ഇന്നാണ് നെടുപറമ്പില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരി അയിനിയില്‍ മുരിങ്ങോത്ത് നീലകണ്ഠന്‍ ചാക്യാരായി പരിവര്‍ത്തനം ചെയ്യപ്പെട്ട ദിവസം. ചെയ്യാത്ത തെറ്റിന് സമുദായം കല്‍പ്പിച്ച ശിക്ഷയില്‍ ഒരു നമ്പൂതിരി ചാക്യാര്‍ ആയി മാറി. സമുദായം അന്ന് പറഞ്ഞു. ”നീ മേലില്‍ നമ്പൂതിരിയല്ല ഒരു ചാക്യാരാണ്” ഒരു നൂറ്റാണ്ടിന് മുന്‍പ് നടന്ന സമുദായ ബഹിഷ്‌ക്കരണ ക്രിയയിലെ ഏറ്റവും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങിയ ഒരാളുടെ ആ കഥ ഇങ്ങനെ തുടങ്ങുന്നു.
1918 ഫെബ്രുവരി 10, നൂറ്റെട്ട് വര്‍ഷം മുന്‍പ്, ഇതേ ദിവസമാണ് പതിനൊന്ന് വയസുകാരനായ ആ നമ്പൂതിരി ബാലന്റെ ജീവിതത്തില്‍ വിധി മിഴാവു കൊട്ടിയത്. 11 വയസ്സു വരെ നമ്പൂതിരിയായി ജീവിച്ച കൃഷ്ണ ശര്‍മ്മയെന്ന ആ ബാലന്‍ പൊടുന്നനെ സമുദായകല്‍പ്പനയനുസരിച്ച് നമ്പൂതിരി ജാതിയില്‍ നിന്ന് നിഷ്‌കാസിതനായി, ചാക്യാരായി മാറി. അയാള്‍ കേരളത്തിലെ അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്റെ ഇരയായിരുന്നു. അരനൂറ്റാണ്ട് മുന്‍പ് കൃഷ്ണ ശര്‍മ്മയെന്ന നമ്പൂതിരിയില്‍ നിന്ന് എ.എം.എന്‍ ചാക്യാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടു…
പുരുഷ, ജാതി, മത മേധാവിത്വത്തിനു താഴെ നിര്‍ദ്ദയം, നിഷ്‌കരുണം ചതഞ്ഞരഞ്ഞു നൊന്തു നരകിച്ചു നശിക്കേണ്ടിവന്ന അന്തര്‍ജ്ജനങ്ങളുടെയും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സമുദായത്തില്‍ നിന്ന് നിഷ്‌കാസരാക്കപ്പെട്ട ഒരു പറ്റം ഇരകളുടെ കഥയാണ് അത്. ഒരു ഇരുണ്ട കാലത്ത് കേരളത്തില്‍ നടന്ന സംഭവകഥ…
ലോകത്തിലെ ആദ്യത്തെ 50 ഓവര്‍ ഏകദിന ക്രിക്കറ്റ് മത്സരം നടന്ന തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലപ്പറമ്പ് ഒരു നൂറ്റാണ്ട്, മുന്‍പ് മറ്റൊരു വിവാദമായ ചരിത്ര സംഭവത്തില്‍ ഇരയായ ഒരു വ്യക്തിയുടെ ഇല്ലമായിരുന്നു. കേരള ചരിത്രത്തില്‍ നമ്പൂതിരി സമുദായത്തില്‍ വിധിച്ചിരുന്ന ഏറ്റവും കഠിനമായ ശിക്ഷ ‘സ്മാര്‍ത്ത വിചാരം’ എന്ന സമുദായ ഭ്രഷ്ട് നടന്നപ്പോള്‍ അതില്‍ ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ ഗൃഹമായിരുന്നു, നെടുപറമ്പ് ഇല്ലം. അവസാനത്തെ സ്മാര്‍ത്ത വിചാരം എന്നറിയപ്പെട്ട ആ കുറ്റവിചാരണയില്‍, കുറ്റവാളിയായി വിധിക്കപ്പെട്ട് സമുദായ ഭ്രഷ്ടനായി. അപമാനം സഹിക്കാനാവാതെ ചെറിയ കൃഷ്ണന്‍ നമ്പൂതിരി നെടുപറമ്പ് ഇല്ലറമ്പില്‍ തന്നെയുള്ള കൊച്ചു ബംഗ്ലാവിലെ ഉത്തരത്തില്‍ കെട്ടി തൂങ്ങി സ്വന്തം ജീവനൊടുക്കി.
സ്വയം ജീവനൊടുക്കിയ കൃഷ്ണന്‍ നമ്പൂതിരിയുടെ നാലു മക്കളില്‍ ഒരാളായ എ.എം.എന്‍ ചാക്യാര്‍ താന്‍ നമ്പൂതിരിയില്‍ നിന്ന് ഒരു ദിവസം കൊണ്ട് ചാക്യാരായി മാറിയ കഥയും സ്മാര്‍ത്ത വിചാരത്തില്‍ ഭ്രഷ്ടനാക്കപ്പെട്ട് ആത്മഹത്യ ചെയ്ത പിതാവിനെ കുറിച്ചും. തുടര്‍ന്ന് നടന്ന സംഭവങ്ങളും അത് മൂലം കുടുംബത്തിന് സംഭവിച്ച ദുരന്തങ്ങളും വിശദമാക്കി 80 വര്‍ഷത്തിന് ശേഷം എഴുതിയ കൃതിയാണ് The Last Caste Inquisition : a Victim’s Reminiscences . (1997) (അവസാനത്തെ സ്മാര്‍ത്ത വിചാരം).
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ദുരാചാരങ്ങളെക്കുറിച്ചും, സാമൂഹ്യവ്യവസ്ഥകളെക്കുറിച്ചും, ചരിത്രപശ്ചാത്തലത്തില്‍, സമചിത്തതയോടെ വിലയിരുത്തുകയും ചെയ്യുന്ന, ആത്മകഥാംശമുള്ള ഇത് ചരിത്രപരമായും സാമൂഹ്യശാസ്ത്രപരമായും ശ്രദ്ധേമായ ഒരു കൃതിയാണിത്.
ഒന്നാംലോകമഹായുദ്ധം അതിന്റെ അവസാന ഘട്ടത്തിലെത്തിയ കാലം. ആ സമയത്ത്, 1917-18 കാലത്ത് തൃപ്പൂണിത്തുറ നെടുപറമ്പ് ഇല്ലത്തിനുള്ളില്‍ ഒരു കൊച്ചുസാമൂഹ്യവിപ്ലവം മുളച്ചു വളര്‍ന്നു വരികയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നടന്ന ഒരു സംഭവത്തിന്റെ ആഘാതത്തില്‍ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ കുടുംബംതന്നെ കുത്തഴിഞ്ഞു നാമാവശേഷമായി.
അക്കാലത്ത് കേരളീയസമൂഹത്തില്‍ ഒരു നമ്പൂതിരി അന്തര്‍ജനത്തിന്റെ പവിത്രത സംശയിക്കുമ്പോഴെല്ലാം, അവളെ അന്വേഷണത്തിനായി സമൂഹത്തിന് കൈമാറുന്നു, വ്യക്തിപരമായ സ്‌നേഹത്തിനോ പൊതു നിയമ ഇടപെടലിനോ യാതൊരു പരിഗണനയും നല്‍കില്ല. സംശയിക്കപ്പെടുന്ന സ്ത്രീയെ ‘സാധനം’ എന്ന് പേരിട്ട് കുറ്റാരോപിതയെ ഒറ്റയ്ക്ക് അഞ്ചാംപുര എന്ന ഇല്ലത്തിന് വെളിയിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നു. അവളുടെ വേലക്കാരിയെ വിചാരണ ചെയ്യുന്നു. തുടര്‍ന്ന് ആവശ്യമായ പണം കെട്ടി സ്മാര്‍ത്ത വിചാരത്തിനായി ഒരു ഔപചാരികമായി അപേക്ഷ സമര്‍പ്പിക്കുകയും, എന്താണ് വേണ്ടതെന്ന് പ്രാദേശിക നാടുവാഴി തീരുമാനിക്കുകയും ചെയ്യുന്നു.
(സ്മാര്‍ത്തം എന്ന വാക്കിന്റെ അര്‍ത്ഥം സ്മൃതിപ്രകാരമുള്ള കര്‍മം. സ്മൃതി ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളത് എന്നാണ്. സ്മൃതികളെ ആസ്പദമാക്കി അനുഷ്ഠിക്കുന്ന ആചാരങ്ങളോ നിയമങ്ങളോ ഇതില്‍ ഉള്‍പ്പെടുന്നു. സ്മൃതി പ്രമാണങ്ങള്‍ അനുസരിച്ച് നടത്തിയിരുന്ന ശിക്ഷാനടപടികളെ (സ്മാര്‍ത്തവിചാരം) സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. സ്മാര്‍ത്ത വിചാരം ചെയ്യുന്നവര്‍
സ്മാര്‍ത്തന്‍ – മീംമാംസകളും ആചാരാനുഷ്ഠാനങ്ങള്‍ പഠിച്ചവര്‍.)
തുടര്‍ന്ന് മഹാരാജാവ് ഒരു സ്മാര്‍ത്തനെ നിയമിക്കുകയും വിചാരണക്കായി സഹായികളെ നിയമിക്കുകയും ചെയ്യുന്നു. രണ്ട് നിരീക്ഷകരെയും (അകക്കോയിമ്മയും പുരകോയിമ്മയും) നിയമിക്കുന്നു. അന്വേഷണവും ചോദ്യം ചെയ്യലും വളരെ ആചാരപരമായതാണ്, ദിവസങ്ങളും ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കും.
ഈ കാലയളവില്‍ മുഴുവന്‍ സംഘത്തെയും ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പരിപാലിക്കേണ്ടതുണ്ട്. ഒടുവില്‍ ഒരു വിധി (കുറ്റക്കാരനാണെങ്കില്‍) വരുകയും പെണ്‍കുട്ടിയെ അവളുടെ സമുദായത്തില്‍ നിന്ന് പുറത്താക്കുകയും അവള്‍ക്കായി മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. അതുവരെ അവളെ നിര്‍ജീവമായോ ‘സാധന’മായോ കണക്കാക്കുന്നു. വിചാരണയ്ക്ക് ശേഷം അവളെ മരിച്ചതായി കണക്കാക്കുന്നു, അവളുടെ കുടയും വെളുത്ത ആവരണങ്ങളും നീക്കം ചെയ്ത് തെരുവിലേക്ക് പുറംതള്ളുന്നു.
ഇത്തരത്തില്‍ ദുര്‍വൃത്തി ആരോപിച്ച് 1905 ല്‍ നടന്ന കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം അന്ന് കേരളക്കരയെ ഇളക്കി മറച്ച് ഏറെ കോളിളക്കം സൃഷ്ടിച്ചു.
കല്പകശ്ശേരി അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ പുത്രിയും തലപ്പിള്ളി താലൂക്കില്‍ തന്നെയുള്ള ചെമ്മന്‍തട്ടകുറിയേടത്തു രാമന്‍ നമ്പൂതിരിയുടെ ഭാര്യയുമായ താത്രി എന്ന സാവിത്രിയായിരുന്നു അടുക്കള ദോഷം ആരോപിച്ച് അന്ന് വിചാരണ ചെയ്യപ്പെട്ടത്.
ഈ വിചാരണ വളരെ കുപ്രസിദ്ധിയാര്‍ജ്ജിച്ചു. കുറ്റവാളികളില്‍ ആ സ്ത്രീയുടെ സ്വന്തം അച്ഛനായ അഷ്ടമൂര്‍ത്തി നമ്പൂതിരിയും അവളുടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ കുറിയേടത്തു ചാത നമ്പൂതിരിയും, അവളുടെ സഹോദരിയുടെ ഭര്‍ത്താവ് പാലത്തോള്‍ ഇട്ടീരി നമ്പൂതിരിയും ഉള്‍പ്പെട്ടിരുന്നു. ഏറ്റവും വിചിത്രമായത് അവളുടെ ഭര്‍ത്താവ് കുറിയേടത്തു രാമന്‍ നമ്പൂതിരിയും ഇതില്‍ കുറ്റവാളിയായി എന്നതാണ് ‘അതിനുകാരണം അവള്‍ക്കു അന്യവ്യക്തികളുമായി അവിഹിതവേഴ്ച ഉള്ളപ്പോള്‍ അതറിഞ്ഞുകൊണ്ട് താത്രിയുമായി അയാള്‍ പിന്നീടും ലൈംഗികബന്ധം പുലര്‍ത്തിയിരുന്നുവെന്നതുതന്നെ. സാങ്കേതികമായി അതും ഒരുതരം ലൈംഗികാപചയം തന്നെ. സമുദായനീതിക്കു നേരെ വിരുദ്ധം.
1905 ജൂലൈ 12-നു താത്രിയുടെ വിചാരണ അവസാനിച്ചു. അടുത്ത ദിവസം രാത്രിയില്‍ വിധി പ്രഖ്യാപിക്കപ്പെട്ടു. ആ സ്ത്രീയെ സമുദായഭ്രഷ്ടയാക്കി; മരിച്ചു പോയിരുന്ന രണ്ട് അമ്പലവാസികള്‍ ഒഴിച്ച് ബാക്കി കുറ്റം ചുമത്തിയവരായ എല്ലാവരും അതതു സമുദായങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു. അവരില്‍ 30 നമ്പൂതിരിമാരും 10 പട്ടന്മാരും (തമിഴ് ബ്രാഹ്‌മണര്‍), 13 അമ്പലവാസികളും 11 നായന്മാരും ഉള്‍പ്പെട്ടിരുന്നു. ഭ്രഷ്ടയാക്കപ്പെട്ട സ്ത്രീയെ ചാലക്കുടിക്കയച്ചു. അവിടെ പുഴക്കരയില്‍ ഒരു പുര കെട്ടി ഒറ്റപ്പെടുത്തി പാര്‍പ്പിച്ചു.
എറണാകുളം – തൃപ്പൂണിത്തുറ റൂട്ടില്‍ എരൂര്‍ റെയില്‍വേ ക്രോസിംഗിനു സമീപമാണ് ഇളമ്പക്കോടത്തെ ഇല്ലം. പഴയ ആചാരപ്രകാരം ചെറുപറമ്പത്തെ ചെറിയ കൃഷ്ണന്‍ എന്ന ബാലനെ ഋഗ്വേദം പഠിക്കുന്നതിനായി ഈ ഇല്ലത്തേക്ക് അയച്ചു. പതിനാല് വയസ് കഴിഞ്ഞതോടെ വേദാദ്ധ്യായനം പുര്‍ത്തിയാക്കി സമാവര്‍ത്തനത്തിനായി (ഉപനയനം കഴിഞ്ഞ് മൂന്നുകൊല്ലമെങ്കിലും ബ്രഹ്‌മചാരിയായി വേദവും ശാസ്ത്രങ്ങളുമായ ചടങ്ങുകളെല്ലാം പഠിച്ച് അവസാനിപ്പിക്കലാണ് സമാവര്‍ത്തനം.) സ്വന്തം ഇല്ലമായ നെടുംപറമ്പത്ത് ആ ബ്രഹ്‌മചാരി ചെറിയ കൃഷ്ണന്‍ തിരിച്ചെത്തി.
മേല്‍പ്പറഞ്ഞ ഇളമ്പക്കോടത്തെ ഇല്ലത്തെ ആഢ്യന്‍. വിഷ്ണുതാത്രന്‍ നമ്പൂതിരിയുടെ മൂന്നാമത്തെ വേളിയുടെ പേര് താത്രിയെന്നായിരുന്നു(സാവിത്രി). ചെറിയ കൃഷ്ണന്റെ വേദ പഠനത്തിന് ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവര്‍ വിധവയായി. തൃപ്പൂണിത്തുറയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പാഴൂര്‍ പടുതോള്‍ ഇല്ലത്തെ അംഗമായിരുന്ന താത്രിയെ വിഷ്ണുതാത്രന്‍ വേളി കഴിക്കുമ്പോള്‍ അദ്ദേഹത്തിന് അറുപത് വയസ് പ്രായമുണ്ടായിരുന്നു. താത്രിയില്‍ അദ്ദേഹത്തിന് നാലു കുട്ടികളുണ്ടായി. ഏറെ കഴിയും മുന്‍പ് വിഷ്ണുതാത്രന്‍ മരിച്ചു. വിധവയായ താത്രി നാലു കുട്ടികളുടെ അമ്മയാണെങ്കിലും അതിസുന്ദരിയായിരുന്നു. ഭര്‍ത്താവായ നമ്പൂതിരിയുടെ മരണം നടന്ന് അല്‍പ്പകാലത്തിന് ശേഷം താത്രിക്കെതിരെ നടപടി ദൂഷ്യം ആരോപിക്കപ്പെട്ടു. അവര്‍ക്ക് ചില അന്യപുരുഷന്മാരുമായി അവിഹിത ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നു. സമുദായത്തില്‍ ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. ഇല്ലത്തിനെതിരെ അപഖ്യാതി തീ പോലെ ആളിപ്പടര്‍ന്നു. ഏറെ കോളിക്കമുണ്ടാക്കിയ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തില്‍ നമ്പൂതിരി സമുദായത്തിനേറ്റ ആഘാതത്തിന്റെ അലയൊലികള്‍ അപ്പോഴും തീര്‍ന്നിട്ടില്ലായിരുന്നു. അത് നടന്ന് പതിമൂന്നു വര്‍ഷത്തിന് ശേഷം ഉരുത്തിരിഞ്ഞ ഈ പുതിയ അടുക്കള ദോഷം വീണ്ടും ശാന്തജീവിതം നയിച്ചിരുന്ന ചില കുടുംബങ്ങളുടെ മേല്‍ ദുരന്തമായി മാറി, അശനിപാതം പോലെ വന്നു പതിച്ചു.
സ്വാഭാവികമായും അപഖ്യാതി വന്ന ഇല്ലക്കാര്‍ക്ക് മേല്‍ രാജാവിനോട് പരാതിപ്പെടാന്‍ സമുദായ പ്രമാണിമാരില്‍ നിന്ന് സമ്മര്‍ദം വന്നു മുറുകി. വിധിവൈപരീത്യമെന്നു തന്നെ പറയട്ടെ. കുറ്റാരോപിതയായ താത്രിയുടെ ജ്യേഷ്ഠത്തിയുടെ പുത്രനായ വിഷ്ണുനമ്പൂതിരിക്കാണ് തന്റെ ചെറിയമ്മയുടെ ദുര്‍നടത്തപ്പിനെ കുറിച്ച് രാജാവിനെ അറിയിക്കുക എന്ന വേദനാജനകമായ കര്‍ത്തവ്യം ഏറ്റെടുക്കേണ്ടിവന്നത്.
സംഭവമറിഞ്ഞ് രാമവര്‍മ്മ മഹാരാജാവ് കലി പൂണ്ടു. തന്റെ ഭരണകാലത്ത് തന്റെ മൂക്കിനു താഴെ ഒരു ആഢ്യ അന്തര്‍ജ്ജനം ഇത്ര വലിയ അപരാധം ചെയ്തിരിക്കുന്നു. അത് പൊറുക്കാനാവില്ല. അദ്ദേഹം ഉടന്‍ നടപടിയാരംഭിച്ചു. സ്മാര്‍ത്തന്മാരെ വിളിപ്പിച്ചു. മീമാംസകരേയും വരുത്തി. നേരത്തെ സൂചിപ്പിച്ച മാതിരി പാരമ്പര്യ വിധിപ്രകാരമുള്ള സ്മാര്‍ത്തവിചാരം നടത്തുവാന്‍ ആജ്ഞാപിച്ചു. അതിനിടെ കുറ്റമാരോപിക്കപ്പെട്ട താത്രിയെ സ്വഗൃഹത്തില്‍ നിന്നും അഞ്ചാംപുരയിലേക്ക് മാറ്റി താമസിപ്പിച്ചു. ഇല്ലം നാലുകെട്ടാണ്. അതിനുവെളിയിലാണ് കുറ്റം ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കുള്ള അഞ്ചാം കെട്ട്- അഥവാ അഞ്ചാം പുറം. അവിടേക്ക് മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞാല്‍ അവള്‍ അന്തര്‍ജ്ജനമല്ല; ‘സാധനം’ എന്നാണവളെ വിളിക്കുക. താത്രിയെ അപ്രകാരം സാധനമാക്കി ഏകാന്തതയില്‍ പാര്‍പ്പിച്ചു.
സ്മാര്‍ത്ത വിചാരത്തിനുള്ള സംഘത്തില്‍ സ്മാര്‍ത്തന്‍ പട്ടച്ചോമായരത്ത് ജാതവേദന്‍ നമ്പൂതിരിയും രണ്ട് മീമാംസകരും ആഢ്യന്‍ ഇല്ലത്തെ ഒരാളും മഹാരാജാവിന്റെ ഒരു പ്രതിപുരുഷനും മാന്യരായ രണ്ട് അയല്‍ക്കാരും സംഘത്തില്‍ ഉണ്ടായിരുന്നു. ആഢ്യന്‍ കുടുംബത്തിലെ അംഗത്തെ അകക്കോവില്‍ എന്നും, രാജാവിന്റെ പ്രതിനിധിയെ പുറക്കോവില്‍ എന്നുമാണ് പറയുക. സ്മാര്‍ത്തന്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ആദ്യം ചോദിക്കുന്നത് അകത്തു സ്ഥിരം നില്ക്കുന്ന ദാസിയോടാണ്. ഇല്ലത്തിന് അകത്തുള്ളവര്‍ക്ക് ബാഹ്യലോകവുമായി ആശയവിനിമയത്തിനുള്ള മദ്ധ്യവര്‍ത്തിയാണ് ദാസി. പ്രഥമദൃഷ്ട്യാ കേസിന്റെ തെളിവുകിട്ടിക്കഴിഞ്ഞാല്‍ സ്മാര്‍ത്തന്‍ സാധനത്തോട് നേരിട്ടു തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു. ഇത്തരം ചോദ്യംചെയ്യലിന് പല മാര്‍ഗ്ഗങ്ങളും രീതികളും അവലംബിക്കേണ്ടിവരും. പ്രേരണ, പ്രോത്സാഹനം, മുഖസ്തുതി, ഭീഷണി തുടങ്ങി ശരീരപീഡനം വരെയുള്ള അടവുകള്‍ സത്യം പുറത്തുകൊണ്ടുവരാനായി പ്രയോഗിക്കേണ്ടിവരും. സത്യം പറയാന്‍ മൂര്‍ഖന്‍ പാമ്പിനെ വരെ അഞ്ചാം പുരയിലേക്ക് കയറ്റി വിടാറുണ്ടെന്ന്, 19-ാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥത്തില്‍ പി. ഭാസ്‌ക്കരനുണ്ണി എഴുതുന്നു. ഇവിടെ ഈ കാര്യത്തില്‍ പ്രേരണ മാത്രം മതിയായിരുന്നു. സ്മാര്‍ത്തന് പ്രയാസമില്ലാതെ മുന്നോട്ടു പോകാന്‍ സാധിച്ചു.
ചോദ്യവേളയില്‍ രണ്ടു പുരുഷന്മാരുമായി അവിഹിതവേഴ്ച നടത്തിയിരുന്നതായി ആ സ്ത്രീ തുറന്നുപറഞ്ഞു. തയ്യില്‍ രാമന്‍ മേനോനും എഴുമാവുമനയ്ക്കല്‍ വാസുദേവന്‍ ഭട്ടതിരിയുമായിരുന്നു ആ രണ്ടുപേര്‍. ഇനിയും ആരെങ്കിലും ഉണ്ടോയെന്ന് ആഴത്തില്‍ മുങ്ങിത്തപ്പുവാന്‍ സ്മാര്‍ത്തന്‍ കൂടുതല്‍ ഉത്സാഹത്തോടെ ചോദ്യം തുടര്‍ന്നു.
‘അവസാനത്തെ സ്മാര്‍ത്ത വിചാരം’ എന്ന തന്റെ അനുഭവക്കുറിപ്പില്‍ എ.എം.എന്‍. ചാക്യാര്‍ എഴുതുന്നു. സ്മാര്‍ത്തവിചാര ചോദ്യോത്തരം തുടര്‍ന്നത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു.
സ്മാര്‍ത്തന്‍: ”നീ എല്ലാ പേരുകളും പറഞ്ഞുകഴിഞ്ഞോ? ഇനീം ആരെങ്കിലും കൂടെ?’
താത്രി:
”ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി കൂട്ടിച്ചേര്‍ക്കാനാരുമില്ല.’
സ്മാര്‍ത്തന്‍ :
”നിന്റെ ഈ തുറന്നുപറച്ചില്‍ പരിപൂര്‍ണ്ണമാണോ? വല്ല തെറ്റും പറ്റി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ?”
താത്രി:
”ഇല്ല, ഓര്‍മ്മിക്കുവാന്‍ കഴിയുന്നത് മറ്റാരുമില്ല. ഞാനെല്ലാം പറഞ്ഞുകഴിഞ്ഞു.”
സ്മാര്‍ത്തന്‍:
”അവസാനത്തെ ഒരു ചോദ്യം. നീ പറഞ്ഞുകഴിഞ്ഞിട്ടുള്ള രണ്ടുപേര്‍ കൂടാതെ പുരുഷവര്‍ഗത്തില്‍ മറ്റാരുമായും അവിഹിതബന്ധം ഉണ്ടായിട്ടില്ലായെന്ന് നിനക്ക് സത്യം ചെയ്യാന്‍ കഴിയുമോ? പറ, ആരുമായും?”
താത്രി:
(നിശ്ശബ്ദം – ദീര്‍ഘനേരത്തെ ഉറച്ച നിശ്ശബ്ദത….)
സ്മാര്‍ത്തന്‍ :
”നീ എന്താ മിണ്ടാത്തത്? എന്താ ഈ നിശ്ശബ്ദത. നിന്റെ ഓര്‍മ്മകളെ നന്നായി ചികഞ്ഞു നോക്കൂ. ഓര്‍മ്മിക്കൂ. നാണിക്കേണ്ട. ഉം. ലജ്ജയോ മടിയോ തോന്നേണ്ടതില്ല. പറഞ്ഞുകൊള്ളൂ… പറയൂ.”
ഹൃദയമുള്ള ആര്‍ക്കും താത്രിയുടെ നിശ്ശബ്ദത മനസ്സിലാക്കാവുന്നതാണ്. അവളുടെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ട്, മഥിക്കുന്നുണ്ട്. സത്യത്തില്‍ അവളുടെ മനസ്സ് രണ്ടായിത്തീര്‍ന്നു. ഒന്ന് മറ്റതുമായി വാദിക്കുന്നു. അവളുടെ വിചാരധാര ഏതാണ്ട് ഇപ്രകാരമായിരുന്നിരിക്കാമെന്ന് അനുമാനിക്കാം.
”എന്റെ പൂര്‍ണ്ണത്രയീശാ! ഈ പ്രയാസമേറിയ അവസ്ഥയില്‍ ഞാനെന്താണു ചെയ്യുക? നെടുമ്പറമ്പില്‍ ഇല്ലത്തെ ആ ഉണ്ണി ഇന്ന് മൂന്നു കുട്ടികളും ഭാര്യയുമൊത്ത് മാന്യമായ ഗൃഹസ്ഥാശ്രമം നയിക്കുകയാണ്. അദ്ദേഹത്തിന്റെ അന്തര്‍ജ്ജനം നാലാമതും ഗര്‍ഭിണിയാണെന്നു കേള്‍ക്കുന്നു. ഈ അവസ്ഥയില്‍ എന്താണ് വാസ്തവത്തില്‍ നടന്നതെന്ന് ഞാന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞാല്‍ അതിന്റെ ഫലമായി ആ ഇല്ലത്തിന്റെ അവസ്ഥ എന്താകും? ഈശ്വരാ അതിന്റെ വളര്‍ന്നു വരുന്ന ഒരു ശാഖയോ, ചിലപ്പോള്‍ ആ തറവാടുതന്നെയോ ഭാവിയില്‍ നശിപ്പിക്കപ്പെട്ടുവെന്നു വരില്ലേ? ഞാനായിട്ടൊരു കുടുംബം തകര്‍ക്കണോ? ദൈവമേ! ഇതെന്തു പരീക്ഷണം – എന്നാല്‍, മറിച്ച് ഞാന്‍ അത് മറച്ചുവച്ചാല്‍ ദൈവത്തിന്റെ മുമ്പില്‍ സത്യലംഘനമെന്ന പാപം ചെയ്യുകയാവില്ലേ? പറഞ്ഞാലും പാപം, ഇല്ലെങ്കിലും പാപം. രണ്ടും തിന്മകള്‍. തമ്മില്‍ കുറഞ്ഞതേതാണ്? ഒരു തെറ്റ് ഏതായാലും ചെയ്തുകഴിഞ്ഞു. അതിന്റെ തിക്തഫലം അനുഭവിച്ചേ മതിയാകൂ… അതുകൊണ്ട് ഞാന്‍ തുറന്നുപറയുക തന്നെ. നെടുംപറമ്പത്തെ ഇല്ലത്തിന് മേല്‍ ഒടുവില്‍ വെള്ളിടിയായി പതിച്ച ആ സത്യം താത്രി തുറന്നു പറഞ്ഞു.
താത്രി:
കുറേ കൊല്ലങ്ങള്‍ക്കുമുമ്പ്… നെടുമ്പറമ്പില്‍ ഇല്ലത്തെ ഒരു ഉണ്ണി-ബ്രഹ്‌മചാരി… കൃഷ്ണനെന്നു പേരുള്ള ഒരു ഉണ്ണി, വേദാദ്ധ്യയനം ചെയ്തുകൊണ്ട് ഇല്ലത്ത് താമസിച്ചിരുന്നു. ഞാന്‍… ഞാന്‍ ആ ഉണ്ണിയെ ദുഷിപ്പിക്കാനിടയായിട്ടുണ്ട്…”
സ്മാര്‍ത്തന്‍ :
”അതേ. അവിടം വരട്ടെ. ഉം. ഇനീം ആരെങ്കിലുമുണ്ടോ? കള്ളം പറയരുത്. അതു പാപമാണ്. പറയൂ. ഇനീം?….”
താത്രി:
”ഇല്ല. മറ്റാരുമില്ല. ഞാന്‍ സത്യം ചെയ്യുന്നു. മറ്റാരുമില്ല. സത്യം. സത്യം…”
സ്മാര്‍ത്തന്‍: ”മതി.മതി. ഇതുമതി. ഇനീം ചോദ്യമില്ല.” നാടകത്തിന്റെ ഒരു ഭാഗമിവിടെ തീരുന്നു.
സ്മാര്‍ത്തവിചാരം നടക്കുമ്പോള്‍ താത്രിക്ക് നാല്പതു വയസ്സുണ്ടായിരിക്കാമെന്ന് എ.എം.എന്‍. ചാക്യാര്‍ ഊഹിക്കുന്നു. അന്ന് അവരുടെ മൂത്തമകന് 15 വയസ്സിനടുത്തുണ്ടായിരുന്നു. പാഴൂര്‍ പടുതോള്‍ ഇല്ലത്തുനിന്ന് താത്രിയെ ഇളമ്പങ്കോടത്തേക്ക് വേളി കഴിച്ചുകൊണ്ടുവന്ന വിഷ്ണുത്രാതന്‍ നമ്പൂതിരി അതിനു മുന്‍പ് രണ്ടു വേളി കഴിച്ചിരുന്നു. അതിലൊരാളുടെ മകനായ വിഷ്ണു നമ്പൂതിരി, വെളുപ്പാന്‍ കാലത്താരോ ഇല്ലത്തുനിന്ന് ഇറങ്ങിപ്പോകുന്നതു കണ്ട് താത്രിയെപ്പറ്റി മഹാരാജാവിനോടു പരാതിപ്പെടുകയായിരുന്നു. വേദം പഠിക്കാന്‍ ഇല്ലത്ത് വന്ന നെടുപറമ്പില്‍ നല്ല തേജസ്സുണ്ടായിരുന്ന ചെറിയ കൃഷ്ണന്‍ എന്ന പതിനാലുകാരനെ ഉണ്ണിയപ്പം തരാമെന്ന് പറഞ്ഞ് താത്രി വശീകരിക്കുകയായിരുന്നു.
ആരോപിതരായ പുരുഷന്മാര്‍ക്ക് വാദിയായ സ്ത്രീയെ വിസ്തരിക്കുന്നതിന് അനുവാദം അന്നുണ്ടായിരുന്നില്ലെങ്കിലും, താത്രി പറഞ്ഞത് സത്യമായി സ്വീകരിക്കപ്പെട്ടു. സ്മാര്‍ത്തവിചാരം അതോടെ അവസാനിച്ചു. കുറ്റവിചാരണ ശരിയായും വിജയപ്രദമായും നടത്തപ്പെട്ടതായി കണ്ട് എല്ലാവരും സംതൃപ്തരായി.
മേല്‍ നടപടികള്‍ക്കായി സ്മാര്‍ത്തന്‍ കുന്നുമ്മേല്‍ കൊട്ടാരത്തില്‍ (തൃപ്പൂണിത്തുറ ഹില്‍പാലസ്സില്‍) ചെന്ന് രാമവര്‍മ്മ മഹാരാജാവിനെ മുഖം കാണിച്ചു. അവിടെ നിരവധി നമ്പൂതിരിമാര്‍ എത്തിക്കഴിഞ്ഞിരുന്നു. രാജകീയ കല്പന എന്തെനറിയാനാണ് എല്ലാവരും എത്തിയിരിക്കുന്നത്. ചിലര്‍ക്ക് വിവരമറിയാനുള്ള അന്വേഷണത്വരയും, മറ്റു ചിലര്‍ക്ക് ഉല്‍കണ്ഠയുമായിരുന്നു. സ്മാര്‍ത്തന്‍ എല്ലാ കാര്യങ്ങളും, ചോദ്യോത്തരങ്ങളും, നിഗമനങ്ങളും ഉള്‍പ്പെടെ മഹാരാജാവിനോടു വിശദമായിപ്പറഞ്ഞു. ഇങ്ങനെ വിശദീകരിക്കുന്നതിന് സാങ്കേതികമായി ‘സ്വരൂപം ചൊല്ലല്‍’ എന്നു പറയും.
സ്മാര്‍ത്തനായ പട്ടച്ചോമയാരത്ത് ജാതവേദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഈ സ്മാര്‍ത്തവിചാരത്തില്‍ താത്രി രണ്ടു പുരുഷന്മാരുടെ പേരാണ് ആദ്യം പറഞ്ഞത് തയ്യില്‍ രായന്‍ മേനോന്‍, എഴുമാവ് മനയ്ക്കല്‍ വാസുദേവന്‍ ഭട്ടതിരി. ഒടുവില്‍ 14 വയസ്സ് പ്രായമുള്ള നെടുപറമ്പില്‍ ചെറിയ കൃഷ്ണനും.
ഹില്‍പാലസില്‍ രാമവര്‍മ മഹാരാജാവിനു മുന്നില്‍ സ്മാര്‍ത്തന്‍ ‘സ്വരൂപം ചൊല്ലി’- വാസ്തവ വിവരണം. വിധി: താത്രിയെ പുറത്താക്കുക, രാമന്‍ മേനോനെ നാടുകടത്തുക, എഴുമാവില്‍ വാസുദേവന്‍ ഭട്ടതിരിയെയും നെടുമ്പറമ്പില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരിയെയും ഭ്രഷ്ടരാക്കുക.
മഹാരാജാവ് ഇത് ശിക്ഷാ വിധിയായി പറയുമ്പോള്‍ കേള്‍ക്കാന്‍ ഉണ്ടായിരുന്നവരുടെ കൂട്ടത്തില്‍ അന്ന് എ.എം.എന്‍ ചാക്യാരുടെ മൂത്തപ്ഫന്‍ (ചാക്യാരുടെ മുത്തച്ഛന്റെ സഹോദരന്‍) വാസുദേവന്‍ നമ്പൂതിരി അവിടെയുണ്ടായിരുന്നു. സമുദായ ഭ്രഷ്ട് വന്നത് പറയാന്‍ വാസുദേവന്‍ നമ്പൂതിരി നെടുപറമ്പ് ഇല്ലത്ത് മനപൂര്‍വ്വം സമയം വൈകിച്ച് രാത്രിയാക്കി എത്തിയപ്പോള്‍ ആ വിധി കേള്‍ക്കാന്‍ കുറ്റാരോപിതനായ നെടുപറമ്പില്‍ ചെറിയ കൃഷ്ണനും. അദ്ദേഹത്തിന്റെ പിതാവും പൊള്ളുന്ന മനസുമായി കാത്തിരിക്കുകയായിരുന്നു. ആ ദുരന്ത വാര്‍ത്ത പടിപ്പുരകേറി ഇല്ലത്തേക്ക് വന്ന ദിവസങ്ങളെ കുറിച്ച് ഓര്‍മ്മയില്‍ നിന്ന് എ.എം.എന്‍ ചാക്യാര്‍ എഴുതുന്നു.
‘കൊല്ലവര്‍ഷം 1093-ലെ (1917 ആഗസ്റ്റ്-സെപ്റ്റംബര്‍) ഓണം കഴിഞ്ഞതോടെ ഒരു വിഷാദമൂകത തറവാട്ടില്‍ പരക്കുന്നതായി എന്റെ
ബാലമനസ്സിനു തോന്നിത്തുടങ്ങിയിരുന്നു. സ്ത്രീജനങ്ങള്‍ എവിടെയും എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. വേലക്കാരും വെളിയിലുള്ളവരും കൂടുതല്‍ സൂത്രക്കാരായിരുന്നതിനാല്‍ ഞാനടുത്തുള്ളപ്പോള്‍ വിഷയം മാറ്റുകയോ വര്‍ത്തമാനം ശബ്ദം താഴ്ത്തി പ്രത്യേകഭാഷയില്‍ എനിക്കു മനസ്സിലാകാത്ത രൂപത്തില്‍ പറയുകയോ ചെയ്തിരുന്നു. കാര്യങ്ങളുടെ ഒരംശം പോലും ബാലനായ എന്നെ ആരും അറിയിച്ചിരുന്നില്ല. ഒരുതരം തളം കെട്ടിയ മൂകത. അതിനനുസരിച്ച് എനിക്കു ജിജ്ഞാസ വര്‍ദ്ധിച്ചു.
ബ്രഹ്‌മചാരിയായ ഞാന്‍ ഉത്കണ്ഠാകുലനാകരുതാത്തവനാണ്. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. അച്ഛനോടോ അമ്മയോടോ ചോദിക്കുവാന്‍ ഈയുള്ളവന്‍ ധൈര്യപ്പെട്ടുമില്ല. ‘ഇതില്‍ നിനക്കൊന്നും കാര്യമുള്ളതല്ല; പോ’ എന്ന് ശാസിക്കുമെന്നു ഭയന്നിട്ട് മുത്തശ്ശിയോടു പോലും ചോദിച്ചില്ല. അവരൊക്കെ എന്തിനെക്കുറിച്ചാണോ, ആരെയൊക്കെ സംബന്ധിക്കുന്ന സംഗതിയാണോ സംസാരിച്ചിരുന്നത് അതു പ്രധാനമായും എന്നെയും ബാധിക്കുന്നതായിരുന്നു എന്ന കാര്യം പിന്നീടാണ് എനിക്ക് മനസിലായത്’
അന്ന് ബാലനായിരുന്ന ചാക്യാര്‍ തന്റെ അച്ഛന് അന്ന് സംഭവിച്ചതെന്തെന്ന് മറ്റുള്ളവരോട് ചോദിച്ചു പിന്നീട് മനസ്സിലാക്കി.
”വാസുദേവന്‍ നമ്പൂതിരി മഹാരാജാവിന്റെ കല്‍പന മുത്തച്ഛനോടും അച്ഛനോടും പറഞ്ഞിട്ട്, മടങ്ങിപ്പോയി. മഹാരാജാവിന്റെ കല്‍പ്പന മുത്തച്ഛനേയും അച്ഛനേയും മിക്കവാറും ജീവച്ഛവമാക്കിയെന്നു പറയേണ്ടതില്ലല്ലോ. ഉച്ചരിക്കാന്‍ വാക്കൊന്നും കിട്ടാതെ ശോകമൂകതയില്‍ അവര്‍ രണ്ടുപേരും ഏറെ നേരം പുറത്തളത്തില്‍ ഇരുന്നു. മണി പത്തു കഴിഞ്ഞു. അത്താഴം തണുത്തു. അല്പമെന്തോ ആഹാരം കഴിക്കുന്ന മട്ടു കാണിച്ച് മുത്തച്ഛന്‍ പതുക്കെ കിടക്കയെ അഭയം പ്രാപിച്ചു. അച്ഛന്‍ ഒരു റാന്തലും കൊളുത്തിയെടുത്ത് അടുത്തുള്ള കൊച്ചുപുരയിലേക്കു കാലുവലിച്ചു നടന്നു”.
ശപിക്കപ്പെട്ട ആ രാത്രിയില്‍ അപമാന ഭീതിയില്‍ ഇല്ലത്തിനു പുറത്തെ ബംഗ്ലാവിന്റെ ഉത്തരത്തില്‍ കെട്ടിയ തുണിക്കഷ്ണത്തില്‍ തൂങ്ങി ചാക്യാരുടെ പിതാവ് ചെറിയ കൃഷ്ണന്‍ നമ്പൂതിരി ആത്മഹത്യ ചെയ്തു. നാലാമതും ഗര്‍ഭിണിയായ ഭാര്യ ദേവകി അന്തര്‍ജനം പുറത്തളത്തിലേക്കുള്ള വാതില്‍ രാത്രി കുറ്റിയിട്ടിരുന്നില്ല. രാവിലെ ആ വാതില്‍ തുറന്നത് ദുരന്തത്തിലേക്കായിരുന്നു.
തുടര്‍ന്നുള്ള ജീവിതത്തില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരി സമുദായത്തില്‍ നിന്ന് പുറത്തായെങ്കിലും മരണത്തിലൂടെ അദ്ദേഹം ഭ്രഷ്ടിനെ ജയിച്ചു. പക്ഷേ, ഭാര്യയും മക്കളും ഗര്‍ഭസ്ഥ ശിശുവും അതിന്റെ തീഷ്ണതയില്‍ പിന്നീട് വെന്തുരുകി.
”പിതാവിന്റെ മരണാനന്തരക്രിയകളും ആചാരപരമായ കര്‍മ്മങ്ങളും എല്ലാം നിര്‍വഹിക്കപ്പെട്ടു. ഇല്ലത്തിനുമേല്‍ ഭവിച്ച ശോകമൂകഭാവം പിന്നെയും കുറെ മാസങ്ങളോളം നിലനിന്നിരുന്നു, അമ്മ ഇല്ലത്തിനകത്ത്, ഞങ്ങള്‍ മൂന്നുപേരും (രണ്ടനുജത്തിമാരും ഞാനും) അകത്തുമല്ല, പുറത്തുമല്ല എന്ന ഒരുതരം ഭാഗികമായ ഒറ്റപ്പെട്ട സ്ഥിതിയിലും കഴിച്ചുകൂട്ടി. സന്ദര്‍ശകരുടെ, അനുകമ്പാര്‍ദ്രമായ നോട്ടത്തിനു ഞങ്ങള്‍ പാത്രരായി. അവരുടെ തുറിച്ചുനോട്ടത്തില്‍ അനുകമ്പയും, ജിജ്ഞാസയും ദുഃഖവും ചിലരുടേതില്‍ അല്പം പുച്ഛവും നിഴലിച്ചിരുന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.”
”സ്മാര്‍ത്തവിചാരവും അച്ഛന്റെ ദേഹവിയോഗവും നടന്നുകഴിഞ്ഞ്, ഏതാനും ആഴ്ചകള്‍ക്കുശേഷം ഒരു ദിവസം ഉച്ചയ്ക്ക്, കൂടുതലും പ്രായം ചെന്നവരായ ഒരു പറ്റം നമ്പൂതിരിമാര്‍ ഇല്ലത്തിന്റെ മുന്‍വശത്തുള്ള മുറ്റത്ത് പുതുതായി സജ്ജമാക്കിയിരുന്ന പന്തലില്‍ കൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.”
മഹാരാജാവിന്റെ വിധി കല്പന നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഔപചാരികമായി ദ്രഷ്ടന്റെ മകനെ പൊതുസമ്മതത്തോടെ എന്നമട്ടില്‍ ജാതിയില്‍ നിന്നും പുറം തള്ളുന്ന നടപടിയാണ് ”കൈ കൊട്ടി പുറത്താക്കല്‍ എന്ന ആ ക്രൂരപ്രവൃത്തി. ഭ്രഷ്ടന്‍ ജീവിച്ചിരുന്നുവെങ്കില്‍ ആ ക്രൂരവിനോദത്തിന് പാത്രീഭൂതനാകുമായിരുന്നു. അദ്ദേഹം ജീവനൊടുക്കിയതിനാല്‍ പിന്‍ഗാമിയായ മകന്‍ കൃഷ്ണശര്‍മ്മക്ക് അത് അനുഭവിക്കേണ്ടി വന്നു.
പന്തലിലേക്കു ചെന്നപ്പോള്‍ യോഗാംഗങ്ങളായ നമ്പൂതിരിമാര്‍ കയ്യടിച്ചു. ചിലരില്‍ നിന്നും പതിഞ്ഞ ചിരിയും ഉയര്‍ന്നു. വേട്ടപ്പട്ടികളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മാന്‍കുട്ടിയെപ്പോലെ യാതൊരാജ്ഞയ്ക്കും കാത്തുനില്ക്കാതെ ധൈര്യം സംഭരിച്ച് ആ പുറംതള്ളല്‍ ചടങ്ങില്‍ നിന്ന് ആ ബാലന്‍ ഓടി രക്ഷപ്പെട്ടു.
അങ്ങനെ കൃഷ്ണശര്‍മ ഭ്രഷ്ടനായി, നീലകണ്ഠന്‍ ചാക്യാരായി. അവര്‍ക്ക് അതു ചടങ്ങായിരുന്നു. എവിടെയോയുള്ള അയിനിയില്‍ മുരിങ്ങോത്ത്
ചാക്യാര്‍ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട്, ഭ്രഷ്ടനാക്കപ്പെട്ട നമ്പൂതിരിയുടെ മക്കളെല്ലാം ഒടുവില്‍ നെടുപറമ്പില്‍ മന വിട്ടിറങ്ങി.
നാട്ടുനടപ്പും പാരമ്പര്യവും അനുസരിച്ച് ഒരന്തര്‍ജ്ജനവുമായി അവിഹിതവേഴ്ച നടത്തിയ, കുറ്റക്കാരനായി പ്രഖ്യാപിക്കപ്പെട്ട ഒരു നമ്പൂതിരിയുടെ ആണ്‍മക്കള്‍ ചാക്യാന്മാരായും പെണ്‍മക്കള്‍ എളോടമ്മമാരായും തീരുന്നു. അവരുടെ തറവാട്ടില്ലവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടുകഴിഞ്ഞാല്‍, അവര്‍ക്ക് സമൂഹത്തില്‍ കഴിയാന്‍ ഏതെങ്കിലും ഒരു ചാക്യാര്‍ കുടുംബവുമായി ഘടിപ്പിക്കപ്പെട്ടിരിക്കണം. അങ്ങനെ അവര്‍ അയിനിയില്‍ മുരിങ്ങോത്ത് ചാക്യാര്‍ കുടുംബത്തില്‍ എത്തി. ബഹിഷ്‌കരണം പൂര്‍ണ്ണമാക്കുവാനായി അവരെയൊക്കെ പുതിയ ചാക്യാര്‍ കുടുംബാംഗങ്ങളാക്കുക മാത്രമല്ല ചെയ്തത്, പുതിയ പേരുകളും നല്‍കപ്പെട്ടു.
പേരും മേല്‍വിലാസവും മാറിയതുകൊണ്ടുമാത്രം പോരാ, ജാതിയില്‍ നിന്നുമുള്ള ബഹിഷ്‌കരണം പൂര്‍ണമാകണമെങ്കില്‍ ചാക്യാരായതിന്റെ അടയാളമായി ഒരു പൊതുക്ഷേത്രത്തില്‍ പരസ്യമായി കൂത്ത് നടത്തണമെന്ന് യാഥാസ്ഥിതികര്‍ രക്ഷിതാക്കളോട് നിര്‍ദ്ദേശിച്ചു. ചാക്യാരുടെ പാരമ്പര്യത്തൊഴിലാണല്ലോ കൂത്തുപറച്ചില്‍. മകന്‍ അത് നിര്‍വ്വഹിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.
”അടുത്തുള്ള എരൂര്‍ മുതുകുളങ്ങര ക്ഷേത്രത്തില്‍ കൂത്തുനടത്തുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഒരു ദിവസം രാവിലെ ഒരു ചാക്യാര്‍ വന്ന് എന്നെ
ആ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ആവശ്യമായ വസ്ത്രാലങ്കാരങ്ങളും ഉപകരണങ്ങളും വായ് ചെറുതായ ലോഹം കൊണ്ടുള്ള ഒരു വലിയ കുടവും വഹിച്ചുകൊണ്ട് ഒരു നമ്പ്യാരും ഞങ്ങളോടൊപ്പം വന്നു. കുടത്തിന്റെ വായ് തോലുകൊണ്ട് വരിഞ്ഞടച്ചുകെട്ടിയാണ് കൂത്തിന് വാദ്യോപകരണമായി ഉപയോഗിക്കുന്ന മിഴാവ്. പരിപാടിക്കായി എന്നെ വസ്ത്രം ധരിപ്പിച്ചു.
വലിയ നീണ്ട അലക്കിയ പുടവ ഞൊറിഞ്ഞു അരയ്ക്കുകെട്ടി, മുഖത്ത് കറുപ്പും വെളുപ്പും ആയ ഈര്‍പ്പമുള്ള ഏതോ പശ വച്ചുതേച്ചു. അതിന്റെ മണം അറപ്പുളവാക്കുന്നതായിരുന്നു. വിയര്‍പ്പുനാറുന്നതും കണ്ടാല്‍ ചിരിവരുന്നതുമായ ഒരു തൊപ്പി എന്റെ തലയില്‍ നിക്ഷേപിച്ചു. വൃത്താകൃതിയിലുള്ള ഒരു കിരീടമായിരുന്നു അത്. ക്ഷേത്രത്തിന്റെ തെക്കു വശത്തുള്ള വലിയമ്പലത്തില്‍ കൊളുത്തിവച്ചിട്ടുള്ള ഒരു നിലവിളക്കിനുമുമ്പില്‍ ഞാന്‍ നിന്നു. നമ്പ്യാര്‍ കൊട്ടിക്കൊണ്ടിരുന്ന മിഴാവിന്റെ ‘ധിം-ധാം-ധം-ധിം:തധിം-തധാം-ധം-ധം.
എന്നീ താളത്തിന് അനുസരിച്ച് എന്നോട് ഇടത്തോട്ടും വലത്തോട്ടും പാദം ചവിട്ടിവെയ്ക്കുവാന്‍ പറഞ്ഞു. ഞാന്‍ അതനുസരിച്ചു. പിന്നെ പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞു, എന്താണ് പ്രാര്‍ത്ഥിച്ചതെന്നോര്‍മ്മയില്ല. എന്തെങ്കിലും ഞാന്‍ പ്രാര്‍ത്ഥിച്ചു എങ്കില്‍ തന്നെ അത് ഇപ്രകാരം ആയിരുന്നിരിക്കാം: അല്ലയോ കരുണാമയനായ ദൈവമേ, ഈ വിചിത്രമായ രൂപത്തെ കാണേണമേ. അലിവു തോന്നേണമേ, അങ്ങ് സ്‌നേഹത്തിന്റെ പാരാവാരമല്ലേ? സ്‌നേഹസ്വരൂപനല്ലേ? എന്നോടു കാരുണ്യം തോന്നി, ഞാന്‍ ഈ ജീവിതത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ ചെയ്തിട്ടുള്ളതായ പാപങ്ങള്‍ക്ക് ഇത് വേണ്ടത്ര പരിഹാരമാകേണമേ ഈശ്വരാ.” എ.എം.എന്‍ ചാക്യാര്‍ തന്റെ വിധി മിഴാവില്‍ കൊട്ടിയ, ആദ്യത്തേതും അവസാനത്തേയും കൂത്തുപറച്ചിലിനെ കുറിച്ച് എഴുതി.
പുതിയ ചാക്യാരുടെ കവിളില്‍ കണ്ണീര്‍ തളം കെട്ടിയിരുന്നു.. ആ വേഷം ഒരിക്കലേ കെട്ടേണ്ടി വേണ്ടിവന്നുള്ളൂ. അങ്ങനെ ദുര്‍വിധി നടപ്പിലായി. നെടുപറമ്പില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരി അയിനിയില്‍ മുരിങ്ങോത്ത് നീലകണ്ഠന്‍ ചാക്യാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ചാക്യാരായി മാറിയത് ഉറപ്പിക്കുന്ന ആ ചടങ്ങിന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്മരിച്ചു. നമ്പൂതിരിയില്‍ നിന്ന് ചാക്യാരിലേക്കുള്ള പരിവര്‍ത്തനം അതോടെ പൂര്‍ണ്ണമായി. ഇതെല്ലാം നടന്ന് 18 വര്‍ഷം കഴിഞ്ഞപ്പോള്‍ നെടുപറമ്പത്ത് ഇല്ലത്ത് അവസാനത്തെ പുരുഷാംഗമായ ഗൃഹസ്ഥനായ നമ്പൂതിരി തൂങ്ങി മരിച്ചു. അയാള്‍ക്ക് രണ്ടു പെണ്‍ മക്കളായതിനാല്‍ നെടുപറമ്പത്ത് ഇല്ലം എന്നെന്നേക്കുമായി അംഗങ്ങളില്ലാതെ നാമാവശേഷമായി. പിന്നീട് ഇല്ലം ഒരു ട്രസ്റ്റിന്റെ കീഴിലായി.
ഒരു നമ്പൂതിരി ഇല്ലം ഇല്ലാതെയായി, അന്യം നിന്നു. അത് കേവലം വിധി നിയോഗമായിരുന്നുവോ, അതോ മാറ്റത്തിനു വിധേയമാകുകയെന്ന പ്രകൃതി നിയമമായിരുന്നുവോ എന്നാര്‍ക്കും പറയാനാവുകയില്ല. പക്ഷേ, വാസ്തവത്തില്‍ നടന്നത് ഒരു കുടുംബനാശമായിരുന്നു.
സ്മാര്‍ത്ത വിചാരത്തിന്റെ ഇരകളുടെ നീണ്ട പട്ടിക കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വിനാശകരമായ സ്വാധീനം ചെലുത്തി. അതില്‍ ഏറ്റവും മാരകമായത് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരമാണ്. ഇതില്‍ കുറ്റാരോപിതരായ കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍, കാട്ടലത്ത് മാധവന്‍ നായര്‍, പനങ്കാവില്‍ ഗോവിന്ദന്‍ നമ്പ്യാര്‍, അച്യുത പൊതുവാള്‍ തുടങ്ങിയ പ്രശസ്ത കഥകളി കലാകാരന്മാരെ അവരുടെ തൊഴിലില്‍ സമൂഹം വിലക്കേര്‍പ്പെടുത്തി. പലര്‍ക്കും അവരുടെ സ്വത്ത് ഉപേക്ഷിക്കേണ്ടിവന്നു. സമൂഹത്തെ പിടിച്ച് കുലുക്കിയ ഈ സംഭവത്തിനുശേഷം കൊച്ചി രാജാവ് ഭാവിയിലെ ‘സ്മാര്‍ത്ത വിചാരണങ്ങള്‍’ പൊതുസമൂഹത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകത പരസ്യമായി പരാമര്‍ശിച്ചു.
അതേസമയം, നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികള്‍ ചിലര്‍ യോഗം ചേര്‍ന്ന് കാലം മാറിയതിനാല്‍ പുരുഷന്മാരുടെ വാദവും വിചാരണയില്‍ കേള്‍ക്കണമെന്ന് രാജാവിനോട് അഭ്യര്‍ത്ഥിച്ചു, ഈ വാദം ബോധ്യപ്പെടുകയും കേസില്‍ ഉള്‍പ്പെട്ട പുരുഷന്മാരുടെ വിചാരണ നടത്താന്‍ സ്മാര്‍ത്തനോട് ഉത്തരവിടുകയും ചെയ്തു. ഇത് കൂടാതെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷന്മാരെ ജാതിഭ്രഷ്ടരായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമായി ഉത്തരവിട്ടിരുന്നു. ഇതിന് കാരണം പുരുഷന്മാര്‍ക്ക് ശരിയായ രീതിയില്‍ കുറ്റപത്രം ഒരിക്കലും സമര്‍പ്പിച്ചിട്ടില്ല, അല്ലെങ്കില്‍ സ്ത്രീയെ ക്രോസ് വിസ്താരം ചെയ്യാനോ പ്രതിവാദം നടത്താനോ അവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ സ്മാര്‍ത്ത വിചാരണകള്‍ എല്ലായ്‌പ്പോഴും താത്രിയുടെ കേസില്‍ കാണുന്നതുപോലെ നീതിപൂര്‍വ്വമായി നടന്നിരുന്നില്ല. പുരുഷാധിപത്യ സമൂഹത്തില്‍ എല്ലാ അധികാരങ്ങളും പുരുഷന്മാരുടെ പക്കലായിരുന്നു.
കുറിയേടത്ത് താത്രി സാധാരണയില്‍ കവിഞ്ഞ ധൈര്യശാലിയും തുറന്നു സംസാരിക്കുന്നവളുമായിരുന്നു. ഉത്സാഹഭരിതയായ ഒരു പെണ്‍കുട്ടിയായാണ് താത്രി വളര്‍ന്നത്, അവരുടെ സൗന്ദര്യം പലരുടേയും ഉറക്കം കെടുത്തി, വൃദ്ധരും ചെറുപ്പക്കാരുമായ നിരവധി പുരുഷന്മാരുടെ സ്വപ്നങ്ങളെ അവര്‍ സമ്പന്നമാക്കിയിരുന്നു. അതിശയിപ്പിക്കുന്ന സുന്ദരിയായ അവള്‍, സ്ത്രീവിദ്യാഭ്യാസത്തിനെതിരെയുള്ള സമുദായത്തിന്റെ പാരമ്പര്യങ്ങള്‍ക്കെതിരെ പലപ്പോഴും വാദിക്കുകയും കലാപം നടത്തുകയും ചെയ്തു. പുരോഗമനാശയക്കാരിയായ കുറിയേടത്തു താത്രി എന്ന ബഹുമുഖ വ്യക്തിത്വം അങ്ങനെയാണ് ഉണ്ടായത്, സാഹിത്യത്തില്‍ ആഴത്തിലുള്ള അറിവും കഥകളിയുടെ കടുത്ത ആരാധികയുമായിരുന്നു അവര്‍.
താത്രി ആരാധകരെയാണോ, ആരാധകര്‍ താത്രിയെയാണോ ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തിയതെന്നകാര്യം വ്യക്തമല്ല. താത്രിയുടെ സാന്മാര്‍ഗ്ഗികനിലവാരം എന്തായിരുന്നാലും അതീവ ബുദ്ധിശാലിയായിരുന്നു അവര്‍. സ്മാര്‍ത്ത വിചാരണയുടെ നീണ്ട ഏഴുമാസക്കാലം അവള്‍ ഉറച്ച ബുദ്ധിയും മനഃസാന്നിധ്യവും അചഞ്ചലമായി, അത്ഭുതകരമായി കാത്തുസൂക്ഷിച്ചുവെന്നതു പ്രശംസനീയം തന്നെ! ഒരു രേഖയുടെയും സഹായമില്ലാതെ, യാതൊരു ബാഹ്യപ്രേരണയോ പ്രചോദനമോ കൂടാതെയും പേരുപറഞ്ഞ 66 പുരുഷന്മാരുടെ എല്ലാ വിവരങ്ങളും വ്യക്തമായും കൃത്യമായും വിശദീകരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിശയകരമായിരുന്നു അത്. അവള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. കുറ്റം നിഷേധിച്ചവരുടെയൊക്കെ തെറ്റുകള്‍ തെളിയിച്ച് അവരുടെ തൊലി പൊളിച്ചുവിട്ടു. സമുദായം ഏകപക്ഷീയമായി നിലനിറുത്തിയ മാനദണ്ഡങ്ങളെ അപലപിക്കാന്‍ അവള്‍ സമൂഹത്തിനെതിരെ ആഞ്ഞടിച്ചതാകാം, തനിക്ക് ഈ ഗതി വരുത്തിയ പുരുഷ വര്‍ഗത്തോടുള്ള അവരുടെ പ്രതികാരമായിരിക്കാം.
ക്രൂരമായ ഒരു വിചാരണയാണെങ്കിലും, രസകരമായ ചില സംഭവങ്ങള്‍ അതില്‍ ഉണ്ടായി. കുറ്റാരോപിതരില്‍ ഒരാള്‍ തന്റെ നിരപരാധിത്വം സ്ഥാപിക്കാന്‍ ജില്ലാ ജഡ്ജിയായിരുന്ന വക്കീല്‍ രാമചന്ദ്ര അയ്യരെക്കൂടി സഹായത്തിന് കൊണ്ടുവന്നിരുന്നു. താന്‍ ഈ സ്ത്രീയെ അറിയുകയില്ലെന്നും കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വാദിച്ചു. അപ്പോള്‍ എവിടെവച്ചാണ് പരസ്പരം കണ്ടുമുട്ടിയതെന്നും ആ ബന്ധം എങ്ങനെ വളര്‍ന്നുവെന്നും ഗാഢതരമായെന്നും മറ്റും താത്രി വിശദീകരിക്കാനാരംഭിച്ചു. ഇതുകേട്ട് ലജ്ജിതനായ വക്കീല്‍ തന്റെ കക്ഷിയേയും കൂട്ടി മുഖം പൊത്തി ഉടനെ സ്ഥലം വിട്ടു.
