എംജിആറിനു ശേഷം, ജയലളിത അദ്ദേഹത്തിന്റെ പാരമ്പര്യം ഏറ്റെടുക്കുക മാത്രമല്ല ചെയ്തത് – മറ്റൊരു എംജിആര്‍ ആകുക, എല്ലാത്തിലും വിജയിക്കുക എന്ന അവരുടെ ജീവിതാഭിലാഷം നിറവേറ്റി. സംസ്ഥാന രാഷ്ട്രീയത്തില്‍ ജയലളിത തനിക്കായി ഒരു അതുല്യമായ ഇടം തന്നെ സൃഷ്ടിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തെന്നിന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീയെന്നറിയപ്പെട്ട, തമിഴ് മക്കള്‍ ‘അമ്മ’ എന്ന് വിളിച്ച ജയലളിതയുടെ ചരമ വാര്‍ഷികമാണ് ഇന്ന്.
മുപ്പത്തൊന്ന് വര്‍ഷം മുന്‍പ്, 1994 ല്‍ തമിഴ്‌നാട്ടില്‍ പുതിയതായി റിലീസ് ചെയ്ത ‘കാതലന്‍’ എന്ന തമിഴ് ചലച്ചിത്രം തെന്നിന്ത്യയിലെ സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറച്ചു. സൂപ്പര്‍ മെഗാ ഹിറ്റായ ഈ പടം നിര്‍മ്മിച്ചത് മലയാളിയായ കെ.ടി. കുഞ്ഞുമോനാണ്. അതിലെ അഭിനേതാക്കള്‍ അന്നത്തെ സൂപ്പര്‍ നായകമാരോ പതിവ് രീതിയിലുള്ള പ്രതിനായകന്മാരോ ആയിരുന്നില്ല. റാപ്പിന്റെ അകമ്പടിയോടെയുള്ള അതിലെ ഗാനങ്ങള്‍ തമിഴ് സംഗീത ലോകത്തെ മൊത്തം ആവേശിച്ചു മയക്കിക്കളഞ്ഞു.
”മുക്കാലാ മുക്കാ ബലാ” ”ഉര്‍വശി, ഉര്‍വശി, ടേക്ക് ഇറ്റ് ഈസി” എന്നവളെ” തുടങ്ങിയ കാതലനിലെ ഗാനങ്ങള്‍ തെന്നിന്ത്യ മുഴുവന്‍ അലയടിച്ചു. പിന്നീട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ ശില്‍പ്പിയായ ഷങ്കര്‍ എന്ന സംവിധായകനും, തെന്നിന്ത്യയിലെ അനിഷേധ്യനായ സംഗീത സംവിധായകന്‍ ഇസേജ്ഞാനി ഇളയരാജയെ പിന്നിലാക്കി തമിഴില്‍ ന്യൂജെന്‍ സംഗീതത്തിന്റെ വഴി തുറന്ന എ.ആര്‍. റഹ്‌മാന്‍ നായകനായി അഭിനയിച്ച കൊറിയോഗ്രാഫര്‍ പ്രഭുദേവ, പിന്നീട് ദീര്‍ഘകാലം തമിഴ് കോമഡി രംഗം അടക്കിവാണ നടന്‍ വടിവേലു, വ്യത്യസ്ത വേഷത്തില്‍ അഭിനയിച്ച ഗായകനായ എസ്.പി. ബാലസുബ്രഹ്‌മണ്യം’. പ്രതിനായകനായി വന്ന ഗിരീഷ് കര്‍ണ്ണാട് എന്നിവര്‍ ചേര്‍ന്ന് കാതലനെ തികച്ചും ഒരു ജനപ്രിയ സൂപ്പര്‍ എന്റര്‍ടൈനര്‍ ചിത്രമാക്കി മാറ്റി. തെക്കെ ഇന്ത്യയിലെ സിനിമാ പ്രേക്ഷകര്‍ അപ്പാടെ അത് ഏറ്റുവാങ്ങി.
തമിഴ് നാടിനെ ആവേശിച്ച, ഈ ‘കാതലന്‍ ബാധ’യില്‍ സഹികെട്ട് പ്രശസ്ത എഴുത്തുകാരന്‍ ജയമോഹന്‍ തന്റെ ലേഖനത്തില്‍ എഴുതി.
”ഊര്‍വശി ഊര്‍വശി? റ്റേകിറ്റ് ഈസി! ഊര്‍വശി!’ എന്ന ശബ്ദം ബാധപോലെ തമിഴകത്തെ കയറിപ്പിടിക്കുകയായിരുന്നു. ഏത് കാട്ടില്‍ കയറി ഒളിച്ചാലും രക്ഷയില്ല. മലയാളികളെയും കുഞ്ഞുമോന്‍ വെറുതെ വിട്ടിരിക്കാനിടയില്ല. രാത്രി പെട്ടെന്ന് ഉറക്കമുണര്‍ന്നാല്‍, അപ്പോഴും ഏതോ വിദൂരതയില്‍ നിന്ന് ആ ശബ്ദം ഒഴുകിയെത്തും. ഏറ്റവും വലിയ പ്രശ്‌നം നമ്മള്‍ തന്നെ അറിയാതെ അതിന്റെ ഈരടികള്‍ പാടിപ്പോവുന്ന അവസ്ഥ തന്നെ”
കാതലന്‍ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന് മറ്റൊരു പ്രധാന റോളുകൂടി തമിഴ്‌നാട്ടിലുണ്ടായി.
തമിഴ് നാട്ടിലെ തിയേറ്ററുകളില്‍ കാതലന്‍ നിറഞ്ഞോടുമ്പോള്‍ രാഷ്ട്രീയ രംഗത്ത് മറ്റൊരു പ്രധാന സംഭവം നടക്കുന്നുണ്ടായിരുന്നു. ചെന്നെയിലെ ഗിണ്ടി പാര്‍ക്കിനടുത്തെ തമിഴ് നാട് ഗവര്‍ണ്ണറുടെ വസതിയിലിരുന്ന് കാതലന്‍ സിനിമാ വിശേഷം കേട്ട് ഗവര്‍ണര്‍ ചെന്ന റെഡ്ഢി ദേഷ്യം കൊണ്ട് അടിമുടി വിറച്ച് പല്ല് ഞെരിക്കുകയായിരുന്നു. അതിന് കാരണം കാതലന്‍ സിനിമയിലെ ‘വില്ലന്‍ കഥാപാത്രം ഒരു ഗവര്‍ണ്ണറാണ് – പേര് ‘കാകര്‍ല സത്യനാരായണ മൂര്‍ത്തി’ ഈ സിനിമയില്‍ തന്റെ സംസ്ഥാനത്തെ ജനങ്ങളെ തീവ്രവാദികളെ ഉപയോഗിച്ച് ബോംബ് വെച്ച് കൊലപ്പെടുത്തുക, കൊല്ലപ്പെടാന്‍ പോകുന്ന ജനങ്ങള്‍ക്ക് ബലി പിണ്ഡം വെയ്ക്കുക ഇത്യാദി ക്രൂര നടപടികള്‍ ചെയ്യുന്ന ഗവര്‍ണറാണ് സത്യമൂര്‍ത്തി. അഭിനയിക്കുന്ന നടന്റെ രൂപവും ഏകദേശം ചെന്ന റെഡ്ഡിയെ പോലെ ഇത് പോരേ ഗവര്‍ണ്ണര്‍ ചെന്ന റെഡ്ഡിയെ ക്രുദ്ധനാക്കാന്‍.
ഗവര്‍ണ്ണര്‍ പദത്തിനപ്പുറം ആരാണ് ഡോക്ടര്‍ ചെന്ന റെഡ്ഡി ?
