‘എന്റെ 40 മുറികളുള്ള ഹോട്ടൽ ഒരു ഇല പോലെ ഒഴുകിപ്പോയി’ ആ തീരുമാനം ജീവൻ രക്ഷിച്ചു

മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ധരാലി ഗ്രാമമൊന്നാകെ മണ്ണിൽ പുതഞ്ഞു

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടുകളും ഹോട്ടലുകളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. 50 ഓളം ഹോട്ടലുകൾ വെള്ളത്തിനടിയിലായി. ചാർ ധാം യാത്ര ഇല്ലാത്തതിനാൽ ഹോട്ടലിൽ അധികം ആളനക്കമില്ലാതിരുന്നു, അതുകൊണ്ടാണ് ധരാലിയിലെ ഹോട്ടലുടമയായ ജയ് ഭഗവാൻ, അടുത്തുള്ള നാഗദേവത ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ തീരുമാനിച്ചതും. ആ തീരുമാനമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.

കമ്പോളത്തിൽ നിന്ന് അല്പം ദൂരെയുള്ള ആ ക്ഷേത്രം, ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ കേടുപാടുകൾ സംഭവിക്കാത്ത നിർമ്മിതികളിൽ ഒന്നായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 1.40-ഓടെ ഉത്സവത്തിനിടയിൽ ഒരു വലിയ ശബ്ദം കേട്ടു. “ആദ്യം ഒരു വലിയ ഇടിയൊച്ച കേട്ടു, പിന്നെ അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ആളുകളുടെ നിലവിളി. അവർ വിസിൽ മുഴക്കുന്നുണ്ടായിരുന്നു, പക്ഷെ ഞങ്ങൾക്കൊന്നും മനസ്സിലായില്ല. പിന്നാലെ വന്നത് ചെളിയും വെള്ളവും പാറകളും നിറഞ്ഞ ഭീമാകാരമായ തിരമാലകളായിരുന്നു,” പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട ജയ് ഭഗവാൻ ഓർമ്മിച്ചു.

പ്രളയത്തിൽ നശിച്ചുപോയ കെട്ടിടങ്ങളിൽ ഒന്നാണ് ഭഗവാന്റെ നാല് നില ഹോട്ടൽ. “എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായില്ല. കുറച്ച് മീറ്റർ അകലെയുള്ള എന്റെ വീട്ടിലേക്ക് ഞാൻ ഓടാൻ ശ്രമിച്ചു, പക്ഷേ 20 മിനിറ്റിനുള്ളിൽ വെള്ളം ഞങ്ങളുടെ വീട്ടിലെത്തി,” ഭഗവാൻ പറഞ്ഞു. പിന്നീട് അദ്ദേഹം കാൽനടയായി ഹർസിലിലേക്ക് കുതിച്ചു. വളരെ വൈകിയാണ് വീഡിയോ കണ്ടത്, അപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി അദ്ദേഹത്തിന് മനസ്സിലായത്. “വീഡിയോയിൽ, എന്റെ ഹോട്ടൽ ഒലിച്ചു പോകുന്നത് കാണാം. 40 മുറികളുള്ള ഒരു ഹോട്ടലായിരുന്നു അത്, പക്ഷേ അത് ഒരു ഇല പോലെ ഒഴുകിപ്പോയി,” അദ്ദേഹം പറഞ്ഞു.

മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ധരാലി ഗ്രാമമൊന്നാകെ മണ്ണിൽ പുതഞ്ഞു. ഗ്രാമത്തിലെ കമ്പോളത്തിലുള്ള കെട്ടിടങ്ങൾ മുഴുവൻ ഒലിച്ചുപോയി. അറുപതിലധികം ആളുകളെ കാണാതായതായാണ് കണക്കാക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചു.

ധരാലിയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, ജയ് ഭഗവാൻ അടുത്ത കുറച്ച് മണിക്കൂറുകൾ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കി. “ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ എനിക്ക് അവരെ വിളിക്കാൻ കഴിഞ്ഞു, അതിനുശേഷം അവരെ കിട്ടാതായി,” അദ്ദേഹം പറഞ്ഞു. മഴക്കാലമായതിനാൽ വിനോദസഞ്ചാരികൾ കുറവായിരുന്നെന്നും ദുരന്തം നടന്ന ദിവസം ഹോട്ടലുകൾ മിക്കതും ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മറ്റുള്ള മാസങ്ങളിൽ, ചാർ ധാം യാത്ര നടക്കുന്ന സമയത്ത് എന്റെ ഹോട്ടൽ പൂർണ്ണമായും ബുക്ക് ചെയ്തിരിക്കും. ഭാഗ്യവശാൽ, എന്റെ ജീവനക്കാരും ഹോട്ടൽ നോക്കിനടത്തുന്ന മരുമകനും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല,” ജയ് ഭഗവാൻ പറഞ്ഞു.

ദുരന്തം നടന്ന സ്ഥലത്ത് 50-60 അടി ഉയരത്തിൽ ചളി അടിഞ്ഞുകൂടിയിട്ടുണ്ടെന്നും, പ്രദേശം ചതുപ്പ് നിലം പോലെയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. കരസേന, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്(ഐടിബിപി), ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകൾ,ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ),സംസ്ഥാന പൊലീസ്, ജനറൽ റിസർവ് എൻജിനീയർ ഫോഴ്സ് (ജിആർഇഫ്) തുടങ്ങിയവയാണ് ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇന്നലെ പുലർച്ചെ മുതൽ രക്ഷാപ്രവർത്തനത്തിനുള്ള സർവസന്നാഹങ്ങളും ഉത്തരകാശിയിൽ സജ്ജമായിരുന്നു.

content summary: Uttarkashi hotelier cheats death

This post was last modified on August 7, 2025 9:16 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment