‘ഡോക്ടർമാർ ദൈവങ്ങളല്ല, സാധാരണ മനുഷ്യരാണ്’ അവർ ആക്രമിക്കപ്പെടുമ്പോൾ തകരുന്നത് പൊതുജനാരോഗ്യം

ആ വെട്ട് കൊള്ളേണ്ടത് തന്നെയാണ്

പൊതുജനാരോഗ്യത്തിന്റെ നെടുംതൂണാണ് ഡോക്ടർമാർ. ശാരീരികമായ വെല്ലുവിളികൾക്കപ്പുറം, മാനസികമായും വൈകാരികമായും അതിതീവ്രമായ സമ്മർദ്ദങ്ങൾ നിറഞ്ഞതാണ് അവരുടെ കർമ്മ മണ്ഡലവും. വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിനും, ആശുപത്രികളിൽ നിലവിൽ വന്ന അത്യാധുനിക സൗകര്യങ്ങൾക്കും ആനുപാതികമായ ജീവനക്കാരുടെ ഘടന ഇന്നും സർക്കാർ ആശുപത്രികളിൽ ഇല്ല. ജീവനും മരണത്തിനുമിടയിലെ നിമിഷങ്ങളെ നിരന്തരം കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ അനുദിനം നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ‘അഴിമുഖത്തോട്’ സംസാരിക്കുകയാണ് ഐ.എം.എ കൊച്ചിയുടെ മുൻ പ്രസിഡന്റ് ഡോ. ഹനീഷ് എം.എം.

സർക്കാർ മേഖലയിലെ ഡോക്ടർമാരുടെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും 1960-കളിലെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഡോ. ഹനീഷ് പറയുന്നു. ഇടയ്ക്ക് ചില താൽക്കാലിക നിയമനങ്ങൾ നടത്താറുണ്ടെങ്കിലും, രോഗികളുടെ എണ്ണവും ഡോക്ടർമാരുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ പലപ്പോഴും രോഗികളുടെ സംതൃപ്തിക്കനുസരിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല. മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ, പോസ്റ്റ് ഗ്രാജ്വേഷൻ വിദ്യാർത്ഥികൾ (പി.ജി. ഡോക്ടർമാർ) ഉള്ളതുകൊണ്ട് ജോലിഭാരം മാനേജ് ചെയ്യാനും ആശുപത്രി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നുണ്ട്.

ഒരു രോഗിക്ക് ആകെ കിട്ടുന്നത് മൂന്ന് മിനിറ്റ്

“ഒരു താലൂക്ക് ആശുപത്രിയുടെ കാര്യം എടുത്താൽ, അവിടെ ഒരു സർജൻ മാത്രമേ കാണുകയുള്ളൂ. അദ്ദേഹം അഞ്ച് മണിക്കൂറിനുള്ളിൽ പരമാവധി നൂറ് രോഗികളെയാണ് പരിശോധിക്കുന്നതെങ്കിൽ, ഒരു മണിക്കൂറിൽ ഏകദേശം ഇരുപത് പേരെ കാണും. അതായത്, ഒരു രോഗിക്ക് ആകെ കിട്ടുന്നത് മൂന്ന് മിനിറ്റ് മാത്രമാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഡോക്ടറിൽ നിന്ന് എന്ത് തരത്തിലുള്ള ചികിത്സാ നിലവാരമാണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുക? അതുകൊണ്ടുതന്നെ, സ്വാഭാവികമായും പൊതുജനങ്ങൾക്കിടയിൽ അത് വലിയൊരു അതൃപ്തി ഉണ്ടാക്കുകയാണ്. ആദ്യപടിയായി, ആശുപത്രികളിലെ ജീവനക്കാരുടെ ഘടന നിലവിലെ ആവശ്യകതകൾക്കനുസരിച്ച് തിരുത്തി നിർവചിക്കേണ്ടതുണ്ട്.

