June 23, 2026 |
Share on

കേരളം മാത്രമല്ല, ഇന്ത്യയാകെ വിയര്‍ക്കുന്നു

രാജ്യത്ത് ഉഷ്ണതരംഗം തീവ്രം: വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; താപനില 47 ഡിഗ്രി കടക്കുന്നു

ഉഷ്ണതരംഗം മൂലം വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതും പവര്‍കട്ട് ഭീഷണിയും കേരളം മാത്രം നേരിടുന്ന പ്രതിസന്ധിയല്ല, മറിച്ച് ഇന്ത്യയൊട്ടാകെ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രാജ്യത്തെ വടക്കുപടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്ന കടുത്ത ഉഷ്ണതരംഗം ഏപ്രില്‍ 27-28 തീയതികളോടെ ശമിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സാഹചര്യത്തിന് സമാനമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലുള്ള അക്കോളയിലാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 46.9 ഡിഗ്രി സെല്‍ഷ്യസ് ഏപ്രില്‍ 27-ന് രേഖപ്പെടുത്തിയത്.

ചൂട് കടുത്തതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. സാധാരണഗതിയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള വൈദ്യുതി ഉപഭോഗം ഈ വര്‍ഷം ഏപ്രിലില്‍ തന്നെ 256 ജിഗാവാട്ട് എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ദ്ധനവ് അപ്രതീക്ഷിതമാണ്. എയര്‍ കണ്ടീഷണറുകളുടെയും മറ്റ് കൂളിംഗ് ഉപകരണങ്ങളുടെയും അമിതമായ ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി കല്‍ക്കരി, ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശേഷിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

അതീവ ഗുരുതരമായ മറ്റൊരു വശം ചൂട് മൂലം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളാണ്. ഒഡീഷയില്‍ സെന്‍സസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു. പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് ദിവസമുണ്ടായ അമിത ചൂടില്‍ നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ ഇതിനോടകം 31 പേര്‍ക്ക് ഹീറ്റ് സ്‌ട്രോക്ക് സ്ഥിരീകരിക്കുകയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ലാത്തൂര്‍ ജില്ലയില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് ചൂട് താങ്ങാനാവാതെ ഉറക്കത്തില്‍ മരിച്ച വാര്‍ത്തയും രാജ്യത്തെ നടുക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ താപനില 43 ഡിഗ്രി വരെ ഉയര്‍ന്നു നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഐഎംഡി നിര്‍ദ്ദേശിച്ചു. കുഞ്ഞുങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക് നിലവിലെ സാഹചര്യം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പുറത്തിറങ്ങുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും തൊപ്പി ഉപയോഗിക്കാനും ധാരാളം വെള്ളം കുടിക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചൂട് കണക്കിലെടുത്ത് ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തിന്റെ തുടക്കത്തിലും ഒഡീഷ, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത.

Content Summary: India faces a severe heatwave as temperatures hit 46.9°C, driving power demand to a record 256 GW. With heat-related deaths reported

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×