അമൃത്യസെന്നിനെ കുറിച്ചുള്ള പ്രഭാഷണം തടഞ്ഞ് വിശ്വഭാരതി സർവ്വകലാശാല; സംഘാടകർക്കെതിരെ നടപടി

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രസേയുടെ പ്രഭാഷണത്തിനാണ് അനുമതി നിഷേധിച്ചത്

1921-ൽ മഹാകവി രവീന്ദ്രനാഥ ടാഗൂർ സ്ഥാപിച്ച, പശ്ചിമ ബംഗാളിലെ വിശ്വഭാരതി കേന്ദ്ര സർവ്വകലാശാല, അവിടെ നടക്കേണ്ട അമൃത്യസെന്നിനെ കുറിച്ചുള്ള വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രസേയുടെ പ്രഭാഷണത്തിന് അനുമതി നിഷേധിച്ചു. സാർവ്വദ്ദേശീയമായ മനുഷ്യത്വത്തെ ഉദ്‌ഘോഷിക്കാനായി ടാഗോർ ആരംഭിച്ച സർവ്വകലാശാലയാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ അമൃത്യ സെന്നിനെ കുറിച്ചുള്ള പ്രഭാഷണത്തിന് അനുമതി നിഷേധിച്ചത്. ഈയടുത്തിടെ അമൃത്യ സെന്നിനെ കുറിച്ച് ഒരു പ്രത്യേക പതിപ്പ് തന്നെ പ്രസിദ്ധീകരിച്ച അനുസ്തപ് എന്ന മാഗസിന്റെ ആഭിമുഖ്യത്തിൽ വിശ്വഭാരതിയിലെ ഇക്‌ണോമിക്‌സ് ആൻഡ് പൊളിറ്റിക്‌സ് ഡിപാർട്ട്‌മെന്റിനോടും എ.കെ ദാസ്ഗുപ്ത സെന്റർ ഫോർ പ്ലാനിങ് ആൻഡ് ഡെവലെപ്‌മെന്റിനോടും സഹകരിച്ച് സ്വാതന്ത്രദിന തലേന്ന് സർവ്വകലാശാല ലൈബ്രറിയൽ നടക്കേണ്ടതായിരുന്ന പ്രഭാഷണം.

കേന്ദ്രഭരണത്തിൻ കീഴിലുള്ള സർവ്വകലാശാലയിൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടന്നു. ‘അമൃത്യസെൻ ശാന്തിനികേതൻ ലൈബ്രറി സൃഷ്ടിച്ച കുട്ടിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ ആഘോഷിക്കുന്ന ചടങ്ങാണ് സർവ്വകലാശാലയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത്’- ജീൻ ഡ്രെസേ പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തോടും ബി.ജെ.പി സർക്കാരിനോടും കടുത്ത വിമർശന നിലപാട് കൈക്കൊണ്ടിട്ടുള്ള ആളുകളാണ് അമൃത്യ സെന്നും ജീൻ ഡ്രെസെയും.

എന്നാൽ ഇത്തരമൊരു പരിപാടി സർവ്വകലാശാലയിൽ നടത്താനായി ആരും അനുമതി നൽകിയിരുന്നില്ല എന്നാണ് വിശ്വഭാരതി പബ്ലിക് റിലേഷൻസ് ഓഫീസർ പറയുന്നത്. ‘സർവ്വകലാശാലയിൽ അതേസമയം മറ്റൊരു പൈതൃക പരിപാടി നടക്കുന്നുണ്ടായിരുന്നു. രവീന്ദ്ര സപ്താഹ പ്രഭാഷണം ഏഴ് മണിക്ക് തന്നെ നടക്കേണ്ടതായിരുന്നു’-അദ്ദേഹം പറഞ്ഞു. എന്നാൽ രവീന്ദ്ര സപ്താഹ ഓഗസ്റ്റ് എട്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ടതാണെന്നും അത് ഇതിന് യാതൊരു തടസവുമാകില്ലായിരുന്നുവെന്നും മുതിർന്ന പ്രൊഫസർമാർ പലരും ചൂണ്ടിക്കാണിച്ചു.

അമൃത്യസെൻ പ്രഭാഷണത്തിന്റെ സംഘാടകരിൽ ഒരാളായ എ.കെ.ദാസ്ഗുപ്ത സെന്റർ ചെയർപേഴ്‌സൺ അപൂർബ കുമാർ ചട്ടോപാധ്യായയെ തത്സ്ഥാനത്ത് നിന്ന് നീക്കാനുള്ള വിജ്ഞാപനവും വിശ്വാഭാരതി സർവ്വകലാശാല പുറത്തിറക്കി.

content summary: Visva-Bharati University halted a lecture on Amartya Sen and took action against its organizers

അഴിമുഖം ഡെസ്‌ക്:
Leave a Comment