ഡോക്ടർമാരുടെ കാര്യത്തിലെന്ന പോലെ, നഴ്സുമാരുടെ കാര്യത്തിലും സമാന സാഹചര്യമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. പല വലിയ ഹോസ്പിറ്റലുകളിലും 20 മുതൽ 30 വരെ രോഗികളുള്ള ഒരു വാർഡിൽ പോലും ഒരു സ്റ്റാഫ് നഴ്സ് മാത്രമാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. ഇത്രയും കുറഞ്ഞ ജീവനക്കാരെക്കൊണ്ട് രോഗികൾക്ക് ആവശ്യമായ മികച്ച പരിചരണം നൽകാൻ കഴിയില്ല.

വെന്റിലേറ്ററിൽ കഴിയുന്ന ഐ.സി.യു രോഗികൾക്ക്: 1:1 എന്ന അനുപാതത്തിൽ (ഒരു രോഗിക്ക് ഒരു നഴ്സ്) പരിചരണം ആവശ്യമാണ്. വെന്റിലേറ്ററിൽ അല്ലാത്ത ഐ.സി.യു. രോഗികൾക്ക്: 1:2 എന്ന അനുപാതമാണ് (രണ്ട് രോഗികൾക്ക് ഒരു നഴ്സ്) വേണ്ടത്. ഒരു വാർഡിലെ ദൈനംദിന കാര്യങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനും കുറഞ്ഞത് 3 മുതൽ 5 വരെ നഴ്സുമാരെ ഒരു ഷിഫ്റ്റിൽ ആവശ്യമാണ്.

ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾക്ക് NABH (National Accreditation Board for Hospitals & Healthcare Providers) പോലുള്ള നിരവധി അക്രഡിറ്റേഷൻ പ്രോഗ്രാമുകളുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി, വലിയ തോതിലുള്ള ഡോക്യുമെന്റേഷനുകളും അത്യാവശ്യമാണ്. പത്തോ, ഇരുപതോ, ചിലപ്പോൾ മുപ്പതോ രോഗികളുടെ ഡോക്യുമെന്റേഷൻ ഒരു ഷിഫ്റ്റിലെ ഒരു നേഴ്സിങ് സ്റ്റാഫിന് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ല.

സൗകര്യങ്ങളുണ്ട്, പക്ഷെ….

പ്രളയം, കോവിഡ്-19 പോലുള്ള മഹാമാരികൾ എന്നിവ കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഗുരുതരമായ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. നമ്മുടെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ വികസിപ്പിക്കുന്നുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ, അത്യാധുനിക സൗകര്യങ്ങളും മികച്ച സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് എന്നും കാണാം. എന്നാൽ, സൗകര്യങ്ങൾ വർധിക്കുമ്പോഴും, ആരോഗ്യ പരിപാലനം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധരോട് അന്വേഷിച്ചാൽ, അവരുടെ ഓപ്പറേഷൻ ലിസ്റ്റ് അടുത്ത മൂന്നോ നാലോ മാസത്തേക്ക് പൂർണ്ണമായും ബുക്ക് ചെയ്തിരിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കും.

കാരണം, ഒരു ഡോക്ടർക്ക് ഒരുപക്ഷേ ആഴ്ചയിൽ ഒരേയൊരു ദിവസം മാത്രമായിരിക്കും ശസ്ത്രക്രിയക്കായി അനുവദിച്ചിട്ടുണ്ടാവുക.ഈ യാഥാർഥ്യം, നമ്മുടെ സമൂഹത്തിന്റെ ആരോഗ്യപരമായ ആവശ്യകതകൾക്കനുസരിച്ചാണോ നിലവിലെ ആരോഗ്യ സേവനങ്ങൾ വിതരണം ചെയ്യപ്പെടുന്നത് എന്നൊരു ഗൗരവമായ ചോദ്യം ഉയർത്തുന്നു. വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും, ആവശ്യത്തിന് ഡോക്ടർമാരുടെയും ശസ്ത്രക്രിയാ സമയത്തിന്റെയും ലഭ്യതക്കുറവും തമ്മിലുള്ള ഈ വലിയ അന്തരം, പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്ന ഒരു നിർണ്ണായക വിഷയമാണ്.”

വേതന അസമത്വവും സുരക്ഷിതത്വമില്ലാത്ത തൊഴിൽ അന്തരീക്ഷവും

“ആവശ്യമായ ചികിത്സാസേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാതെ വരുമ്പോൾ, സ്വാഭാവികമായും രോഗികളിലും കൂട്ടിരിപ്പുകാരിലും തീവ്രമായ നിരാശയും കോപവും ഉണ്ടാകുന്നു. നിർഭാഗ്യവശാൽ, ഈ ദേഷ്യം മുഴുവൻ ആദ്യം പ്രകടിപ്പിക്കുന്നത് രോഗിയുടെ മുന്നിൽ നിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോടായിരിക്കും.

പ്രത്യേകിച്ചും എമർജൻസി വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണവും, അവർക്ക് ആ സമയത്ത് ലഭ്യമാക്കാൻ കഴിയുന്ന ചികിത്സാ പരിചരണവും തമ്മിൽ വലിയ അന്തരമുണ്ട് . ഈ അപര്യാപ്തത കാരണം, വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോൾ, മണിക്കൂറുകൾക്കുള്ളിൽ രോഗികൾ ഗുരുതരാവസ്ഥയിലേക്കോ സങ്കീർണ്ണതകളിലേക്കോ നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.”

ഈ പ്രശ്നങ്ങളെല്ലാം ആരോഗ്യമേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് എന്ന് നിസ്സംശയം പറയാം. ഈ സാഹചര്യത്തിൽ, ഡോക്ടർ-രോഗി, നഴ്സ്-രോഗി അനുപാതങ്ങൾ കൃത്യമായി നിർവചിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ, ഇന്ത്യയിലെ ആരോഗ്യ പരിപാലന സംവിധാനത്തിൽ ശാസ്ത്രീയമായ അനുപാതങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കിയാൽ, അത് സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതും പ്രായോഗികമല്ലാത്തതുമായി മാറും. ആവശ്യമായത്ര ജീവനക്കാരെ പുതുതായി നിയമിക്കേണ്ടിവരുന്നത് സർക്കാരിന് താങ്ങാൻ കഴിയാത്ത ഒരു ബാധ്യതയാകും.

ഈ പ്രതിസന്ധി മറികടക്കാൻ, സ്വാഭാവികമായും നാം കൂടുതൽ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വരും. എന്നാൽ, സ്വകാര്യ ആശുപത്രികളെ അമിതമായി ആശ്രയിക്കുന്നത് സാധാരണ ജനങ്ങൾക്ക് ‘ഭീമമായ ആരോഗ്യച്ചെലവ്’ എന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നത്തിലേക്ക് വഴി തുറക്കും. ഇത് സാധാരണക്കാരന്റെ സാമ്പത്തിക ഭാരം പതിന്മടങ്ങ് വർദ്ധിപ്പിക്കും.” സർക്കാർ ആരോഗ്യ പരിപാലന സംവിധാനം കാര്യക്ഷമമല്ല എന്നാൽ സ്വകാര്യമേഖലയിലെ ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തത്ര ഉയർന്നതുമാണ്.

ഡോക്ടർമാർ ദൈവങ്ങളല്ല, സാധാരണ മനുഷ്യരാണ്

ആരോഗ്യമേഖല വളരെ അപകടസാധ്യത നിറഞ്ഞ തൊഴിലിടമാണ്. പൊതുജനങ്ങൾക്ക് ഡോക്ടർമാരിൽ നിന്ന് ഉയർന്ന നിലവാരത്തിലുള്ളതും തെറ്റുകൾ ഇല്ലാത്തതുമായ സേവനം ലഭിക്കണം എന്ന വലിയ ആവശ്യം നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഡോക്ടർമാരെ ദൈവതുല്യരായി കാണുന്ന സാമൂഹിക മനോഭാവം കാരണം, തങ്ങളുടെ കഴിവിന്റെ പരമാവധിക്കപ്പുറം പ്രവർത്തിക്കാൻ അവർ കടുത്ത സമ്മർദ്ദത്തിലാകുന്നു. ഡോക്ടർമാർ മനുഷ്യരാണെന്നും, ഈ സമൂഹത്തിൽ നിലവിലുള്ള എല്ലാ ഗുണങ്ങളും ദോഷങ്ങളും അവർക്കുമുണ്ടാകുമെന്നുമുള്ള യാഥാർത്ഥ്യം പലപ്പോഴും സമൂഹം വിസ്മരിക്കുന്നു. അവരെക്കുറിച്ച് പല സാമൂഹിക ആഖ്യാനങ്ങളും നിലനിൽക്കുന്നുണ്ട്.

