അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നേപ്പാളിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ചു ചേരുന്നു. ഈ വര്‍ഷം ആദ്യം രാജ്യത്ത് നിലവിലുണ്ടായിരുന്ന ഭരണകൂടത്തെ പുറത്താക്കുന്നതിലെത്തിയ യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സഖ്യ രൂപീകരണം.
രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍എസ്പി) അധ്യക്ഷനും ടെലിവിഷന്‍ അവതാരകനുമായ 51-കാരന്‍ രവി ലാമിച്ചാനെയും, കാഠ്മണ്ഡു മേയറും പ്രശസ്ത റാപ്പറുമായ 35-കാരന്‍ ബലേന്ദ്ര ഷായുമാണ് സഖ്യത്തിലായത്. സെപ്റ്റംബറിലെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ യുവതലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഇരുവരും ഉറപ്പുനല്‍കി.
സോഷ്യല്‍ മീഡിയയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനമാണ് സെപ്റ്റംബര്‍ 8-9 തീയതികളില്‍ നടന്ന യുവജന പ്രക്ഷോഭത്തിന് കാരണമായത്. വര്‍ഷങ്ങളായുള്ള സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ അഴിമതിയും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പ്രക്ഷോഭങ്ങളില്‍ കുറഞ്ഞത് 77 പേര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 9-ന് നേപ്പാള്‍ ഭരണകൂടത്തിന്റെ ആസ്ഥാനമായ സിംഹ ദര്‍ബാറിന് പ്രതിഷേധക്കാര്‍ തീയിടുകയും അവിടെ സെല്‍ഫിയെടുത്തും മറ്റും വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു.
സഖ്യത്തിന്റെ പ്രധാന തീരുമാനങ്ങള്‍ പ്രകാരം രവി ലാമിച്ചാനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരും. മാര്‍ച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബലേന്ദ്ര ഷാ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.
‘സമ്മതം എന്നത് ഒരു നേതാവ് ആഗ്രഹിക്കുന്ന രീതിയിലല്ല, മറിച്ച് രാജ്യത്തിന് എന്താണോ ആവശ്യം ആ രീതിയിലാണ് ഉണ്ടാകേണ്ടത്,’ ഞായറാഴ്ച കരാറില്‍ ഒപ്പിട്ട ശേഷം ലാമിച്ചാനെ പ്രസ്താവിച്ചു. സഹകരണ തട്ടിപ്പും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെയാണ് ലാമിച്ചാനെ ജാമ്യത്തില്‍ ഇറങ്ങിയത്. നേപ്പാളിലെ പ്രായമായ രാഷ്ട്രീയ നേതൃത്വത്തോടുള്ള അതൃപ്തി മുതലെടുത്ത് 2022-ലാണ് അദ്ദേഹം ആര്‍.എസ്.പി രൂപീകരിച്ചത്. മുന്‍പ് ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘ബാലെന്‍’ എന്നറിയപ്പെടുന്ന ബലേന്ദ്ര ഷാ, കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം സുശീല കര്‍ക്കി നയിച്ച ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
ശനിയാഴ്ച സുശീല കര്‍ക്കി മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പുഷ്പ കമല്‍ ദഹല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. തിരഞ്ഞെടുപ്പ് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഭയരഹിതമായ അന്തരീക്ഷത്തില്‍ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കര്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Content Summary; Nepal election popular political leaders Rabi Lamichhane and Balendra Shah formed an alliance
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.