വി കെ മാധവന്‍കുട്ടി; പത്രപ്രവര്‍ത്തനത്തിലെ നയതന്ത്രജ്ഞന്‍

വി കെ മാധവന്‍കുട്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് 20 വര്‍ഷം

ഡല്‍ഹിയിലെത്തുന്ന ഒരു മലയാളി കാണേണ്ട രണ്ട് കാര്യങ്ങളില്‍ ഒന്ന് കുത്തബ് മിനാറും മറ്റൊന്ന് വി കെ മാധവന്‍കുട്ടിയുമാണെന്നായിരുന്നു ഒരു കാലത്ത് അദ്ദേഹത്തിന്റെ ഖ്യാതി. അരനൂറ്റാണ്ടോളം രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ അനൗപചാരിക അംബാസഡറായിരുന്ന പത്രപ്രവര്‍ത്തകന്‍ വി കെ മാധവന്‍കുട്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് 20 വര്‍ഷം.

ഏവര്‍ക്കും സ്വാഗതമോതുന്ന ഡല്‍ഹിയിലെ ഇന്ത്യാഗേറ്റ് പോലെ തലസ്ഥാനത്ത് കേരളത്തിന്റെ സ്വാഗത കമാനമായിരുന്നു വി കെ മാധവന്‍കുട്ടി. അരനൂറ്റാണ്ടോളം ഡല്‍ഹിയിലെ കേരളത്തിന്റെ അനൗപചാരിക അംബാസഡറായിരുന്ന പത്രപ്രവര്‍ത്തകന്‍.

വി.കെ. മാധവൻ കുട്ടി

ഭാഷാപത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകരായ മലയാളികള്‍ രണ്ടാം നിരയിലാക്കിയിരുന്ന കാലത്താണ് വീട്ടിക്കാട്ട് കുണ്ടുതൊടിയില്‍ മാധവന്‍ കുട്ടി അവിടെ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. മലയാളികളോടും പൊതുവേ തെക്കേ ഇന്ത്യക്കാരോടുമുള്ള അവഗണനക്കെതിരായി മാധവന്‍കുട്ടി അധികാരസ്ഥാനങ്ങളോട് നിരന്തരം പോരാടി. ഔദ്യോഗിക തലത്തില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്ന പരിഗണന ഭാഷാ പത്രക്കാര്‍ക്ക് ലഭ്യമായത് വി കെ മാധവന്‍ കുട്ടിയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ്.

1956 ല്‍ ഡല്‍ഹിയിലെത്തിയ മാധവന്‍ കുട്ടിയെ മാതൃഭൂമി ദിനപത്രം തങ്ങളുടെ ലേഖകനാക്കി. കേരളത്തിന്റെയും മലയാളികളുടെയും ഡല്‍ഹി പ്രതിനിധിയായി ഏത് പദ്ധതിക്കും കാര്യസാധ്യത്തിനും അധികാരസ്ഥാനങ്ങളില്‍ സ്വാധീനം വേണമെന്ന് നന്നായി അറിയുമായിരുന്ന മാധവന്‍ കുട്ടി അന്നു മുതല്‍ അത് സമര്‍ത്ഥമായി കൈകാര്യം ചെയ്തു.

മലയാളി രാഷ്ട്രീയക്കാര്‍ക്കും എം പി മാര്‍ക്കും അസാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ മാധവന്‍ കുട്ടി പ്രാപ്തനായതിന് കാരണം മറ്റ് പത്രക്കാര്‍ക്കില്ലാത്ത ചില സവിശേഷതകളായിരുന്നു. വിപുലമായ സമ്പര്‍ക്ക വൃന്ദം, ആരെയും സഹായിക്കാനുള്ള മനസ്സ്, എതിരുപറയാന്‍ ഇടകൊടുക്കാത്ത വ്യക്തിത്വം, രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂര നിലപാട്; ഈ സവിശേഷതകള്‍ ഒരുമിച്ച ഡല്‍ഹിയിലെ അപൂര്‍വ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘പൗരശക്തി’ ദിനപത്രത്തിലാണ് മാധവന്‍ കുട്ടി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് മാധവന്‍ കുട്ടി പൗരശക്തിക്ക് ലേഖനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. മദ്രാസില്‍ കാമരാജ് മുഖ്യമന്ത്രിയായപ്പോള്‍ മലയാളികളാരും ആ മന്ത്രിസഭയില്‍ ഇല്ലായിരുന്നു. അന്ന് മലബാര്‍ പ്രവിശ്യ മദ്രാസിന് കീഴിലായിരുന്നു. മാധവന്‍ കുട്ടി ഡല്‍ഹിയില്‍ വച്ച് ഇതേക്കുറിച്ച് ചോദിച്ചു. കാമരാജ് പറഞ്ഞു, ”മദിരാശി മന്ത്രിസഭയില്‍ മലയാളി മന്ത്രിയുണ്ടാവില്ല.” മാധവന്‍ കുട്ടി ഇത് ചൂടുള്ള വാര്‍ത്താ സ്‌കൂപ്പ് ആക്കി.

അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ എന്‍ വി കൃഷ്ണവാര്യര്‍ ഡല്‍ഹിയില്‍ വന്നു. എന്‍ വി എഡിറ്ററായി ‘യുഗപ്രഭാത്’ എന്നൊരു ഹിന്ദി മാസിക മാതൃഭൂമി ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക ഹിന്ദി പ്രസിദ്ധീകരണമായ അത് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ കൊണ്ട് പ്രകാശനം ചെയ്യണം. അതാണ് കാര്യപരിപാടി. രാഷ്ട്രപതി ഭവന്‍ നിര്‍ദേശിച്ച പ്രകാരം വൈകുന്നേരം അഞ്ചരയ്ക്ക് മാധവന്‍ കുട്ടി കൂളായി സൈക്കിളും ചവിട്ടി രാഷ്ട്രപതി ഭവനിലെത്തി. അന്ന് തീവ്രവാദമൊന്നുമില്ലാത്ത ഡല്‍ഹി പ്രായേണ ശാന്തമായിരുന്നു. അതിനാല്‍ രാഷ്ട്രപതിഭവനില്‍ സുരക്ഷാഭടന്മാരുടെ വ്യൂഹമൊന്നുമില്ല. മാധവന്‍ കുട്ടി ഓഫീസില്‍ കേറി സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയ ശേഷം പരിചാരകന്മാരുടെ അകമ്പടിയോടെ രാഷ്ട്രപതിയുടെ സ്വീകരണ മുറിയിലെത്തി. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് നല്‍കി ‘യുഗപ്രഭാത്’ ആദ്യ ലക്കം പ്രകാശനം ചെയ്തു. രാഷ്ട്രപതി ഭവന്‍ ഫോട്ടോഗ്രാഫര്‍ പടമെടുത്തു. അത് കഴിഞ്ഞ് രാജേന്ദ്ര ബാബുവിനോടൊപ്പം ചായ കുടിച്ചു. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഒരു മലയാളി പത്രപ്രവര്‍ത്തകനെ സ്വീകരിക്കുക, ഒപ്പം ഇരുന്ന് ചായ കുടിക്കുക ചില്ലറ കാര്യമാണോ?

മാതൃഭൂമിയില്‍ ഈ വാര്‍ത്ത ഒന്നാം പേജില്‍ പടം സഹിതം വന്നു. ആ ഒറ്റ സംഭവം കൊണ്ട് മാധവന്‍ കുട്ടി പത്രലോകത്ത് താരമായി. തൊട്ടുപിന്നാലെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ മാതൃഭൂമി പത്രത്തിന്റെ ഔദ്യോഗിക ഡല്‍ഹി ലേഖകനായി അംഗീകരിച്ച് അക്രഡിറ്റേഷന്‍ നല്‍കുകയും ചെയ്തു. വി കെ മാധവന്‍ കുട്ടി, ന്യൂഡല്‍ഹി എന്ന ബൈലൈനില്‍ അന്ന് മുതല്‍ മുടങ്ങാതെ മലയാളികള്‍ മാതൃഭൂമി ദിനപത്രത്തില്‍ ഡല്‍ഹി വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി. മാധവന്‍ കുട്ടി മാതൃഭൂമിയെ വളര്‍ത്തിയോ അതോ മാതൃഭൂമി മാധവന്‍ കുട്ടിയെ വളര്‍ത്തിയോ? അത് ആരും ചോദിച്ചില്ലെന്ന് മാത്രം.

ഡല്‍ഹിയെന്ന മഹാനഗരത്തില്‍ പലര്‍ക്കും അഭയ കേന്ദ്രമായി അദ്ദേഹം. ഉന്നതങ്ങളിലെ പരിചയവും സ്വാധീനവും അത്ര വലുതായിരുന്നു. ഡല്‍ഹിയിലെത്തുന്ന ഒരു മലയാളി കാണേണ്ട രണ്ട് കാര്യങ്ങളിള്‍ ഒന്ന് കുത്തബ് മിനാറും മറ്റൊന്ന് മാധവന്‍കുട്ടിയുമാണെന്ന നിലയിലേക്കെത്തി ഖ്യാതി. കോണ്‍ഗ്രസിലെയും മറ്റ് പാര്‍ട്ടികളിലെയും ഉന്നത നേതാക്കളുമായി നല്ല അടുപ്പം. മലയാളികളായ കേന്ദ്രമന്ത്രിമാര്‍ വാര്‍ത്ത കേരളത്തിലെത്തിക്കാന്‍ വിളിക്കുക മാധവന്‍ കുട്ടിയുടെ ഫോണിലേക്കായിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ വിദേശയാത്രകളില്‍ അനുഗമിക്കാറുള്ള പത്രപ്രവര്‍ത്തക സംഘത്തിലെ സ്ഥിരാംഗവും പ്രധാനിയുമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടൊപ്പം മാത്രം ഏഴ് തവണ വിദേശ സന്ദര്‍ശനം നടത്തി.

ന്യൂഡല്‍ഹിയിലെ ഐ എന്‍ എസ് ബില്‍ഡിങ്ങിലെ പത്രമോഫീസില്‍ വി കെ മാധവന്‍കുട്ടിയുടെ ഒരു ദിനം ആരംഭിക്കുന്നത് സംഭവ ബഹുലമായിട്ടായിരിക്കും. ആവശ്യങ്ങളും ആളുകളും ക്യൂ നില്‍ക്കുന്നുണ്ടാകും. അതിനിടയില്‍ ഫോണ്‍ വിളികള്‍ വേറെ. നാളെ കൊച്ചിക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ വിമാന ടിക്കറ്റ് വേണമെന്ന് ഒരാള്‍, കേരളാ ഹൗസില്‍ മുറി വേണമെന്ന് നാട്ടില്‍നിന്ന് വരുന്ന മറ്റൊരു വേണ്ടപ്പെട്ടയാള്‍. ഹൈദരാബാദില്‍ നിന്ന് ഒ.വി. വിജയന്‍ വിളിക്കുന്നു, എന്റെ പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ പുതുക്കണം. ഒറ്റപ്പാലത്ത് നിന്ന് ഒരു രാമന്‍കുട്ടി മേനോന്റേതായിരുന്നു മറ്റൊരു വിളി. ”എനിക്കു നിയമകാര്യത്തില്‍ നല്ല യോഗ്യതയുണ്ട്. വിദേശ ബിരുദവും നേടിയിട്ടുണ്ട്. താങ്കള്‍ക്ക് രാഷ്ട്രപതി നാരായണനെ അറിയുമല്ലോ. ഐക്യരാഷ്ട്രസഭയില്‍ ഒരു ജോലികിട്ടാന്‍ അദ്ദേഹത്തെക്കൊണ്ട് ഒന്നു പറയിക്കണം. എന്റെ ബയോഡേറ്റ ഫാക്സ് ചെയ്യാം.” മിനിട്ടുകള്‍ക്കുള്ളില്‍ ഒമ്പത് പേജ് നീളമുള്ള ഫാക്‌സ് മാധവന്‍ കുട്ടിക്ക് കിട്ടി. രാഷ്ട്രത്തലവനോട് പറഞ്ഞ് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി കോഫി അന്നനെക്കൊണ്ട് നമ്മുടെ രാമന്‍കുട്ടിമേനോനൊരു ജോലി എളുപ്പമുള്ള കാര്യമാണ്. രാഷ്ട്രപതി നാരായണനോട് പറയാന്‍ പറ്റിയതും!

സാധാരണ ഗതിയില്‍ ഇതൊന്നും നയത്തില്‍ കൈകാര്യം ചെയ്യുന്നത് ഒരു മനുഷ്യന് സാധിക്കുന്ന കാര്യമല്ല. പക്ഷേ, മാധവന്‍ കുട്ടിക്കിത് ദൈനംദിന അഭ്യാസമായിരുന്നു.
‘ചെമ്മീനി’ലൂടെ തെക്കേ ഇന്ത്യയിലേക്ക് ആദ്യമായി ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ കൊണ്ടുവന്ന രാമു കാര്യാട്ടും സംഘവും അത് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തി. ചെമ്മീന്‍ നിര്‍മ്മാതാവ് കണ്‍മണി ബാബു പടത്തിന്റെ അഭിനേതാക്കളെ മാത്രമല്ല ടെക്‌നീഷ്യന്‍മാരെയും മേക്കപ്പ്മാന്‍ വരെയുള്ളവരെയും അവാര്‍ഡ് ദാനചടങ്ങിന് ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഡല്‍ഹിയിലെത്തിയ ചെമ്മീനില്‍ ചെമ്പന്‍ കുഞ്ഞായി അഭിനയിച്ച കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ സാധാ മേക്കപ്പ്മാന്‍ വരെയുള്ളവര്‍ക്ക് ഒരേ ആഗ്രഹം. രാഷ്ട്രപതിയെ കാണണം, കൂടെ നിന്ന് പടം എടുക്കണം. സംഗതി മാധവന്‍ കുട്ടിയെ അറിയിച്ചു. മാധവന്‍ കുട്ടി ഫോണെടുത്ത് രാഷ്ട്രപതിയുടെ എഡിസിയെ ഒറ്റവിളി; കാര്യം റെഡി.

മാധവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘം രാഷ്ട്രപതി ഭവനിലേക്ക് പോയി. ഡോ. സക്കീര്‍ ഹുസൈനാണ് അന്ന് രാഷ്ട്രപതി. അദ്ദേഹം രാഷ്ട്രപതി ഭവനില്‍നിന്ന് പുറത്തുവന്നു. എല്ലാവരെയും കണ്ടു, ചെമ്മീന്‍ കൂട്ടം രാഷ്ട്രപതിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു.

ആദ്യ കാലത്ത് മാധവന്‍കുട്ടി താമസിച്ചിരുന്നത് കമ്യൂണിസ്റ്റ് എം.പിയായ എം. കെ ചക്രപാണിയുടെ ഔദ്യോഗിക ഫ്‌ലാറ്റിലായിരുന്നു. എംപിമാര്‍ ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നു എന്നൊരാരോപണം പാര്‍ലമെന്റില്‍ ആ സമയത്ത് വന്നു. സ്പീക്കര്‍ നീലം സഞ്ജീവ റെഡ്ഡി പ്രതിപക്ഷ നേതാവായ എ കെ ജിയെ വിളിച്ച് ചോദിച്ചു, ”താങ്കളുടെ പാര്‍ട്ടിയുടെ ഒരു എം പി ഫ്‌ലാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു. അവിടെ താമസിക്കുന്നവര്‍ മെമ്പറുടെ ബന്ധുക്കളാണെന്ന് എഴുതി തന്നാല്‍ മതി.” എ.കെ.ജി പറഞ്ഞു, ”അതൊന്നും പറ്റില്ല. ഞങ്ങള്‍ ആര്‍ക്കും ഒന്നും വാടകയ്ക്ക് കൊടുത്തിട്ടില്ല. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകന്‍ മാധവന്‍ കുട്ടിയാണ് അവിടെ താമസിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദാമോദര മേനോന്റെ ബന്ധു. മാതൃഭൂമി ഒരു കോണ്‍ഗ്രസ് പത്രമാണ്. കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് സഹായം ചെയ്തതാണ്.”
പിന്നീട് മാധവന്‍ കുട്ടിയെ വിളിച്ചു എ.കെ.ജി പറഞ്ഞു, ”താമസം തുടര്‍ന്നോളൂ വെറെ സൗകര്യം ആവുന്നതുവരെ.” പിന്നീട് പത്രപ്രവര്‍ത്തകര്‍ക്ക് വീട് അനുവദിച്ചപ്പോള്‍ മാധവന്‍ കുട്ടി അങ്ങോട്ട് മാറി.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി ബോട്ട് ക്ലബ്ബില്‍ ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ധര്‍ണ നടത്തുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ നടത്തിയ ഒരു തമാശയായിരുന്നു മാധവന്‍ കുട്ടിയെന്ന പത്രപ്രവര്‍ത്തകന് ലഭിച്ച ഏറ്റവും നല്ല പ്രശംസ. (മാധവന്‍ കുട്ടി കരുണാകരനുമായി നല്ല അടുപ്പമുള്ളയാളായിരുന്നു). ധര്‍ണ പന്തലില്‍ എത്തിയ മാധവന്‍ കുട്ടിയെ ചൂണ്ടിക്കാണിച്ച് അവിടെയുണ്ടായിരുന്നു. എല്ലാവരോടും നായനാര്‍ പറഞ്ഞു; ‘മറ്റവനോട് (കരുണാകരന്‍) ക്ലോസ് ആണെങ്കിലും ഓന്‍ നമ്മുടെ ആളാണ്.’. ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനമായിരുന്നു അത്. ഇടതിനോടും വലതിനോടും പുലര്‍ത്തുന്ന, ഒരു പത്രപ്രവര്‍ത്തകന്റെ സത്യസന്ധതയ്ക്കും സന്തുലിതമായ സമീപനത്തിനും ലഭിക്കുന്ന മികച്ച ഒരു അംഗീകാരമാണത്. ദേശീയ രാഷ്ട്രീയത്തെയും കേരള രാഷ്ട്രീയത്തെയും കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും മാധവന്‍ കുട്ടി എല്ലാ ആഴ്ചയും തന്റെ ആഴ്ചതോറുമുള്ള കോളത്തിലൂടെ എഴുതിയത് വായിക്കുമ്പോള്‍ ഇ.കെ. നായനാരുടെ ഈ അഭിനന്ദനം മാധവന്‍ കുട്ടി അര്‍ഹിക്കുന്നത് തന്നെയായിരുന്നു.