അടുത്തിടെ ഒരു ഡോക്ടർക്ക് വെട്ടേറ്റ സംഭവം ഇതിന് ഉദാഹരണമാണ്. താൻ മനപ്പൂർവം ചെയ്യാത്ത ഒരു കാര്യത്തിന് പോലും ഒരു ഡോക്ടർക്ക് പരിക്കേൽക്കേണ്ടി വന്നപ്പോൾ, സമൂഹ മാധ്യമങ്ങളിലെ ചില പ്രതികരണങ്ങൾ ‘ ആ വെട്ട് കൊള്ളേണ്ടത് തന്നെയാണ്’ എന്ന നിലയിലായിരുന്നു. ഇത് ഡോക്ടർമാരുടെ സമൂഹത്തിൽ വലിയൊരു സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഓരോ ആരോഗ്യ പ്രവർത്തകനും, സുരക്ഷിതമായി തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് വീട്ടിൽ നിന്ന് ജോലിക്ക് ഇറങ്ങുന്നത്.

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണ സംഭവങ്ങൾ വർധിക്കുമ്പോൾ, ഡോക്ടർമാർ സ്വാഭാവികമായും കൂടുതൽ സുരക്ഷിതമായ ചികിത്സാ രീതികൾ സ്വീകരിക്കാൻ തുടങ്ങും. ഇത് അവരുടെ റിസ്ക് എടുക്കാനുള്ള മനോഭാവത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം ‘സുരക്ഷിത ചികിത്സാ’ രീതികൾ അനാവശ്യമായ പരിശോധനകളിലേക്കും അമിതമായ ചികിത്സകളിലേക്കും നയിക്കുകയും, അത് രാജ്യത്തെ ആരോഗ്യച്ചെലവ് വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും. ആത്യന്തികമായി, ഈ പ്രവണത രോഗികളെത്തന്നെയാണ് ദോഷകരമായി ബാധിക്കുക.”

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിൽ സർക്കാർ ഡോക്ടർമാരുടെ സേവന വിതരണം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതേസമയം, സ്വകാര്യ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒന്നോ രണ്ടോ ദശാബ്ദത്തിനിടെ ചികിത്സാച്ചെലവ് ഏകദേശം 100 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഈ ചെലവ് എങ്ങനെ നിയന്ത്രിക്കാം എന്നതാണ് ആരോഗ്യമേഖല നേരിടുന്ന അടുത്ത പ്രധാന വെല്ലുവിളി. കൂടാതെ, ഡോക്ടർമാർക്ക് നിലവിൽ തൊഴിൽപരമായ സുരക്ഷിതത്വം ഇല്ല. അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേക്കാൾ വളരെ വലുതാണ് അവർ ഏറ്റെടുക്കുന്ന അപകടസാധ്യതകൾ എന്നതും ഗൗരവമായി കാണേണ്ട വിഷയമാണ്.”

