വ്യാപം പ്രതി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് പണം നല്‍കി

മധ്യപ്രദേശിലെ വ്യാപം അഴിമതി കേസില്‍ അറസ്റ്റിലായ ഖനന വമ്പന്‍ ബിജെപിയുടേയും പാര്‍ട്ടിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റേയും നേതാക്കന്‍മാരുടെ വിമാനടിക്കറ്റുകള്‍ക്കും മറ്റു ചെലവുകള്‍ക്കും പണം നല്‍കിയതായി നികുതി രേഖകള്‍. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരേയും വ്യാപം കേസ് അന്വേഷിക്കുകയായിരുന്ന സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ ആ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ ആരേയും സംരക്ഷിക്കുന്നില്ല. എന്നാല്‍ ഒറ്റപ്പെട്ടൊരു റിപ്പോര്‍ട്ടിന്റെ പിന്നാലെ പോയില്ല. സിബിഐ അന്വേഷണത്തിനായി കാത്തിരിക്കൂവെന്ന് ബിജെപിയുടെ ഷൈന പറയുന്നു.

ആര്‍എസ്എസിന്റെ സുരേഷ് സോണിയും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ പ്രഭാത് ഝായും ഉള്‍പ്പെടുന്ന ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ വിമാന ടിക്കറ്റിനും യാത്രാ ചെലവുകള്‍ക്കും ആയി വലിയ തുകകള്‍ വ്യാപം അഴിമതിയില്‍ പ്രധാന ആരോപണ വിധേയനായ സുധീര്‍ ശര്‍മ്മ 2013 മുതല്‍ നല്‍കുന്നതായി രേഖകള്‍ തെളിയിക്കുന്നു. ഖനികളും കോളെജുകളും അടങ്ങുന്നതാണ് സുധീര്‍ ശര്‍മ്മയുടെ വ്യവസായ സാമ്രാജ്യം.

റെയ്ഡില്‍ കണ്ടെത്തിയ സുധീര്‍ ശര്‍മ്മയുടെ ഡയറികളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുധീര്‍ ശര്‍മ്മയുടെ പണം പറ്റിയവരില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയും മുന്‍ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാനും കോണ്‍ഗ്രസിന്റെ എംഎല്‍എ ആയ വീര്‍ സിംഗ് ഭൂരിയയും ഉള്‍പ്പെടുന്നു.

ആറുമാസത്തോളം അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു നിന്ന ശര്‍മ 2014 ജൂലായിലാണ് അറസ്റ്റിലാകുന്നത്. മുന്‍ മന്ത്രിയായ ലക്ഷ്മികാന്ത് ശര്‍മ്മ അറസ്റ്റിലായതിന് പിന്നാലേയാണ് ഇയാളും അറസ്റ്റിലായത്. വ്യാപം അഴിമതിയില്‍ പങ്കുണ്ടായിരുന്ന രണ്ടു കോളേജുകളില്‍ നിന്ന് ലക്ഷകണക്കിന് രൂപ പതിവായി സുധീര്‍ ശര്‍മ്മ കൈപ്പറ്റിയിരുന്നതായി ഇന്‍കംടാക്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആ പണം ഒരു മധ്യപ്രദേശ് മന്ത്രിയുടെ സഹായിയെ അതേദിവസം തന്നെ കൈമാറുമായിരുന്നുവെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലക്ഷ്മികാന്ത് ശര്‍മ്മയും സുധീര്‍ ശര്‍മ്മയും തമ്മിലെ ബന്ധം അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഈ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ പ്രഭാത് ഝായും ധര്‍മേന്ദ്ര പ്രധാനും പറയുന്നത് ബിജെപിയാണ് ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കിയിരുന്നത് എന്നാണ്. പാര്‍ട്ടി എന്റെ ടിക്കറ്റുകള്‍ക്ക് പണം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപിയുടെ മുന്‍ മധ്യപ്രദേശ് പ്രസിഡന്റായ പ്രഭാത് ഝാ ചോദിക്കുന്നു. ‘പാര്‍ട്ടി ഓഫീസില്‍ നിന്നാണ് എന്റെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എനിക്ക് സുധീര്‍ശര്‍മ്മയുമായി യാതൊരു ബന്ധവും ഇല്ല,’ ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് ബിജെപി രാജ്യ സഭാ എംപിയായ അനില്‍ ദവേ പറയുന്നു.

This post was last modified on December 27, 2016 3:13 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment