June 04, 2026 |
Share on

‘സമാധാനത്തിലും അവർ രാഷ്ട്രീയം കലർത്തി’; നൊബേൽ കമ്മറ്റിയെ വിമർശിച്ച് വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിൽ കുറിച്ചു

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയ നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിച്ച് വൈറ്റ് ഹൗസ്.

പ്രസിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുകയും, യുദ്ധങ്ങൾ അവസാനിപ്പിക്കുകയും, ജീവൻ രക്ഷിക്കുകയും ചെയ്യുന്നത് തുടരും. അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയാണ്, ട്രംപിന് പകരമാവാൻ മറ്റൊരാളും സാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിൽ കുറിച്ചു. നോബൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് തെളിയിച്ചുവെന്ന് സ്റ്റീവൻ ച്യൂങ് കൂട്ടിച്ചേർത്തു.

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണമായ പോരാട്ടത്തിനും, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുമായുള്ള ശ്രമങ്ങളും പരിഗണിച്ചാണ് മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേല്‍ ലഭിച്ചത്. ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നോമിനേഷനുകളാണ് ലഭിച്ചത്.

വെനസ്വേലയിലെ മുൻ പ്രസിഡന്റുമാരായ ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ എന്നിവരുടെ സർക്കാരുകളുടെ കടുത്ത വിമർശകയാണ് മച്ചാഡോ. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ 2001ൽ സ്ഥാപിച്ച സന്നദ്ധ സംഘടനയായ സുമേറ്റെയുടെ സ്ഥാപക നേതാവാണ് അവർ. 2011 മുതൽ 2014 വരെ വെനസ്വേലൻ ദേശീയ അസംബ്ലിയിൽ അംഗമായിരുന്നു. രാജ്യത്തെ നിലവിലെ മഡുറോ ഭരണകൂടത്തിൻ്റെ സ്ഥാപനപരമായ ദുരുപയോഗങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെ ശക്തമായി അപലപനത്തിലൂടെ അവർ ശ്രദ്ധേയയായി.

മഡുറോ ഭരണകൂടം മച്ചാഡോയെ 15 വർഷത്തേക്ക് പൊതുസ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കുകയും പലപ്പോഴും യാത്രാ വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു. 2024ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് പ്രാഥമിക റൗണ്ടിൽ വിജയിച്ചെങ്കിലും, മഡുറോ ഭരണകൂടം ഇവരെ അയോഗ്യയാക്കി. 2024ൽ യൂറോപ്യൻ പാർലമെൻ്റിൻ്റെ സഖറോവ് പ്രൈസ് നേടി. 2024ൽ വാക്ലാവ് ഹാവൽ മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ചു. 2018ൽ ബിബിസിയുടെ 100 സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ഇടംനേടി.

content summary: ‘They choose politics over peace’: White House criticizes Nobel Committee for overlooking Donald Trump for the Peace Prize

Leave a Reply

Your email address will not be published. Required fields are marked *

×