അറുപതുകള്‍ തൊട്ടേ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ സാമൂഹിക രംഗത്തെ അന്തര്‍നാടകങ്ങളെല്ലാം അപ്പോള്‍ തന്നെ അറിഞ്ഞിരുന്ന പത്രക്കാരനാണ് മാധവന്‍കുട്ടി. പ്രത്യേകിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി ഓഫീസുകളിലെ ചലനങ്ങള്‍. പക്ഷേ, കാര്യസിദ്ധിക്കുവേണ്ടി അവയൊന്നും ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ ഉന്നതരെല്ലാം തന്നോട് രഹസ്യങ്ങള്‍ പകരുമ്പോള്‍ അത് പുറത്തുവരാതെ സൂക്ഷിക്കാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിന്നീട് ഇവ അച്ചടിക്കപ്പെട്ടു ലോകമറിയുമ്പോള്‍ ഇത് തനിക്ക് പണ്ടേ അറിയാമായിരുന്നുവെന്ന് സ്വയം പറ്റിക്കപ്പെടുന്ന സിന്‍ഡ്രോമില്‍ മാധവന്‍ കുട്ടി ആനന്ദിച്ചു. സ്‌ഫോടന സ്വഭാവമുള്ള വാര്‍ത്താ എക്‌സ്‌ക്ലൂസീവുകള്‍ ഡല്‍ഹിയില്‍ നിന്ന് അധികമൊന്നും മാധവന്‍ കുട്ടി എഴുതാഞ്ഞത് അതുകൊണ്ടു തന്നെ.
1973 മെയ് 31 ന് മദ്രാസിലെ മീനമ്പാക്കം വിമാനത്താവളത്തില്‍നിന്ന് വൈകിട്ട് 7.20 ന് ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ VTEMM 440 വിമാനം ‘സാരംഗ’ ഡല്‍ഹി എയര്‍ പോര്‍ട്ടിന് സമീപത്തെ വിജനമായ പ്രദേശത്ത് രാത്രി പത്ത് മണി കഴിഞ്ഞ് തകര്‍ന്നുവീണു. വിമാനത്തിലണ്ടായിരുന്ന 65 യാത്രക്കാരില്‍ 48 പേരുടെ ജീവനപഹരിച്ച, ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന അപകടങ്ങളിലൊന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട, അതിലെ യാത്രക്കാരനായിരുന്നു മാധവന്‍ കുട്ടി. വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട പത്രപ്രവര്‍ത്തകന്‍ നേരിട്ട് അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ സംഭവമായി ഇത്. ഈ ദുരന്തം മാധവന്‍കുട്ടിയെ അന്താരാഷ്ട പ്രശസ്തിയാര്‍ജിച്ച പത്രപ്രവര്‍ത്തകനാക്കി.

കേന്ദ്ര മന്ത്രി മോഹന്‍ കുമാരമംഗലം, എം പിയായിരുന്ന ദേവകി ഗോപിദാസ്, ഉയര്‍ന്ന ഉദ്യോഗസ്ഥമാര്‍, വിമാനത്തിന്റെ സഹ പൈലറ്റ് തുടങ്ങി 48 പേര്‍ അപകടമുണ്ടായി മാത്രകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. രണ്ടായി പിളര്‍ന്ന വിമാനത്തില്‍നിന്ന് മാധവന്‍ കുട്ടി കസേരയോടെ തെറിച്ച് പുറത്തേക്ക് വീണു. അങ്ങനെയായിരുന്നു ആ അത്ഭുത രക്ഷപ്പെടല്‍. ആശുപത്രിയിലെത്തിയിട്ടും പലരും അപകടത്തിന്റെ ആഘാതത്തില്‍ തന്റെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ ചുറ്റുപാടിലാണ് വാര്‍ത്താ എജന്‍സികളെക്കാള്‍ മുന്‍പേ മാധവന്‍ കുട്ടി സ്വന്തം അപകടം സഫ്ദര്‍ ജങ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍നിന്ന് ഫോണിലൂടെ വാര്‍ത്തയായി പറഞ്ഞ് കൊടുത്തത്. മാധവന്‍ കുട്ടിയുടെ പത്രം വിമാനം കത്തുന്ന പടവും അത് ലൈവായി റിപ്പോര്‍ട്ട് ചെയ്ത വിമാനത്തിലുണ്ടായിരുന്ന തങ്ങളുടെ ലേഖകന്റെ പടവും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ നല്‍കി. മറ്റ് പ്രധാന പത്രങ്ങള്‍, മനോരമയും കേരള കൗമുദിയും മാധവന്‍ കുട്ടി രക്ഷപ്പെട്ടതില്‍ സന്തോഷം രേഖപ്പെടുത്തി കുറിപ്പുകള്‍ കൊടുത്തു.

പിറ്റേന്നാളിലെ പത്രങ്ങളില്‍ മാധവന്‍ കുട്ടി നിറഞ്ഞു നിന്നു. ”അപകടത്തിന്റെ പിറ്റേ ദിവസത്തെ പത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നി എന്നിലുള്ള ഞാന്‍ അപകടത്തേക്കാള്‍ വമ്പനാണെന്ന്,” ഇതേക്കുറിച്ച് മാധവന്‍ കുട്ടി പിന്നീട് എഴുതി. ആശുപത്രിയില്‍ പത്ത് നാള്‍ കിടന്നപ്പോഴും ശിപാര്‍ശകള്‍ക്ക് കുറവില്ലായിരുന്നു. ഒരാള്‍ ജോലി തേടിയെത്തി. മാധവന്‍ കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ വമ്പന്‍മാര്‍ വരുമല്ലോ. അപ്പോള്‍ പറയാമല്ലോ എന്നായിരുന്നു ആവശ്യക്കാരന്റെ ഔചിത്യമില്ലാത്ത യുക്തി. പിന്നീട് ‘അപകടം എന്റെ സഹയാത്രികന്‍’ എന്ന ശീര്‍ഷകത്തില്‍ ഈ വിമാന അപകടത്തെക്കുറിച്ച് രസകരമായ ഒരു പുസ്തകം തന്നെ അദ്ദേഹം എഴുതി.’ രക്ഷപ്പെടലിന്റെ ആദ്യ പ്രതികരണം, ഒരു സ്‌നേഹിത അയച്ച ടെലിഗ്രാം വായിച്ച് മാധവന്‍ കുട്ടി ഞെട്ടി. പിന്നെ രസിച്ച് ചിരിക്കുകയും ചെയ്തു. മാധവന്‍ കുട്ടിയെ വളരെ രസിപ്പിച്ച ആ ടെലിഗ്രാം ഇങ്ങനെ:
( was shocked to learn about your miraculous escape). ‘നിങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് എന്നെ നടുക്കുന്നു’ ടെലിഗ്രാമിലെ ഭാഷ ഇംഗ്ലീഷല്ലേ, എപ്പോഴും ഉപയോഗിക്കുന്നതല്ലാത്ത കാരണം സ്‌നേഹിതക്ക് തെറ്റിയതായാകാം മാധവന്‍ കുട്ടി സമാധാനിച്ചു.

ഒരു സായി ബാബ ഭക്തന്‍ എഴുതി. ബാബയാണ് നിങ്ങളെ രക്ഷപ്പെടുത്തിയത്. (മാധവന്‍ കുട്ടി ബാബയെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു.) ബാബ നിങ്ങള്‍ക്ക് പുതിയൊരു ജന്മം നല്‍കിയിരിക്കുന്നു. ഇനിയെങ്കിലും ബാബയെ കുറിച്ച് നല്ല ലേഖനം എഴുതൂ.’
ഒരു കമ്യൂണിസ്റ്റ് സുഹൃത്ത് എഴുതി. ‘രക്ഷപ്പെട്ടത് ശരി തന്നെ ഇനി ദൈവമാണ്, വിധിയാണ് എന്നൊന്നും പറയരുത്’
മലയാള സിനിമയുടെ ചരിത്രത്തില്‍ വി.കെ. മാധവന്‍ കുട്ടിയെന്ന പേര് എവിടേയും കാണില്ല സിനിമ കാണുന്നതൊഴിച്ചാല്‍ മലയാള സിനിമയും മാധവന്‍ കുട്ടിയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് പ്രതൃക്ഷത്തില്‍ തോന്നാം. എന്നാല്‍ അങ്ങനെയല്ല മലയാള സിനിമയില്‍ സെന്‍സര്‍മാരോ കേന്ദ്രമോ വാളോങ്ങി പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പടത്തിന്റെ നിര്‍മ്മാതാക്കള്‍ ഡല്‍ഹിയിലേക്ക് തീവണ്ടി കേറും. മന്ത്രിമാരേയോ എം.പി.മാരേയോ കാണാനല്ല. വി.കെ. മാധവന്‍ കുട്ടിയെ കാണാന്‍. തടസ്സം നീക്കി പടം റിലീസാക്കാന്‍. ആരും എഴുതാത്ത, മാധവന്‍ കുട്ടി ഇടപെട്ട ആ സിനിമാ കഥകള്‍ ഏറെയുണ്ട്.

മദ്രാസില്‍ എന്തോ ആവശ്യത്തിന് എത്തി ഹോട്ടലില്‍ തങ്ങിയ മാധവന്‍ കുട്ടിയെ ഒരാള്‍ ഫോണ്‍ വിളിക്കുന്നു. ആള്‍ ചില്ലറക്കാരനല്ല. വയലാര്‍ രാമവര്‍മ്മ, ‘മാധവന്‍ കുട്ടിയെ കാണണം’. ‘അത്യാവശ്യ കാര്യമുണ്ട്. താമസിക്കുന്ന സ്ഥലത്തേ വയലാറും കുഞ്ചാക്കോയും കൂടെ വരുന്നു എന്നു പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും കവിയൊക്കെയല്ലേ. മാധവന്‍ കുട്ടി പറഞ്ഞു വയലാര്‍ ഇങ്ങോട്ട് വരേണ്ട, ഞാനങ്ങോട്ടുവരാം” രക്ഷയുണ്ടായില്ല. ഉടനെ രണ്ട് പേരും ഉടനെ മാധവന്‍ കുട്ടിയുടെ മുറിയില്‍ എത്തി. ഉദയായുടെ ‘നീല പൊന്മാന്‍ (1975) എന്ന ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ കിടക്കുകയാണ്. ദല്‍ഹിയില്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട്. വയലാറിന്റെ പാട്ടൊക്കെ സലില്‍ ചൗധരി ഈണം കൊടുത്ത നസീറൊക്കെ അഭിനയിച്ച കളര്‍ പടമാണ്. ഉടനെ അനുമതി കിട്ടിയില്ലെങ്കില്‍ വന്‍ നഷ്ടം വരും.
ദല്‍ഹിയില്‍നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് വേഗം കിട്ടണം. പടത്തില്‍ ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്റെ റോളുണ്ട് പ്രേംനസീറാണ് ആ വേഷം അഭിനയിക്കുന്നത് ഇന്ത്യാ-സോവിയറ്റ് ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ റഷ്യന്‍ ശാസ്ത്രജ്ഞന്റെ വേഷം മോശം പ്രതികരണം ഉണ്ടാക്കുമോ എന്ന സംശയം കൊണ്ടാണ് റീജിയണല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് ദല്‍ഹിക്ക് റഫര്‍ ചെയ്തതത്. അതാണ് തടസ്സം അത് മാറ്റണം സര്‍ട്ടിഫിക്കറ്റ് കിട്ടണം. അന്ന് വയലാര്‍ രവി എം.പിയൊക്കെ ഡല്‍ഹിയിലുണ്ട് എന്ത് കാര്യം? കാര്യം നടക്കണമെങ്കില്‍ മാധവന്‍ കുട്ടി ഇറങ്ങണം. ഒടുവില്‍ മാധവന്‍ കുട്ടി ഇടപെട്ടു. കാര്യങ്ങള്‍ നടപടിയായി നീങ്ങി.

ഇത് കൈകാര്യം ചെയ്യുന്ന ഡല്‍ഹി വാര്‍ത്താവിനിമയ വകുപ്പ്, വിദേശവകുപ്പിന് റഫര്‍ ചെയ്തു. ഒടുവില്‍ വിദേശ വകുപ്പിലെ പ്രതിനിധിയായി എന്‍.കെ ജെയിനും (പിന്നീടദ്ദേഹം വകുപ്പ് സെക്രട്ടറിയായി) വാര്‍ത്താവിനിമയ വകുപ്പ് പ്രതിനിധികളായ രണ്ടു മലയാളികളും കൂടെ ചിത്രം കണ്ടു. വിവരം അറിയാന്‍, വിധി കേള്‍ക്കാന്‍ കുഞ്ചാക്കോന്റെ ഓള്‍ ഇന്‍ – ഓള്‍ പടം കണ്ട് പകുതിയായപ്പോഴേക്ക് ജെയിന്‍ അഭിപ്രായം പറഞ്ഞു. ‘റഷ്യാക്കാരനെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമാണ് ഇത്. പിന്നെ എന്തിനു തടയണം?സംശയിക്കണം?’ ഒ.കെ. പിറ്റേന്ന് ക്ലിയറന്‍സ് കിട്ടി കേരളത്തിലെ സെന്‍സറിന് തോന്നിയ അഭിപ്രായമല്ല ഡല്‍ഹിയില്‍ ഉണ്ടായത്. പടത്തിന് ഒരു കട്ടുമില്ലാതെ പ്രദര്‍ശനാനുമതി കിട്ടി. അങ്ങനെ മാധവന്‍കുട്ടി ഇടപെട്ടതിനാല്‍ ‘കുഞ്ചാക്കോയുടെ നീലപ്പൊന്‍മാന്‍’ തടസ്സം കൂടാതെ പ്രേക്ഷകരെന്ന മീനുകളെ പിടിക്കാന്‍ കേരളത്തിലേക്ക് പറന്നു.

പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്റെ ‘ശങ്കരാചാര്യ’രുമായി (ജഗദ് ഗുരു ആദിശങ്കരന്‍ 1977) ഡല്‍ഹിക്ക് വന്നു. പടത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എത്തുന്നതിന് മുമ്പ് കാഞ്ചി ശങ്കരാചാര്യരുടെ അനുയായികളും ദല്‍ഹിയില്‍ എത്തി പാരവെയ്പ്പ് തുടങ്ങി. ഭാസ്‌കരന്‍ മാസ്റ്റര്‍ പഴയ കമ്മ്യൂണിസ്റ്റല്ലേ. കഥയില്‍ ശങ്കരാചാര്യരെ ചുവപ്പണിയിച്ചാലോ എന്ന് അവര്‍ കരുതി കാണും. നാഗവള്ളി ആര്‍.എസ് കുറുപ്പാണ് പടത്തിന്റെ തിരക്കഥ.

ഈ ചിത്രത്തിന് അനുമതി കൊടുക്കണമെന്നും ഒരു കൂട്ടര്‍. പാടില്ലാ എന്നും രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു. വന്നത് ഭാസ്‌കരന്‍ നമ്മുടെ മാഷല്ലെ പ്രശ്‌നം ആദിശങ്കരന്റെ പേരിലും. ‘മാധവന്‍ കുട്ടി ഉടനെ രംഗത്തിറങ്ങി. അവര്‍ ഇരുകൂട്ടരും വാര്‍ത്താമന്ത്രിക്കടക്കം നിവേദനങ്ങള്‍ നല്‍കിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ പലവഴിക്കും ഉപയോഗിച്ചിരുന്നു. അക്കാലത്ത് മൊറാര്‍ജി ദേശായിയുടെ ജനതാ ഭരണമാണ്. എല്‍.കെ. അദ്വാനിയാണ് വകുപ്പ് മന്ത്രി. അദ്വാനി പടം കണ്ടു. എന്നാല്‍ സെന്‍സര്‍മാര്‍ ചില കട്ടുകള്‍ നിര്‍ദ്ദേശിച്ചു. ഒരു കൂട്ടരുടെ അഭിപ്രായത്തില്‍ ശങ്കാരാചാര്യര്‍ ജനിച്ച ശേഷമേ അദ്ദേഹത്തിന്റെ അച്ഛന്‍ മരിക്കാന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ ശങ്കരാചാര്യരുടെ കഥ പ്രകാരം ശങ്കരാചാര്യരെ മാതാവ് ഗര്‍ഭം ധരിച്ച ശേഷം അച്ഛന്‍ മരിച്ചു എന്നാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ വാദിച്ചു നോക്കി അതു പറ്റില്ല. ശങ്കരാചാര്യര്‍ ജനിക്കുമ്പോള്‍ അച്ഛന്‍ ജീവിച്ചിരിക്കണം ഇല്ലെങ്കില്‍ പൈതൃകത്തെക്കുറിച്ച് സംശയം ഉണ്ടായാലോ? സെന്‍സര്‍മാര്‍ സംശയിച്ചു (കാഞ്ചി കാമകോടിയും ഇതേ വാദം ഉന്നയിച്ചു. ഒടുവില്‍ ആധുനിക ശങ്കരാചാര്യരുടെ അനുയായികളുടെ സമ്മര്‍ദ്ദത്തില്‍ ഒടുവില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് അത് സമ്മതിക്കേണ്ടി വന്നു. ശങ്കരാചാര്യരുടെ ജനനത്തിനുശേഷം അച്ഛനെ മരിപ്പിച്ച് ചിത്രം തിരുത്തണം എന്ന നിബന്ധനയോടെ സര്‍ട്ടിഫിക്കറ്റ് കിട്ടി. പടത്തില്‍ അങ്ങനെ ശങ്കരന്റെ ഒറിജിനല്‍ പൈതൃകം തിരുത്തിയാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് പടത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. കഥയിലെ ശങ്കരന് വേണ്ടി ഇടപെടാന്‍ മാധവന്‍ കുട്ടിക്ക് കഴില്ലെങ്കിലും, ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് വലിയ കുഴപ്പം കൂടാതെ പടം റിലീസ് ചെയ്യാന്‍ മാധവന്‍ കുട്ടിയുടെ സഹായത്തില്‍ കഴിഞ്ഞു.

അടിയന്തരാവസ്ഥയിലെ ദുരന്തമായ രാജന്‍ കേസ് അടിസ്ഥാനമാക്കി മലയാള നടിയായ കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവായ മണി സ്വാമി നിര്‍മ്മിച്ച് സംവിധാനം ചെയ്ത പടമാണ് ‘രാജന്‍ പറഞ്ഞ കഥ’. ചിത്രത്തിന്റെ വിഷയം പിശകായതിനാല്‍ റീജിയണല്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്തില്ലായില്ല. മണി സ്വാമി വെട്ടിലായി. ഭരിക്കുന്നത് ജനത സര്‍ക്കാരല്ലേ കുഴപ്പം ഉണ്ടാവില്ലെന്ന് കരുതിയ മണി സ്വാമിക്ക് തെറ്റി. ഒടുവില്‍ മാധവന്‍ കുട്ടി ഇടപെട്ട് ഒരു വിധത്തില്‍ സമ്മതം കിട്ടി.
അടിയന്തിരാവസ്ഥക്കാലത്തെ കഥയല്ലേ, ഡല്‍ഹിയിലെ ബ്യൂറോക്രസി ഒട്ടും മാറിയിരുന്നില്ല. ഏകദേശം രണ്ടു മാസമെടുത്തു അനുമതി കിട്ടാന്‍. ചുരുക്കി പറഞ്ഞാല്‍ സിനിമയില്‍ രാജനെ ഉരുട്ടിയപ്പോലെ, മണി സ്വാമിയെ സെന്‍സറുകാര്‍ അവരുടെ ചട്ടം പറഞ്ഞ് കുറെ നടത്തിച്ച്. ഏതാണ്ട് ഉരുട്ടിയപോലെയാക്കി. ഒടുവില്‍ സിനിമയിലെ കുറെ രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സമ്മതിച്ചപ്പോള്‍ ക്ലിയറന്‍സ് കിട്ടി. നിരാശയോടെ മണി സ്വാമി അനുമതിയും വാങ്ങി മടങ്ങിപ്പോയി. ‘രാജന്റെ തിരോധാനത്തെ ജനങ്ങള്‍ ഗൗരവമായി സ്വീകരിച്ച പോലെ സിനിമയായ ‘രാജന്‍ പറഞ്ഞ കഥ ‘ അവര്‍ സ്വീകരിച്ചില്ല. ആ പടം ഒരു പരാജയമായിരുന്നു.
ശ്രീകുമാരന്‍ തമ്പിയുടെ ‘മോഹിനിയാട്ടം’ ജൂബിലി ജോയ് തോമസിന്റെ ‘ഭൂമിയിലെ രാജാക്കന്മാര്‍’ എ സി പടങ്ങളാക്കാന്‍ തടസ്സവാദവുമായി ഡല്‍ഹിയിലെത്തി അവിടെ കുരുങ്ങിക്കിടന്നപ്പോള്‍ ആ കുരുക്കഴിക്കാതെ അനുമതി വാങ്ങി കേരളത്തില്‍ പടം സമയത്തിന് റിലീസ് ചെയ്‌തൊക്കെ മാധവന്‍ കുട്ടി ദിനം പ്രതി ചെയ്യുന്ന പരശതം കാര്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു…

മലയാള സിനിമാ നിര്‍മ്മാതാക്കള്‍ റീജിയണല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വരുമ്പോള്‍ അപ്പീലുമായി ദല്‍ഹിയിലെത്തും. ചിലപ്പോള്‍ അപ്പീലും ചിത്രത്തിന്റെ പ്രിന്റും ദല്‍ഹി അധികൃതര്‍ക്ക് എത്തുന്നതിനു മുമ്പേ അവര്‍ എത്തിയിരിക്കും. ദല്‍ഹിയില്‍നിന്ന് എങ്ങനെയെങ്കിലും സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ദല്‍ഹിയുടെ അനുമതി നിഷേധിച്ചാല്‍ പടം പെട്ടിയില്‍ ഇരിക്കും നഷ്ടത്തിലാകും. ദല്‍ഹിയില്‍നിന്ന് അനുമതി വൈകിയാലും നഷ്ടമാണ്. എന്നാല്‍ സിനിമക്ക് സെന്‍സര്‍മാര്‍ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ സെന്‍സര്‍ ചെയ്ത് വി.കെ. മാധവന്‍കുട്ടിയെന്ന സ്ഥാപനം അതിന് പരിഹാരം കാണും. മാധവന്‍ കുട്ടിയുടെ ഈ ഇടപെടലുകളൊന്നും മലയാള സിനിമാചരിത്രത്തില്‍ ഇനിയുമാരും രേഖപ്പെടുത്താത്ത സംഭവങ്ങളാണ്.

സഹായിക്കുകയെന്ന കര്‍മത്തില്‍ മാത്രമല്ല മാധവന്‍ കുട്ടി വിശ്വസിച്ചിരുന്നത്. സംഹാരത്തിലും വിശ്വാസമുണ്ടായിരുന്നു. ഒരിക്കല്‍ ഇത്തരമൊരു സംഹാരം ഡല്‍ഹിയില്‍ നടന്നു. ഭാരതി ശിവജിയെന്ന പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ ‘സാഹിത്യവും സംഗീതവും’ എന്നൊരു ദ്വിദിന സെമിനാര്‍ നടത്തി. കേരളത്തില്‍ നിന്ന് പല്ലാവൂര്‍ അപ്പുമാരാരൊക്കെ പങ്കെടുത്ത സെമിനാര്‍ കെങ്കേമമായി പര്യവസാനിച്ചു. എന്നാല്‍ ഇംഗ്ലീഷ് – ഹിന്ദി – മലയാളം ദിനപത്രങ്ങളില്‍ ഒന്നില്‍ പോലും വാര്‍ത്ത ഒരു വരി പോലും വന്നില്ല. കാരണം മാധവന്‍ കുട്ടി ആ വാര്‍ത്ത തമസ്‌കരിച്ചിരിക്കുന്നു. അതോടെ ഡല്‍ഹി പത്രലോകവും അത് തമസ്‌കരിച്ചു.

ഭാരതി ശിവജി എന്തോ കാരണത്താല്‍ മാധവന്‍ കുട്ടിയുമായി ഉരസി. അതിന്റെ ഫലമായിരുന്നു ഈ വാര്‍ത്താ തമസ്‌കരണം. സെമിനാറില്‍ പങ്കെടുത്തവരെല്ലാം വാര്‍ത്ത വരാത്തതില്‍ നിരാശയിലും ദുഃഖത്തിലുമായി. ഭാരതി ശിവജി കണ്ണീരണിഞ്ഞു. കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള അവഗണനയും വിവേചനവും എഴുത്തിലൂടെ ആദ്യമുന്നയിച്ച മലയാളിയായിരുന്നു മാധവന്‍ കുട്ടി. എങ്കിലും ഒരിക്കലും മലയാളിയാവാനല്ല ഇന്ത്യക്കാരനായി അഭിമാനം കൊള്ളാനായിരുന്നു ദീര്‍ഘമായ ഡല്‍ഹി ജീവിതത്തില്‍ അദ്ദേഹം ശ്രമിച്ചത്.

90-കളില്‍ മാധവന്‍ കുട്ടി ‘വിസയില്ലാതെ ഇന്ത്യക്കാരന്‍’ എന്ന ലേഖനത്തില്‍ എഴുതി, ”ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ഞാന്‍ നയിച്ച അരനൂറ്റാണ്ടിന്റെ ജീവിതം എന്നിലേല്‍പ്പിച്ച വികാരം ഇതാണ്: ഞാന്‍ പാസ്‌പോര്‍ട്ടോ വിസയോ എടുക്കാത്ത ഒരിന്ത്യാക്കാരനാണ്. എനിക്ക് എന്റെ മുഖം വേണം. എന്റെ ആളുകള്‍ വേണം. എന്റെ സ്മരണകള്‍ വേണം. പക്ഷേ, ഇവയെല്ലാം ദക്ഷിണേന്ത്യക്കാരുടെതാണെങ്കില്‍ ദേശീയ വിരുദ്ധതയായും പ്രാദേശികവാദമായും മുദ്ര ചാര്‍ത്തപ്പെടുന്നു. അതേസമയം മാനുഷികമായ ഈ ആവശ്യങ്ങള്‍ ഉത്തരേന്ത്യക്കാരന്‍ പ്രകടിപ്പിക്കുമ്പോള്‍ അത് ദേശസ്‌നേഹത്തിന്റെ ആധാരമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ഇതിലടങ്ങിയ വിചിത്ര യുക്തി മനസിലായില്ല.”

ഇന്ന് പലരും പറയുന്ന ദേശീയത വികാരവാദം മൂന്ന് പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വ്യക്തിയാണ് മാധവന്‍ കുട്ടി. പ്രവാസ സാഹിത്യത്തെ ശക്തമായി എതിര്‍ത്ത് വിമര്‍ശിച്ച ആളായിരുന്നു അദ്ദേഹം. മലയാള സാഹിത്യം ഒന്നേയുള്ളൂ. കേരളത്തിന് പുറത്ത് ജീവിക്കുന്ന ഒട്ടേറെ മലയാളി എഴുത്തുകാരുണ്ട്. അവരൊക്കെ കാര്യമായ സംഭാവന നല്‍കിയവരാണ്. ഇവരാരും തന്നെ പ്രവാസി സാഹിത്യകാരല്ല, അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല. പുറത്ത് ജീവിക്കുന്നു എന്നതുകൊണ്ട് അവരുടെ സംഭാവനയെ മാറ്റിനിര്‍ത്തി കാണരുത്. ‘പ്രവാസി സാഹിത്യം’ എന്ന ലേഖനത്തില്‍ അദ്ദേഹം വാദിച്ചു.

ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മലയാളമറിയാത്തവരെ റിസപ്ഷനില്‍ നിയമിക്കുന്നതിനെതിരെ നിരന്തരം ഏറ്റുമുട്ടിയിരുന്ന ഡല്‍ഹി പത്രക്കാരനാണ് യശഃശരീരനായ വി.കെ.മാധവന്‍കുട്ടി. എന്നും ഡല്‍ഹിയില്‍ മലയാള ഭാഷക്ക് വേണ്ടി പോരടിച്ച ഉന്നതന്‍. കേരള ഹൗസിലേക്ക് ഫോണില്‍ വിളിക്കുമ്പോള്‍ മലയാളമല്ലാത്ത ഭാഷ പറയുന്ന റിസപ്ഷനിസ്റ്റുകളെ നിരന്തരം വിരട്ടുന്ന പത്രക്കാരനായിരുന്നു അദ്ദേഹം.

വി.കെ. കൃഷ്ണമേനോൻ

വി.കെ. കൃഷ്ണമേനോനുമായി ഏറ്റവും അടുത്ത വ്യക്തിയായിരുന്നു മാധവന്‍ കുട്ടി. ‘പത്രപ്രവര്‍ത്തന ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നെ സ്വാധീനിച്ചവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മഹാനാണ് വി.കെ. കൃഷ്ണമേനോന്‍’ മാധവന്‍ കുട്ടിയെഴുതി. കൃഷ്ണമേനോന്റെ വിഷമകരമായ കയ്യക്ഷരം വായിച്ച് ലേഖനങ്ങള്‍ ടൈപ്പ് ചെയ്ത് കൊടുക്കുന്നതു മുതല്‍ സ്വകാര്യ യാത്രകളില്‍ വരെ ആദ്യവസാനം മാധവന്‍ കുട്ടി കൂടെയുണ്ടായിരുന്നു. അതിന്റെ സാക്ഷാല്‍ക്കാരമായി കൃഷ്ണ മേനോനെ കുറിച്ച് മലയാളത്തില്‍ ആദ്യമായി ഒരു ജീവചരിത്രം എഴുതി (1990). കോണ്‍ഗ്രസ് നേതാവായ സി.കെ. ഗോവിന്ദന്‍ നായരായിരുന്നു മാധവന്‍ കുട്ടിയുടെ മറ്റൊരു ആരാധ്യപുരുഷന്‍

മുപ്പത്തിയാറ് വര്‍ഷം മുന്‍പ് മാതൃഭൂമി നേരിട്ട വന്‍ പ്രതിസന്ധിയെ അതിജീവിച്ചത് മാധവന്‍കുട്ടിയും പത്രത്തിന്റെ മറ്റൊരു പ്രധാനിയായ എന്‍ വി കൃഷ്ണ വാര്യരും നടത്തിയ പോരാട്ടത്തിലൂടെയായിരുന്നു. 1989 ല്‍ മാതൃഭൂമിയുടെ ഒരു മുന്‍ എഡിറ്ററുടെ സഹായത്തോടെ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമി ദിനപത്രത്തിന്റെ ഓഹരികള്‍ വാങ്ങി ഉടമസ്ഥാവകാശം നേടാന്‍ ശ്രമിച്ചു. ഇതിനെതിരെ മാധവന്‍കുട്ടി കളത്തിലിറങ്ങി. കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ഈ ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യാപകമായ പിന്‍തുണ മാതൃഭൂമിക്ക് ഉറപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫിന്റെ ഭൂരിഭാഗത്തിന്റെയും പിന്തുണ മാധവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നേടിയെടുത്തു. മാതൃഭൂമി പ്രതിസന്ധി മറികടക്കുകയും ടൈംസ് ഓഫ് ഇന്ത്യയുടെ നീക്കം പരാജയപ്പെടുകയും ചെയ്തതോടെ പത്രത്തിന്റെ ഭരണം നിലവിലെ ഉടമകളുടെ കയ്യില്‍ ഭദ്രമായി.

ഈ വിപ്ലവാനന്തരം പത്രത്തിന്റെ പുതിയ സാരഥി, ടൈംസ് ഓഫ് ഇന്ത്യയെ അനുകൂലിച്ച പത്രത്തിലെ എഡിറ്റര്‍മാരെ സാരമായി കൈകാര്യം ചെയ്തു. അച്ചടക്ക നടപടിയെന്ന പേരില്‍ രണ്ട് മുതിര്‍ന്ന എഡിറ്റര്‍മാരെ പുറത്താക്കുകയും എഡിറ്റര്‍മാരായ പതിനാല് പേരെ അവര്‍ ജോലി ചെയ്തിരുന്ന ബ്യൂറോകളില്‍ നിന്നും ഡെസ്‌കില്‍ നിന്നും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തിരുവനന്തപുരത്തുള്ള ലേഖകനെ വയനാട്ടിലേക്കും, കോഴിക്കോട്ടുള്ള ലേഖകനെ കൊച്ചിയിലേക്കും അവിടെ ഉറപ്പിച്ചശേഷം കല്‍ക്കട്ടയിലേക്കും സ്ഥലം മാറ്റി. ഭിന്നാഭിപ്രായങ്ങളുണ്ടാകാം. പത്രത്തില്‍ ശിക്ഷാ നടപടികളുടെ ഭാഗമായി കൂട്ട സ്ഥലം മാറ്റങ്ങള്‍ നടന്നപ്പോള്‍ പത്രത്തിന്റെ എഡിറ്റര്‍ വി കെ മാധവന്‍കുട്ടിയായിരുന്നു. അതിനെതിരെ അദ്ദേഹം ചെറുവിരലനക്കിയില്ല.

