പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയില്‍, ക്യൂബയുടെ ഭരണസിരാകേന്ദ്രങ്ങളില്‍ കാസ്ട്രോ കുടുംബത്തിന്റെ സ്വാധീനം വീണ്ടും ശക്തമാകുന്നു. ട്രംപ് ഭരണകൂടവുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ റൗള്‍ കാസ്ട്രോയുടെ ചെറുമകന്‍ റൗള്‍ ഗില്ലെര്‍മോ റോഡ്രിഗസ് കാസ്ട്രോ (റൗലിറ്റോ) മുഖ്യ സാന്നിധ്യമായി മാറിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ആരാണ് ‘എല്‍ കാങ്റെജോ’?
വിരലിന്റെ പ്രത്യേക ആകൃതി കാരണം ‘എല്‍ കാങ്റെജോ’ (ഞണ്ട്) എന്നറിയപ്പെടുന്ന 41 കാരനായ റൗൾ ഗില്ലെർമോ റോഡ്രിഗസ് കാസ്ട്രോയ്ക്ക് നിലവില്‍ സര്‍ക്കാരിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ഔദ്യോഗിക പദവികളൊന്നുമില്ല. എന്നിരുന്നാലും, പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ പങ്കെടുത്ത ഉന്നതതല യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും മുന്‍നിരയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു.
മുത്തച്ഛന്‍ റൗള്‍ കാസ്ട്രോയുടെ വ്യക്തിഗത സുരക്ഷാ മേധാവിയായിരുന്ന ഇദ്ദേഹം, ക്യൂബന്‍ സൈന്യത്തിലും ബിസിനസ് മേഖലയിലും ശക്തമായ ശൃംഖലയുള്ള വ്യക്തിയാണ്. ഗൗരവക്കാരനായ രാഷ്ട്രീയക്കാരന്‍ എന്നതിലുപരി, ആഡംബര നൗകകളിലെ പാര്‍ട്ടികളും നിശാക്ലബുകളിലെ ആഘോഷങ്ങളും വഴി സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു പ്ലേബോയ് ഇമേജാണ് ഇദ്ദേഹത്തിനുള്ളത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേതൃത്വം നല്‍കുന്ന സംഘവുമായി ക്യൂബന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുമ്പോള്‍, റോഡ്രിഗസ് കാസ്ട്രോയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് അധികാരം ഇപ്പോഴും കാസ്ട്രോ കുടുംബത്തിന്റെ കൈകളില്‍ തന്നെയാണെന്നാണ്.
‘രാജ്യത്തിന്റെ പ്രസിഡന്റല്ല, മറിച്ച് റൗലിറ്റോയെപ്പോലെയുള്ള ഒരാള്‍ ഈ നാടകത്തിലെ പ്രധാനിയാകുന്നത് ക്യൂബയില്‍ ഇപ്പോഴും ഒരു കുടുംബ രാജവംശമാണ് ഭരണം നിയന്ത്രിക്കുന്നത് എന്നതിന്റെ തെളിവാണ്,’ എന്ന് പ്രൊഫസര്‍ ഒര്‍ലാന്‍ഡോ പെരെസ് നിരീക്ഷിക്കുന്നു.
സാമ്പത്തിക തകര്‍ച്ചയും ജനരോഷവും
കോവിഡ് മഹാമാരിക്ക് പിന്നാലെ തകര്‍ന്ന ടൂറിസം മേഖലയും അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത ഊര്‍ജ്ജ ഉപരോധവും ക്യൂബയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലയ്ക്കുകയും ജനങ്ങള്‍ പട്ടിണിയിലാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൊറോണ്‍ പട്ടണത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്തിന് പ്രകടനക്കാര്‍ തീയിട്ടത് ഭരണകൂടത്തിനെതിരെയുള്ള ജനരോഷത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നേരത്തെ ഒബാമ ഭരണകൂടത്തിന്റെ കാലത്തും റൗള്‍ കാസ്ട്രോയുടെ മകന്‍ അലജാന്‍ഡ്രോ കാസ്ട്രോ വഴി സമാനമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്.
കാസ്ട്രോ കുടുംബത്തിന് ക്യൂബയുടെ ഭാവിയില്‍ സ്ഥാനമില്ലെന്ന് ഫ്‌ലോറിഡയിലെ ക്യൂബന്‍-അമേരിക്കന്‍ വംശജര്‍ വാദിക്കുന്നു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ക്യൂബയെ രക്ഷിക്കാന്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്നിരിക്കെ, ഒരു പുതിയ ‘കാസ്ട്രോ’ മുഖത്തിലൂടെ അതിജീവനത്തിനുള്ള ശ്രമത്തിലാണ് ഹവാനയിലെ ഭരണകൂടം.
Content Summary: Who is ‘El Cangrejo’? the secret power behind Cuba’s talks with the US
This post was last modified on March 21, 2026 11:02 am
Leave a Comment