എന്തിനത് ചെയ്തു? കോള്‍ അലന്‍ എഴുതിയ ട്രംപ്-വിരുദ്ധ മാനിഫെസ്റ്റോ

വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ അക്രമി കോള്‍ അലന്‍ എഴുതിയ കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

Cole Allen's Anti-Trump Manifesto

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ ആക്രമണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പ്രതി കോള്‍ തോമസ് അലന്‍ പുറത്തുവിട്ട 1,052 വാക്കുകളുള്ള മാനിഫെസ്റ്റോയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ‘കോള്‍ കോള്‍ഡ് ഫോഴ്‌സ് അലന്‍’, ‘ഫ്രണ്ട്‌ലി ഫെഡറല്‍ അസ്സാസിന്‍’ എന്നീ പേരുകളില്‍ ഒപ്പിട്ട ഈ കുറിപ്പില്‍, ആക്രമണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഇയാള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഈ മാനിഫെസ്റ്റോയുടെ പൂര്‍ണ്ണരൂപം പുറത്തുവിട്ടത്.

തന്റെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരോട് മാപ്പപേക്ഷിച്ചുകൊണ്ടാണ് അലന്‍ കുറിപ്പ് ആരംഭിക്കുന്നത്. ഒരു അഭിമുഖത്തിനായി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും എന്നാല്‍ അത് ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലേക്കുള്ള അഭിമുഖമായിരുന്നെന്നും ഇയാള്‍ പരിഹാസരൂപേണ പറയുന്നു. തന്റെ അറിവിനെ ദുരുപയോഗം ചെയ്തതിനും ഹോട്ടലിലെ മറ്റ് അതിഥികളെ അപകടത്തിലാക്കിയതിനും ഇയാള്‍ ക്ഷമ ചോദിക്കുന്നുണ്ട്. തന്നെ നയിക്കുന്നത് ‘നീതിയുക്തമായ കടമ’യാണെന്നും ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യം വെക്കാതിരിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും തനിക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും അലന്‍ അവകാശപ്പെടുന്നു.

ഭരണകൂടത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് കുറിപ്പിലുടനീളം ഉള്ളത്. ഭരണാധികാരികളുടെ കുറ്റകൃത്യങ്ങള്‍ തന്നെയും ബാധിക്കുമെന്നും അതിനാല്‍ ‘ബലാത്സംഗം ചെയ്തവനും രാജ്യദ്രോഹിയുമായ’ ഒരാളുടെ ഭരണം അനുവദിക്കില്ലെന്നും ഇയാള്‍ പറയുന്നു. ആക്രമണത്തിനിടെ പാലിക്കേണ്ട ‘നിയമങ്ങള്‍’ ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ സീക്രട്ട് സര്‍വീസിനെ അത്യാവശ്യമെങ്കില്‍ മാത്രമേ ലക്ഷ്യം വെക്കൂ എന്നും ഹോട്ടല്‍ ജീവനക്കാര്‍, സാധാരണ അതിഥികള്‍ എന്നിവരെ ഉപദ്രവിക്കില്ലെന്നും കുറിപ്പിലുണ്ട്. ചുവരുകള്‍ തുളച്ചുകയറുന്നത് ഒഴിവാക്കാന്‍ പ്രത്യേകം തിരകളാണ് തിരഞ്ഞെടുത്തതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

തന്റെ പ്രവൃത്തിയെ ക്രിസ്തീയ മൂല്യങ്ങളുമായി ബന്ധിപ്പിച്ച് ഇയാള്‍ ന്യായീകരിക്കുന്നുണ്ട്. ‘മറ്റൊരാള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മറുചെവി കാണിച്ചുകൊടുക്കുന്നത് ക്രിസ്തീയ രീതിയല്ല, മറിച്ച് അടിച്ചമര്‍ത്തുന്നവന്റെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കലാണ്’ എന്ന് ഇയാള്‍ വാദിക്കുന്നു. അര്‍ഹമായ സമയത്തല്ല ഈ ആക്രമണം നടത്തുന്നതെന്ന് ചിന്തിക്കുന്നവരോട്, ലോകം അവരെ ചുറ്റിയല്ല കറങ്ങുന്നതെന്നാണ് ഇയാളുടെ മറുപടി. തന്നെപ്പറ്റി വൈകാരികമായി സംസാരിക്കുന്നതിനൊപ്പം തന്നെ സീക്രട്ട് സര്‍വീസിന്റെ സുരക്ഷാ വീഴ്ചകളെ ഇയാള്‍ രൂക്ഷമായി പരിഹസിക്കുന്നുമുണ്ട്.

ഓരോ പത്തടിയിലും സുരക്ഷാ ഉദ്യോഗസ്ഥരെയും മെറ്റല്‍ ഡിറ്റക്ടറുകളെയും പ്രതീക്ഷിച്ച തനിക്ക് ഹോട്ടലില്‍ യാതൊരുവിധ പരിശോധനയും നേരിടേണ്ടി വന്നില്ലെന്ന് ഇയാള്‍ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുള്ള പ്രതിഷേധക്കാരെ നേരിടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ഒരു ദിവസം മുമ്പ് തന്നെ ഹോട്ടലില്‍ മുറിയെടുത്ത തന്നെയാരും ശ്രദ്ധിച്ചില്ലെന്ന് ഇയാള്‍ പരിഹസിക്കുന്നു. ആയുധങ്ങളുമായി ഹോട്ടലിലേക്ക് നടന്നു കയറിയിട്ടും തന്നെയാരും തടഞ്ഞില്ലെന്നും ഈ അനാസ്ഥ ഭയപ്പെടുത്തുന്നതാണെന്നും ഇയാള്‍ പറയുന്നുണ്ട്. താന്‍ ഒരു ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍ വലിയൊരു മെഷീന്‍ ഗണ്‍ തന്നെ ഉള്ളിലേക്ക് എത്തിക്കുമായിരുന്നുവെന്നും അലന്‍ മാനിഫെസ്റ്റോയില്‍ കുറിച്ചു.

മനസ്സ് മടുപ്പിക്കുന്ന വൈകാരികാവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും, കരയാന്‍ തോന്നുന്നുണ്ടെന്നും ഇയാള്‍ തുറന്നുപറയുന്നു. ഭരണകൂടം ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് കടുത്ത ദേഷ്യം വരുന്നുവെന്നും മാനിഫെസ്റ്റോയുടെ അവസാന ഭാഗത്ത് ഇയാള്‍ വ്യക്തമാക്കുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള അലനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ മാനസികനിലയും മുന്‍കാല ചരിത്രവും അന്വേഷണസംഘം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

Content Summary: White house correspondents dinner shooting; gunman Cole Allen’s full anti-Trump manifesto

This post was last modified on April 27, 2026 9:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment