മാക്രോണിന് ട്രംപിന്റെ നികുതി പ്രഹരം; ഫ്രഞ്ച് വൈനിന് 200% തീരുവ

ഭീഷണിക്ക് വഴങ്ങില്ലെന്ന് ഫ്രാന്‍സ്

പാരീസ് സമാധാന ബോര്‍ഡില്‍ അംഗമാകാന്‍ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിന് മറുപടിയായി ഫ്രഞ്ച് വൈനുകള്‍ക്കും ഷാംപെയ്നും 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മാക്രോണിനെ അറിയിച്ചു.

സമാധാന ബോര്‍ഡില്‍ ചേരാത്ത മാക്രോണിനെ ട്രംപ് പരിഹാസത്തോടെയാണ് നേരിട്ടത്. ”മാക്രോണ്‍ ഉടനെ അധികാരമൊഴിയാന്‍ ഇരിക്കുന്നയാളാണ്. അതുകൊണ്ട് ആരും അദ്ദേഹത്തെ ബോര്‍ഡില്‍ ആഗ്രഹിക്കുന്നില്ല. ഫ്രഞ്ച് വൈനുകള്‍ക്കും ഷാംപെയ്നുകള്‍ക്കും ഞാന്‍ 200 ശതമാനം നികുതി ചുമത്തും, അതോടെ മാക്രോണ്‍ സമാധാന ബോര്‍ഡില്‍ ചേര്‍ന്നുകൊള്ളും” ട്രംപ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് വിഷയത്തിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുക്രെയ്നിനെയും ഡെന്‍മാര്‍ക്കിനെയും യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും ട്രംപ് പരസ്യമാക്കി.

‘സിറിയയുടെ കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്. ഇറാന്‍ വിഷയത്തില്‍ മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ ദാവോസ് ഉച്ചകോടിക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് പാരീസില്‍ വെച്ച് ജി-7 യോഗം ചേരാം. ഈ യോഗത്തിലേക്ക് യുക്രെയ്ന്‍, ഡെന്മാര്‍ക്ക്, സിറിയ, റഷ്യ എന്നീ രാജ്യങ്ങളെ ക്ഷണിക്കാം. യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് നമുക്ക് പാരീസില്‍ അത്താഴം കഴിക്കാം’ മാക്രോണ്‍ സന്ദേശത്തിലൂടെ ട്രംപിനെ അറിയിച്ചു.

ട്രംപിന്റെ ഭീഷണി തള്ളി ഫ്രാന്‍സ്

ഫ്രഞ്ച് വൈനുകള്‍ക്ക് മേല്‍ 200 ശതമാനം നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി അസ്വീകാര്യമാണെന്ന് ഫ്രാന്‍സ്. വിദേശനയങ്ങളില്‍ മാറ്റം വരുത്താന്‍ ഇത്തരം താരിഫ് ഭീഷണികള്‍ ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് ‘സമാധാന ബോര്‍ഡ്’?

പലസ്തീന്‍ മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപ് വിഭാവനം ചെയ്ത യുഎസ് പിന്തുണയുള്ള സമാധാന പദ്ധതിയാണിത്. നിലവിലുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്ക് പകരമായി ഒരു പുതിയ ‘അന്താരാഷ്ട്ര സമാധാനപാലന സ്ഥാപനമായി’ ഇതിനെ മാറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഈ പുതിയ സമാധാന ബോര്‍ഡില്‍ അംഗങ്ങളാകാന്‍ ട്രംപ് ലോകരാജ്യങ്ങള്‍ക്ക് ഔദ്യോഗികമായി ക്ഷണം അയച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, കാനഡ, തുര്‍ക്കി, ഈജിപ്ത്, അര്‍ജന്റീന, ജോര്‍ദാന്‍ തുടങ്ങി നിരവധി യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും തലവന്മാര്‍ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

Content Summary: Trump targets Macron; French wine faces 200% tariff

This post was last modified on January 20, 2026 2:40 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment