July 14, 2026 |
Share on

ഇനി ‘കേരള’ യില്ല, കേരളം മാത്രം; പരിഹാസവുമായി തരൂര്‍

തനിമ നിലനിര്‍ത്താനാണ് മാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ തീരുമാനം.

ഭരണഘടനാപരമായ ഈ മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും, ഇംഗ്ലീഷില്‍ ഇനി കേരളീയരെ എന്ത് വിളിക്കണം എന്ന ചോദ്യവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

”സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകുമ്പോള്‍ ഇവിടുത്തെ നിവാസികളെ ഇംഗ്ലീഷില്‍ എന്ത് വിശേഷിപ്പിക്കും? ‘കേരളമൈറ്റ്’ എന്നത് ഒരു ബാക്ടീരിയയുടെ പേരുപോലെയും ‘കേരളീയന്‍’ എന്നത് ഒരു ലോഹത്തിന്റെ പേരുപോലെയുമാണ് എനിക്ക് തോന്നുന്നത്. ഈ പേരുമാറ്റ ആവേശത്തില്‍ ഭാഷാപരമായ ഈ കുരുക്കഴിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കേണ്ടി വരും” ശശി തരൂര്‍ പരിഹസിച്ചു.

2024-ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തിന്റെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാന്‍ ഈ പ്രമേയം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചതിനെത്തുടര്‍ന്ന് 2024 ജൂണില്‍ നിയമസഭ പരിഷ്‌കരിച്ച പ്രമേയം വീണ്ടും പാസാക്കി. തുടര്‍ന്ന്
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ, രാഷ്ട്രപതി ഇനി ‘കേരളം ബില്‍, 2026’ സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി അയയ്ക്കും. ഇതിന് ശേഷം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരമുള്ള ഈ മാറ്റം നിലവില്‍ വരുന്നതോടെ ഒന്നാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായി മാറും.

ഐക്യകേരള പ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കേ മലയാളികള്‍ക്കിടയിലുള്ള വികാരമാണ് ‘കേരളം’ എന്ന പേര്. അന്താരാഷ്ട്ര തലത്തില്‍ ‘കേരള’ എന്ന് അറിയപ്പെടുമ്പോഴും, തനിമ നിലനിര്‍ത്താനാണ് ഈ മാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും ഉള്‍പ്പെടുന്ന പുതിയ സമുച്ചയമായ സേവാ തീര്‍ത്ഥത്തില്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയ സമവായത്തിനപ്പുറം, ഇംഗ്ലീഷ് വ്യാകരണത്തിലും പ്രയോഗത്തിലും ഈ മാറ്റം എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന കൗതുകകരമായ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.

Content Summary: Kerala to be Keralam soon union cabinet to approve the name change

Leave a Reply

Your email address will not be published. Required fields are marked *

×