അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും തകര്‍ന്നതിനു പിന്നാലെ ഇറാനില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും അമേരിക്കന്‍ വ്യോമാക്രമണം. ഹോര്‍മുസില്‍ ഇറാന്‍ നടത്തിയ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന പേരില്‍ അമേരിക്ക പുതിയ ശക്തമായ വ്യോമാക്രമണങ്ങളുമായി രംഗത്തെത്തിയതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്. ഇറാനിലെ തന്ത്രപ്രധാനമായ തെക്കുകിഴക്കന്‍ തീരദേശ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം കനത്തതോടെ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
അമേരിക്കയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നാലെ ഇറാന്റെ തിരിച്ചടി ഭയന്ന് ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കനത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കുവൈറ്റിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ശത്രുതാപരമായ മിസൈലുകളും ഡ്രോണുകളും വിജയകരമായി വെടിവെച്ചിട്ടതായി കുവൈറ്റ് സൈന്യം വ്യക്തമാക്കി. ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി. ജനങ്ങളോട് പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.
മൂന്ന് ആഴ്ച മുമ്പ് ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാര്‍ ഇനി നിലവിലില്ലെന്ന് ടര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള കൃത്യമായ ‘പ്രതികാരമാണ്’ അമേരിക്കയുടെ പുതിയ വ്യോമാക്രമണങ്ങളെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചബഹാര്‍ തുറമുഖത്തെ സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപിന്റെ പോസ്റ്റ്. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപ് പുതിയ ബോയിംഗ് വിമാനത്തിന് പകരം പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് അമേരിക്കയിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന് നേരെ ഇറാന്‍ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു യാത്ര.
എന്നാല്‍, അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്. ഭീഷണികളിലൂടെയോ സമ്മര്‍ദ്ദങ്ങളിലൂടെയോ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്നും, ഇറാന്റെ സ്വന്തം മേല്‍നോട്ടത്തിലും ക്രമീകരണങ്ങളിലും മാത്രമേ കപ്പല്‍ ഗതാഗതം അനുവദിക്കൂ എന്നും ഇറാന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ എം.ബി ഘാലിബാഫ് വ്യക്തമാക്കി. അമേരിക്ക ഇനിയും ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ വലിയ ആപത്തിലേക്ക് പതിക്കുമെന്നും, ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പരമോന്നത നേതാവിന്റെ മുതിര്‍ന്ന സൈനിക ഉപദേശകന്‍ മൊഹ്‌സിന്‍ റെസായിയും അധിനിവേശ ശക്തികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പുറത്ത് യുദ്ധം മുറുകുമ്പോള്‍ ഇറാനകത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ ഭിന്നതയും ചേരിതിരിവും രൂക്ഷമായിരിക്കുകയാണ്. യുഎസുമായുള്ള സമാധാന ചര്‍ച്ചകളെ അനുകൂലിക്കുന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിലുള്ള മിതവാദികളും, അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത തീവ്ര നിലപാടുകാരുമാണ് ഇപ്പോള്‍ പരസ്പരം പോരടിക്കുന്നത്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അഞ്ച് നഗരങ്ങളിലായി നടന്ന ബൃഹത്തായ വിലാപയാത്രയ്ക്കിടെ പ്രസിഡന്റ് പെസെഷ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കും നേരെ തീവ്ര നിലപാടുകാര്‍ കൈയേറ്റ ശ്രമം നടത്തുകയും കല്ലെറിയുകയും ചെയ്തു. ‘വഞ്ചകന്‍’, ‘അമേരിക്കന്‍ ദാസന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് വിലാപയാത്രയില്‍ പങ്കെടുത്ത വലിയൊരു കൂട്ടം ആളുകള്‍ സ്വന്തം ഭരണാധികാരികളെ നേരിട്ടത്. ഈ ആഭ്യന്തര കലഹം ശത്രുക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയേ ഉള്ളൂവെന്ന് പ്രസിഡന്റിന്റെ മകനും ഉപദേശകനുമായ യൂസഫ് പെസെഷ്‌കിയാന്‍ പ്രതികരിച്ചു.
യുദ്ധം വീണ്ടും തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഒറ്റയടിക്ക് അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറിലെത്തിയിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഈ വഴിയിലുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, തങ്ങളുമായി പുതിയൊരു കരാറിലെത്താന്‍ ഇറാന്‍ വ്യഗ്രത കാണിക്കുന്നുണ്ടെന്നും അവര്‍ യുഎസുമായി ബന്ധപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന്‍ ഭരണകൂടം ഇത് പാടെ നിഷേധിച്ചു. വരും ദിവസങ്ങളില്‍ മേഖലയിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍.
Content Summary: US-Iran ceasefire collapses as Donald Trump launches new airstrikes. Gulf nations on high alert, missile sirens sound in Bahrain & Qatar, shipping halts in Strait of Hormuz.
This post was last modified on July 9, 2026 8:00 am
Leave a Comment