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍, ജവഹര്‍ലാല്‍ നെഹ്രുവിന്റെ യുവത്വത്തിലെ പ്രൗഢിയും ആക്രമണാത്മകതയിലും ആകൃഷ്ടനായാണ് ചെന്ന റെഡ്ഡി കോണ്‍ഗ്രസ്സില്‍ എത്തുന്നത്. 1950-1952 കാലഘട്ടത്തില്‍ നെഹ്റു അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി വിപ്പായി നിയമിച്ചു. മാരി ചെന്ന റെഡ്ഡി ആന്ധ്ര രാഷ്ട്രീയത്തിലെ ഒരു നിത്യവിമതനായിരുന്നു. ഏത് പാര്‍ട്ടിയായാലും ഏത് നേതാവായാലും അദ്ദേഹം ഒരിക്കലും തന്റെ തീരുമാനത്തിനപ്പുറം ഒന്നും സ്വീകരിച്ചില്ല. എതിരാളികളെ അദ്ദേഹം നിരന്തരം വെല്ലുവിളിച്ചു, 1969-ലെ തെലങ്കാന പ്രക്ഷോഭത്തിനിടയില്‍ യുവാക്കള്‍ അദ്ദേഹത്തിന് ചുറ്റും അണിനിരന്നപ്പോഴാണ് റെഡ്ഡിയുടെ സ്വാധീനം ഡല്‍ഹി ഭരണകൂടം അറിഞ്ഞത്. വിട്ടുവീഴ്ചകളൊന്നും സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം ഇന്ദിരാഗാന്ധിയെ എതിര്‍ത്തു. ഒടുവില്‍ പ്രക്ഷോഭം അവസാനിപ്പിച്ച് അദ്ദേഹം ഉത്തര്‍പ്രദേശ് ഗവര്‍ണറായി. പിന്നെയും ആന്ധ്രയില്‍ തിരിച്ചെത്തി.
1980-ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ചെന്ന റെഡ്ഡി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നൊരു പുതിയ പാര്‍ട്ടി സ്ഥാപിച്ചെങ്കിലും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം അദ്ദേഹം ശരദ് പവാറിനൊപ്പം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. ആന്ധ്ര രാഷ്ട്രീയത്തിലെ അതികായനായ ചെന്ന റെഡ്ഡി കോണ്‍ഗ്രസ്സിന് ആന്ധ്രയില്‍ നിത്യ ശല്യവും തലവേദനയുമായതോടെ ആന്ധ്രയിലെ മുതിര്‍ന്ന നേതാവായ പി.വി. നരസിംഹ റാവു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ചെന്ന റെഡ്ഡിയെ ഗവര്‍ണ്ണറാക്കി തമിഴ് നാട്ടിലേക്ക് നാടുകടത്തി. ചെന്ന റെഡ്ഡിയെപ്പോലെ അത്തരമൊരു സര്‍വ്വശക്തന്‍ ഏതാണ്ട് അതേ ഉറച്ച വ്യക്തിത്വമുള്ള ജയലളിതയുമായി എറ്റുമുട്ടേണ്ടി വന്നത് സ്വാഭാവികം.
1991 ല്‍ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ ഡോ. ജയലളിത ജയറാമും തമിഴ് നാടിന്റെ ഗവര്‍ണറായ ഡോ. എം. ചെന്ന റെഡ്ഡിയും ഭരണം തുടങ്ങിയതു മുതല്‍ സ്വരചേര്‍ച്ചയില്ലാതെയാണ് മുന്നോട്ട് പോയത്. അധികാരമേറ്റത് മുതല്‍, രണ്ട് അഹങ്കാരികളായ വ്യക്തികളും യുദ്ധപാതയിലായി. ചെന്ന റെഡ്ഡിയും ജയലളിതയും പരസ്പര അവിശ്വാസം പുലര്‍ത്തുന്നു എന്നതാണ് പ്രശ്‌നത്തിന്റെ മൂലകാരണം. മുഖ്യമന്ത്രി ജയലളിത ചെന്ന റെഡ്ഡിയെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ആയുധമായി കണ്ടു. കേന്ദ്രം തമിഴ്നാട്ടിലേക്ക് സര്‍ക്കാരിനെ പുറത്താക്കാന്‍ അയച്ചിരിക്കുന്ന വ്യക്തി എന്ന വിശ്വാസത്തിലാണ് ജയലളിത ഗവര്‍ണ്ണറെ കണ്ടത്.
ജയലളിത തന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ചെന്ന റെഡ്ഡി കരുതി. ഫലം പരസ്പരം ശത്രുതാപരമായ പത്രക്കുറിപ്പുകളിലൂടെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തുടരെ ഏറ്റുമുട്ടി. ജയലളിത റെഡ്ഡിയുടെ ചില അധികാരങ്ങള്‍ എടുത്തുകളയാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള, അനിയന്ത്രിതമായ പോരാട്ടം അതിന്റെ പാരമ്യത്തിലെത്തി.
ചെന്ന റെഡ്ഡിയും ജയലളിതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉടലെടുത്തത് വളരെ പെട്ടെന്നായിരുന്നു. ചെന്ന റെഡ്ഡി ജയലളിതയെ രാജ്ഭവനിലേക്ക് വിളിപ്പിക്കുകയും അവരുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം ശാസനകളൊന്നും പരിചിതമല്ലാത്ത ജയലളിത ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ അവര്‍ പുറത്തുവന്ന് പ്രതിക്രിയകള്‍ ആരംഭിച്ചു.
ആദ്യം തന്നെ ഗവര്‍ണറുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാനും, സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഓഡിറ്റോറിയങ്ങളിലും അദ്ദേഹത്തിന്റെ പരിപാടികള്‍ നടത്തുന്നത് നിരോധിക്കാനും, ഗവര്‍ണറുടെ യാത്രകളിലെ സുരക്ഷ കുറയ്ക്കാനും ജയലളിത എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാമൊഴിയായി ഉത്തരവുകള്‍ നല്‍കി. ഗവര്‍ണര്‍ പ്രസംഗിച്ച മദര്‍ തെരേസ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രോ-ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ സെക്രട്ടറിയെയും സര്‍ക്കാര്‍ തടഞ്ഞു.
ഏറെ താമസിയാതെ ജയലളിത ഒരു കടുത്ത പ്രയോഗം നടത്തി സംസ്ഥാന ഗവര്‍ണര്‍ ഭരണഘടന പ്രകാരം ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വൈസ് ചാന്‍സലറായിരിക്കും. എന്നാല്‍ തമിഴ് നാട്ടിലെ എല്ലാ സര്‍വകലാശാലകളെയും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാക്കുന്ന ഒരു ബില്‍ നിയമ സഭ പാസാക്കി, അതുവഴി ചെന്ന റെഡ്ഡിയുടെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനം ഇല്ലാതായി. കൂടാതെ ചീഫ് സെക്രട്ടറിയടക്കമുള്ള ഭരണ സംവിധാനത്തിലെ ഉന്നതര്‍ രാജ്ഭവനില്‍ പോകേണ്ടതില്ലെന്ന് വാക്കാല്‍ ജയലളിത കല്‍പ്പനയിട്ടു. അമ്മയുടെ കല്‍പ്പന കല്ലേ പിളര്‍ക്കും ! ഫലം രാജ്ഭവന്റെ പരിസരത്തില്‍ കൂടി പോകാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടില്ല. ഗവര്‍ണ്ണറും ഉദ്യോഗസ്ഥരും മാത്രമായ ശൂന്യമായ രാജഭവനിലിരുന്ന് ചെന്ന റെഡ്ഡി കലിമൂത്ത് ഇരിക്കുമ്പോഴാണ് ഈ കാതലന്‍ സിനിമയുടെ വരവ്.
എ.ഐ.എ.ഡി.എം.കെയുടെ കേരളത്തിലെ പാര്‍ട്ടിയംഗമാണെന്ന് അവകാശപ്പെട്ട കാതലന്‍ സിനിമയുടെ നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന്‍, ജയലളിതയെ പ്രീതിപ്പെടുത്താനായി മുഖ്യമന്ത്രി – ഗവര്‍ണ്ണര്‍ യുദ്ധം തിരക്കഥയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ ഗവര്‍ണറാക്കുകയും, ചെന്ന റെഡ്ഡിയുടെ രൂപ സാദൃശ്യമുള്ള, മികച്ച നടനായ ഗിരീഷ് കര്‍ണാടിനെ ആ വേഷത്തിന് തെരഞ്ഞെടുക്കുകയും ചെയ്തു.
കാതലന്‍ ചിത്രം സെന്‍സര്‍ സ്‌ക്രീനിംഗിന് കഴിഞ്ഞശേഷം, അപ്രതീക്ഷിതമായി ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നിര്‍മ്മാതാവിന് ഫോണ്‍ കോള്‍ ലഭിച്ചു, സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് വിളിച്ച വ്യക്തി ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാവ് കുഞ്ഞുമോന്‍ അത് അവഗണിച്ച് ജയലളിതയുടെ പിന്തുണയോടെ, സിനിമ ഒരു കട്ട് പോലും ഇല്ലാതെ പടം റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കായി ഒരു സ്വകാര്യ പ്രദര്‍ശനം നടത്തുകയും, ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെ തമിഴ് നാട് ഗവര്‍ണറെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി. അന്‍ബരസ് മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ആ ഹര്‍ജി സ്വീകരിച്ചു. പക്ഷേ, ഫലം കണ്ടില്ല. ജയലളിത ശക്തമായി നിര്‍മ്മാതാവ് കുഞ്ഞുമോനെ പിന്തുണച്ചു, പടത്തിലെ ഒരു രംഗവും നീക്കം ചെയ്തില്ല. ആ യുദ്ധത്തില്‍ തോറ്റ ചെന്ന റെഡ്ഡി അടുത്ത നീക്കത്തിനായി ഒരുങ്ങുമ്പോഴേക്കും അപ്രതീക്ഷിതമായി മരണമടഞ്ഞു. ഹൈദ്രാബാദില്‍ ഒരു സ്വകാര്യ സന്ദര്‍ശത്തിന് പോയ വേളയില്‍ ചെന്ന റെഡ്ഡി അവിടെ വെച്ച് അന്തരിച്ചു. അതോടെ ആ യുദ്ധം അവസാനിച്ചു.
ജയലളിതയുടെ അനുഭവങ്ങളെയും തന്നിഷ്ടത്തേയും ഒരു മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഇങ്ങനെ സംഗ്രഹിച്ചു: ‘ഞാന്‍ മുഖ്യമന്ത്രിയാകും അല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ ഉറങ്ങും എന്നതാണ് അവരുടെ മനോഭാവം.’ എഐഎഡിഎംകെയിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവര്‍ ഉണരുമ്പോള്‍ ആരംഭിക്കുന്നു എന്നതാണ് വസ്തുത. ദീര്‍ഘനേരം ഉറങ്ങുകയും, തുടര്‍ന്ന് ഇടയ്ക്കിടെ ഉണര്‍ന്ന് കലാപങ്ങള്‍ സൃഷ്ടിക്കുന്നു.”
ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഗോസിപ്പ് കേന്ദ്രങ്ങളെ ഇളക്കിമറിച്ചു കൊണ്ടായിരുന്നു. 1982 ജൂണ്‍ 4 ന് അവര്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത് പ്രതീക്ഷിച്ച ഒരു നീക്കത്തിന്റെ അവസാനമായിരുന്നു. അന്ന് ജീവിച്ചിരിക്കുന്ന സജീവ രാഷ്ട്രീയത്തില്‍ കഴുകിയ ‘തമിഴ് ദൈവം’ എം.ജി.ആറുമായി അവര്‍ വളരെ അടുപ്പത്തിലായിരുന്നു. 28 സിനിമകളില്‍ അവര്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരുന്നതിന് രണ്ട് വര്‍ഷം മുമ്പ് അവര്‍ എം.ജി.ആറിന്റെ തീരുമാനങ്ങളില്‍ അവര്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും ഒരു കഥ പ്രചരിച്ചിരുന്നു. പഠനത്തിലായാലും ജീവിതത്തിലായാലും പരാജയം ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത ജയലളിത ഒരിക്കല്‍ പറഞ്ഞു: ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും വിജയിക്കണം എന്ന ഒരുതരം നിശ്ചയദാര്‍ഢ്യം എനിക്കുണ്ട്.”
അവരുടെ ജീവിതത്തില്‍ തമിഴ് സിനിമയ്ക്ക് അവര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന അവരുടെ പേരിന്റെ മുമ്പില്‍ ചേര്‍ത്ത ‘ജയ’ എന്നായിരുന്നു.
സിനിമാലോകം, പ്രത്യേകിച്ച് നടികള്‍, തങ്ങളുടെ ചലച്ചിത്ര വിജയത്തിന് അവരുടെ ആ ‘ശുഭകരമായ’ പേരാണ് ഉപയോഗിച്ചത്. അതുകൊണ്ട് ജയ എന്ന പേര് പിന്നീട് ദക്ഷിണേന്ത്യയിലെ അര ഡസന്‍ നായികമാരുടെ പേരിന് മുമ്പില്‍ ഇടംനേടി. ജയപ്രദ, ജയസുധ, ജയചിത്ര, ജയമാലിനി തുടങ്ങിയവര്‍ അവരെല്ലാം ഒരിക്കലെങ്കിലും വിജയിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മുന്‍നിരയിലെത്തി.
ഇതേക്കുറിച്ച് ജയലളിത ഒരിക്കല്‍ ആത്മവിശ്വാസത്തോടെ, ്അഭിമാനത്തോടെ പറഞ്ഞു.
”എന്റെ കുടുംബപ്പേര് ജയ എന്നാണ്. സിനിമയിലെ യഥാര്‍ത്ഥ ജയ ഞാനാണ് മറ്റുള്ളവരെല്ലാം വെറും പകര്‍പ്പുകളാണ്.”
ഇന്ദിരാ ഗാന്ധിക്ക് ശേഷമുള്ള കാലഘട്ടത്തില്‍, തന്റെ ഭരണകാലത്ത് സ്വന്തം ഇഷ്ടപ്രകാരം സര്‍ക്കാരുകളെ താഴെയിറക്കാന്‍ കഴിവുള്ള, അധികാരത്തിന്റെയും സ്ഥാനത്തിന്റെയും പേരില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അഭിനന്ദിക്കുകയും അസൂയപ്പെടുകയും ചെയ്യുന്ന മൂന്ന് സ്ത്രീകളെ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. മമത ബാനര്‍ജി, മായാവതി, ജയലളിത.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ‘അമ്മ’ ജയലളിതയെപ്പോലെ ആരാധിക്കപ്പെടുകയും അലങ്കരിക്കപ്പെടുകയും ചെയ്ത മറ്റൊരാളില്ല. തമിഴ് സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താര പദവിയില്‍ നടിയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രിയിലേക്കുള്ള ജയലളിതയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഗ്ലാമര്‍ രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തില്‍ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അതിരുകള്‍ മങ്ങിക്കൊണ്ടിരിക്കുന്ന, രാഷ്ട്രീയത്തിലെ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ജയലളിതാ ജയറാമിന്റെ കഥ ആരംഭിക്കുന്നത്.
മൈസൂറില്‍ കുടുംബവൃത്തങ്ങളില്‍ അമ്മു എന്നറിയപ്പെടുന്ന ജയലളിത, അയ്യങ്കാറുകളുടെ ഒരു പണ്ഡിത കുടുംബത്തിലാണ് ജനിച്ചത്. മുത്തച്ഛന്‍ നരസിംഹാചാര്‍ രംഗാചാര്‍ മൈസൂര്‍ രാജകുടുംബത്തിലെ ഒരു മെഡിക്കല്‍ ഡോക്ടറായിരുന്നു. മാതൃപിതാവ് രംഗസ്വാമി അയ്യങ്കാര്‍ ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍ ജയറാം രംഗാചാര്‍ അഭിഭാഷകനായി യോഗ്യത നേടിയിരുന്നെങ്കിലും കോടതിയില്‍ പോയി പ്രാക്ടീസ് ചെയ്തിരുന്നില്ല. അദ്ദേഹം കുടുംബത്തിന്റെ സമ്പത്ത് ധൂര്‍ത്തടിച്ച് പാഴാക്കി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. അന്ന് ജയലളിതയ്ക്ക് രണ്ട് വയസ്സായിരുന്നു, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് മാസികകള്‍ക്കായി എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍, അവര്‍ പിതാവിന്റെ ദുരന്ത ജീവിതം വ്യക്തമായി ഓര്‍മ്മിച്ചു.