ഇന്ന് പലരുടെയും കാഴ്ചപ്പാടിൽ, ആധുനിക വൈദ്യശാസ്ത്രം ഒരു പ്രഖ്യാപിത ശത്രുവാണ്. പ്രകൃതിചികിത്സ, മറ്റ് ഇതര ചികിത്സാ രീതികൾ തുടങ്ങിയവയെ പിന്തുണയ്ക്കുന്നവർ ആധുനിക വൈദ്യത്തെ സംശയത്തോടെയും വിമർശനത്തോടെയുമാണ് സമീപിക്കുന്നത്. മോഡേൺ മെഡിസിനെതിരെ പ്രചരിക്കുന്ന തെറ്റിദ്ധാരണകളെ വിശ്വസിച്ച്, ഒരു രോഗിയോ അവരുടെ ബന്ധുവോ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുകയും, ആ വ്യക്തി ഗുരുതരാവസ്ഥയിൽ ആകുകയും ചെയ്താൽ, അത് സ്വാഭാവികമായും ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ സമൂഹത്തിനെതിരെ പൊതുജനരോഷം ഉണ്ടാകുന്നതിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ, ആരോഗ്യപ്രവർത്തകർ ലളിതമായ ലക്ഷ്യങ്ങളായി മാറുന്നു. ചികിത്സയിലെ വീഴ്ചകളല്ലെങ്കിൽ പോലും, സമൂഹത്തിലെ ഈ അവിശ്വാസം ഡോക്ടർമാരുടെ സുരക്ഷയ്ക്കും സമാധാനപരമായ തൊഴിൽ അന്തരീക്ഷത്തിനും ഭീഷണിയുയർത്തുന്നു.”

ആരോഗ്യമേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആശുപത്രികളിൽ ശാസ്ത്രീയമായ സർവേ നടത്തുകയാണ് ആദ്യം വേണ്ടത്. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം, നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം എന്നിവ സംബന്ധിച്ച് കൃത്യമായ സർവേ നടത്തണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, ഒരു മണിക്കൂറിൽ ഒരു ഡോക്ടർക്ക് കാണാൻ സാധിക്കുന്ന രോഗികളുടെ എണ്ണം നിർണ്ണയിക്കണം. ഒരു രോഗിയുമായി എത്ര സമയം ചെലവഴിക്കണം എന്ന രീതിയിൽ ഡോക്ടർമാരുടെ വർക്ക് പാറ്റേൺ പുനഃക്രമീകരിക്കണം.

ഡോക്ടർമാർക്കെതിരെയുള്ള പൊതുധാരണ തിരുത്തുന്നതിനായി സർക്കാർ തലത്തിൽ വിദ്യാഭ്യാസപരവും ബോധവൽക്കരണപരവുമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതുവഴി ആരോഗ്യപ്രവർത്തകർക്ക് കുറച്ചുകൂടി സുരക്ഷിതമായി പ്രവർത്തിക്കാൻ സാധിക്കും. എമർജൻസി കെയർ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം.ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, രോഗീപരിചരണത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനും സാധിക്കും.

ആരോഗ്യമേഖലയിലെ വേതന അസമത്വം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും പുതുക്കിയ നയങ്ങൾക്കനുസരിച്ച് സർക്കാർ ശമ്പളം നൽകി വരുമ്പോഴും, സമാനമായ വിദ്യാഭ്യാസം, കഠിനാധ്വാനം, ഉയർന്ന റിസ്ക് എന്നിവ ആവശ്യമുള്ള ഡോക്ടർമാർക്ക് മതിയായ വേതനം ലഭിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ ഏകദേശം ₹1 ലക്ഷം ശമ്പളം വാങ്ങുന്ന ഒരു ഡോക്ടർക്ക് സ്വകാര്യമേഖലയിൽ ₹3 ലക്ഷം വരെ വേതനം ലഭിക്കുന്നുണ്ടെങ്കിൽ, സ്വാഭാവികമായും മികച്ചവർ പൊതുജനാരോഗ്യ സംവിധാനം ഉപേക്ഷിക്കാൻ അത് കാരണമാകും.

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം അന്താരാഷ്ട്ര നിലവാരം മാത്രമല്ല, ഇന്ത്യൻ നിലവാരം വെച്ചു നോക്കുമ്പോൾ പോലും വളരെ താഴെയാണ്. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും, മികച്ച ചികിത്സ ഉറപ്പാക്കാനും സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, ഡോക്ടർമാരുടെ വേതനം വർദ്ധിപ്പിക്കുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്തേ മതിയാകൂ. ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾക്കും റിസ്കിനും അനുസരിച്ചുള്ള അംഗീകാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

content summary: Violence Against Doctors Is Shattering Public Healthcare

This post was last modified on October 22, 2025 11:26 am

മിന്നു വില്‍സണ്‍: Sub editor
Leave a Comment