ഒരു സമര്‍ത്ഥനായ നമ്പൂതിരി നിരപരാധിയാണെന്നു നടിച്ചു കൊണ്ട് അവളെ പ്രതിവിചാരണയില്‍ ഒരു സൂത്രക്കെണിയില്‍പ്പെടുത്താന്‍ നോക്കി. കുറിയടത്ത് താത്രി ഉറച്ചസ്വരത്തില്‍ ഇപ്രകാരം പറഞ്ഞു.
”നമ്പൂതിരീ, നമ്മളൊരു തെറ്റുചെയ്തു. അതിനു നരകത്തില്‍ ദുരിതമനുഭവിക്കുകയും വേണം. നിങ്ങള്‍ കള്ളം പറഞ്ഞു കൊണ്ട് ഒരു പാപം കൂടി ക്ഷണിച്ചുവരുത്തി എന്തിന് നരകത്തില്‍ യാതന കൂടുതലനുഭവിക്കണം?”
കുറിയേടത്ത് താത്രി പ്രതികൂല സാഹചര്യങ്ങളെക്കൊണ്ട് പീഡാനുഭവിയായിത്തീര്‍ന്നവളായിരുന്നിരിക്കാം. ഏതെങ്കിലും ഒരു പുരുഷനില്‍നിന്നുണ്ടായ തിക്തമായ ഒരു അനുഭവത്തെത്തുടര്‍ന്ന് അവളില്‍ വൈരാഗ്യവും വാശിയും ഉണ്ടാവുകയും അത് ഒരുപക്ഷേ, പുരുഷവര്‍ഗ്ഗത്തോട് തന്നെയുള്ള പകപോക്കലിന് അവള്‍ സ്വയം പ്രേരിതയായിത്തീരുകയും ചെയ്തിരിക്കാം. അതാണ് ഇതുപോലെ സമര്‍ത്ഥമായും ധൈര്യത്തോടും ഇത്രയധികം പേരെ ചുണ്ടിക്കാട്ടിയത് : അവള്‍ 66 പേരുടെ നാമങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി വലിച്ചു നീട്ടിക്കൊണ്ടേയിരുന്നപ്പോള്‍ ഇനിയും കൂടുതല്‍ പുരുഷന്മാരെ ഇതില്‍ കുടുക്കുമോ എന്നു ഭയന്നു സ്മാര്‍ത്തന്‍ തന്നെ വിചാരണ വേഗത്തില്‍ അവസാനിപ്പിച്ചു. അപകടം മനസ്സിലാക്കി സ്മാര്‍ത്തന്‍ പറഞ്ഞു”
പറഞ്ഞിടത്തോളം മതി. പിന്നീട് പ്രചരിച്ച കഥകളില്‍ ഒന്ന് താത്രി പറയുന്ന ഇനി രാജവംശത്തിലേക്ക് കടന്നാലോ എന്ന് സ്മാര്‍ത്തന് ഭയം തോന്നിയതിനാല്‍ ആണ് വിചാരണ അവസാനിപ്പിച്ചത് എന്നാണ്.
കുറിയേടത്ത് താത്രിയെക്കുറിച്ച് അര ഡസന്‍ പുസ്തകങ്ങളെങ്കിലും മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇതേ വിഷയത്തെ അടിസ്ഥാനമാക്കി മാടമ്പു കുഞ്ഞുകുട്ടന്‍ എഴുതിയ നോവല്‍ ‘ഭ്രഷ്ട് ‘(1973) പിന്നീട് ചലച്ചിത്രമായി. ഈ താത്രിക്കുട്ടിയെക്കുറിച്ച് ലളിതാംബിക അന്തര്‍ജനം എഴുതിയ പ്രശസ്തമായ കഥയാണ് പ്രതികാരദേവത. 1994 ല്‍ സ്മാര്‍ത്തവിചാരം വിഷയമാക്കി എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ഹരിഹരന്‍ സംവിധാനം ചെയ്ത, ‘പരിണയം’ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി. ഉണ്ണികൃഷ്ണന്‍ പുതൂര്‍ എഴുതിയ അമൃതമഥനം (1981) കുറിയേടത്ത് താത്രിയുടെ ജീവിത കഥയാണ് നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ചെറായ് രാംദാസ്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരും ഈ വിഷയത്തില്‍ പുസ്തകമെഴുതിയിട്ടുണ്ട്. സ്മാര്‍ത്തവിചാരത്തെ കുറിച്ച് പഠനം നടത്തി വിശദമായി പ്രതിപാദിച്ച ഏറ്റവും മികച്ച ഗ്രന്ഥമാണ് പി. ഭാസ്‌കരനുണ്ണിയുടെ ‘സ്മാര്‍ത്തവിചാരം’ (2000).
കുറിയേടത്ത് താത്രിയുടെ കൊച്ചുമകളാണു താനെന്ന് പ്രശസ്ത ചലച്ചിത്രനടി ഷീല ഒരഭിമുഖത്തില്‍ മുതിര്‍ന്ന പത്രപവര്‍ത്തകനായ കെ.എസ്. രാമചന്ദ്രനോട് പറഞ്ഞിരുന്നു (മലയാള മനോരമ, 1990 ജനുവരി 21). ഷീല പറഞ്ഞതനുസരിച്ച്, താത്രി മതംമാറി അമ്മിണിയായി. അമ്മിണിയുടെ ഭര്‍ത്താവ് തോമസ് തൃശൂരില്‍ ദന്തഡോക്ടര്‍ ആയിരുന്നു. ഷീലയുടെ അമ്മ, അമ്മിണിയുടെ മകള്‍, ഗ്രേസി. ഷീലയുടെ ഈ നമ്പൂതിരി ചാര്‍ച്ച പ്രേംജിയോടു ചോദിക്കാന്‍ അന്നു ഷീല രാമചന്ദ്രനോട് പറഞ്ഞിരുന്നു. രാമചന്ദ്രന്‍ അത് ചോദിച്ചപ്പോള്‍ പ്രേംജി അതു സ്ഥിരീകരിക്കുകയും ചെയ്തു.
കുറിയേടത്തു താത്രി സംഭവത്തോടനുബന്ധിച്ച് രസകരമായ ഒരു കഥ പിന്നീട് പ്രചരിച്ചു. ആ സ്മാര്‍ത്തവിചാരം കഴിഞ്ഞ് പുറത്താക്കപ്പെട്ടവരില്‍, വിവാഹിതനും തൃശ്ശൂരില്‍ നിയമ ഉദ്യോഗസ്ഥനും ആയ ഒരു മേനോന്‍ ഉണ്ടായിരുന്നുവെന്നും അയാള്‍ നാടുവിട്ടുപോയി, പാലക്കാട്ടു ചെന്ന് ജാതിയില്‍ താഴ്ന്ന ഒരു സ്ത്രീയെ കല്യാണം കഴിച്ചുവെന്നും പറയപ്പെടുന്നു. ഉപജീവനമാര്‍ഗ്ഗം തേടി ആ ദമ്പതികള്‍ സിലോണിലേക്കു കടക്കുകയും കുറച്ചുകാലം അവിടെ തങ്ങുകയും ചെയ്തു. രണ്ടാണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനുശേഷം ആ മേനോന്‍ മരിച്ചുപോയി. ആ വിധവ ജീവിതം വഴിമുട്ടിയപ്പോള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവന്ന് പല പട്ടണങ്ങളിലും വീട്ടുവേല ചെയ്തു കുട്ടികളെ വളര്‍ത്തി. ആ കുട്ടികളില്‍ ഒരുവന്‍ പിന്നീട് സിനിമാനടനായി പ്രസിദ്ധിനേടുകയും ഒടുവില്‍ രാഷ്ട്രീയനേതാവും ഉന്നതഭരണാധിപനും ആയിത്തീര്‍ന്നുവെന്നാണു കഥ.
എ.എം.എന്‍. ചാക്യാര്‍ പറയുന്നു: ”കുറിയേടത്തു താത്രി സംഭവവുമായി ബന്ധമുണ്ടായിരുന്നുവെന്ന ഭാഗം ഒഴിവാക്കിയാല്‍ ഇതിലെ ബാക്കി വസ്തുതകള്‍ ശരിയാണ്. ആ സ്മാര്‍ത്ത വിചാരണയില്‍ ഉള്‍പ്പെട്ട 66 പുരുഷന്മാരുടെ പേരും വിവരണങ്ങളും എറണാകുളത്ത് പുരാവസ്തു സംരക്ഷണകേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുള്ള രേഖയില്‍ ഉണ്ട്. അന്നത്തെ സ്മാര്‍ത്തന്‍ പട്ടച്ചോമയാരത്ത് ജാതവേദന്‍ നമ്പൂതിരി മലയാളവര്‍ഷം 1080 മിഥുനം 32-ാം തീയതി ഒപ്പുവെച്ച ആ രേഖയില്‍ മേനോന്‍ എന്ന ജാതിപ്പേരോടെ ഒരാളില്ല.
വിശ്വസനീയവൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഈ മേനോന്‍ മേലക്കത്ത് ഗോപാലമേനോനാണ്. അദ്ദേഹം ഇരിങ്ങാലക്കുടയിലുള്ള ഒരു നായര്‍ കുടുംബമായ വട്ടപ്പറമ്പിലെ മീനാക്ഷി അമ്മയെ ആണ് വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്നു. മറ്റൊരു സ്മാര്‍ത്ത വിചാരണയില്‍ ഉള്‍പ്പെട്ടുപോയ അദ്ദേഹം നാടുകടത്തപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന് നാടും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. പാലക്കാട്ടേക്ക് കടന്ന ഇദ്ദേഹത്തിന്റെ കഥയാണ് ബാക്കിയുള്ളത്. കുന്നംകുളത്തിനു സമീപമുള്ള നമ്പൂതിരി ഇല്ലത്ത് നടന്ന 1903-ലെ തന്നെ സ്മാര്‍ത്ത വിചാരത്തിലാവാം ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ഈ രണ്ടു സംഭവങ്ങള്‍ നടന്ന കാലങ്ങള്‍ തമ്മിലുള്ള അടുപ്പം മൂലം കൂടുതല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച താത്രി സംഭവവുമായി ഇയാളെ ബന്ധപ്പെടുത്തി ഈ കഥ പ്രചരിച്ചു എന്നുമാത്രം.
