June 23, 2026 |
Share on

നേപ്പാളില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു, മുന്‍ പ്രധാനമന്ത്രി പൊലീസ് കസ്റ്റഡിയിലും

ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ നടന്ന മരണങ്ങളുടെ പേരിലാണ് എ പി ശര്‍മ ഒലിയെ കസ്റ്റഡിയില്‍ എടുത്തത്‌

നേപ്പാളില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ മുന്‍ പ്രധാനമന്ത്രിക്കെതിരേ പൊലീസ് നടപടി. രാജ്യത്ത് നടന്ന ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ നടന്ന മരണങ്ങള്‍ ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളുട പേരിലാണ് മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഡസന്‍ കണക്കിന് യുവാക്കളുടെ മരണങ്ങള്‍ തടയുന്നതില്‍ മുന്‍ പ്രധാനമന്ത്രി വീഴ്ച വരുത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച സമിതി, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് തടയുന്നതില്‍ പരാജയപ്പെട്ട 74-കാരനായ ഒലിയെ നിയമനടപടിക്ക് വിധേയനാക്കണമെന്ന് ഈ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ആരംഭിച്ച യുവജന പ്രക്ഷോഭം, പിന്നീട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനരോഷമായി മാറുകയായിരുന്നു. സെപ്റ്റംബര്‍ 8, 9 തീയതികളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ കുറഞ്ഞത് 77 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ ആദ്യ ദിവസം തന്നെ 19 യുവാക്കളാണ് കൊല്ലപ്പെട്ടത്.

‘ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് ഒലിയെ കസ്റ്റഡിയിലെടുത്തത്,’ എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-ന്റെ മുതിര്‍ന്ന നേതാവ് മിന്‍ ബഹാദൂര്‍ ഷാഹി പറഞ്ഞു. ഒലിയെയും അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന രമേഷ് ലേഖക്കിനെയും കസ്റ്റഡിയിലെടുത്ത കാര്യം പോലീസ് വക്താവ് ഓം അധികാരി സ്ഥിരീകരിച്ചു.

2025-ലെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒലി സര്‍ക്കാര്‍ അധികാരത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജെന്‍ സി പ്രക്ഷോഭത്തിന്റെ പ്രധാന മുഖമായിരുന്ന, മുന്‍ റാപ്പറും രാഷ്ട്രീയക്കാരനുമായ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. വെള്ളിയാഴ്ചയാണ് ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബാലേന്ദ്ര ഷായും മന്ത്രിസഭയും അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ രണ്ടാം ദിവസം പാര്‍ലമെന്റും സര്‍ക്കാര്‍ ഓഫീസുകളും അഗ്‌നിക്കിരയാക്കപ്പെട്ടതോടെയാണ് ഒലി സര്‍ക്കാര്‍ തകര്‍ന്നത്.

രക്തരൂക്ഷിതമായ ഈ ജനകീയ മുന്നേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി, ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കൃത്യമായ ഉത്തരവുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വെടിവെപ്പ് നിയന്ത്രിക്കാനോ തടയാനോ ഒരു ശ്രമവും നടത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികൃതരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

പ്രക്ഷോഭത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്ന പുതിയ ആഭ്യന്തര മന്ത്രി സുദന്‍ ഗുരുങ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്: ‘നിയമത്തിന് മുകളില്‍ ആരുമില്ല… ഇതാരോടുമുള്ള പ്രതികാരമല്ല, നീതിയുടെ തുടക്കം മാത്രമാണ്. രാജ്യം ഇനി ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

Content Summary; Nepal Gen Z Protest former prime minister KP Sharma Oli was taken into police custody

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×