തിരുമല തിരുപ്പതി ദേവസ്ഥാനം, ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വലിയ കോളിളക്കമാണ് ആന്ധ്രാ സർക്കാരിലുണ്ടാക്കിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞ വർഷം കേസ് സ്വതന്ത്ര അന്വേഷണ സംഘത്തിനെ ഏൽപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് കേസിൽ ഡൽഹി ആസ്ഥാനമായുള്ള രാസവസ്തു വ്യാപാരിയായ അജയ് കുമാർ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ഭോലെബാബ ഡയറി ശൃംഖലയുമായി ബന്ധിപ്പിച്ച് മായം ചേർത്ത നെയ്യ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വിതരണം ചെയ്തതായി ആരോപിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എന്താണ് തിരുപ്പതി ലഡു വിവാദം?
2024 സെപ്റ്റംബറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുപ്പതി ദേവസ്ഥാനം പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ്, പോർക്ക് കൊഴുപ്പ് , ഫിഷ് ഓയിൽ എന്നിവ അടങ്ങിയിട്ടുണ്ടെന്ന ആരോപണമാണ് വിവാദത്തിലേക്ക് നയിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ എൻ. ചന്ദ്രബാബു നായിഡു, തൻ്റെ മുൻഗാമി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്താണ് ലഡുവിൽ മായം ചേർക്കാൻ അനുമതി നൽകിയതെന്ന് ചന്ദ്രബാബു നായിഡു
പരസ്യമായി ആരോപിച്ചു.
മുൻ ഭരണകാലത്ത് ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചാണ് ലഡു ഉണ്ടാക്കിയിരുന്നതെന്നും എന്നാൽ തങ്ങൾ അധികാരത്തിൽ വന്നശേഷം ശുദ്ധമായ നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു നായിഡുവിൻ്റെ വാദം. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ആസ്ഥാനമായുള്ള എ.ആർ. ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നെയ്യ് വിതരണം ചെയ്തിരുന്നത്. ഈ കമ്പനിയുടെ നെയ്യിൻ്റെ സാമ്പിളുകളിലാണ് മായം കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നത്.
ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണത്തെ ജഗൻ മോഹൻ റെഡ്ഡി നിഷേധിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് പറഞ്ഞ ജഗൻ മോഹൻ റെഡ്ഡി, തിരുപ്പതി ക്ഷേത്രത്തിലെ ഗുണനിലവാര പരിശോധനകൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ടിടിഡി ഉപയോഗിക്കുന്ന നെയ്യിന്റെ സംഭരണ രേഖകൾ, വിതരണ ശൃംഖലകൾ, ഗുണനിലവാര പരിശോധനാ രീതികൾ എന്നിവ പരിശോധിക്കാൻ തുടങ്ങി.
എന്നാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ടിടിഡിയിലേക്ക് നെയ്യ് വിതരണം ചെയ്ത കമ്പനി, കഴിഞ്ഞ അഞ്ച് വർഷമായി ഒരിടത്തുനിന്നും പാലും വെണ്ണയും സംഭരിച്ചിട്ടില്ലായെന്നും പാൽ സംഭരിക്കാതെയാണ് ക്ഷേത്രത്തിലേക്ക് 250 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം കിലോഗ്രാം നെയ്യ് വിതരണം ചെയ്തതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡെയറിക്ക് വിവിധതരം രാസവസ്തുക്കൾ (മോണോഡിഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ് എസ്റ്റർ പോലുള്ളവ) വിതരണം ചെയ്ത അജയ് കുമാർ സുഗന്ധ് എന്നയാളെ അധികൃതർ അറസ്റ്റ് ചെയ്തു. ടിടിഡിക്ക് നെയ്യ് നൽകാനുള്ള കരാർ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തലിൽ പറയുന്നത്.
തട്ടിപ്പ് നടന്നതെങ്ങനെ?
2019 മുതൽ 2024 വരെ ഭോലെ ബാബ ഡെയറിയുടെ പ്രൊമോട്ടർമാരായ പോമിൽ ജയിൻ, വിപിൻ ജയിൻ എന്നിവരാണ് ക്ഷേത്രത്തിലേക്ക് വ്യാജ നെയ്യ് വിതരണം ചെയ്തതെന്നാണ് ആരോപണം. ഇവർ ആദ്യം ഒരു വ്യാജ നെയ് യൂണിറ്റ് സ്ഥാപിക്കുകയും പാൽ സംഭരിച്ചതിൻ്റെയും പണം നൽകിയതിൻ്റെയും വ്യാജ രേഖകൾ നിർമിക്കുകയും ചെയ്തു. സിബിഐയുടെ റിപ്പോർട്ട് പ്രകാരം, ഭോലെ ബാബ ഡെയറിയെ 2022-ൽ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും അവർ ടിടിഡിയിലേക്ക് വ്യാജ നെയ്യ് എത്തിക്കുന്നത് തുടരുകയായിരുന്നു.
Content Summary: 250 crore fraud, ‘milkless dairy’ supplied ₹250-cr fake ghee for sacred prasadam. What is the Tirupati Laddu controversy?
This post was last modified on November 10, 2025 8:55 pm
Leave a Comment