അനിയന്ത്രിതമായി മുടി കൊഴിയുന്ന അലോപേഷ്യ എന്ന രോഗം ബാധിച്ചുവെന്നറിഞ്ഞാല്‍ ഒരു മാതിരിപ്പെട്ടവരൊക്കെ കടുത്ത നിരാശയിലാവും. ശരീരത്തിന്റെ സ്വയംപ്രതിരോധ പ്രവര്‍ത്തനം മൂലം ഉണ്ടാവുന്ന ഈ രോഗം വന്നാല്‍ മുടി കട്ടിയായി കൊഴിയുകയും തലയില്‍ വലിയ വെളിമ്പറമ്പുകള്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ഏത് പ്രതികൂലാവസ്ഥയെയും ക്രിയാത്മകമായി നേരിടുകയാണെങ്കില്‍ അത് അനുകൂലമാക്കി മാറ്റാമെന്ന് യുഎസിലെ ഉടാഹില്‍ നിന്നുള്ള ഗിയാനീസ വ്രൈഡ് എന്ന ഈ ഏഴ് വയസുകാരി തെളിയിക്കുന്നു. അലോപേഷ്യ രോഗം ബാധിച്ച ഇവള്‍ തന്റെ കഷണ്ടി തലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിലാണ് ഈ മിടുക്കിക്ക് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. മുടി കൊഴിച്ചില്‍ തുടങ്ങി ഏകദേശം 20 ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ക്ക് പൂര്‍ണമായും കഷണ്ടി ബാധിച്ചു. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ കുറിച്ച് മാതാപിതാക്കള്‍ അവളെ പറഞ്ഞ് മനസിലാക്കി. ഒരു പക്ഷെ ഇനി ഒരിക്കലും മുടി തിരികെ വളര്‍ന്ന് വരില്ല എന്ന കടുത്ത യാഥാര്‍ത്ഥ്യവും. വ്യക്തിത്വം വികസിക്കുന്നതിന് മുടിയുടെ ആവശ്യമില്ലെന്നും സ്വന്തമായ ഫാഷന്‍ രീതികള്‍ തിരഞ്ഞെടുക്കാവുന്നതേ ഉള്ളുവെന്നും അവര്‍ അവളോട് പറഞ്ഞു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രരചനയും നൃത്തവും കരാട്ടെയുമൊക്കെ തുടരാന്‍ സാധിക്കുമെന്നും.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു അപ്രതീക്ഷിത വെല്ലുവിളി വ്രൈഡ്‌സിന്റെ ജീവിതത്തിലുണ്ടായി. അവളുടെ സ്‌കൂളില്‍ ‘ക്രേസി ഹെയര്‍ ഡേ’ മത്സരം നടക്കുന്നു എന്നതാണ് പ്രശ്‌നം. കമ്പോളത്തില്‍ നിന്നും ലഭിച്ച സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മകളുടെ തലമുഴുവന്‍ അലങ്കരിച്ച് അവളെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയാണ് ആ അമ്മ ചെയ്തത്. ഇപ്പോള്‍ കുട്ടിയുടെ തലയിലെ ഡിസൈനുകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
Leave a Comment