മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനം, വില്ലന്മാര്‍ ജീവിത പങ്കാളികള്‍; പിന്നില്‍ അന്താരാഷ്ട്ര സംഘം

യുകെ നാഷണല്‍ ക്രൈം ഏജന്‍സി കണ്ടെത്തിയത് ലോകത്തെ ഞെട്ടിക്കുന്ന ക്രൂരതകള്‍

Drug-facilitated sexual assault network UK

യുകെയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകളെ തങ്ങളുടെ ഇരകളാക്കി, അവരെ ബോധം കെടുത്തി പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന വന്‍കിട അന്താരാഷ്ട്ര സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണിത്. ലഹരിമരുന്ന് നല്‍കി ലൈംഗിക അതിക്രമം നടത്തുന്ന ഇത്തരം ശൃംഖലകള്‍ ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുകയാണെന്നും, ഈ സംഘത്തെ തൊടാന്‍ ഇപ്പോഴും നിയമപാലകര്‍ക്ക് കഴിയാതെ പോകുന്നുണ്ടെന്നുമാണ് യുകെ നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നത്. ഫ്രാന്‍സില്‍ വന്‍ വിവാദമുണ്ടാക്കിയ ഷിസെല്‍ പെലിക്കോട്ട് കേസിന് സമാനമായി, വിശ്വസ്തരും ദീര്‍ഘകാല പങ്കാളികളുമായ ആളുകളാണ് ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും അവയ്ക്ക് ഒത്താശ ചെയ്യുന്നതുമെന്നും അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണമാണ് തുടക്കം. ഇതുവരെ 270-ലധികം വ്യക്തികളെ ഈ മാഫിയയുമായി ബന്ധപ്പെടുത്തി എന്‍.സി.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി യുകെയിലും വിദേശത്തുമുള്ള അന്വേഷണ ഏജന്‍സികള്‍ക്കായി 210-ലധികം ഇന്റലിജന്‍സ് കണ്ടെത്തലുകള്‍ എന്‍.സി.എ ഡെപ്യൂട്ടി ഡയറക്ടര്‍ നൈജല്‍ ലിയറി കൈമാറിയിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികം വിവരങ്ങളും വിദേശ രാജ്യങ്ങളിലേക്കാണ് നല്‍കിയിട്ടുള്ളത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ പടര്‍ന്നുപന്തലിച്ചു കിടക്കുന്നുണ്ടെന്ന് നൈജല്‍ ലിയറി സ്ഥിരീകരിച്ചു. യുകെയില്‍ മാത്രം ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 14 പ്രത്യേക അന്വേഷണങ്ങള്‍ ആരംഭിക്കുകയും, ഇരകളാക്കപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രധാനമായും വഴിയൊരുക്കുന്നത്. ഇരകള്‍ക്ക് ലഹരിമരുന്ന് നല്‍കേണ്ടത് എങ്ങനെയെന്നും, അതിനായി ഉപയോഗിക്കേണ്ട ഏറ്റവും ഫലപ്രദമായ മരുന്നുകള്‍ ഏതാണെന്നും ഉള്ള കാര്യങ്ങള്‍ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതികള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നു. പീഡനങ്ങളില്‍ പങ്കാളികളാകാന്‍ മറ്റുള്ളവരെ ക്ഷണിക്കുക, പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ആവശ്യപ്പെടുക, പോലീസിന്റെ പിടിയിലാകാതിരിക്കാനുള്ള തന്ത്രങ്ങള്‍ പങ്കുവെക്കുക തുടങ്ങിയവയെല്ലാം ഈ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ സജീവമാണ്. പല കേസുകളിലും ഇരകള്‍ അബോധാവസ്ഥയിലായിരിക്കുമ്പോള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍, തങ്ങള്‍ ക്രൂരമായ അതിക്രമത്തിന് ഇരയായി എന്ന കാര്യം പോലും അവര്‍ തിരിച്ചറിയുന്നില്ല. ഇത് ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമല്ലെന്നും വളരെ ആസൂത്രിതമായി നടക്കുന്ന സംഘടിത കുറ്റകൃത്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫ്രാന്‍സില്‍ തനിക്കുണ്ടായ ക്രൂരമായ പീഡനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ ഷിസെല്‍ പെലിക്കോട്ടിന്റെ സംഭവം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഷിസെലിനെ പത്തുവര്‍ഷത്തോളം ലഹരിമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി, അന്‍പതോളം അന്യ പുരുഷന്മാര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ടിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 2024 ഡിസംബറില്‍ അവസാനിച്ച ഈ കേസിന്റെ വിചാരണയ്ക്ക് ശേഷമാണ് സമാനമായ മറ്റൊരു അന്താരാഷ്ട്ര ഓപ്പറേഷനിലൂടെ ഏഴ് രാജ്യങ്ങളിലായി 156 ഇരകളെയും പ്രതികളെയും യൂറോപോള്‍ തിരിച്ചറിഞ്ഞത്.

ഡിജിറ്റല്‍ യുഗത്തില്‍ ഈ മാഫിയകളുടെ സ്വഭാവത്തിലും പ്രവര്‍ത്തനരീതിയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വയലന്‍സ് എഗെയ്ന്‍സ്റ്റ് വുമണ്‍ ആന്‍ഡ് ഗേള്‍സ് ഡയറക്ടര്‍ ഹെലന്‍ മില്ലിചാപ് വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനവും നിയന്ത്രണ സ്വഭാവമുള്ള പെരുമാറ്റങ്ങളുമാണ് ഇതിന്റെ വേരുകള്‍. പോലീസ് ബന്ധപ്പെടുമ്പോഴോ അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോഴോ മാത്രമാണ് പലരും തങ്ങള്‍ ഇരകളാക്കപ്പെട്ടു എന്ന് അറിയുന്നത്. ഏറ്റവും വിശ്വസിച്ച വ്യക്തികളില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത് മാനസികമായി വലിയ ആഘാതമാണ് സൃഷ്ടിക്കുക. കൃത്യമായ തെളിവുകളോ ഓര്‍മ്മകളോ ഇല്ലെങ്കില്‍ പോലും, എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ ഇരകള്‍ ധൈര്യപൂര്‍വ്വം പരാതിയുമായി മുന്നോട്ട് വരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

തന്റെ 25 വര്‍ഷത്തെ പ്രൊസിക്യൂഷന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ക്രൂരവും അറപ്പുളവാക്കുന്നതുമായ കുറ്റകൃത്യമാണിതെന്ന് ക്രൗണ്‍ പ്രൊസിക്യൂഷന്‍ സര്‍വീസ് പ്രതിനിധി സിയോഭാന്‍ ബ്ലെയ്ക്ക് പറഞ്ഞു. ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ വിശ്വാസവഞ്ചന കാട്ടുന്ന അവസ്ഥയാണിത്. സാങ്കേതികവിദ്യ ചൂഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുവെങ്കിലും, കുറ്റവാളികളെ കണ്ടെത്താനും അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാനും ഇത് പോലീസിനെ സഹായിക്കുന്നുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള ഏതാനും കേസുകള്‍ തങ്ങളുടെ പരിഗണനയിലുണ്ടെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.

Content Summary; UK’s National Crime Agency (NCA) uncovers a massive international network involved in organized drug-facilitated sexual assault, linking over 270 suspects globally

This post was last modified on July 3, 2026 11:10 am

അഴിമുഖം ഡെസ്‌ക്:
Leave a Comment