മധ്യപ്രദേശിലെ പുരാതന നഗരമായ ഉജ്ജയിനിനെ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നടത്തുന്ന വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മറവില്‍ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ കുടുംബാംഗങ്ങള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി കണ്ടെത്തല്‍. നഗരത്തിലെ പുതിയ റോഡുകള്‍, ദേശീയപാതകള്‍, കാര്‍ഷിക ഭൂമിയെ വാണിജ്യ-താമസ ആവശ്യങ്ങള്‍ക്കായി മാറ്റുന്ന മാസ്റ്റര്‍ പ്ലാന്‍ എന്നിവ മുന്‍കൂട്ടി കണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യയും മകനും അടങ്ങുന്ന അടുത്ത ബന്ധുക്കള്‍ വന്‍തോതില്‍ ഭൂമി കൈക്കലാക്കിയതായി ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉജ്ജയിന്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിപണിയായി മാറുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
2023 ഡിസംബര്‍ 13-ന് മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബവും അവര്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികളും ചേര്‍ന്ന് 45 കോടി രൂപ വിലമതിക്കുന്ന 137 പ്ലോട്ടുകളാണ് ഉജ്ജയിനില്‍ വാങ്ങിക്കൂട്ടിയത്. മൊത്തം 168 ഏക്കറോളം വരുന്ന ഈ ഭൂമി, സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വികസന പദ്ധതികളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക ഭൂരേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇതില്‍ ആറ് പ്ലോട്ടുകള്‍ പിന്നീട് മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
ഉടമസ്ഥാവകാശ രേഖകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ഭാര്യ സീമാ യാദവ്, മകന്‍ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദ്ലാല്‍, നാരായണ്‍ യാദവ്, നാരായണിന്റെ ഭാര്യ രേഖ, ഇവരുടെ മകന്‍ അഭയ് യാദവ്, മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളായ ഗോവിന്ദ് യാദവ്, നീലേഷ് യാദവ് എന്നിവരുടെ പേരുകളിലാണ് ഈ ഭൂമിയുള്ളത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാല് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴിയും നേരിട്ടുമാണ് ഈ ഇടപാടുകള്‍ നടന്നിട്ടുള്ളത്. ഇത് വലിയ തോതിലുള്ള താല്പര്യ വൈരുദ്ധ്യവും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
റോഡ് വികസനവും ഭൂമിയുടെ മൂല്യവര്‍ദ്ധനവും
മുഖ്യമന്ത്രി കുടുംബം വാങ്ങിക്കൂട്ടിയ 168 ഏക്കര്‍ ഭൂമിയില്‍ 111 ഏക്കറും മോഹന്‍ യാദവ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ റോഡ് വികസന പദ്ധതികളോട് ചേര്‍ന്നാണ്. ഗരോത്ത്, ഝലാവര്‍, നാഗ്ദ, ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളുടെയും നഗരത്തിലെ ആറോളം പ്രധാന റോഡ് വീതികൂട്ടല്‍ പദ്ധതികളുടെയും വിവരങ്ങള്‍ ഉജ്ജയിന്‍ ജില്ലാ കളക്ടര്‍ റൗഷന്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്‍ഡോര്‍-ഉജ്ജയിന്‍ ഹൈവേകള്‍ സംഗമിക്കുന്ന ഗംഗേഡി എന്ന തന്ത്രപ്രധാന മേഖലയില്‍ 2024 ഏപ്രില്‍ മുതല്‍ 51 ഏക്കറിലായി 38 പ്ലോട്ടുകള്‍ മുഖ്യമന്ത്രിയുടെ കുടുംബം വാങ്ങി. അതുപോലെ, കരാഡിയ-നവഖേഡ ഹൈവേ ജംഗ്ഷന് എതിര്‍വശത്തായി 2024 ഒക്ടോബറില്‍ വാങ്ങിയത് ഒമ്പത് ഏക്കര്‍. കാരോണ്ടിയയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പഞ്ച്‌കോശി പരിക്രമ മാര്‍ഗ്ഗിന് സമീപം 2025 ജൂലൈയില്‍ സ്വന്തമാക്കിയത് എട്ട് ഏക്കര്‍. പുതിയ റോഡ് പദ്ധതികള്‍ വരുന്ന ജയ്വന്ത്പുര, ചന്ദേസര, ഉന്‍ഹേല്‍ എന്നീ പ്രദേശങ്ങളിലായി യഥാക്രമം ആറേക്കര്‍, ഒമ്പതേക്കര്‍, 29 ഏക്കര്‍ എന്നിങ്ങനെയാണ് കുടുംബം ഭൂമി കൈക്കലാക്കിയിരിക്കുന്നത്.
മാസ്റ്റര്‍ പ്ലാനും ഭൂമി തരംമാറ്റലും
കാര്‍ഷിക ഭൂമികള്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി തരംമാറ്റാന്‍ അനുമതി നല്‍കുന്ന ‘ഉജ്ജയിന്‍ മാസ്റ്റര്‍ പ്ലാന്‍ 2035’ പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ (2023 മാര്‍ച്ചില്‍) മുഖ്യമന്ത്രിയുടെ കുടുംബം സാവര്‍ഖേഡിയില്‍ 30 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. തുടര്‍ന്ന് ഭരണം ലഭിച്ച ശേഷം, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഭൂമി തരംമാറ്റിയ മേഖലകളില്‍ നിന്നും 37 ഏക്കര്‍ കൂടി ഇവര്‍ വാങ്ങി. പാണ്ഡ്യാഖേഡിയില്‍ ‘വാണിജ്യ’ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച പ്രദേശത്ത് മാത്രം കഴിഞ്ഞവര്‍ഷം ഇവര്‍ 18 ഏക്കര്‍ വാങ്ങിയിട്ടുണ്ട്.
2004 മുതല്‍ 2010 വരെ മോഹന്‍ യാദവ് ഉജ്ജയിന്‍ ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായും ടൂറിസം കോര്‍പ്പറേഷന്‍ തലവനായും പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നഗരത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് ദീര്‍ഘകാലത്തെ മുന്‍പരിചയമുണ്ട്. മുഖ്യമന്ത്രി സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് നഗരസഭയെ സ്വാധീനിച്ച് മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തിയെന്നു മുന്‍ കോണ്‍ഗ്രസ് മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സാവര്‍ഖേഡിയിലെ 367 ഏക്കര്‍ ഭൂമിയുടെ തരംമാറ്റല്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും മറ്റ് ഭാഗങ്ങളില്‍ ഇത് തുടരുകയാണ്.
അധികാരത്തിലേറുന്നതിന് മുന്‍പ് തന്നെ ഭൂമി വാങ്ങിക്കൂട്ടി
മോഹന്‍ യാദവ് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഈ കുടുംബത്തിന് ഉജ്ജയിനില്‍ 108 പ്ലോട്ടുകളിലായി 179 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇതില്‍ 85 ഏക്കറും വാങ്ങിയത് 2021-2023 കാലഘട്ടത്തില്‍ അദ്ദേഹം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ മുഖ്യമന്ത്രിയായതോടെ ഭൂമി വാങ്ങലിന്റെ വേഗത ക്രമാതീതമായി വര്‍ദ്ധിച്ചു. കുംഭമേളയ്ക്കായി സ്ഥിരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ പോലും (2025ല്‍), മുഖ്യമന്ത്രിയുടെ കുടുംബം 92 ഏക്കര്‍ വരുന്ന 62 പ്ലോട്ടുകളാണ് വാങ്ങിക്കൂട്ടിയത്.
മുഖ്യമന്ത്രി മോഹന്‍ യാദവിന് നിലവില്‍ 17 ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്. ഭാര്യ സീമ യാദവിന് 10.6 ഏക്കറും, ഇരുവരും ചേര്‍ന്ന് 73 ശതമാനം ഓഹരിയുള്ള ‘സിദ്ധി വിനായക് ദേവ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് 39.5 ഏക്കര്‍ ഭൂമിയുമുണ്ട്. ഇതില്‍ 12 ഏക്കര്‍ പിന്നീട് കസിന്‍ നീലേഷിന് കൈമാറി.