26-ാം വയസ്സില്‍ വിധവയായ വേദവല്ലി മകനെയും മകളെയും കൂട്ടി മാതാപിതാക്കള്‍ താമസിച്ചിരുന്ന ബാംഗ്ലൂരിലേക്ക് താമസം മാറി. അവര്‍ ഒരു ടൈപ്പിസ്റ്റായി ജോലി ചെയ്യാനാരംഭിച്ചു. മദ്രാസില്‍ അവരുടെ സഹോദരി അംബുജവല്ലി നാടകങ്ങളിലും സിനിമകളിലും ഇടയ്ക്കിടെ അഭിനയിച്ചിരുന്നു. അംബുജത്തിന്റെ പ്രേരണയാല്‍ വേദവല്ലി തന്റെ കുട്ടികളെ ബാംഗ്ലൂരില്‍ ഉപേക്ഷിച്ച് 1953 ല്‍ സിനിമകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മദ്രാസിലേക്ക് താമസം മാറി. ഇരുവരും പുതിയ പേരുകള്‍ സ്വീകരിച്ചു. അംബുജം വിദ്യാവതിയും വേദവല്ലി സന്ധ്യയുമായി.
സന്ധ്യ മകളെ ആദ്യം ബാംഗ്ലൂരിലെ ബിഷപ്പ്‌സ് കോട്ടണ്‍സിലും പിന്നീട് മദ്രാസിലെ സേക്രഡ് ഹാര്‍ട്ട് (ചര്‍ച്ച് പാര്‍ക്ക്‌സ് സ്‌കൂള്‍) സ്‌കൂളിലും ചേര്‍ത്തു. എല്ലാ സ്‌കൂള്‍ പരീക്ഷകളിലും ജയ ഒന്നാമതെത്തി. കോളേജ് വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട അവര്‍ മദ്രാസിലെ സ്റ്റെല്ല മേരീസ് കോളേജില്‍ പോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. അപ്പോഴാണ് വിധി ഇടപെട്ടത്.
സാമ്പത്തികമായി ബുദ്ധിമുട്ടിയ, സിനിമയിലെ തന്റെ ജോലിയുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന സന്ധ്യ, ജയലളിതയെ സിനിമാ ലോകത്തേക്ക് ആനയിക്കാന്‍ തീരുമാനിച്ചു. തനിക്ക് കഴിയാത്തത്, അഭിനയവേദി കീഴടക്കാന്‍ തന്റെ മകള്‍ക്ക് കഴിയുമെന്ന് അവര്‍ വിശ്വസിച്ചു.
അമ്മയോടൊപ്പം ജയലളിതയും വൈ.ജി. പാര്‍ത്ഥസാരഥി സംവിധാനം ചെയ്ത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. 1964-ല്‍ ശിവാജി ഗണേശന്‍ അഭിനയിച്ച കര്‍ണന്‍ എന്ന സിനിമയില്‍ അവരുടെ അമ്മ ഒരു വേഷം ചെയ്തു, ഒരു ബ്ലോക്ക്ബസ്റ്ററായി മാറിയ ആ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി നടന്ന ഒരു ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ബി.ആര്‍. പന്തുലു യാദൃശ്ചികമായി ജയലളിതയെ കണ്ടുമുട്ടി. പന്തുലു തന്റെ അടുത്ത ചിത്രത്തിലേക്ക് നായിക ഇവര്‍ തന്നെയെന്ന് പ്രഖ്യാപിച്ചതോടെ ജയലളിതയെന്ന അഭിനേത്രി വെള്ളിത്തിരയിലേക്ക് ഉയര്‍ന്നു.
പന്തുലുവിന്റെ കന്നഡ ചിത്രമായ ചിന്നട ഗോംബെയില്‍ തന്റെ കൗമാരക്കാരിയായ മകളെ നായികയായി അവതരിപ്പിക്കാന്‍ സന്ധ്യ സമ്മതിച്ചു, അങ്ങനെ, രണ്ട് പതിറ്റാണ്ട് നീണ്ട ഒരു സിനിമാജീവിതം അതോടെ ആരംഭിച്ചു. 140 ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു. ജയലളിത വില്യം ഷേക്‌സ്പിയറിന്റെ കടുത്ത ആരാധികയായിരുന്നു. ഇംഗ്ലീഷ്, തമിഴ് ഇതിഹാസങ്ങളില്‍ നിന്ന് അവര്‍ ഖണ്ഡികള്‍ അനായാസം ഉദ്ധരിച്ചു. ഷൂട്ടിങ്ങിനിടയിലെ , ഇടവേളകളില്‍ കയ്യില്‍ ഒരു പുസ്തകവുമായി വായിക്കാനായി തന്റെ വാഹനത്തിലേക്ക് കയറും.
തമിഴ് സിനിമയുടെ ഏറ്റവും വലിയ താരമായ എംജിആര്‍ എന്നറിയപ്പെടുന്ന എംജി രാമചന്ദ്രന്‍ അവരെ ശ്രദ്ധിക്കുന്നത് വളരെ കുറച്ചു സമയത്തിനു ശേഷമാണ്. 1965-ല്‍, തന്നേക്കാള്‍ 30 വയസ്സ് കൂടുതലുള്ള എംജിആറിനൊപ്പം ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ജയലളിതയെ നായികയായി തിരഞ്ഞെടുത്തു. അത് അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു. ഒരു രജത ജൂബിലി ഹിറ്റായ ഈ ചിത്രം ഒരു കള്‍ട്ട് ക്ലാസിക് ആയി മാറി. എംജിആറുമായുള്ള ഈ ബന്ധം ജയലളിതയുടെ ഭാവി രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടു.
1970 കളില്‍, അവരുടെ സിനിമാ ജീവിതം മങ്ങിയ വേളയില്‍ അക്കാലത്തെ പ്രമുഖ തമിഴ് മാസികകളില്‍, തുഗ്ലക്കിലും ബൊമ്മൈയിലും അവര്‍ കോളങ്ങള്‍ എഴുതി. കുമുദത്തില്‍ അവരുടെ ഓര്‍മ്മകളുടെ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അവരുടെ ചെറുകഥകള്‍ കല്‍ക്കിയില്‍ പ്രത്യക്ഷപ്പെട്ടു. 1980 കളില്‍, അവര്‍ നോവലെഴുതാനാരംഭിച്ചു. ഒരു ഇംഗ്ലീഷ് മാസികയ്ക്കുവേണ്ടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കിയതായി അവര്‍ കല്‍ക്കിയുടെ എഡിറ്ററോട് പറഞ്ഞു. ആ എഡിറ്റര്‍ അത് തമിഴിലേക്ക് മാറ്റാന്‍ അവളെ പ്രേരിപ്പിച്ചു, അതിന്റെ ഫലമായി ‘ഉറവിന്‍ കൈഡിഗല്‍ (ഒരു ബന്ധത്തിന്റെ തടവുകാര്‍) എന്ന നോവല്‍ പുറത്തിറങ്ങി. സൂപ്പര്‍ താരം രജനീകാന്തിന്റെ ഭാര്യ ലതയുടെയും സ്‌നേഹബന്ധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയലളിത ഇത് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായുള്ള ജയലളിതയുടെ ബന്ധം പില്‍ക്കാലത്ത് അത്ര സുഗമമല്ലാതായി. ജയലളിതയ്ക്കെതിരായ തന്റെ രാഷ്ട്രീയ നിലപാടിനെ രൂപപ്പെടുത്തിയ ഒരു നിര്‍ണായക സംഭവത്തെ കുറിച്ച് രജനീകാന്ത് ഈയിടെ തുറന്നുപറഞ്ഞു, അത് വളരെ അസ്വസ്ഥവും മറക്കാനാവാത്തതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രിയും പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവുമായ ആര്‍എംവി എന്നറിയപ്പെടുന്ന ആര്‍എം വീരപ്പനെ അനുസ്മരിച്ചുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ 74 കാരനായ രജനികാന്ത് ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചു. 1995 ല്‍ തന്റെ ‘ബാഷ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നൂറാം ദിനാഘോഷ വേളയില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദത്തെക്കുറിച്ച് രജനീകാന്ത് തുറന്നു പറഞ്ഞു. അന്ന് കാബിനറ്റ് മന്ത്രിയായിരുന്ന ആര്‍എംവി വേദിയിലിരിക്കെ, ‘ബോംബ് സംസ്‌കാരം’ എന്ന് പ്രസംഗത്തില്‍ താന്‍ പരാമര്‍ശിച്ചത് ഒരു രാഷ്ട്രീയ പ്രത്യാഘാതത്തിന് കാരണമായെന്ന് നടന്‍ വെളിപ്പെടുത്തി. ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവം തമിഴ് നാടിന് അപമാനകരമായി എന്നതായിരുന്നു രജനി ഓര്‍മിപ്പിച്ചത്.
