July 14, 2026 |

സത്യം അധികാരത്തെ വിയര്‍പ്പിക്കുമ്പോള്‍

അധികാരവും സത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണിത്

ചരിത്രത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന ഒരു പാഠമുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ അവര്‍ക്ക് അപകടകരമാകുന്ന സത്യം പുറത്ത് വരാന്‍ ഒരിക്കലും അനുവദിക്കില്ല. ചില വര്‍ത്തമാന വാര്‍ത്തകള്‍ നമ്മോട് പറയുന്നത് അതുതന്നെയാണ്. അധികാരത്തെ അസ്വസ്ഥമാക്കുന്ന സത്യങ്ങള്‍ പുസ്തകങ്ങളായി വന്നാല്‍ അവ തടയപ്പെടും. എന്നാല്‍ അതോടൊപ്പം മറ്റൊരു പാഠവും ചരിത്രം തന്നെ പഠിപ്പിക്കുന്നുണ്ട്. സത്യത്തെ ശാശ്വതമായി തടവിലിടാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് സത്യം ഫയലുകളായി പുറത്തുവരുമ്പോള്‍, ഭരണകൂടങ്ങള്‍ പ്രതിരോധത്തിലാകുന്നത്.

ഇന്ത്യയില്‍ മുന്‍ സൈനിക മേധാവി ജനറല്‍ എം. എം. നരവനേ എഴുതിയ Four Stars of Destiny എന്ന പുസ്തകത്തെ ചുറ്റിപ്പറ്റിയ വിവാദം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഒരു മുന്‍ ആര്‍മി ചീഫ് തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും രേഖപ്പെടുത്തിയ ഒരു പുസ്തകം, ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ അനുമതിയുടെ പേരില്‍ പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ഈ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ലോക്‌സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്, പുസ്തകത്തേക്കാള്‍ വലിയ ഒരു ചോദ്യം ഉയര്‍ത്തുന്നു. രാജ്യസുരക്ഷയെക്കുറിച്ചുള്ള സത്യമറിയാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലേ?
ഇത് വെറും പാര്‍ലമെന്ററി നിയമത്തിന്റെ വിഷയമല്ല. അധികാരവും സത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്.

എപ്സ്റ്റീന്‍ ഫയലുകള്‍: ലോകത്തെ കുലുക്കിയ സത്യം

ഇതേ കാലയളവിലാണ് അമേരിക്കയില്‍ നിന്ന് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നത്. ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും നടത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നപ്പോള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയ-ഭരണ സംവിധാനങ്ങള്‍ പ്രതിരോധത്തിലായി. ഈ ഫയലുകളിലൂടെ തുറന്നുകാട്ടപ്പെട്ടത് ഒരു കുറ്റവാളി മാത്രമല്ല. അധികാരത്തിന്റെ, സമ്പത്തിന്റെ, രാഷ്ട്രീയ സ്വാധീനത്തിന്റെ ഒരു ആഗോള ശൃംഖലയാണ്. ഈ ഫയല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ, സ്ലോവാക്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉള്‍പ്പെടെ ചില യൂറോപ്യന്‍ രാജ്യങ്ങളിലെ സുരക്ഷാ-നയ ഉപദേഷ്ടാക്കള്‍ക്ക് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. യു.കെയുടെ മുന്‍ മന്ത്രിയും മുന്‍ യു എസ് അംബാസഡറുമായ ആയ പീറ്റര്‍ മണ്ടല്‍സണ്‍ ഗുരുതരമായ വിവരം പുറത്ത് വന്നതോടെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് രാജ്യദ്രോഹകുറ്റത്തിന് അന്വേഷണം നേരിടുകയാണ്. 2003-04 കാലത്ത് ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന പീറ്റര്‍ 75,000 ഡോളര്‍ എപ്സ്റ്റീനില്‍ നിന്ന് കൈപ്പറ്റിയത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പുറത്തുവന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സ്വീഡന്‍ പ്രതിനിധി യു എന്‍ റഫ്യൂജി ഏജന്‍സിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. അമേരിക്കയിലും ഭരണത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള പലരും കടുത്ത പ്രതിരോധത്തിലാണ്. എപ്സ്റ്റീന്‍ ഫയല്‍ വിവരങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍, ഈ ‘മാന്യന്മാര്‍’ ഇന്നും അധികാരത്തിന്റെ സുരക്ഷിത വലയത്തില്‍ തുടര്‍ന്നേനെ.