1987 ഡിസംബറില്‍ മാധവന്‍ കുട്ടി മാതൃഭൂമിയുടെ എഡിറ്ററായി. ഡല്‍ഹിയില്‍ പത്ത് ദിവസവും കോഴിക്കോട് ഇരുപതു ദിവസവും ജോലിചെയ്യുന്ന കറങ്ങുന്ന എഡിറ്റര്‍. അങ്ങനെ മൂന്ന് വര്‍ഷം. ഏറെ താമസിയാതെ പത്രത്തിന്റെ മാനേജ്‌മെന്റിന് മാധവന്‍ കുട്ടി അനഭിമതനായി. അതോടെ 1994-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചു.

ദൃശ്യ മാധ്യമമായിരുന്നു മാധവന്‍കുട്ടിയുടെ അടുത്ത തട്ടകം. കേരളത്തിലെ സ്വകാര്യ ചാനലുകളില്‍ ആദ്യത്തേതായ ഏഷ്യാനെറ്റിന്റെ ആരംഭം ബ്യൂറോക്രാറ്റിക്ക് വലകളില്‍ കുടുങ്ങി ഇഴഞ്ഞുനീങ്ങുമ്പോഴാണ് മാധവന്‍കുട്ടി എത്തിയത്. അതോടെ സ്തംഭനാവസ്ഥ മാറി. ശശികുമാറും സക്കറിയയുമായുള്ള ബന്ധം മൂലം ഏഷ്യാനെറ്റിന്റെ ഡയറക്ടറായി. ഏഷ്യാനെറ്റിന്റെ സ്ഥാപകരിലൊരാളായി. ആദ്യ കാലത്ത് ഡല്‍ഹിയില്‍നിന്ന് ‘വാര്‍ത്താവലോകനം’ എന്നൊരു പരിപാടി എഷ്യാനെറ്റില്‍ ചെയ്‌തെങ്കിലും വിജയിച്ചില്ല. ബി ആര്‍ പി ഭാസ്‌ക്കറിനേപ്പോലെയോ ടി എന്‍ ഗോപകുമാറിനെ പോലെയോ ദൃശ്യമാധ്യമം മാധവന്‍ കുട്ടിക്ക് വഴങ്ങാതെ പോയി. പിന്നീട് ഏഷ്യാനെറ്റില്‍ നിന്നുള്ള പടിയിറക്കവും അത്ര സുഖകരമായിരുന്നില്ല.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാധവന്‍ കുട്ടി നടത്തിയ ശ്രമങ്ങളാണ് ഒരു മലയാളിയെ ആദ്യമായി രാഷ്ട്രപതി പദത്തിലെത്തിച്ചത്. വിരമിച്ച നയതന്ത്രജ്ഞനായ കെ.ആര്‍. നാരായണനെ പാര്‍ലമെന്റ് അംഗമാക്കാനും പിന്നീട് മന്ത്രിയാക്കാനും ഉപരാഷ്ട്രപതിയാക്കാനും അദ്ദേഹം ഇതിനകം തന്നെ ഇന്ദിരാ ഗാന്ധിയില്‍ തന്റെ സ്വാധീനം ചെലുത്തിയിരുന്നു. ഇനിരാഗാന്ധി വധിക്കപ്പെട്ട് പിന്നീട് പിന്‍ഗാമിയായ രാജീവ് ഗാന്ധിയും മാധവന്‍ കുട്ടിയുടെ വാക്കുകള്‍ ശരിവെച്ചു. 1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍, തിരഞ്ഞെടുപ്പ് ചെലവിനായി വിദേശ കാര്‍ വിറ്റ് പണം സ്വരൂപിക്കാന്‍ ഒരുങ്ങിയ കെ.ആര്‍. നാരായണനെ തടഞ്ഞ്, അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് 5 ലക്ഷം രൂപ അദ്ദേഹത്തിന് കൊടുപ്പിച്ചത് വി കെ. മാധവന്‍ കുട്ടിയുടെ വാക്കുകളായിരുന്നു. കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ കെ.ആര്‍.നാരായണന് സീറ്റ് കൊടുക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഡല്‍ഹിയില്‍ മാധവന്‍ കുട്ടിയുടെ പ്രയോഗം കാരണം ഒന്നും സംഭവിച്ചില്ല.

പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവു അവതാരിക എഴുതിയ മാധവൻ കുട്ടിയുടെ ആത്മകഥാപരമായ നോവൽ

കെ. ആര്‍. നാരായണനെ രാഷ്ട്രപതി പദത്തിലേക്ക് എത്തിക്കാന്‍ മാധവന്‍ കുട്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധവന്‍ കുട്ടിയുടെ സഹപ്രവര്‍ത്തകനായ മലയാളി പത്രപ്രവര്‍ത്തകനായ വി.കെ. ചെറിയാന്‍ എഴുതുന്നു.
‘ഡല്‍ഹിയില്‍ ലോബിയിംങ്ങ് ചെയ്യുന്നത് മോശമാണെങ്കില്‍, മാധവന്‍ കുട്ടി വളരെ മോശക്കാരനാണ് ! പക്ഷേ, ഡല്‍ഹിയില്‍ ഒരാള്‍ക്ക് വേണ്ടി അദ്ദേഹം കഠിനമായി സമ്മര്‍ദം ചെലുത്തിയതിനാല്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രപതിമാരില്‍ ഒരാളെയും ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ദളിതനെയും രാജ്യത്തിന് ലഭിച്ചു.”

മുന്‍ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോന്‍, സിപിഐ (എം) എ കെ ഗോപാലന്‍ തുടങ്ങിയ നേതാക്കളുടെ പിന്‍ന്തുണ, വലത്തു നിന്നും ഇടത്തു നിന്നും ഒരേ പോലെ ലഭിച്ച പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കൃഷ്ണ മേനോന്റെ ലിബറല്‍ ഇടതുപക്ഷ മനോഭാവത്തില്‍ നിന്നും എ കെ ഗോപാലന്റെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ നിന്നും തന്റെ വീക്ഷണങ്ങളെ സന്തുലിതമാക്കാന്‍ മാധവന്‍ കുട്ടിക്ക് കഴിഞ്ഞു. ‘ വി.കെ. ചെറിയാന്‍ എഴുതുന്നു..

പത്രപ്രവര്‍ത്തകര്‍ക്കിടയിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ പത്രപ്രവര്‍ത്തകനുമായിരുന്നു വി കെ മാധവന്‍കുട്ടി. പാലക്കാട്ടെ തന്റെ ജന്മഗൃഹമുള്ള പരുത്തിപ്പിളളി ഗ്രാമത്തെക്കുറിച്ചുള്ള ആത്മകഥാപരമായ നോവല്‍ ‘ഓര്‍മകളുടെ വിരുന്ന് ‘ 1992-ല്‍ പ്രസിദ്ധീകരിച്ചു. അതിന് ആസ്വാദനക്കുറിപ്പ് എഴുതിയത് മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും. പടം വരച്ചത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും. അതിന്റെ ഇംഗ്ലീഷ് പതിപ്പായ ‘The Village Before’ രണ്ടായിരത്തിലും പ്രസിദ്ധീകരിച്ചു. മാധവന്‍ കുട്ടിയുടെ ഏറ്റവും നല്ല കൃതിയായിരുന്ന അത് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു.

അരനൂറ്റാണ്ടിലെ വിദേശ യാത്രകള്‍ വിഷയമാക്കി എഴുതിയ ‘പത്രപ്രവര്‍ത്തനം ഒരു യാത്ര’ എന്ന കൃതി 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ യാത്രാവിവരണമാണ്. വി കെ കൃഷ്ണമേനോന്റെ ജീവചരിത്രം മലയാളത്തില്‍ ആദ്യം എഴുതിയത് മാധവന്‍കുട്ടിയായിരുന്നു. അതിന് 1992-ല്‍ സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ് ലഭിച്ചു.