‘അദ്ദേഹത്തെക്കുറിച്ച് (ആര്‍.വി. വീരപ്പനെ) സംസാരിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്… ബാഷ 100-ാം ദിവസം പിന്നിട്ട ആഘോഷ പരിപാടിയില്‍ നിര്‍മ്മാതാവായ അദ്ദേഹം വേദിയിലിരിക്കുകയായിരുന്നു. വേദിയില്‍ എന്റെ അരികില്‍ ഒരു മന്ത്രിയുള്ളപ്പോള്‍ ബോംബ് സംസ്‌കാരത്തെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് അന്ന് എനിക്ക് അറിയുമായിരുന്നില്ല. അന്ന് അദ്ദേഹം എഎഡിഎംകെ മന്ത്രിയായിരുന്നു, സര്‍ക്കാരിനെതിരായ എന്റെ പ്രസംഗത്തെ അദ്ദേഹം അവിടെ വെച്ച് എതിര്‍ക്കാത്തതിനാല്‍ അന്ന് മുഖ്യമന്ത്രിയായ ജയലളിത അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് തല്‍ക്ഷണം നീക്കി.’ ഒരുമിച്ച് ഒരു വേദി പങ്കിടുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ രജനീകാന്തിനെ എങ്ങനെ ആര്‍.എം. വി. അനുവദിച്ചുവെന്നും ജയലളിത അദേഹത്തോട് ചോദിച്ചു.
ജയലളിതയുടെ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം തമിഴ് നാട്ടിലെ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു എന്നും എം.ജി. ആറിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക് സ്ത്രീകളായിരുന്നു, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകള്‍. എം.ജി. ആറിന്റെ അളന്നുമുറിച്ച തീരുമാനമായിരുന്നു അത്. എംജിആര്‍ ഇതിനു മുമ്പ് ഈ ലക്ഷ്യത്തിന് വേണ്ടി തന്റെ മുന്‍ മന്ത്രിസഭയിലും രണ്ട് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ഇരുവരും ഡിഎംകെയിലേക്ക് കൂറുമാറി.
ജയലളിത ഒരു വിശ്വസ്തയും ബുദ്ധിമതിയും കഴിവുള്ളവളുമായ ഒരു സ്ത്രീയായിരുന്നു. എഴുത്തിലും പ്രസംഗത്തിലും അവരുടെ കഴിവ് മികച്ചതായിരുന്നു. അത് എംജിആറിന് നന്നായി അറിയാമായിരുന്നു. 100 കോടി രൂപയുടെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി (സിത്തുണു തിട്ടം) ‘സ്ത്രീകള്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് മുഖ്യമന്ത്രി എം.ജി. ആര്‍. നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തന്റെ മോശം ആരോഗ്യവും തിരക്കേറിയ സമയക്രമവും കണക്കിലെടുത്ത്, തന്റെ രാഷ്ട്രീയ എതിരാളിയായ എം. കരുണാനിധിയുടെ സ്വാധീനമുള്ള ഗ്രാമപ്രദേശങ്ങളില്‍ തന്റെ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരാളെ അദ്ദേഹത്തിന് ആവശ്യമായിരുന്നു. എം.ജി.ആര്‍ കണ്ടെത്തിയ ജയലളിതയായിരുന്നു അതിന് യോജിച്ച ആള്‍.
എം.ജി.ആര്‍ തന്റെ സിനിമകളിലും രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിലും ജയയെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സിനിമാ സൂപ്പര്‍സ്റ്റാര്‍ പദവിക്ക് വളരെയധികം പിന്തുണ നല്‍കാന്‍ കഴിയുന്ന ഭാഗ്യവതിയായിരുന്നു അവര്‍. രാഷ്ട്രീയക്കാരേയും പ്രേക്ഷകരെയും ഒരേ പോലെ ആകര്‍ഷിക്കാനും സംസാരിക്കാനും ഗ്ലാമര്‍ താരമായ അവര്‍ക്ക് കഴിയുമായിരുന്നു. ഇന്ദിരാഗാന്ധിയെ ‘പാട്ടിലാക്കാന്‍ എം.ജി.ആര്‍ ജയലളിതയെ ന്യൂഡല്‍ഹിയിലേക്ക് അയച്ചു. സാമ്പത്തികശാസ്ത്രത്തിലും ഭരണ മേഖലയിലും അവര്‍ക്ക് അറിവുണ്ടായിരുന്നു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി ഭാഷകളില്‍ അവര്‍ നന്നായി സംസാരിച്ചു. കീറ്റ്‌സിനെയും ഭാരതിയാറിനെയും ഉദ്ധരിച്ച് സാമൂഹിക രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പരിശീലനം ലഭിച്ച ഒരു നടിയും നര്‍ത്തകിയും എന്ന നിലയില്‍, അവര്‍ക്ക് വേദികളില്‍ രാഷ്ട്രീയ റാലികളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.
എംജിആറുമായുള്ള ജയലളിതയുടെ ബന്ധം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അവരുടെ വ്യക്തിപരമായ ബന്ധം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രോഗിയായ എംജിആര്‍ തന്റെ അവസാന നാളുകളായപ്പോള്‍ നേതാവിനെയും പാര്‍ട്ടിയെയും ജനങ്ങളെയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും തള്ളി സംസ്ഥാനത്തിന്റെ ആക്ടിംഗ് മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചു. അവരുടെ അഭിലാഷങ്ങള്‍ ഒരിക്കലും രഹസ്യമായിരുന്നില്ല. മറച്ച് വെയ്ക്കാന്‍ ശ്രമിച്ചുമില്ല.
തന്റെ പോരായ്മകളും ദുരിതങ്ങളും കവചമായി ഉപയോഗിക്കാന്‍ അവര്‍ പഠിച്ചു. എംജിആറിന്റെ മരണക്കിടക്കയില്‍, എംജിആറിന്റെ ഭാര്യയും കുടുംബവും അവരെ പുറംതള്ളാന്‍ ശ്രമിച്ചപ്പോഴും, ജയലളിത അദ്ദേഹത്തിന്റെ അരികില്‍ ഉറച്ചുനിന്നു. അവര്‍ മൃതദേഹത്തിനരികില്‍ നിന്നു, എംജിആറിന്റെ രാഷ്ട്രീയ അവകാശി എന്ന സ്ഥാനം ഉറപ്പിച്ചു. വിജയകരമായ ഒരു അട്ടിമറിയിലൂടെ അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എംജിആറിന്റെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം നേടി.
തെന്നിന്ത്യ സൃഷ്ടിച്ച ഏറ്റവും ബുദ്ധിമാനായ വ്യക്തിത്വമായിരുന്നു ജയലളിതയുടേത്. ഒരാളെയും അംഗീകരിക്കാത്ത ഡോ. സുബ്രഹ്‌മണ്യം സ്വാമി ‘ബുദ്ധിയുള്ള ‘ എന്ന് വിശേഷിപ്പിച്ച, തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ രാഷ്ട്രീയക്കാരി ജയലളിതയാണ്.
