‘അവന്‍ ചെയ്ത തെറ്റിന് ശിക്ഷ കിട്ടി’: മകനെ എന്‍കൗണ്ടറില്‍ വധിച്ചതില്‍ അമ്മയുടെ പ്രതികരണം

ബംഗാളില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്

Bengal Police Encounter Prabhash Mondal

പശ്ചിമ ബംഗാളിലെ ബാരൂയ്പൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യപ്രതികളില്‍ ഒരാളായ പ്രഭാഷ് മണ്ഡലിനെ പോലീസ് എന്‍കൗണ്ടറില്‍ വധിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ക്രൈം സീനില്‍ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത പ്രതി, പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ക്കുകയും അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ് പരിക്കേറ്റ മണ്ഡലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തന്റെ മകന് അവന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ തന്നെയാണ് ലഭിച്ചതെന്നാണ് എന്‍കൗണ്ടറിനോട് പ്രതികരിച്ചുകൊണ്ട് പ്രഭാഷിന്റെ അമ്മ സന്ധ്യ പറഞ്ഞത്.

കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബാരൂയ്പൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു കുളത്തില്‍ കണ്ടെത്തിയത്. ഈ സംഭവം പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകം, കൂട്ടബലാത്സംഗം എന്നിവയ്‌ക്കൊപ്പം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിനായി ആറംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭാഷ് മണ്ഡല്‍, ആനന്ദ സര്‍ദാര്‍, ദിബാകര്‍ സര്‍ദാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലാമത്തെ പ്രതിയായ കബീര്‍ മൊല്ലയെ ചൊവ്വാഴ്ച രാത്രിയാണ് നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസിര്‍ഹട്ടില്‍ നിന്ന് പിടികൂടിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ജനരോഷമാണ് ബാരൂയ്പൂരില്‍ ഉണ്ടായത്. പ്രതിയെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡല്‍ എന്ന യുവാവിനെ ജനക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നിരുന്നു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. പോലീസിന്റെ അന്വേഷണ പുരോഗതിയില്‍ കുടുംബം തൃപ്തരാണെന്നും, അവരുമായി സംസാരിച്ചതിന് ശേഷം തനിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജനക്കൂട്ടം തല്ലിക്കൊന്ന ഇന്ദ്രജിത് മണ്ഡല്‍ എന്ന യുവാവ് പൂര്‍ണ്ണമായും നിരപരാധിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും നിരപരാധിയായ ആ യുവാവിനും നീതി ഉറപ്പാക്കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച 200 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞവരും, തീവ്രവാദ-വിരുദ്ധ ശക്തികളും ആയ എല്ലാവരെയും സര്‍ക്കാര്‍ മാതൃകാപരമായി പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാതായ സമയത്ത് തിരച്ചില്‍ നടത്താന്‍ പോലീസ് വൈകിയെന്ന കുടുംബത്തിന്റെ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ശനിയാഴ്ച രാത്രി 9 മണിക്ക് പരാതി നല്‍കിയപ്പോള്‍ തന്നെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ 72 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഒരു ശതമാനം പോലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പൂര്‍ണ്ണ തൃപ്തരാണെന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായും പ്രദേശത്ത് ഒരു പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

Content Summary; West Bengal rape-murder accused Prabhash Mondol shot dead in police encounter in Baruipur

This post was last modified on July 8, 2026 11:57 am

അഴിമുഖം ഡെസ്‌ക്:
Leave a Comment