക ലോകത്തില്‍നിന്ന് എന്നെന്നേക്കുമായി അദ്ദേഹം വിടവാങ്ങി.
1983 ഫെബ്രുവരി 9-ന് വാഴക്കുന്നം ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആണ്ടുതോറും ഫെബ്രുവരി 9 ന് കേരളത്തില്‍ പലയിടങ്ങളിലും മായാജാല മത്സരങ്ങള്‍ നടത്താറുണ്ട്.
Content Summary: Today is the birth anniversary of the legendary magician Vazhakunnam Neelakandan Namboothirippadu
This post was last modified on February 8, 2026 10:07 am
Leave a Comment