അവര്‍ ഒരിക്കല്‍ കണ്ടതോ അനുഭവിച്ചതോ സംഭവിച്ചതോ ഒരിക്കലും മറന്നില്ല. ജയലളിതയുടെ സിനിമാ പ്രവേശന കാലത്ത് സിനിമാ സെറ്റുകളില്‍, ആദരണീയനായ നടികര്‍ തിലകം ശിവാജി ഗണേശന്‍ സെറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള മുഴുവന്‍ പേരും എഴുന്നേറ്റ് അദ്ദേഹത്തെ ആദരിച്ച് അഭിവാദ്യം ചെയ്യുമായിരുന്നു. സ്വാഭാവികമായും പലപ്പോഴും ജയലളിതയ്ക്കും ഇത് ചെയ്യണ്ടി വന്നു. പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ അധികാര സോപാനത്തില്‍ സര്‍വ്വശക്തയായപ്പോള്‍, ജയലളിത പ്രായപൂര്‍ത്തിയായ ഒരു കുട്ടിയെ ദത്തെടുത്തു. അയാള്‍ മുതിര്‍ന്നപ്പോള്‍ ശിവാജി ഗണേശന്റെ ചെറുമകളെ വളര്‍ത്തു മകന് വധുവായി തിരഞ്ഞെടുത്തു. അവരുടെ വിവാഹ വേളയില്‍ തന്റെ ഇരിപ്പിടത്തില്‍ ജയലളിത ഇരിക്കുമ്പോള്‍ അന്ന് വൃദ്ധനായ ശിവാജി ഗണേശന്‍ അവളുടെ മുന്നില്‍ നിന്നു. അവര്‍ ഒരിക്കലും പഴയ കാര്യം മറന്നില്ല, പതിറ്റാണ്ടുകള്‍ക്ക് ശേഷം ജയലളിത പഴയ സിനിമാ സെറ്റുകളില്‍ താന്‍ എഴുന്നേറ്റ് നിന്നതിന് പ്രതികാരം ചെയ്തു തൃപ്തിയടഞ്ഞു.
1994 ല്‍, ശേഷന്‍ പ്രഭാവം കത്തിജ്വലിക്കുന്ന സമയത്ത് തന്നെ ശേഷനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നു. വാര്‍ത്തയില്‍ നിറഞ്ഞ ആ പുസ്തകം a.’ Seshan An Intimate Story. പുസ്തകം പുറത്ത് വരും മുന്‍പേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. തമിഴും മലയാളവും കലര്‍ന്ന ‘തലയാളം’ സംസാരിക്കുന്ന ശേഷന്‍ പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലൂടെ തമിഴ് നാടിനെ അപമാനിച്ചിരിക്കുന്നു എന്ന് ആരോപിച്ച് ജയലളിത പുസ്തക പ്രകാശനം തടയാന്‍ ചെന്നെ ഹൈക്കോടതിയില്‍ പരാതി കൊടുത്തു.
തമിഴ്‌നാട്ടില്‍ പുസ്തകത്തിനെതിരെ കനത്ത എതിര്‍പ്പ് പൊട്ടിപ്പുറപ്പെട്ടു. രണ്ടിടത്ത് പുസ്തകം കത്തിച്ചു പ്രതിഷേധമുണ്ടായി. ചെന്നെയില്‍ എത്തിയ ശേഷന് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്നു. ശേഷന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടി വന്നു. ഒടുവില്‍ പ്രസാധകന്‍ പുസ്തകം പിന്‍വലിച്ച് വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി വീണ്ടും ഇറക്കി. ഇലക്ഷന്‍ കമ്മീഷന്റെ അവസാന വാക്കായ ‘ടി.എന്‍. ശേഷനോട് ഏറ്റു മുട്ടാന്‍ ആരും ശ്രമിക്കാത്ത കാലമായിരുന്നു അത്. പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍. പുരട്ചി തലൈവിക്ക് അതൊന്നും വിഷയമേ അല്ലായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തയും ധ്രുവീകരണ സ്വഭാവമുള്ളതുമായ ഒരു വ്യക്തിത്വമായിരുന്നു ജയലളിതയുടേത്. അസാധാരണമായ രാഷ്ട്രീയ വൈദഗ്ദ്ധ്യം, ബഹുജന ജനപ്രീതി, സാമൂഹിക-ക്ഷേമ പരിപാടികള്‍, ഗുരുതരമായ വിവാദങ്ങള്‍ എന്നിവ അവരുടെ ജീവിതത്തില്‍ എപ്പോഴും ഇടകലര്‍ന്നു വന്നു.
1989-ല്‍ തമിഴ് നാട് നിയമസഭയില്‍ ജയലളിതയെ ഡിഎംകെ അംഗങ്ങള്‍ ആക്രമിച്ചു. അലങ്കോലമായ മുടിയും കീറിയ സാരിയുമായി അവര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയില്‍ നടന്ന ഈ കുപ്രസിദ്ധ സംഭവം എഐഎഡിഎംകെയ്ക്ക് പ്രചാരണ മൂല്യമുള്ളതായിരുന്നു. അത് സ്ത്രീകള്‍ക്കിടയില്‍ വന്‍സഹതാപം സൃഷ്ടിച്ചു, ജയലളിതയുടെ ശക്തമായ വോട്ട് ബാങ്കായി മാറി. രോഷാകുലയായ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മാത്രമേ ഇനി നിയമസഭയില്‍ കാല്കുത്തൂ എന്ന് സത്യം ചെയ്തു. പിന്നീട് അവര്‍ അത് നിറവേറ്റിയത് ചരിത്രമാണ്.
അവരുടെ പ്രവൃത്തി മാത്രമല്ല വാക്കുകളും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്തു. ഒരിക്കല്‍ ഗാന്ധിജിയെ ജയലളിത ഉദ്ധരിച്ചു. ‘ഈ ശരീരം നമുക്ക് നല്‍കിയിരിക്കുന്നത് മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കാനാണ്. നമുക്ക് ദൈവത്തെ അറിയില്ലായിരിക്കാം, പക്ഷേ അവന്‍ സൃഷ്ടിച്ചത് നമുക്ക് അറിയാം. അവന്റെ സൃഷ്ടികളെ സേവിക്കുക എന്നതാണ് ദൈവസേവനം’ ഡിഎംകെ എംഎല്‍എ റഹ്‌മാന്‍ ഖാന്‍, അതിനെ ‘തന്റെ ശരീരം പൊതുജനങ്ങളുടെ സേവനത്തിനാണെന്ന് ജയലളിത പറഞ്ഞിട്ടുണ്ട്’ എന്ന് വളച്ചൊടിച്ചു, ജയലളിതയെ ഒരു ലൈംഗിക വസ്തുവാക്കി ചുരുക്കുന്ന വ്യക്തമായ ലൈംഗിക അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരാമര്‍ശമായിരുന്നു അത്.
പാര്‍ട്ടിയില്‍ ജയലളിത ചേര്‍ന്നപ്പോള്‍ പുതിയ അംഗത്തിന് അനുകൂലമായി എംജിആര്‍ ഏതറ്റം വരെ പോകുമെന്ന് പാര്‍ട്ടി വൃത്തങ്ങളിലെ പലരും ഭയപ്പെട്ടിരുന്നു. ആ ആശങ്കകള്‍ അടിസ്ഥാനരഹിതമായിരുന്നില്ല എന്ന് വളരെ വേഗം തെളിഞ്ഞു. എവിടെ പോയാലും അവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് എംജിആര്‍ ഉറപ്പാക്കിയിരുന്നു.
മദ്രാസില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ, പോലീസ് അവരോട് ഒരു വിവിഐപിയെപ്പോലെ പെരുമാറി എന്നും, അവരെ സല്യൂട്ട് ചെയ്തു എന്നും (തമിഴ്‌നാട്ടില്‍ ചില മന്ത്രിമാര്‍ക്ക് പോലും കിട്ടാത്ത ആദരവ് !) അവരുടെ സുഖസൗകര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ തിടുക്കം കാണിച്ചു എന്നും പാര്‍ട്ടിയില്‍ ആരോപണമുയര്‍ന്നു.
മദ്രാസിലെ ചലചിത്ര പത്രപ്രവര്‍ത്തകരോട് ചില പാര്‍ട്ടിയംഗങ്ങള്‍ അടക്കം പറഞ്ഞ കുശുകുശുപ്പുകളില്‍ വ്യക്തമായ സ്വജനപക്ഷപാത ആരോപണങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു, 1981 ഡിസംബറില്‍ മദ്രാസില്‍ നടന്ന ഇന്ത്യന്‍ ടാക്കീസിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ദി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പരിപാടിയില്‍ നടന്ന സംഭവം. ആ മെഗാഷോയില്‍ പരിപാടിയുടെ അവതാരക മുതിര്‍ന്ന നടി ഷൗക്കാര്‍ ജാനകിയായിരുന്നു. (സ്യൂര്യമാനസം എന്ന മലയാള പടത്തില്‍ കഥാപാത്രം പുട്ടുറുമീസിന്റെ അമ്മയായി അഭിനയിച്ച നടി) എന്നാല്‍ അവസാന നിമിഷം മുകളില്‍ നിന്ന് അവര്‍ക്ക് പകരം ജയലളിതയെ നിയമിക്കാന്‍ ഉത്തരവുകള്‍ ലഭിച്ചു. റിഹേഴ്‌സലുകള്‍ കഴിഞ്ഞ സമയത്താണ് ഈ മാറ്റം.
ചടങ്ങിന്റെ ദിവസം, ചേംബര്‍ കമ്മറ്റിക്കാര്‍ ഷൗക്കാര്‍ ജാനകിയോട് ഷോയുടെ അവതാരിക പദവി ജയലളിതയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചു. അപമാനത്താല്‍ അസ്വസ്ഥയായ ജാനകി കണ്ണുനീരോടെ ഹാളില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി. അന്ന് പാര്‍ട്ടിയില്‍ ജയലളിത അംഗമല്ലായിരുന്നു. എന്നിട്ടും കിട്ടുന്ന പരിഗണന അന്നേ അവര്‍ക്ക് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ജനിക്കാന്‍ കാരണമായി. 1983-ല്‍ എം.ജി.ആര്‍. നയിച്ച എ.ഐ.എ.ഡി.എം.കെ.യില്‍ പ്രചാരണ സെക്രട്ടറിയായി നിയമിതയായപ്പോള്‍ തുടക്കം സുഗമമായിരുന്നു. പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പോലും അവര്‍ക്ക് ലഭ്യമായിരുന്നു എന്നത് പാര്‍ട്ടിയിലെ അവരുടെ പദവി എങ്ങനെയെന്ന സൂചനയായിരുന്നു.
അക്കാലത്ത് ഒരു പത്രപ്രവര്‍ത്തകന്‍ അവരോട് ‘എം.ജി.ആറുമായുള്ള നിങ്ങളുടെ ബന്ധം എന്താണ്?’ എന്ന് തുറന്നടിച്ച് ചോദിച്ചപ്പാള്‍, അവര്‍ പറഞ്ഞു: ‘ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ തല കുനിക്കുന്ന രണ്ട് പേരുണ്ട്, എന്റെ അമ്മയും എം.ജി.ആറും… രണ്ട് ആളുകള്‍ തമ്മിലുള്ള രസതന്ത്രം എന്ന് അതിനെ ഞാന്‍ കണക്കാക്കുന്നു. എം.ജി.ആറും ഞാനും തുടക്കം മുതല്‍ തന്നെ അത് നന്നായി മനസ്സിലാക്കിയിരുന്നു… നാവുകള്‍ പലതും ആടും ! അതൊന്നും ശ്രദ്ധിക്കണമെന്ന് ഞാന്‍ കരുതുന്നില്ല.’
1987-ല്‍ എം.ജി.ആര്‍ മരിച്ച ദിവസം, താന്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യേണ്ട നിമിഷം വന്നിരിക്കുന്നുവെന്ന് ജയലളിത മനസിലാക്കി. എം.ജി.ആറിന്റെ ശവസംസ്‌കാര ഘോഷയാത്രയില്‍ വൃത്തികെട്ട രംഗങ്ങള്‍ നടന്നു. ജയലളിത ദൗതികശരീരം വഹിച്ച വാഹനത്തില്‍ കയറാന്‍ ശ്രമിച്ചു, പക്ഷേ അവരെ മര്‍ദിക്കുകയും വാഹനത്തില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. എം.ജി.ആറിന്റെ ഭാര്യ വി.എന്‍. ജാനകിയുടെ ഒരു ബന്ധു ദീപന്‍ എന്ന രണ്ടാംനിര നടന്‍ അവരുടെ തലയില്‍ അടിച്ചു.
പക്ഷേ എം.ജി. ആറിന്റെ മരണവിവരം അറിഞ്ഞ് അവരുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ തടിച്ച് കൂടീയ പാര്‍ട്ടി അണികളെ ബാല്‍ക്കണിയില്‍ നിന്ന് അഭിസംബോധന ചെയ്ത തലൈവി ഒറ്റൊറ്റ ഡയലോഗില്‍ അവരെ താനാണ് ഏഗെത്തോഴന്റെ പിന്‍ഗാമിയെന്ന് അംഗീകരിച്ചു. അണ്ണന്റെ മരണം എന്നെ അനാഥമാക്കി ഞാന്‍’ ഉടന്‍കട്ടെ’ (സതി അനുഷ്ഠിക്കുക) ആലോചിച്ചു. ‘ഇതുകേട്ട അണികള്‍ നെഞ്ചത്തടിച്ച് കരഞ്ഞു’ അമ്മാ ഉടന്‍ കട്ടി നടത്തുകയോ? പോയസ് ഗാര്‍ഡനിലെ ജനക്കൂട്ടം ആ നിമിഷം ജയലളിതയെ ഏഴെത്തോഴന്റെ പിന്‍ഗാമിയായി അംഗീകരിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോള്‍, അവര്‍ ഒരു അടിമുടി വ്യക്തിയായിരുന്നു. തന്റെ അധികാരം എല്ലാവര്‍ക്കും ബോധ്യപ്പെടണമെന്ന് ദൃഢനിശ്ചയം ചെയ്ത അവര്‍, സ്വേച്ഛാധിപതിയായി മാറി. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഒരിക്കലും ആലോചിച്ചില്ല.
വിമര്‍ശനങ്ങളോട് അവര്‍ അസഹിഷ്ണുത കാണിച്ചു. അനുയായികളില്‍ നിന്ന് പിന്തുണ മാത്രമല്ല, കീഴ് വഴക്കവും അവര്‍ ആവശ്യപ്പെട്ടു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവര്‍, തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍, ഒരു പതിവായി തന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണമെന്ന് നിര്‍ബന്ധിച്ചു.
എംജി.ആര്‍ ന്റെ കാലശേഷം കരുണാനിധി നേരിട്ട ശക്തയായ എതിരാളിയായിരുന്നു ജയലളിത. 2001 മെയ് മാസത്തില്‍ എഐഎഡിഎംകെ, ടിഎംസി, കോണ്‍ഗ്രസ്,
ഇടത് പാര്‍ട്ടികള്‍, പാട്ടാളി മക്കള്‍ കച്ചി (പിഎംകെ) എന്നിവയുടെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തി. ജയലളിത മുഖ്യമന്ത്രിയായി. ജയലളിത അധികാരമേറ്റയുടന്‍ ചെന്നൈയില്‍ 10 ഫ്‌ലൈ ഓവറുകളുടെ നിര്‍മ്മാണത്തില്‍ 12 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് കരുണാനിധിക്കും മകന്‍ സ്റ്റാലിനടക്കം മറ്റ് 12 പേര്‍ക്കുമെതിരെ 2001-ല്‍ കേസ് ഫയല്‍ ചെയ്തു.
2001 ജൂണ്‍ 30 ന് ജയലളിതയുടെ കല്‍പ്പനപ്രകാരം തമിഴ്നാട് പോലീസ് ഒലിവര്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചുകയറി, 71-കാരനായ കരുണാനിധിയെ പുലര്‍ച്ചെ 2 മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, ചെന്നെ ഫ്‌ലൈ ഓവര്‍ അഴിമതിക്കേസില്‍ അറസ്റ്റിന് തുനിഞ്ഞു. തന്റെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച് കയറിയപ്പോള്‍ അറസ്റ്റ് ഭയന്ന് നിലവിളിക്കുന്ന നേതാവിന്റെ ദനനീയ ചിത്രം ലോകം മുഴുവന്‍ അന്ന് കണ്ടു. 2001 ജൂണ്‍ 30 ന് പുലര്‍ച്ചെ അദ്ദേഹത്തിന് സംഭവിച്ചത് താന്‍ എഴുതിയ നിരവധി തിരക്കഥകളെ വെല്ലുന്നതായിരുന്നു. ഒരിക്കലും കരുണാനിധി സങ്കല്‍പ്പിക്കാത്ത ഒരു സിനിമാരംഗം പോലെ അത് ഒരു പേക്കിനാവായി അദ്ദേഹത്തെ ചുറ്റിവരിഞ്ഞു.
