പ്രവാസി മാതാപിതാക്കള്‍ സൂക്ഷിക്കുക; കുട്ടികള്‍ക്ക് കര്‍ശന സോഷ്യല്‍ മീഡിയ വിലക്കുമായി യുഎഇ

മാതാപിതാക്കളുടെ അനുമതിയുണ്ടായിട്ടും കാര്യമില്ല, ഇന്ത്യയിലെ നിയമങ്ങള്‍ പോലെയല്ല

UAE Social Media Ban Under 15

യു.എ.ഇ.യില്‍ ഇനി മുതല്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ ഒരുതരത്തിലും അനുവാദമില്ല. പ്രായപരിധിക്ക് താഴെ വരുന്ന കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യു.എ.ഇ. കാബിനറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയുണ്ടെങ്കില്‍ പോലും ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഇളവ് നല്‍കില്ലെന്ന കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ സംബന്ധിച്ച ‘ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 26 (2025)’ അടിസ്ഥാനമാക്കിയാണ് തീരുമാനം.

പുതിയ നിയമപ്രകാരം 15 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രമേ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ മാത്രം ലഭ്യമാക്കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള ഫീച്ചറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കളുടെ മേല്‍നോട്ടത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, 13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ മാതാപിതാക്കളുടെ കൃത്യമായ അനുമതിയില്ലാതെ ശേഖരിക്കുന്നതിനും കര്‍ശന വിലക്കുണ്ട്.

ഈ നിയമത്തിലൂടെ കുട്ടികളുടെ കാര്യത്തില്‍ കുടുംബത്തിനും മാതാപിതാക്കള്‍ക്കും വലിയ ഉത്തരവാദിത്തം വന്നു ചേര്‍ന്നിരിക്കുകയാണ്. ഡിജിറ്റല്‍ ലോകത്തുള്ള കുട്ടികളുടെ ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ ഇനി മുതല്‍ മാതാപിതാക്കള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കും. അതേസമയം കുട്ടികളെ ഡിജിറ്റല്‍ ലോകത്ത് ഉത്തരവാദിത്തത്തോടെ നയിക്കാന്‍ ആവശ്യമായ സഹായങ്ങളും നിയമം ഉറപ്പുനല്‍കുന്നുണ്ട്. കമ്പനിയുടെ ആസ്ഥാനം എവിടെയാണെങ്കിലും യു.എ.ഇ.യില്‍ ഉപഭോക്താക്കളുള്ള എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്. ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധമായും സജ്ജീകരിക്കണം. നിയമം ലംഘിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി ഉടനടി നടപടി സ്വീകരിക്കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. ഈ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ 2026 ഡിസംബര്‍ 31 വരെയാണ് പ്ലാറ്റ്ഫോമുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിക്കാണ് (ടിഡിആര്‍എ) ഇതിന്റെ മേല്‍നോട്ട ചുമതല.

യു.എ.ഇ.യിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 35 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ നിയമം വലിയ തിരിച്ചടിയാണ്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുള്ള നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ അവിടെ താമസിക്കുന്നുണ്ട്. നിലവിലെ ഇന്ത്യയിലെ ഡിജിറ്റല്‍ സുരക്ഷാ നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യു.എ.ഇ.യുടെ ഈ നീക്കം തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിലെ ‘ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് 2023’ പ്രകാരം 18 വയസ്സിന് താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. കൂടാതെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ഇന്ത്യയില്‍ പ്രായപരിധി നിശ്ചയിച്ച് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും കോടതികളുടെ നിരീക്ഷണങ്ങളും നടക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ ഒരു വിലക്ക് ഇന്ത്യയിലില്ല.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇ. ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, തുര്‍ക്കി, ഗ്രീസ്, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മാതാപിതാക്കളുടെ അനുമതിയെപ്പോലും മറികടന്നുകൊണ്ടുള്ള യു.എ.ഇ.യുടെ ഈ പ്രതിരോധ സമീപനം ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. മുന്‍കാല നിയമങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കുട്ടികള്‍ക്ക് അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നതെങ്കില്‍, പുതിയ ‘ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി ലോ’ അപകടങ്ങള്‍ മുന്‍കൂട്ടി തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Summary; UAE bans social media for children under 15 with no parental exemptions. Here is what it means for the 3.5 million Indian expatriate families and parents

This post was last modified on June 19, 2026 7:56 am

അഴിമുഖം ഡെസ്‌ക്:
Leave a Comment