ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എപാമിനോണ്ടാസ്’ എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കോര്‍പ്‌സിന്റെ ഗണ്‍ബോട്ടില്‍ നിന്നും ആദ്യത്തെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ ബ്രിഡ്ജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്റെ വടക്കുകിഴക്ക് ഭാഗത്ത് വെച്ചായിരുന്നു ഈ ആക്രമണം.
ഇതിന് പിന്നാലെ, ഇറാന്‍ തീരത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്തായി രണ്ടാമതൊരു ചരക്കുകപ്പലിന് നേരെയും വെടിവെപ്പുണ്ടായി. കപ്പല്‍ ഇപ്പോള്‍ കടലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കപ്പലിന് വലിയ കേടുപാടുകള്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരതയും ഈ ആക്രമണങ്ങളും ആഗോള സമുദ്രഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മേഖലയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനത്തെ ഇറാന്‍ തള്ളിക്കളഞ്ഞു. ഇതൊരു കെണിയാണെന്നും സൈനിക നീക്കങ്ങള്‍ക്കുള്ള സമയം ലഭിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി ആരോപിച്ചു. ട്രംപിന്റെ ‘ഉപരോധം’ ബോംബാക്രമണത്തിന് തുല്യമാണെന്നും ഇതിന് സൈനികമായി തന്നെ മറുപടി നല്‍കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കടലിടുക്കിലെ ഈ സംഘര്‍ഷം പശ്ചിമേഷ്യയില്‍ മാത്രം ഒതുങ്ങാതെ ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. യുദ്ധസാഹചര്യം ഇന്ധനവില കുത്തനെ ഉയര്‍ത്തിയതോടെ യുകെയിലെ പണപ്പെരുപ്പം മാര്‍ച്ച് മാസത്തില്‍ 3.3 ശതമാനമായി ഉയര്‍ന്നു. എണ്ണ, വാതക വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്‍ഡ് ഫിറ്റ്സ്നര്‍ പറഞ്ഞു. ഇതൊരു ബ്രിട്ടീഷ് യുദ്ധമല്ലെങ്കിലും, സാധാരണക്കാരുടെ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയാണെന്ന് യുകെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരിച്ചു. വരും മാസങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിലവിലുണ്ട്.
Content Summary: Two ships attacked in Strait of Hormuz by iran’s by by an Iranian Revolutionary Guard Corps gun boat
This post was last modified on April 22, 2026 2:36 pm
Leave a Comment