‘അയ്യോ കൊല പണ്ണാതെ’ എന്ന് നിലവിളിക്കുന്ന ഭയന്ന, ദുര്‍ബലനായ ഒരു വൃദ്ധനെ പത്ത് പോലീസുകാര്‍ പടികളിലൂടെ താഴേക്ക് വലിച്ചിഴയ്ക്കുന്നത്, ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ വാനിലേക്ക് കയറ്റിയ ശേഷം, ആടിയുലയുന്ന ഒരു കാലില്‍ നിന്ന് അയാളുടെ റബ്ബര്‍ ചെരുപ്പ് വീഴുന്നത്, മനുഷ്യാവകാശ ലംഘനത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും മാരകമായ തെളിവുകള്‍ ക്യാമറകള്‍ പകര്‍ത്തി. സംസ്ഥാനമെമ്പാടുമുള്ള ടിവി പ്രേക്ഷകര്‍ അവിശ്വസനീയതയോടെ അത് കണ്ടു. ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു, സണ്‍ ടിവി ഈ പരിപാടി തമിഴ്‌നാട് മുഴുവന്‍ ഇടവേളയില്ലാതെ അതെല്ലാം സംപ്രേഷണം ചെയ്തു.
1991 ല്‍ ജയലളിതയെ ഡിസംബറില്‍ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തിലധികം ജയിലിലടക്കുകയും വിചാരണ ചെയ്യാന്‍ പരിശോധനകളെ കരുണാനിധി മൂന്ന് പ്രത്യേക കോടതികള്‍ സജ്ജീകരിക്കുകയും ചെയ്തതിന്റെ തിരിച്ചടിയായിരുന്നു, പ്രതികാരമായിരുന്നു പുരട്ചി തലൈവിയുടെ ഈ രാത്രി വേട്ട. കരുണാനിധിയുടെ ബദ്ധശത്രുവായ മദ്രാസ് പോലീസ് കമ്മീഷണര്‍ മുത്തു കറുപ്പനെ തന്നെ നേതൃത്വം നല്‍കി ജയലളിത പോലീസ് സംഘത്തെ അയച്ചത്.
ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കരുണാനിധി തന്നെ ജയലളിത വെല്ലൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് ഭയന്നു. എങ്കിലും പിന്നീട് ജാമ്യം കിട്ടി കരുണാനിധി മോചിതനായി. ഈ സംഭവം കലൈഞ്ജറെ ഒരു പേക്കിനാവായി എന്നും വേട്ടയാടിയിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലയളവില്‍ ഡിഎംകെ ജയലളിതയേ വലിയ രീതിയില്‍ ശല്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നതിന് കാരണം എന്നും വേട്ടയാടിയ ആ പേക്കിനാവായിരുന്നു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും എപ്പോഴും ജയലളിതയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലായിരുന്നു. പാര്‍ട്ടിയേയും (എഐഎഡിഎംകെ) സംസ്ഥാന ഭരണത്തേയും ദുര്‍ബലപ്പെടുത്തി. ജനാധിപത്യ നിയമസാധുത ഇല്ലാതിരുന്നിട്ടും, ആഭ്യന്തര വൃത്തത്തിലെ വ്യക്തികള്‍ പ്രത്യേകിച്ച് വി. കെ. ശശികലയും അവരുടെ കുടുംബാംഗങ്ങളും) സംസ്ഥാന കാര്യങ്ങളിലും നിയമനങ്ങളിലും കരാറുകളിലും അനാവശ്യ സ്വാധീനം ചെലുത്തിയതായി ആരോപിക്കപ്പെട്ടു. ഇത് പിന്നാക്ക ഭരണത്തിന്റെയും പക്ഷപാതത്തിന്റെയും എതിര്‍പ്പുകള്‍ വളര്‍ത്തി. വിശ്വസ്തരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ കരാറുകള്‍, ലൈസന്‍സുകള്‍, പോസ്റ്റിംഗുകള്‍ എന്നിവ ജയലളിത നല്‍കിയതായി ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവന്നു.
അഴിമതി, കണക്കില്ലാത്ത സ്വത്തുക്കള്‍, അവളും അടുത്ത സഹായികളും അവരുടെ അറിയപ്പെടുന്ന വരുമാനത്തിനപ്പുറം സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം വന്നു. കോടതി ശിക്ഷാവിധി അവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കുറച്ചുകാലം നീക്കി. 2015-ല്‍ മദ്രാസ് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി, ജയലളിത 2016-ല്‍ മരിച്ചതിനാല്‍ അവര്‍ക്കെതിരായ കേസ് അവസാനിപ്പിച്ചു. അവ്യക്തമായ സാമ്പത്തികം, രക്ഷാകര്‍തൃത്വം, ഔദ്യോഗിക ദുരുപയോഗം എന്നീ ആരോപണങ്ങള്‍ അവരുടെ ജീവിതത്തിന്റെ അവസാനം വരെ ദുരൂഹമായി നിലനിന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പുരോഗമനപരമായ പദ്ധതികള്‍ ജയലളിത അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് സംരംഭകത്വ പരിശീലനം, പെണ്‍കുട്ടികള്‍ ആഗ്രഹിക്കാത്ത കുടുംബങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ കഴിയുന്ന സൗജന്യ തൊട്ടിലുകള്‍, സ്ത്രീകള്‍ മാത്രമുള്ള പോലീസ് സ്റ്റേഷനുകള്‍ എന്നിവ ആരംഭിച്ചു. ഭക്ഷണം മുതല്‍ മരുന്നുകള്‍ വരെ, ഉപ്പ് മുതല്‍ സിമന്റ് വരെ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ അമ്മ അവര്‍ ആരംഭിച്ചു. അവര്‍ ജനങ്ങളുടെ നായികയാണെന്ന ധാരണ വളര്‍ത്താന്‍ ഇത് ഒരു പരിധിവരെ സഹായിച്ചു.
പക്ഷേ വന്‍തോതിലുള്ള അഴിമതികള്‍ അവരുടെ പ്രതിച്ഛായയെ നശിപ്പിച്ചു. വിവാഹശേഷം ശശികല നടരാജനായി മാറിയ ശശികലയായിരുന്നു അവരുടെ ശത്രു, പക്ഷേ, വി.കെ. ശശികല എന്ന് അറിയപ്പെടാന്‍ അവര്‍ ഇഷ്ടപ്പെട്ടു. ഒരു ചെറിയ വീഡിയോ കമ്പനി ഓപ്പറേറ്ററായിരുന്ന അവര്‍ വീഡിയോ കവറേജിനുള്ള നിര്‍ദ്ദേശങ്ങളുമായി അന്നത്തെ എ.ഐ.എ.ഡി.എം.കെ.യുടെ പ്രചാരണ സെക്രട്ടറിയായിരുന്ന ജയലളിതയെ ബന്ധപ്പെട്ടു. സേവനങ്ങള്‍ സഹായകരമായിരുന്നതിനാല്‍ ജയലളിത അവരെ പ്രോത്സാഹിപ്പിച്ചു. ശശികലയുടെ ഭര്‍ത്താവും മറ്റ് ബന്ധുക്കളും ജയലളിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമായി, പാര്‍ട്ടിയില്‍ പാര്‍ട്ടിയില്‍ ഗണ്യമായ സ്വാധീനം നേടുകയും ചെയ്തു. ‘മണ്ണാര്‍ഗുഡി മാഫിയ’ എന്നറിയപ്പെടുകയും ചെയ്തു. ഒടുവില്‍ 2011 ല്‍ ജയലളിത അവരെയും മറ്റ് ഒരു ഡസന്‍ പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അഴിമതിക്കാരിയെന്ന പ്രതിഛായ ജയലളിതയ്ക്ക് ഉറച്ചിരുന്നു.
തന്നെ അപമാനിച്ചവരോട് ക്ഷമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ജയലളിത തന്റെ ജീവിതകാലത്ത് ചെയ്തതിനേക്കാള്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്ന് പലരും കരുതുന്നു. പക്ഷേ, ഒരുപക്ഷേ, പ്രതികാരമായിരിക്കാം അവര്‍ നേടിയ എല്ലാ പദവിക്കും സ്ഥാനമാനങ്ങള്‍ക്കും ഒരു പ്രേരകഘടകം.
Content Summary: Today is the death anniversary of Jayalalitha
This post was last modified on December 5, 2025 4:01 pm
Leave a Comment