പുസ്തകം വാങ്ങാന്‍ ഏഴ് കോടി യൂണിയന്‍ ബാങ്കിനെതിരേ അന്വേഷണം

പുറത്താക്കപ്പെട്ട ഐഎംഎഫ് മുന്‍ എക്‌സി. ഡയറക്ടറുടെ പുസ്തകത്തിന്റെ രണ്ട് ലക്ഷം കോപ്പിയാണ് ബാങ്ക് ഓര്‍ഡര്‍ ചെയ്തത്

കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി സുബ്രഹ്‌മണ്യന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ പൊതുമേഖലയിലുള്ള യൂണിയന്‍ ബാങ്ക് ചെലവഴിച്ചത് ഏഴു കോടിയിലധികം. ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ പരാതി.

കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്റെ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പിയോളം യൂണിയന്‍ ബാങ്ക് വാങ്ങി. 7.25 കോടിയോളം ഇതിനായി ചിലവഴിച്ചതായാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌കൂളുകളിലേക്കും, ലൈബ്രറികളിലേക്കും വിതരണം ചെയ്യാനാണ് പുസ്തകം വാങ്ങിയതെന്നാണ് പ്രാഥമിക വെളിപ്പെടുത്തല്‍. വി കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്റെ ഇന്ത്യ@100: Envisioning Tomorrow’s Economic Powerhouse എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് രണ്ട് മാസം മുമ്പ്, പുസ്തകം വാങ്ങാനായി പ്രസാധകരുമായി ബാങ്ക് സാമ്പത്തിക ഇടപാട് നടത്തിയതായാണ് സൂചന.

ഓഗസ്റ്റില്‍ നടക്കുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി പുസ്തകങ്ങള്‍ വാങ്ങുന്ന വിവരം അറിയിച്ചുകൊണ്ട് ബാങ്കിന്റെ 18 സോണല്‍ ഓഫീസുകളിലേക്ക് ബാങ്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. 1,89, 450 മുതല്‍ 10,525 കോപ്പികള്‍ വരെ വാങ്ങാനാണ് നിര്‍ദ്ദേശം. ഇതിന് മുഴുവനായി വരുന്ന ചിലവാണ് 7.25 കോടി. സോണല്‍ ഓഫീസര്‍മാരോട് തന്നെ പുസ്തകം വിതരണം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. കത്ത് അയക്കുമ്പോള്‍ പുസ്തകത്തിന്റെ പ്രസാധകരായ രൂപ പബ്ലിക്കേഷന് പകുതി തുക അഡ്വാന്‍സ് നല്‍കിയിരുന്നു. ബാക്കി തുക റീജിയണല്‍ ഓഫീസുകളോട് നല്‍കാനും നിര്‍ദ്ദേശിച്ചു.

പരാതിക്ക് പിന്നാലെ ബാങ്കിന്റെ സപ്പോര്‍ട്ട് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഗിരിജ മിശ്രയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടുണ്ട്. പണമിടപാടുകള്‍ക്ക് അംഗീകാരം നല്‍കിയതിന് ഗിരിജ മിശ്ര നിരീക്ഷണത്തിലാണ്. പുസ്തകങ്ങള്‍ വാങ്ങാന്‍ മിശ്രയോട് നിര്‍ദ്ദേശിച്ചിരുന്നതായി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ എ മണിമേഖല സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ 50 ശതമാനത്തോളം മുന്‍കൂര്‍ നല്‍കിയ വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിതേഷ് രജ്ഞന്‍ പറയുന്നത്. അനാവശ്യമായി പണം ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന എംഡി മണിമേഖലയ്ക്ക് കത്തയച്ചു.

അന്താരാഷ്ട്ര നാണയനിധിയിലെ(ഐഎംഎഫ്) ഇന്ത്യയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ കഴിഞ്ഞയാഴ്ച മുന്നറിയിപ്പുകളില്ലാതെ തല്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. യൂണിയന്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് കൃഷ്ണമൂര്‍ത്തിയെ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിരമിക്കാന്‍ ആറു മാസത്തെ കാലാവധി ബാക്കി നില്‍ക്കെയുള്ള കൃഷ്ണമൂര്‍ത്തിയുടെ പുറത്താക്കല്‍ ചര്‍ച്ചയായിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു കൃഷ്ണമൂര്‍ത്തിയെ 2022 നവംബര്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തെ കാലാവധിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഐഎംഎഫിലേക്ക് നിയോഗിച്ചത്. Union Bank of India is under investigation after reportedly spending ₹7 crore to purchase 2 lakh copies of a book authored by a former chief executive’s advisor

content summary: Union Bank of India is under investigation after reportedly spending ₹7 crore to purchase 2 lakh copies of a book authored by a former chief executive’s advisor

അഴിമുഖം പ്രതിനിധി:
Leave a Comment