ഇന്ത്യ മറക്കരുതാത്ത നേതാവ് തന്നെയാണ് ലാല്‍ കൃഷ്ണ അദ്വാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ആ പേര് ഒരിക്കലും മാഞ്ഞുപോവുകയുമരുത്. എന്നാല്‍ ആ പേര് ഓര്‍മിക്കപ്പെടേണ്ടത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഉദ്ദേശിക്കുന്ന തരത്തിലാകരുത്. അദ്വാനി തെളിച്ച ആ രഥം ഇന്ത്യക്കേല്‍പ്പിച്ച ഉണങ്ങാത്ത മുറിവിൻ്റെ പേരിലായിരിക്കണം. ഇന്ത്യയുടെ മതേതര ആത്മാവിനെ തകര്‍ത്തത്തിന്റെ പേരിലായിരിക്കണം.
ഇന്ത്യയുടെ ഹിന്ദു – മുസ്ലീം ഐക്യത്തിൻ്റെ മുകളിലൂടെയാണ് അന്ന് ആ രഥചക്രങ്ങള്‍ ഉരുണ്ടത്. വര്‍ഗീയതയും ചേരിതിരിവും ഇന്ത്യയുടെ ഹൃദയത്തിലേക്ക് തുളച്ചുകയറ്റി, വര്‍ഗീയ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ സ്ഥാനം ഉണ്ടാക്കി കൊടുത്ത രഥയാത്രയുടെ നായകനായ എല്‍. കെ അദ്വാനി ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിച്ചിട്ടുണ്ടെങ്കില്‍ അത് ശശി തരൂര്‍ മനസിലാക്കിയത് പോലെയല്ല.
അദ്വാനിയുടെ വളർച്ച
തീരാത്ത യാത്രകളുടെ സഞ്ചാരി എന്നാണ് ബിജെപി നേതാവ് എൽകെ അദ്വാനി അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്. തന്റെയും തന്റെ പാർട്ടിയുടെയും രാഷ്ട്രീയ ഭാവി നിരവധി യാത്രകളിലൂടെ കെട്ടിപ്പടുത്ത 98-കാരനായ ബിജെപി നേതാവിന് ഈ കയ്യൊപ്പ് ചേരും. 1990 സെപ്റ്റംബർ 25ലെ രഥയാത്ര അതിന് വലിയൊരു ഉദാഹരണം തന്നെയാണ്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശിലെ അയോധ്യ ലക്ഷ്യമാക്കി നീങ്ങിയ ഈ യാത്ര, ഭാരതീയ ജനതാ പാർട്ടിയുടെ വളർച്ചയിലും രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണത്തിലും നിർണ്ണായക പങ്ക് വഹിച്ചു. 1992 ഡിസംബർ 6ന് ഹിന്ദുത്വ തീവ്രവാദികളുടെ ഒരാൾക്കൂട്ടം ബാബറി മസ്ജിദ് തകർക്കുന്നതിനുള്ള കളമൊരുക്കലായിരുന്നു ആ യാത്ര. സെപ്റ്റംബർ 25 ന് ആരംഭിച്ച ഈ രഥയാത്രയുടെ പ്രധാന ലക്ഷ്യം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്ന ആവശ്യത്തിന് ജനപിന്തുണ വർദ്ധിപ്പിക്കുക എന്നതായിരുന്നു.
അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയണമെന്ന ആവശ്യം, വിശ്വഹിന്ദു പരിഷത്ത്, ആർഎസ്എസ് തുടങ്ങിയ സംഘപരിവാർ സംഘടനകൾ ശക്തമാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് ബിജെപി രാമജന്മഭൂമി പ്രസ്ഥാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നത്. ഹിന്ദു വോട്ടർമാരെ ഒന്നിപ്പിച്ച് സാംസ്കാരിക ദേശീയത (Cultural Nationalism) എന്ന ആശയത്തിന്മേൽ രാഷ്ട്രീയമായി അണിനിരത്താൻ ഈ യാത്ര സഹായിച്ചു.