ഈ സംഭവങ്ങളെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, ജോണ്‍ പെര്‍ക്കിന്‍സ് എഴുതിയ Confessions of an Economic Hit Man എന്ന പുസ്തകം വീണ്ടും പ്രസക്തമാകുന്നു. അമേരിക്കന്‍ കോര്‍പ്പറേറ്റുകളും രാഷ്ട്രീയ ശക്തികളും ചേര്‍ന്ന് എങ്ങനെ വികസനരാജ്യങ്ങളെ കടക്കെണിയിലാക്കുന്നു എന്നതാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം.
പെര്‍ക്കിന്‍സ് ഒരു സ്വകാര്യ കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ”സാമ്പത്തിക ആയുധം” ആയിരുന്നു.

വികസനരാജ്യങ്ങള്‍ക്ക് വേണ്ടിയെന്ന പേരില്‍ വമ്പന്‍ പദ്ധതികള്‍ക്ക്, വന്‍ വായ്പകള്‍ നല്‍കി കടക്കെണിയില്‍പെടുത്തി ഒടുവില്‍ ആ രാജ്യങ്ങള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങേണ്ട അവസ്ഥയെക്കുറിച്ചാണ് പെര്‍ക്കിന്‍സ് തന്റെ പുസ്തകത്തിലൂടെ കുമ്പസാര കുറിപ്പുകളായി പുറത്ത് പറഞ്ഞത്. അമേരിക്കയോട് സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് എങ്ങനെയാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്നും, നാണയ പ്രതിസന്ധിയിലാക്കിയതെന്നും രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തിയതെന്നും ഈ പുസ്തകം പറയുന്നു. അമേരിക്കന്‍ സാമ്പത്തികശക്തി എങ്ങനെ ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു എന്ന സത്യം ഈ പുസ്തകം തുറന്നുകാട്ടുന്നു.

ട്രംപ് ഇന്ത്യ സാമ്പത്തിക സമ്മര്‍ദ്ദ രാഷ്ട്രീയം

ഇന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍, ഇന്ത്യയോടുള്ള സമീപനം ”ഇക്കണോമിക് ഹിറ്റ് മാന്‍” മാതൃകയെ ഓര്‍മ്മിപ്പിക്കുന്നു. താരിഫ് ഭീഷണികള്‍, വ്യാപാര സമ്മര്‍ദ്ദങ്ങള്‍, നയതന്ത്ര ഇടപെടലുകള്‍ ഇതെല്ലാം സഹകരണമല്ല, സമ്മര്‍ദ്ദ രാഷ്ട്രീയമാണെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.

ഇവിടെയാണ് ഏറെ ഗൗരവമര്‍ഹിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നത്.
അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരായോ? ദേശീയ താല്‍പര്യങ്ങളോ, വിദേശ ശക്തികളുടെ ആഗ്രഹങ്ങളോ, ഏതിനാണ് മുന്‍ഗണന?

ജനറല്‍ നരവനെയുടെ പുസ്തകം അടച്ചുവെക്കാനുള്ള ശ്രമവും, അമേരിക്കന്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന സമീപനവും, ഒരേ രാഷ്ട്രീയ സംസ്‌കാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അസുഖകരമായ സത്യം മറച്ച് വെക്കുകയും ശക്തിയുള്ളവരെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന സംസ്‌കാരം.

ജനാധിപത്യത്തില്‍ ഏറ്റവും അപകടകരമായ കാര്യം ആയുധങ്ങളല്ല, സത്യം മറയ്ക്കുന്നതാണ്. പ്രസിദ്ധീകരിക്കപ്പെടാത്ത Four Stars of Destiny പുസ്തകവും പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരേ കാര്യമാണ്. സത്യം ചരിത്രത്തിന്റെ വഴികളിലൂടെ ഒടുവില്‍ പുറത്തുവരിക തന്നെ ചെയ്യും.

Content Summary: Don’t citizens have the right to know the truth about national security?”

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×