ബില്‍ഡര്‍മാരുമായുള്ള പങ്കാളിത്തവും ‘സാവരിയ’ ബ്രാന്‍ഡും
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് വിപുലീകരിക്കുന്നതിനായി ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ‘ശാന്തി മഹാലോക് ബില്‍ഡേഴ്‌സ്’ എന്ന കമ്പനിയുമായി മുഖ്യമന്ത്രിയുടെ കസിന്‍ ഗോവിന്ദ് യാദവ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വികസനച്ചെലവുകള്‍ ബില്‍ഡര്‍ വഹിക്കുകയും വികസിപ്പിച്ച ഭൂമിയുടെ 67.8 ശതമാനം വരെ ഗോവിന്ദ് യാദവിന് തിരികെ നല്‍കുകയും വേണമെന്നാണ് വ്യവസ്ഥ.
മറ്റൊരു കസിന്‍ നീലേഷ് യാദവ് ‘ശ്രീ അന്നപൂര്‍ണ്ണ കണ്‍സ്ട്രക്ഷന്‍’ എന്ന കമ്പനി വഴി ‘സാവരിയ’ എന്ന ബ്രാന്‍ഡില്‍ നാല് പുതിയ ഹൗസിംഗ് സ്‌കീമുകളാണ് മധ്യപ്രദേശ് റെറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാവരിയ ധാം (7.5 ഏക്കര്‍), സാവരിയ ഡ്രീംസ് (5 ഏക്കര്‍), സാവരിയ ഗ്രീന്‍ (12.13 ഏക്കര്‍), സാവരിയ റെസിഡന്‍സി (3.7 ഏക്കര്‍) എന്നിവയാണവ. 2023-ന് ശേഷം കസിന്‍മാരായ ഗോവിന്ദും നീലേഷും ചേര്‍ന്ന് മാത്രം 124 ഏക്കറിലധികം ഭൂമിയാണ് വാങ്ങിയത്.
ഔദ്യോഗിക വിശദീകരണവും പ്രതികരണങ്ങളും
ഇതേക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങളോട് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബം ദീര്‍ഘകാലമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നവരാണെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് അവരുടെ വാദം. കൂടാതെ, പരിശോധനകള്‍ മുഖ്യമന്ത്രിയുടെ ഭാര്യ, മകന്‍, മരുമകള്‍ എന്നിവരടങ്ങുന്ന തൊട്ടടുത്ത കുടുംബത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും കസിന്‍മാരുടെ ബിസിനസ്സ് വ്യക്തിപരമായ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ 2010 മുതല്‍ ഈ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി കുടുംബത്തില്‍ നിന്നായതുകൊണ്ട് ബിസിനസ്സ് പൂട്ടേണ്ടതില്ലെന്നുമാണ് ഗോവിന്ദ് യാദവിന്റെ മകന്‍ അനന്ത് യാദവ് പ്രതികരിച്ചത്. റോഡ് വികസന പദ്ധതികള്‍ മോഹന്‍ യാദവ് മന്ത്രിയാകുന്നതിനും മുന്‍പ് 2019-ല്‍ പാസ്സായതാണെന്നും ഭൂമി കരാറുകള്‍ 2020 മുതല്‍ ഉള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിശദീകരണങ്ങളൊന്നും ഈ വന്‍ ഭൂമിയിടപാടുകള്‍ മൂലമുണ്ടായിരിക്കുന്ന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ പരിഹരിക്കുന്നതല്ല.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്
Content Summary; An investigation reveals Madhya Pradesh CM Mohan Yadav’s family acquired over 168 acres of prime land worth ₹45 crore in Ujjain since he took office, raising questions of propriety.
This post was last modified on June 23, 2026 1:14 pm
Leave a Comment