അദ്വാനി നടത്തിയ രഥയാത്രയുടെ പ്രധാന സംഘാടകൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 1947-ലെ വിഭജത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമുദായിക ചേരിതിരിവിനു തന്നെ കാരണമായ ഒന്നായിരുന്നു ആ യാത്ര. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള മതഭിന്നതകളുടെ ആഴം വീണ്ടും വർദ്ധിച്ചു. രഥചക്രങ്ങൾ വിവിധ നഗരങ്ങളിലുടെ ഉരുണ്ടപ്പോഴൊക്കെ വർഗീയതയും ചേരിതിരിവും ഇന്ത്യയുടെ ഹൃദയത്തിൽ തറച്ചുകയറി.
അദ്വാനിയുടെ രഥയാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രകമ്പനം വളരെ വലുതായിരുന്നു. അന്നത്തെ രഥയാത്ര അദ്വാനിയെയും ബിജെപിയെയും വലിയതോതിൽ സഹായിച്ചു. അദ്വാനി ബിജെപിയുടെ പകരം വെക്കാനില്ലാത്ത നേതാവായി വളർന്നു. ബിജെപിയുടെ സ്വാധീനം പലമടങ്ങു വളർന്നു. 1989-ലെയും 1991-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കിടയ്ക്ക് ബിജെപിയുടെ വോട്ടുവിഹിതം 11 ശതമാനത്തിൽ നിന്നും 20 ശതമാനമായി. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെറും 2 സീറ്റുകളുണ്ടായിരുന്ന പാർട്ടിക്ക് 1989-ൽ 85 സീറ്റുകളായും 1991-ൽ 120 സീറ്റുകളായും അംഗബലം വർദ്ധിപ്പിക്കാൻ സാധിച്ചു.
ബിജെപിയിലും സംഘപരിവാറിലും ദേശീയ രാഷ്ട്രീയത്തിലും അദ്വാനിയുടെ പിടിമുറുക്കാൻ ആ യാത്ര കാരണമായി. വലിയതോതിൽ അനുയായികളുള്ള ഹിന്ദു നേതാവായി അദ്ദേഹം മാറി. ഇന്ന് ഹിന്ദുക്കൾക്ക് നരേന്ദ്ര മോദി എന്താണോ അതായിരുന്നു 1990-കളിൽ അദ്വാനി അവർക്ക് എന്നു പറഞ്ഞാൽ അത് അധികമാവില്ല. 1991ലെ തിരഞ്ഞെടുപ്പോടെ പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലയിലേക്ക് ബിജെപി വളർന്നു.
ദേശീയ രാഷ്ട്രീയത്തിലെ ധ്രുവീകരണം
മതേതര ശക്തികൾ എന്നും ഹിന്ദുത്വ ശക്തികൾ എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായ ചേരിതിരിവ് ഉണ്ടാകാൻ ഈ യാത്ര കാരണമായി. മതേതരത്വം സംബന്ധിച്ച ഒരു പുതിയ രാഷ്ട്രീയ സംവാദം തന്നെ രാജ്യത്ത് ഉടലെടുത്തു. അയോധ്യയിലേക്ക് പോവുകയായിരുന്ന അദ്വാനിയെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിൻ്റെ ഉത്തരവനുസരിച്ച് സമസ്തിപൂരിൽ വെച്ച് അറസ്റ്റ് ചെയ്തതിനെ തുടർന്ന്, വി.പി. സിംഗ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. ഇത് സർക്കാർ വീഴാൻ തന്നെ കാരണമായി. യാത്ര കടന്നുപോയ വഴികളിലും തുടർന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഗ്ഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ഹിന്ദു-മുസ്ലിം ബന്ധങ്ങളെ കൂടുതൽ വഷളാക്കി. ബാബരി മസ്ജിദ് തകർക്കുന്നതിലേക്കും എത്തിച്ചു.
വർഗീയ രാഷ്ട്രീയം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് അറിയാമെന്നതുകൊണ്ടു തന്നെ അദ്വാനി തുടർന്നും മോദിയെ സംരക്ഷിച്ചിരുന്നു. മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയിയും മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മോദിയെ സംരക്ഷിച്ചത് അദ്വാനിയായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ മോദി തന്റെ തലതൊട്ടപ്പനെ മറികടക്കുകയും വർഗീയ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയും ചെയ്തു.
Content Summary: Shashi Tharoor, who praises Advani’s ‘service’, has forgotten the Rath Yatra that led to Hindu-Muslim division?