തമിഴരുടെ എഴെ തോഴന്‍ എം.ജി. ആര്‍ എന്ന എം.ജി. രാമചന്ദ്രനാണ് ഈ കഥയില്‍ പരാമര്‍ശിക്കുന്ന മോനോന്റെ മക്കളില്‍ ഒരുവനായ പ്രസിദ്ധ സിനിമാനടനും, രാഷ്ട്രീയനേതാവും, ഉന്നതഭരണാധിപനും.
1918-ലെ അവസാനത്തെ സ്മാര്‍ത്ത വിചാരത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ പന്ത്രണ്ട് പേരാണ്. ഇളമ്പങ്കോടത്ത് താത്രി എന്ന കഥാനായിക, അവരുടെ നാലു മക്കള്‍, തയ്യില്‍ രാമന്‍ മേനോന്‍ പ്രധാന കുറ്റവാളി, എഴുമാവില്‍ വാസുദേവന്‍ ഭട്ടതിരി, നെടുമ്പറമ്പില്‍ ഇല്ലത്തെ കൃഷ്ണന്‍ നമ്പൂതിരി, അതിന്റെ നാല്, എന്നിങ്ങനെ 12 പേര്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ പിന്‍ഗാമികളായി നെടുമ്പറമ്പില്‍ ഇല്ലത്തുണ്ടായിരുന്ന ഞങ്ങള്‍ നാലു മക്കള്‍ കൂടി ബഹിഷ്‌കൃതരായതോടെ ആ ഇല്ലം സന്തതികളില്ലാതെ മുടിഞ്ഞു. അങ്ങനെ സ്മാര്‍ത്ത വിചാരണയെന്ന ദുര്‍ഭൂതത്തിനു രക്ഷസാക്ഷിയായിത്തീര്‍ന്നു. കുടുംബവും ശിക്ഷിക്കപ്പെട്ടു.
താത്രിയെ സമുദായത്തിനു ദ്രഷ്ട് കല്‍പ്പിച്ച് പുറത്തു തള്ളിയപ്പോള്‍ തെക്കെ മലബാറിലെ വാടാനപ്പള്ളിക്കാരന്‍ ഒരു മുസ്ലിം അവളെ കൊണ്ടുപോയി. അവള്‍ അയാളൊടൊപ്പം പോയെങ്കിലും ഏറെക്കാലം ജീവിക്കുകയുണ്ടായില്ല. ദുഃഖഭാരവും പശ്ചാത്താപവും അവളുടെ ജീവിതത്തെ വെട്ടിച്ചുരുക്കിക്കളഞ്ഞു. തയ്യില്‍ രാമന്‍ മേനോനെ സംസ്ഥാനത്തുനിന്നും നാടുകടത്തി. പിന്നീടൊരിക്കലും അയാളെക്കുറിച്ച് കേട്ടിട്ടില്ല. എഴുമാവില്‍ ഭട്ടതിരി ഒരു അപ്ഫനായിരുന്നു. അയാള്‍ സ്ഥലം വിട്ടതിനുശേഷം വിവരമൊന്നും ഇല്ല. അതോടെ അവസാനത്തെ സ്മാര്‍ത്ത വിചാരഫലം ഇവിടെ പൂര്‍ണ്ണമായി.
”ഇന്ന് പരീക്ഷ പാസായില്ലെങ്കില്‍ കുട്ടികള്‍ ആത്മഹത്യ ചെയുന്നു. അന്ന് പത്തുതവണ ആത്മഹത്യ ചെയ്യേണ്ട പതനത്തിലായിരുന്നു ഞാന്‍” ത ഈ സംഭവങ്ങള്‍ നടന്ന് 80 വര്‍ഷങ്ങള്‍ക്ക് ശേഷം എ.എം.എന്‍. ചാക്യാര്‍ 2000 ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സാധാരണ ആരും മറച്ചുവയ്ക്കാനാഗ്രഹിക്കുന്ന ഭ്രഷടിന്റെ കഥ എഴുതാന്‍ ചാക്യാര്‍ മുതിര്‍ന്നതിനു കാരണം മൂന്നാണ്. ഒന്ന്: അച്ഛന്റെ ആത്മഹത്യക്ക് കാരണം അമ്മയാണെന്ന് ചിലര്‍ക്കു തെറ്റിദ്ധാരണയുണ്ടായിരുന്നു. അതു മാറ്റണം. രണ്ട്: പഴയ ചരിത്രം കുടുംബത്തിലെ കുട്ടികള്‍ അറിയണം. മൂന്ന്: സ്മാര്‍ത്ത വിചാരത്തിന്റെ ഒരിരയും സ്വന്തം കഥ ഇതിനു മുന്‍പ് പറഞ്ഞിട്ടില്ല. അങ്ങനെ, ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഒരു കാല്‍വയ്പ്പാണ് ഈ പുസ്തകത്തിലൂടെ സാധിക്കുന്നത്.
1905 നു ശേഷം സ്മാര്‍ത്ത വിചാരത്തില്‍ പലപ്പോഴും അനാവശ്യമായി തലകള്‍ ഉരുളുന്നതു നിര്‍ത്താന്‍ വേണ്ടി ഓരോ പരാതിക്കുമൊപ്പം 10,000 രൂപ കെട്ടിവയ്ക്കണമെന്നു കൊച്ചി രാജ്യത്ത് നിയമം കൊണ്ടുവന്നു. അതോടെ സ്മാര്‍ത്തവിചാര കേസുകള്‍ അങ്ങനെ കുറഞ്ഞു. ഏറെ താമസിയാതെ നമ്പൂതിരി സമുദായത്തിലെ അപചയങ്ങള്‍ക്കെതിരെ യുവാക്കള്‍ രംഗത്ത് വന്നു. ഇത്തരം സാമൂഹികമായ അനാചാരങ്ങള്‍ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉള്‍ക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങള്‍ക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി. വിധവാ വിവാഹം, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകത്തിലൂടെ (1929) നവോത്ഥാന പ്രസ്ഥാനത്തിന് വി.ടി. തുടക്കമിട്ടു. അതോടെ നമ്പൂതിരി സമുദായത്തിന്റെ പുതിയ ചരിത്രം ആരംഭിച്ചു.
തന്റെ ഭാര്യ തങ്കമ്മയോട് ചാക്യാര്‍ ഈ കഥകള്‍ പറഞ്ഞിരുന്നില്ല. മരിക്കുമ്പോഴും, ഭര്‍ത്താവ് പണ്ടു നമ്പൂതിരിയായിരുന്നു എന്നു മാത്രമേ അവര്‍ക്കറിയൂ.
”തിരുമേനി എന്നു വിളിച്ചപ്പോഴും ഞാന്‍ വിളി കേട്ടിട്ടുണ്ട്; ചാക്യാര്‍ എന്നു വിളിച്ചപ്പോഴും ഞാന്‍ വിളി കേട്ടിട്ടുണ്ട്. നമ്പൂതിരിയാണെന്നേ എനിക്ക് എന്നും തോന്നിയിട്ടുള്ളു. നമ്പൂതിരി ചെയ്യാത്തതൊന്നും ഞാനും ചെയ്യാറില്ല. ഇന്നു നമ്പൂതിരിമാര്‍ ചെയ്യുന്നു എന്നു പറയുന്ന ചില കാര്യങ്ങളും ഞാന്‍ ചെയ്യാറില്ല” എ.എം. എന്‍. ചാക്യാര്‍ പറയുന്നു.
ഒരു സ്മാര്‍ത്തനും ചോദിക്കാത്ത ഒരു ചോദ്യം കാല്‍ നൂറ്റാണ്ട് മുന്‍പ് ഒരു അഭിമുഖത്തില്‍ പത്രപ്രവര്‍ത്തകന്‍ കെ.എസ്. രാമചന്ദ്രന്‍ ചാക്യാരോട് ചോദിച്ചു.
‘ഭ്രഷ്ടിന്റെ മൊത്തം ഫലം എന്താണ്?
ഒരമ്പലത്തിലും കൂത്തു പറയാന്‍ പോകാത്ത ആ ചാക്യാര്‍ കൂത്തിന്റെ ശൈലിയില്‍ തന്നെ നര്‍മ്മരസത്തില്‍ പറഞ്ഞു ”എവിടെയോ ശാന്തിക്കാരനായിരിക്കേണ്ട ഞാന്‍ കേരള സര്‍വകലാശാലാ രജിസ്ട്രാറായി”!
1950 ജൂലായ് വരെ തിരുകൊച്ചി സംസ്ഥാനത്തില്‍ വിദ്യാഭ്യാസമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എ.എം.എന്‍. ചാക്യാര്‍. പിന്നീട് കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായി തിരഞ്ഞെടുക്കപ്പെട്ടു. 1956-ല്‍ പരീക്ഷകളുടെ ചുമതല വഹിക്കുന്ന കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ആയും 1958-ല്‍ ഡെപ്യൂട്ടി രജിസ്ട്രറായും സേവനം അനുഷ്ഠിച്ചു. 1960 ഡിസംബറില്‍ കേരള സര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍ ആയി നിയമിക്കപ്പെടുകയും 1968 ജൂണില്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ ആ പദവിയില്‍ത്തന്നെ തുടരുകയും ചെയ്തു. ചാക്യാര്‍ വിരമിച്ചപ്പോഴാണ് ചരിത്രകാരനായ എ. ശ്രീധരമേനോന്‍ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ആയത്. ചരിത്രം എന്നും ചാക്യാരെ പിന്തുടരുകയായിരുന്നുവല്ലോ.
കൃഷ്ണ ശര്‍മ്മയെന്ന നമ്പൂതിരിയായി ജനിച്ച് അയിനിയില്‍ മുരിങ്ങോത്ത് നീലകണ്ഠന്‍ ചാക്യാരായി മാറിയ എ.എം.എന്‍ ചാക്യാര്‍, തന്റെ 96-ാം വയസില്‍ 2003 മാര്‍ച്ച് 24 ന് തൃപ്പൂണിത്തുറയില്‍ വെച്ച് അന്തരിച്ചു.
Content Summary: 108 years since Cheriya Krishnan Namboothiri was transformed into Ayiniyil Muringoth Neelakandan Chakyar
This post was last modified on February 10, 2026 12:37 pm
Leave a Comment