അപകടം പലപ്പോഴും ജീവിതത്തില്‍ സഹയാത്രികനായിരുന്നുയെന്ന് എഴുതിയ പത്രപ്രവര്‍ത്തകനാണ് മാധവന്‍ കുട്ടി. സൈക്കിള്‍ തൊട്ട് വിമാനത്തില്‍ വരെ സഞ്ചരിച്ച മാധവന്‍ കുട്ടിയെ അപകടം അന്നുതൊട്ടേ കൂടെക്കൂടെ എത്തിനോക്കും. അവന്‍ പിടികൂടാന്‍ തക്കം നോക്കി നടന്നു. പക്ഷേ മാധവന്‍ കുട്ടി പിടി കൊടുത്തില്ല. അതേ മാധവന്‍ കുട്ടി താന്‍ മരിച്ച് കഴിഞ്ഞാല്‍ എങ്ങനെയെന്ന് സങ്കല്‍പിച്ച് രസകരമായി എഴുതി.

”ഇലക്ട്രിക് ക്രീമറ്റോറിയത്തില്‍ ദഹിപ്പിച്ചശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍, ചിതാഭസ്മം കിട്ടും. അപ്പോഴേക്കേ അതു ചൂടാറിയിരിക്കൂ. ഞാന്‍ പതുക്കെ മാത്രമെ ചൂടാവൂ. വേഗം ചൂടാവാറുമില്ല! ചിതാഭസ്മം ശേഖരിക്കാന്‍ ചടങ്ങുകള്‍ ഒന്നുമില്ല. രജിസ്റ്ററില്‍ എഴുതി ഒപ്പിട്ടു കൊടുത്താല്‍ മതി. സഞ്ചയനത്തിന് മുഹൂര്‍ത്തവും ദിവസവും നോക്കി നില്ക്കാന്‍ ഇലക്ട്രിക് ക്രിമറ്റോറിയത്തിന്റെ അധികൃതര്‍ക്ക് പറ്റില്ല. ഡെല്‍ഹിയിലെപ്പോലെയുള്ള വലിയ നഗരങ്ങളില്‍, ഗുരുവായൂരമ്പലത്തില്‍ താലികെട്ടാന്‍ ‘ക്യൂ’ നില്ക്കുന്നപോലെ, മൃതദേഹങ്ങള്‍ കാത്തു നില്‍പ്പുണ്ടാവും. എനിക്ക് എത്രനേരം കാത്തുനില്‍ക്കേണ്ടിവരും. ക്രിമറ്റോറിയത്തില്‍ തിരക്കില്ലാത്ത ദിവസം അവനു വന്നുകൂടായിരുന്നില്ലേന്നു പറയാന്‍ ഇടവരുത്തുമോ? എന്റെ ഭൗതികാവശിഷ്ടം – അച്ഛനുള്ളതുകൊണ്ടാണ് ഈ പ്രയോഗം. അല്ലെങ്കില്‍ ചാരം എന്ന് എഴുതിയാല്‍ മതി -ഒരു ചെറിയ മണ്‍ചട്ടിയിലാക്കി എടുക്കും. നിഗംബോധ്ഘട്ടിലാണെങ്കില്‍ മുഹൂര്‍ത്തം നോക്കി ആചാരപ്രകാരം എടുക്കും. രണ്ടായാലും ഇനി കുറച്ചു ദിവസങ്ങള്‍ ഞാന്‍ മണ്‍ചട്ടിയില്‍ തന്നെ!”

മികച്ച വാഗ്മിയല്ലെങ്കിലും പറയാനുള്ളത് വ്യക്തമായും ഉറപ്പിച്ചും അദ്ദേഹം എവിടെയും പറഞ്ഞിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 12 കൃതികള്‍ എഴുതി. പത്രക്കാര്‍ക്ക് പതിവുള്ള മദ്യപാനം, പുകവലി, പരദൂഷണം അസൂയ തുടങ്ങിയ ഇല്ലാത്ത മാധവന്‍ കുട്ടി നിര്‍ബന്ധമായും രണ്ട് കാര്യങ്ങള്‍ എപ്പോഴും കയ്യില്‍ കരുതി. പോക്കറ്റില്‍ ഒരു ചീപ്പും ഓഫീസിലെ മേശയില്‍ ഒരു ഡപ്പി പൗഡറും. മുടി കറുപ്പിക്കലും നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്.

വി.കെ. മാധവന്‍കുട്ടി ഡല്‍ഹിയില്‍ മലയാളികളുടെ അംബാസിഡറായിരുന്നു. ഡല്‍ഹിയില്‍ എത്തുന്ന പുതുമുഖങ്ങള്‍ക്കും ഡല്‍ഹിയില്‍ സ്ഥിരമായി ഉള്ളവര്‍ക്കും ഏതുനേരവും കയറിച്ചെല്ലാന്‍ പറ്റിയ ഒരു ഇടമായിരുന്നു ഐ.ഇ.എന്‍.എസ്. ബില്‍ഡിങ്ങിലെ മാധവന്‍കുട്ടിയുടെ മാതൃഭൂമി ഓഫീസ് പ്രഗത്ഭരായ എല്ലാ മലയാളികളെയും, തകഴിതൊട്ട് എന്‍.എസ്. മാധവന്‍ വരെയും, വി.കെ. കൃഷ്ണമേനോന്‍ തുടങ്ങി കെ.ആര്‍. നാരായണന്‍ വരെയും, രാമുകാര്യാട്ട് മുതല്‍ സത്യന്‍ അന്തിക്കാട് വരെയും, പല്ലാവൂര്‍ അപ്പുമാരാര്‍ തുടങ്ങി സുകുമാരി നരേന്ദ്രമേനോന്‍ വരെയും കലവറയില്ലാതെ മാധവന്‍കുട്ടി അവിടെ സ്വീകരിച്ചിരുന്നു. അവിടെ രാഷ്ട്രീയവും സാഹിത്യവും, സിനിമയും സംഗീതവും ഡല്‍ഹി ഉന്നതങ്ങളിലെ ഗോസിപ്പുകള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു.

മാധവൻ കുട്ടിയുടെ ആത്മകഥാപരമായ നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷ

വിസയില്ലാതെ ഡല്‍ഹിയില്‍ ‘ടി.ജെ.എസ് ജോര്‍ജ് തന്റെ സ്മരണകളായ ഘോഷയാത്രയില്‍ മാധവന്‍ കുട്ടിയെ കുറിച്ച് എഴുതി.
”മലയാളി രാഷ്ട്രീയനേതാക്കന്മാര്‍ക്കും എം.പി.കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കേരളഹൗസിനും അസാദ്ധ്യമായിരുന്ന കാര്യങ്ങള്‍ മാധവന്‍കുട്ടിക്ക് വഴങ്ങുമായിരുന്നു പലതായിരുന്നു ഇതിനുള്ള കാരണങ്ങള്‍. ഒന്നാമത്, സമാനതകളില്ലാത്ത സമ്പര്‍ക്കവൃന്ദം. രണ്ടാമത്, ആര്‍ക്കുവേണ്ടിയും എപ്പോഴും എന്തു സഹായവും ചെയ്തു കൊടുക്കാനുള്ള സന്മനസ്സ്. മൂന്നാമത്, ആര്‍ക്കും എതിര് പറയാന്‍ ഇടം കൊടുക്കാത്ത സഹൃദയത്വം. നാലാമത്, സ്വാര്‍ത്ഥതയല്ല പരോപകാരമാണ് അടിസ്ഥാനപരമായ ഉദ്ദേശ്യം എന്ന വസ്തുത. ലിസ്റ്റ് ഇനിയും നീണ്ടുപോകും. എല്ലാ ഘടകങ്ങളുടെയും ആകെത്തുക പ്രത്യക്ഷമായിരുന്ന കേരളത്തിന്റെയും മലയാളികളുടെയും ഡല്‍ഹിയിലെ അംബാസഡര്‍ ആയ വി.കെ.മാധവന്‍കുട്ടി”

2005 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഈ ലോകത്തോട് വി.കെ മാധവന്‍ കുട്ടി വിട പറഞ്ഞു. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വി കെ മാധവന്‍ കുട്ടി ഏറ്റവും അധികം ബഹുമാനിച്ച ‘ചേട്ടന്‍’ എന്ന് വിളിച്ചാദരിച്ച കെ എ ദാമോദര മേനോന്‍ 25 കൊല്ലം മുന്‍പ് വിട വാങ്ങിയതും ഒരു നവംബര്‍ ഒന്നിനായിരുന്നു.

Content Summary: VK Madhavankutty; a diplomat in journalism

This post was last modified on November 1, 2025 2:09 pm

അമർനാഥ്‌:
Leave a Comment