ഹോര്‍മുസിന്റെ പേരില്‍ പോര് തുടരുന്നു; വീണ്ടും യുഎസ് ആക്രമണം, ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിച്ച് ഇറാന്‍

ഈ യുദ്ധം അവസാനിക്കാത്തതിന് പ്രധാന കാരണമായി ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് മാറിയിരിക്കുകയാണ്

Iran US conflict Hormuz

യുഎസ്-ഇറാന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്ന് ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടയില്‍ വീണ്ടും സാഹചര്യങ്ങള്‍ യുദ്ധസമാനമായി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് വഴി പോയ ചരക്കുകപ്പല്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ചരക്കുകപ്പലിന് തീപിടിക്കുകയും ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക വന്‍ വ്യോമാക്രമണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു യു.എസ് ആക്രമണം. തിരിച്ചടിയെന്നോണം തൊട്ടുപിന്നാലെ ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നിവരെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

ഈ യുദ്ധം അവസാനിക്കാത്തതിന് പ്രധാന കാരണമായി ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് മാറിയിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളിലെ ഏറ്റവും വലിയ തടസ്സം ഹോര്‍മുസിന്റെ നിയന്ത്രണമാണ്. ലോകത്ത് വിപണനം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ കടലിടുക്കിലൂടെയാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് അമേരിക്കന്‍-ഇസ്രയേല്‍ സഖ്യം ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയായിരുന്നു. ഇതോടെ ആഗോള ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായി. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ബാരലിന് 120 ഡോളര്‍ വരെയെത്തിയ എണ്ണവില ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഇറാന്റെ നിലപാട് എണ്ണ വിപണിക്ക് ഇതുവരെയും സമാധാനം കൊടുത്തിട്ടില്ല.

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വെടിക്കോപ്പ് സംഭരണശാലകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ 140-ഓളം കേന്ദ്രങ്ങളില്‍ ഞയാറാഴ്ച്ച പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് യു.എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. മുന്‍പ് നടത്തിയ രണ്ട് ഘട്ട ആക്രമണങ്ങളേക്കാള്‍ കൂടുതല്‍ വിനാശാകരമായിരുന്നു ഇത്. അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകള്‍ക്ക് ഭീഷണിയാകുന്ന ഇറാന്റെ ആക്രമണങ്ങള്‍ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസ് പറയുന്നത്. ഇറാനുമായുള്ള സമാധാന കരാര്‍ അവസാമിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി ദിവസങ്ങള്‍ക്കകമാണ് ഈ പുതിയ വ്യോമാക്രമണങ്ങള്‍. ‘ഇറാന്‍ തെറ്റായ വഴിയാണ് തിരഞ്ഞെടുത്തത്, അതിനുള്ള വില അവര്‍ ഇപ്പോള്‍ നല്‍കുന്നു,’ എന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പ്രതികരിച്ചത്.

അതേസമയം, ഞായറാഴ്ച ഖത്തറില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് നേരെയും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ജാഗ്രതയില്‍ യുഎഇയും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലും മിസൈല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇറാന്റെ മിസൈലുകളെ തങ്ങള്‍ തകര്‍ത്തുവെന്നാണ് ഖത്തര്‍ സൈന്യം അറിയിച്ചിരിക്കുന്നത്. യു.എസ് നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റിന്റെ ആസ്ഥാനമായ ബഹ്റൈനിലും മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഇതാദ്യമായണ് യുഎഇയെ ഇറാന്‍ ആക്രമിക്കുന്നത്. യു.എ.ഇയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. മേയ് മാസത്തില്‍ യു.എ.ഇയിലെ ഏക ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ ഭീഷണി. സൈപ്രസിന്റെ പതാകയേന്തിയ ചരക്കുകപ്പലാണ് ഇറാന്‍ ആക്രമിച്ചത്. കപ്പലിന്റെ എന്‍ജിന്‍ റൂമിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കപ്പലിന് തീപിടിച്ചതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇറാന്‍ അതിര്‍ത്തി ഒഴിവാക്കി ഒമാന്റെ തീരത്തോട് ചേര്‍ന്ന് സഞ്ചരിച്ച കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയ കപ്പലിന് നേരെ മുന്നറിയിപ്പ് വെടിവെയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെടുന്നത്. തങ്ങള്‍ക്കെതിരേ ഇനിയും ആക്രമണങ്ങള്‍ ഉണ്ടായാല്‍ മേഖലയിലെ കൂടുതല്‍ വിദേശ സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് തുടങ്ങിയ മേഖലകളിലാണ് യു.എസ് പ്രധാനമായും ആക്രമണം നടത്തിയത്. എന്നാല്‍ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഇറാന്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കടലിടുക്ക് അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് ഇറാന്റെയും ഒമാന്റെയും പ്രാദേശിക അതിര്‍ത്തിക്കുള്ളിലാണ് വരുന്നത്. വിഷയം രാഷ്ട്രീയ-സാങ്കേതിക തലങ്ങളില്‍ തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്ന് ഒമാന്‍ വ്യക്തമാക്കിയെങ്കിലും, ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത് പോലെ ഈ ജലപാത എല്ലാവര്‍ക്കുമായി തുറന്നുനല്‍കുമെന്ന ഉറപ്പ് നല്‍കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. അതിനിടെ, മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ ആയത്തുള്ള മുജ്തബ ഖമേനി ആദ്യമായി പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട തന്റെ പിതാവിന്റെ മരണത്തിന് രാജ്യം തീര്‍ച്ചയായും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Summary; The US launches massive airstrikes on Iran following an attack on a container ship in the Strait of Hormuz. Iran retaliates with missile attacks targeting Qatar, UAE, and Bahrain

This post was last modified on July 12, 2026 1:44 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment